മതിയായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ ദിവസം മരിച്ച വേദ എന്ന പതിനാലുകാരിയുടെ രോഗാവസ്ഥ വഴിവെച്ചത് പ്രകൃതി ചികിത്സ എന്ന പേരില്‍ പ്രചരിച്ചുവരുന്ന കപട ചികിത്സാ രീതികളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കു കൂടിയാണ്.
‘അശാസ്ത്രീയമായ ചികിത്സാ രീതികള്‍ തേടിപ്പോയി രോഗം മൂര്‍ച്ഛിച്ചുവന്ന അനവധി പേരുടെ കേസുകള്‍ നേരിട്ടും അല്ലാതെയും കണ്ടിട്ടുണ്ട്. രോഗം ഭേദപ്പെടുത്തി കൗണ്‍സലിംഗ് കൊടുത്തു പറഞ്ഞുവിടാറാണ് പതിവ്. ഇക്കാര്യത്തില്‍ അങ്ങിനെ ചെയ്യാനാകില്ല. ഒരു ജീവനാണ് ഇത്ര നിസ്സാരമായി നമുക്കു നഷ്ടമായത്’ സമൂഹമനസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒരു മരണത്തെക്കുറിച്ചാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെ ശിശുരോഗവിദഗ്ധ ഡോ. മഞ്ജുള സംസാരിച്ചു തുടങ്ങിയത്. മതിയായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ ദിവസം മരിച്ച വേദ എന്ന പതിനാലുകാരിയുടെ രോഗാവസ്ഥ വഴിവെച്ചത് പ്രകൃതി ചികിത്സ എന്ന പേരില്‍ പ്രചരിച്ചുവരുന്ന കപട ചികിത്സാ രീതികളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കു കൂടിയാണ്.
കടുത്ത പനിയും ശ്വാസ തടസ്സവും ആഴ്ചകളോളമായി അലട്ടിയിരുന്ന വടകര സ്വദേശിനി വേദ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ന്യൂമോണിയ ബാധിച്ച് അവശയായിരുന്ന കുട്ടിക്ക് വൈദ്യസഹായമെത്തിക്കാതെ തേനും വെള്ളവും മാത്രം നല്‍കി വീട്ടില്‍ത്തന്നെ വിശ്രമിക്കാന്‍ അനുവദിക്കുകയായിരുന്നു രക്ഷാകര്‍ത്താക്കള്‍. അവശനിലയിലായ കുട്ടിയെ ഒടുവില്‍ പ്രദേശത്തെ ആശുപത്രിയിലെത്തിക്കുകയും ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് മിംസിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടിയുടെ രോഗമെന്തെന്നും, മുന്‍പു നല്‍കിയ ചികിത്സയെന്തെന്നും അന്വേഷിച്ച ഡോക്ടര്‍മാരാണ് കുട്ടിയെ ഇത്രനാളും മരുന്നോ ചികിത്സയോ നല്‍കാതെ കിടത്തിയിരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
