UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അപസ്മാരം കാരണങ്ങളും പ്രതിവിധികളും

ദിവസങ്ങളോ മുമ്പ് തലവേദന, വയറുവേദന, വിശപ്പില്ലായ്മ മുതലായവ അനുഭവപ്പെടും. ഇങ്ങനെ ലക്ഷണമുണ്ടാകുന്നവര്‍ക്ക് അപസ്മാര സാധ്യത മുന്‍കൂട്ടി കാണാനും അപകടസാധ്യത ഒഴിവാക്കാനും കഴിയാറുണ്ട്

അപസ്മാരം മനോരോഗമാണെന്നും പ്രേതബാധയാണെന്നുമൊക്കെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു ഒരുകാലത്ത്. എന്നാല്‍ ചികിത്സാരീതികള്‍ ഏറെ മുന്നേറിയ ഈ കാലത്ത് അപസ്മാരം എന്ന രോഗത്തെ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കും. പെട്ടന്നൊരാള്‍ക്ക് അപസ്മാരമുണ്ടായാല്‍ ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം

തലച്ചോറിലെ അനേക ലക്ഷം മസ്തിഷ്‌ക കോശങ്ങള്‍ക്കിടയില്‍ സദാ സമയവും നേര്‍ത്ത വൈദ്യുത സ്പന്ദനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. ഈ സ്പന്ദനങ്ങളാണ് മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ഇങ്ങനെ സദാ ഉണ്ടായിക്കൊണ്ടേയിരിക്കുന്ന മസ്തിഷ്‌കവിദ്യുത് സ്പന്ദനങ്ങള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലാകെ പൊടുന്നനെ ഒരു ഞെട്ടല്‍ അനുഭവപ്പെടും.

തലച്ചോറില്‍ നിന്നുണ്ടാകുന്ന തികച്ചും അസാധാരണമായ ഈ സംവേദനത്തോട് ശരീരം പ്രതികരിക്കുന്നത് സന്നിയുടെയോ ബോധക്കേടിന്റെയോ രൂപത്തിലാവും. ചിലപ്പോള്‍ പൂര്‍ണമായി ബോധം നശിക്കാതെ ഉന്മത്തരെപ്പോലെ പെരുമാറുക, കൈകാലുകള്‍ വെട്ടിവിറയ്ക്കുക, കോച്ചിപ്പിടിക്കുക തുടങ്ങി പല തരത്തിലുള്ള ശാരീരിക പ്രതികരണങ്ങളുണ്ടാകാറുണ്ട്. തലച്ചോറിലെ വൈദ്യുത സ്പന്ദനങ്ങളിലുണ്ടാകുന്ന തികച്ചും ആകസ്മികമായ ഈ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം.

പ്രത്യേക ജനിതക കാരണങ്ങള്‍ കൊണ്ടോ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ കൊണ്ടോ അപസ്മാരബാധയുണ്ടാകാം. ഗര്‍ഭകാലത്തോ പ്രസവസമയത്തോ ശിശുവിന് ഉണ്ടാകുന്ന ചില മസ്തിഷ്‌കക്ഷതങ്ങള്‍ അപസ്മാരമുണ്ടാക്കാനിടയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭകാലത്തും പ്രസവ സമയത്തും ശരിയായ പരിചരണങ്ങള്‍ നല്‍കുന്നതിലൂടെ ഈ രോഗസാധ്യത വലിയൊരളവോളം ഒഴിവാക്കാന്‍ കഴിയും. മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങള്‍ മൂലവും ചിലപ്പോള്‍ അപസ്മാരമുണ്ടാകാം