ന്യൂമോണിയയെന്ന് ആദ്യമേ കണ്ടെത്തിയിരുന്നെങ്കിലും, വേദയുടെ മരണത്തിനു ശേഷമാണ് ക്ഷയരോഗബാധിതയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. നേരത്തെ കണ്ടെത്തിയിരുന്നെങ്കില്‍ ഭേദമാക്കാമായിരുന്ന ക്ഷയരോഗം ബാധിച്ച്, ചികിത്സ നിഷേധിക്കപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ആഘാതം വേദയെ പരിശോധിച്ചിരുന്ന ഡോ.മഞ്ജുളയ്ക്ക് ഇപ്പോഴും ഒഴിയുന്നില്ല. അതിതീവ്രഘട്ടത്തിലെത്തിയിരുന്ന ക്ഷയരോഗം വേദയില്‍ നി്ന്നും കുടുംബാംഗങ്ങള്‍ക്കും പടര്‍ന്നിരിക്കാമെന്ന ആശങ്ക വേറെ. ഡോ. മഞ്ജുള സംഭവത്തെക്കുറിച്ചു പറയുന്നതിങ്ങനെ:
‘ടിബി കണ്‍ഫേം ചെയ്തിട്ടുണ്ട്. അതും വല്ലാതെ കടുത്ത അവസ്ഥയില്‍. ശ്വാസകോശമാകെ നശിച്ച അവസ്ഥയിലായിരുന്നു. ആരംഭദശയിലാണെങ്കില്‍ മരിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത കേസല്ലേ. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതായിരുന്നു. നമ്മുടെ കൈയില്‍ വരുമ്പോള്‍ കുട്ടിക്ക് പള്‍സും ബി.പിയുമൊന്നുമില്ലായിരുന്നു. ടി.ബി. കടുത്ത്, ന്യൂമോണിയയും പിടിപെട്ടതിനെത്തുടര്‍ന്ന് കാര്‍ഡിയാക് അറസ്റ്റുണ്ടായതാണ്. വെന്റിലേറ്റു ചെയ്യേണ്ടി വന്നു. ക്ഷയമായിരിക്കും എന്നു വിചാരിച്ചൊന്നുമല്ല, ഇങ്ങനെയൊരു അവസ്ഥയില്‍ കൊണ്ടുവന്ന കുട്ടിയുടെ മരണകാരണം കണ്ടുപിടിക്കണമല്ലോ എന്നോര്‍ത്താണ് ടെസ്റ്റുകള്‍ ചെയ്തത്. ട്രീറ്റ്‌മെന്റ് ഹിസ്റ്ററി ചോദിച്ചപ്പോള്‍ വീട്ടുകാര്‍ ഒന്നും തുറന്നു പറയുന്നുണ്ടായിരുന്നില്ല. റെഫര്‍ ചെയ്ത ഡോക്ടര്‍ക്കും മുന്‍പ് ചികിത്സിച്ചതിന്റെ വിശദാംശങ്ങള്‍ അറിയുമായിരുന്നില്ല.
രണ്ടു കാര്‍ഡിയാക് അറസ്റ്റു കഴിഞ്ഞാണ് ഇവിടെയെത്തിയത്. രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ കുട്ടി മരിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നു. ടോക്‌സിക്കോളജിയടക്കം എല്ലാ ടെസ്റ്റിനും അയച്ചത്, ഇതിനു പിന്നിലെ കാര്യം കണ്ടെത്തണമെന്ന് ഉദ്ദേശിച്ചു തന്നെയാണ്. പതിനാലു വയസ്സുള്ള ആരോഗ്യവതിയായ ഒരു പെണ്‍കുട്ടിയാണ്. മിടുക്കിയായ ഒരു കുട്ടി ഇത്ര ഗുരുതരമായ ഘട്ടത്തിലെത്തിയത് എങ്ങിനെയാണെന്ന് കണ്ടെത്തണമല്ലോ. അതും കാര്‍ഡിയാക് അറസ്റ്റ്. കടുത്ത ന്യൂമോണിയയാണ് കുട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ രക്ഷിതാക്കളോടു ചോദിക്കുമ്പോഴാകട്ടെ, ഒരു ദിവസം മാത്രമേ പനിച്ചുള്ളൂ എന്നാണ് മറുപടി. രണ്ടു ശ്വാസകോശങ്ങളും തകരാറിലായിട്ടുണ്ടെങ്കില്‍, ഒരു ദിവസം മാത്രം പനിക്കുമ്പോള്‍ വരുന്ന ഒരു ന്യൂമോണിയയല്ലല്ലോ അത്.
വിഷാംശം അകത്തു ചെന്നാണോ മരണമുണ്ടായതെന്നറിയാനുള്ള ടെസ്റ്റുകള്‍ വരെ ചെയ്തിരുന്നു. വീട്ടുകാര്‍ കാര്യം തെളിച്ചു പറയാതിരുന്നതിനാല്‍ ചെയ്തതാണ്. വിവരമന്വേഷിക്കാന്‍ ചെന്നപ്പോള്‍ അമ്മയില്ലായിരുന്നു. കുട്ടിയുടെ അച്ഛനാണെങ്കില്‍ ഒന്നും പറയുന്നുണ്ടായിരുന്നില്ല. പേടിയാണോ ആശങ്കയാണോ എന്നറിയില്ല. എങ്കിലും, ടി.ബി. ബാധിച്ച് ഒരു കുട്ടി മരിക്കുക എന്നോര്‍ക്കുമ്പോള്‍ നല്ല പ്രയാസമുണ്ട്. പൂര്‍ണമായും സുഖപ്പെടുത്താമായിരുന്നു. ആറു മാസത്തെ ചികിത്സ മതിയാകുമായിരുന്നു. സര്‍ക്കാര്‍ സൗജന്യമായി മരുന്നുകളും നല്‍കുമായിരുന്നു.
ഇത്തരത്തില്‍ ചികിത്സിക്കാന്‍ വിസമ്മതം കാണിച്ച് ഗുരുതരമായ കേസുകള്‍ ചിലത് മുന്‍പും കണ്ടിട്ടുണ്ടെങ്കിലും, അവരെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ എവിടുന്നെങ്കിലും ചികിത്സ തേടിയിട്ടുള്ളവരായിരുന്നു. ഏറ്റവും ചുരുങ്ങിയത് രോഗം മൂര്‍ച്ഛിച്ച ശേഷമെങ്കിലും ഒരു ഡോക്ടറെ കാണാനുള്ള മനസ്സെങ്കിലും കാണിച്ചിരിക്കും. വേദയുടെ കാര്യത്തില്‍ അത്ഭുതപ്പെടുത്തിയതും അതാണ്. ഡോക്ടറെ കണ്ടിട്ടുണ്ടോ? ഇല്ല. എക്‌സ് റേ എടുത്തിട്ടുണ്ടോ? ഇല്ല. മരുന്നു കഴിച്ചിരുന്നോ? ഇല്ല.’
മൂന്നു ദിവസത്തിലേറെയായി എഴുന്നേറ്റു നടക്കാന്‍ പോലുമാകാത്ത വിധം ശ്വാസതടസ്സം നേരിടുകയായിരുന്നു വേദ. കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന അവസ്ഥയെത്തിയപ്പോഴും, ഉറങ്ങാനോ ശ്വാസം കഴിക്കാനോ പറ്റാതെയായപ്പോഴും വേദയെ ആശുപത്രിയിലെത്തിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴും, ചികിത്സയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ഡോക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന അവസ്ഥയായിരുന്നുവെന്ന് ആശുപത്രിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
‘രോഗകാരണം നിര്‍ണയിക്കുന്നതിന് ക്ലിനിക്കല്‍ ഡീറ്റയില്‍സ് ആവശ്യമല്ലേ? കുട്ടിക്ക് മൂന്നാഴ്ചയായി ശ്വാസതടസ്സവും പനിയും ചുമയുമാണെന്നു തുറന്നു പറഞ്ഞാല്‍, സ്വാഭാവികമായും ന്യൂമോണിയയാണെന്നു ഡോക്ടര്‍മാര്‍ക്കു സംശയിക്കാന്‍ സാധിക്കും. അതേസമയം ഇതു പോലെ ‘ഒന്നുമില്ല, ഒന്നുമില്ല’ എന്നു പറഞ്ഞാലോ? കുട്ടിയുടെ അവസ്ഥയില്‍ ആശങ്കപ്പെട്ട് മാനസികമായി തകര്‍ന്നിരിക്കുന്നതിനാലായിരിക്കാം അച്ഛന്‍ ഇങ്ങിനെ പെരുമാറുന്നതെന്നു കരുതിയാണ് ഞാന്‍ നേരത്തേ ഡോക്ടറെ കാണിച്ച പ്രിസ്‌ക്രിപ്ഷന്‍ ആവശ്യപ്പെട്ടത്. എനിക്കവരെ നേരിട്ടു ബന്ധപ്പെടാമല്ലോ. അക്കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടിക്ക് ചികിത്സയേ ലഭിച്ചിരുന്നില്ലെന്ന് തിരിച്ചറിയുന്നത്. സത്യം പറഞ്ഞാന്‍ വിശ്വസിക്കാന്‍ സാധിച്ചില്ല.’ ഡോക്ടര്‍ മഞ്ജുള പറഞ്ഞു.