മുഖ്യ ലക്ഷണം സന്നി തന്നെയാണ്. സന്നി പല തരത്തിലുണ്ടാകാം. ചിലര്‍ പൊടുന്നനെ ബോധംകെട്ട് വെട്ടിയിട്ടതു പോലെ വീണുപോവും. ചിലര്‍ കൈകാലുകള്‍ വിലക്ഷണമായി ചലിപ്പിച്ചു കൊണ്ടിരിക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ഞെട്ടിവിറയ്ക്കലുകള്‍, കൈകാലുകളുടെയും മുഖപേശികളുടെയും അനിയന്ത്രിതമായ ചലനങ്ങള്‍ എന്നിവയൊക്കെ സന്നി അഥവാ സീഷറിന്റെ സവിശേഷതകളാണ്. അപസ്മാരമുണ്ടാകുന്ന ചേഷ്ടകള്‍ ഏതു തരത്തിലുള്ളതാണ് എന്നതിന്റ അടിസ്ഥാനത്തില്‍ രോഗത്തെ പല തരത്തില്‍ തിരിക്കാറുണ്ട്.

ചിലയാളുകള്‍ക്ക് അപസ്മാരമുണ്ടാകാന്‍ പോകുന്നതിനു മുന്നോടിയായി ചില ലക്ഷണങ്ങളുണ്ടാകാറുണ്ട്. ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് തലവേദന, വയറുവേദന, വിശപ്പില്ലായ്മ മുതലായവ അനുഭവപ്പെടും. ഇങ്ങനെ ലക്ഷണമുണ്ടാകുന്നവര്‍ക്ക് അപസ്മാര സാധ്യത മുന്‍കൂട്ടി കാണാനും അപകടസാധ്യത ഒഴിവാക്കാനും കഴിയാറുണ്ട്

രോഗനിര്‍ണയ കാര്യത്തില്‍ ഏറ്റവും സഹായകമാകുന്നത് സന്നിയുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ഏതു സാഹചര്യത്തിലാണ് സന്നിയുണ്ടായത്, എന്തു തരം ചേഷ്ടകളാണ് ഉണ്ടായത് തുടങ്ങിയ കാര്യങ്ങളുടെ വിശദാംശങ്ങള്‍ രോഗത്തെക്കുറിച്ചു കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കും. രക്ത പരിശോധന, എക്സ് റേ തുടങ്ങിയ നിര്‍ണയ രീതികളും പ്രധാനമാണ്. തലച്ചോറിന്റെ ഇ.ഇ.ജി പരിശോധന പ്രാധാന്യമുള്ള ഒന്നാണ്.

ഇടെയ്ക്കപ്പോഴെങ്കിലും അപസ്മാരമുണ്ടാകുന്നു എന്നതുകൊണ്ടു മാത്രം ഒരാള്‍ നിത്യരോഗിയാകുന്നില്ല. അപസ്മാരബാധയുടെയും രോഗിയുടെയും സവിശേഷതകള്‍ കൃത്യമായി മനസ്സിലാക്കി വേണം ഓരോ രോഗിയും കഴിക്കേണ്ട മരുന്നുകള്‍ തീരുമാനിക്കാന്‍. പരമാവധി ഒന്നര-രണ്ടു വര്‍ഷത്തെ ഔഷധ ചികിത്സ കൊണ്ടു തന്നെ പകുതിയിലധികം അപസ്മാര രോഗികളുടെയും അസുഖം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയാറുണ്ട്. അപസ്മാരത്തിനുള്ള മരുന്നു കഴിക്കുന്ന കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ ആവശ്യമാണെന്നതാണ് പ്രധാനം. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന അത്രയും കാലം മരുന്ന് മുടക്കാതെ കഴിക്കണം. ആറുമാസമോ ഒരുവര്‍ഷമോ ഒക്കെയായി ഒരിക്കല്‍പോലും അപസ്മാര ബാധയുണ്ടായിട്ടില്ലല്ലോ പിന്നെ ഇനിയും മരുന്നു തുടരുന്നത് എന്തിന് എന്നു കരുതി മരുന്നു നിര്‍ത്തുന്നത് ഒരു വിഭാഗം പേരില്‍ രോഗമുക്തി വളരെയധികം വൈകാന്‍ കാരണമാകാറുണ്ട്. ഒട്ടു മിക്ക അപസ്മാരവും പൂര്‍ണമായി ഭേദമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