മകളുടെ ചികിത്സാക്കാര്യത്തില്‍ ഇത്രയേറെ നിരുത്തരവാദിത്തപരമായ തീരുമാനങ്ങളെടുത്ത വേദയുടെ മാതാപിതാക്കള്‍ വിദ്യാസമ്പന്നരാണെന്നതാണ് വസ്തുത. പ്രകൃതി ചികിത്സയുടെ ആരാധകനായ വേദയുടെ പിതാവ് സിവില്‍ എഞ്ചിനീയറാണ്. അഭ്യസ്തവിദ്യരായവര്‍ പോലും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഇത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിലെ സാംഗത്യം എന്താണെന്ന് ഡോക്ടര്‍മാര്‍ ചോദിക്കുന്നു. വേദയുടെ പിതാവ് തന്റെ രണ്ടു മക്കള്‍ക്കും പ്രകൃതിചികിത്സാ രീതികള്‍ മാത്രമായിരുന്നു പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ പതിനാലു വര്‍ഷത്തിനിടെ വേദയെ ഒരിക്കല്‍ പോലും ഡോക്ടറുടെയടുക്കല്‍ കൊണ്ടുവരികയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നില്ലത്രേ. പനി വരുമ്പോഴെല്ലാം വെള്ളവും തേനും കൊടുക്കുകയായിരുന്നു പതിവ്.
ആയുര്‍വേദ-ഹോമിയോപ്പതി ഡോക്ടര്‍മാര്‍ സാധാരണഗതിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടാനോ രോഗിയെ റെഫര്‍ ചെയ്യാനോ തയ്യാറാകാറുണ്ട്. നേരെമറിച്ച് നാട്ടുവൈദ്യന്മാരാണ് വ്യാപകമായ സമാന്തര ‘ചികിത്സാ രീതി’കളുടെ ഉപജ്ഞാതാക്കള്‍. സ്ഥിതി മോശമായാല്‍ രോഗിയെ റെഫര്‍ ചെയ്യാന്‍ ഇവര്‍ ഒരിക്കലും തയ്യാറാവാറില്ല. ആയുര്‍വേദമായാലും അലോപ്പതിയായാലും ഹോമിയോപ്പതിയായാലും, ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാല്‍ ഇവരെല്ലാവരും എക്‌സ് റേ എടുക്കാന്‍ ആവശ്യപ്പെടും എന്നത് തനിക്ക് നൂറു ശതമാനം ഉറപ്പാണെന്നും, വേദയുടേതടക്കമുള്ള കേസുകളില്‍ പ്രകൃതി ചികിത്സകര്‍ അത്തരമൊരു നീക്കം നടത്തിയ ചരിത്രമില്ലെന്നും ഡോ. മഞ്ജുള പറയുന്നു.
‘കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള വ്യഗ്രതയോ അവര്‍ക്കു ശിക്ഷ വാങ്ങിനല്‍കാനുള്ള ശ്രമമോ അല്ല. പ്രകൃതി ചികിത്സാ വാദികളാണ് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കുട്ടിക്ക് ഈയവസ്ഥയുണ്ടാക്കിയത് എന്നുറപ്പാണ്. പ്രകൃതി ചികിത്സ മതി എന്നവരെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. മകളെ വലിയ സ്‌നേഹമാണ്. അവള്‍ ഈ ചികിത്സാപദ്ധതിയിലൂടെ രക്ഷപ്പെടും എന്നവര്‍ ഉറച്ചു വിശ്വസിച്ചതാണ്. അങ്ങിനെ വിശ്വസിപ്പിച്ചവര്‍ക്കെതിരെയാണ് നടപടികള്‍ കൈക്കൊള്ളേണ്ടത്.’
ഡയബെറ്റിസ് മെല്ലിറ്റസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രകൃതിചികിത്സക്കാരുടെ ഇടപെടല്‍ മൂലം പരിധിവിട്ടുപോകുന്ന മറ്റൊരു രോഗാവസ്ഥ. കുഞ്ഞുങ്ങള്‍ക്കു വരുന്ന തരം പ്രമേഹവുമായി അഞ്ചോളം പേരാണ് വര്‍ഷങ്ങള്‍ക്കു മുന്നേ ഡോ. മഞ്ജുളയെ തേടിയെത്തിയിരുന്നത്. ‘കുട്ടികള്‍ക്ക് എന്തും കഴിക്കാം, ലഢുവുമാവാം, വ്യായാമം ചെയ്താല്‍ മതി എന്നു സ്ഥാപിക്കുന്ന വൈദ്യന്മാരുടെ രോഗികളായിരുന്നു അവരെല്ലാം. പ്രമേഹം നിയന്ത്രണാതീതമായി ഇങ്ങനെ എത്തിപ്പെട്ട എത്രയോ കുട്ടികളെ ഞാന്‍ ചികിത്സിച്ചിട്ടുണ്ട്. ഇവിടെയെത്തിക്കഴിഞ്ഞാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തിരിച്ചയയ്ക്കും. മരുന്നു തുടരാനും നിര്‍ബന്ധിക്കും. ടൈപ്പ് 1 ഡയബെറ്റിസിനു ഇന്‍സുലിന്‍ കുത്തിവയ്ക്കുകയല്ലാതെ മറ്റു പ്രതിവിധികളില്ല. പാവം മാതാപിതാക്കളാകട്ടെ, തങ്ങളുടെ കുഞ്ഞുങ്ങളെ ദിവസവും കുത്തിവയ്ക്കുന്നതില്‍ വേദനിച്ച് കപട ചികിത്സക്കാരുടെ ഇത്തരം മോഹന വാഗ്ദാനങ്ങളില്‍ വീഴുകയും ചെയ്യും. അങ്ങനെ കുറേ കേസുകള്‍ കണ്ടിട്ടുണ്ട്.’
മഞ്ഞപ്പിത്തത്തിന് കൊടുക്കുന്ന മരുന്നുകളുടെ അശാസ്ത്രീയത കാരണം രോഗികളെ പതിവിലധികം കഷ്ടത്തിലാക്കുന്ന ചികിത്സാസംഘം കണ്ണൂര്‍ ഭാഗത്തും നിലവിലുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു. കൊടുക്കുന്ന മരുന്നുകളിലെ ഉള്ളടക്കം കാരണം രോഗം മൂര്‍ച്ഛിച്ച പെണ്‍കുട്ടിയുടെ കഥ ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നു. ‘അങ്ങേയറ്റം അശാസ്ത്രീയമായ ചികിത്സാ പദ്ധതികളാണ്. പനി പിടിച്ച കുട്ടിയെ വെള്ളത്തില്‍ കിടത്തി രോഗം മാറ്റാന്‍ ശ്രമിച്ച കഥയൊക്കെ കേട്ടിട്ടുണ്ട്. തെളിവുകളെ അധിഷ്ഠിതമാക്കിയ രീതികളല്ല, വാഗ്‌ധോരണിയിലും അവകാശ വാദങ്ങളിലും മയങ്ങിയെത്തുന്നവരെ പറ്റിക്കുന്ന പദ്ധതികളാണ് അവരുടേത്.
ക്യാന്‍സര്‍ ചികിത്സ നല്‍കുന്നു എന്നവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവരുടെയെല്ലാം വിഭാഗത്തില്‍പ്പെട്ടവരാണിവരും. വടകര മൂസ എന്നൊരാളുണ്ടെന്നും കേള്‍ക്കുന്നു. ഇങ്ങിനെ പലയിടങ്ങളില്‍ നിന്നും ചികിത്സ തേടിയ ശേഷം അവസാനം ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രം ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിക്കുന്നവരെ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ, ഇവരെയൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ല. രോഗികളുടെ ആരോഗ്യസ്ഥിതി പുരോഗമിക്കുകയും, തുടര്‍ന്ന് കര്‍ശനമായ കൗണ്‍സലിംഗ് രക്ഷിതാക്കള്‍ക്കു നല്‍കുകയുമാണ് ചെയ്യാറുള്ളത്. അതല്ലാതെ മാധ്യമശ്രദ്ധയൊന്നും ക്ഷണിക്കാറില്ല.
പക്ഷേ, വേദയുടെ ജീവനു തന്നെ അപകടം സംഭവിച്ചു. അക്കാര്യത്തില്‍ ശബ്ദിക്കാതിരിക്കാന്‍ സാധിക്കില്ല. ഇതേ സാഹചര്യത്തില്‍ പ്രകൃതി ചികിത്സകരെ സമീപിക്കുന്ന മറ്റുള്ളവര്‍ ഉണ്ടാകില്ലേ? അവര്‍ക്കും ഇതേ രീതിയില്‍ അപകടമുണ്ടാകാന്‍ സാധ്യതയില്ലേ? അതും ക്ഷയം പോലുള്ള രോഗങ്ങള്‍ ഇക്കാരണത്താല്‍ പടരുക എന്നത് വ്യക്തിയെ മാറ്റിനിര്‍ത്തി ഒരു സാമൂഹിക പ്രശ്‌നമായിത്തന്നെ കണക്കാക്കണം.’
എന്നാല്‍, വേദയുടെ കാര്യത്തില്‍ രോഗാവസ്ഥ ഒരു മാസത്തിനു മുന്നേ തിരിച്ചറിഞ്ഞതാണെന്നും മരുന്നുകള്‍ സ്വീകരിക്കാനും കുട്ടിക്കു നല്‍കാനും രക്ഷിതാക്കള്‍ വിമുഖത കാണിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കോഴിക്കോട് ഡി.എം.ഓ. ഡോ. ജയശ്രീ പറയുന്നു. ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്ന ചികിത്സ പിന്തുടരാന്‍ വിസമ്മതിക്കുന്ന ഒരു വിഭാഗമാളുകള്‍ ജില്ലയിലുണ്ടെന്നും പള്‍സ് പോളിയോ അടക്കമുള്ള പ്രതിരോധ മരുന്നുകള്‍ എടുക്കാന്‍ പോലും ഇവര്‍ തയ്യാറാകാത്തത് ‘പാര്‍ശ്വഫലങ്ങളില്ലാത്ത’ ഇത്തരം പ്രകൃതി ചികിത്സാ രീതികളിലുള്ള വിശ്വാസത്താലാണെന്നുമാണ് ഡി.എം.ഓയുടെ വിശദീകരണം.
‘വ്യക്തമായ വിവരങ്ങളൊന്നു രക്ഷിതാക്കള്‍ തന്നിരുന്നില്ല. അലോപ്പതി മരുന്നു കഴിക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നുമില്ല. പോളിയോ കൊടുക്കുന്ന അവസരങ്ങളിലെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. ‘എന്റെ മക്കള്‍ക്ക് ഈ ചികിത്സ വേണ്ട’ എന്നു പറഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ, നിര്‍ബന്ധിക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ അല്ലാതെ മറ്റൊന്നു ചെയ്യാനില്ലല്ലോ. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത പ്രകൃതിചികിത്സകരെ തിരിച്ചറിയാനുള്ള നടപടികളെടുക്കേണ്ടത് സര്‍ക്കാരാണ്. അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്.’
വ്യാജ പ്രചാരകരേ, ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വാ; ഡോക്ടര്‍മാരുടെ വാക്സിന്‍ ചലഞ്ച്
അരിമ്പാറയും വാക്‌സിന്‍ സൈഡ് എഫക്റ്റും പിന്നെ സ്റ്റീവ് ജോബ്‌സും