UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പച്ചവെള്ളത്തിൽ നസ്യം ചെയ്തപ്പോൾ അകത്തെത്തിയത് തലച്ചോർ തിന്നുന്ന അമീബ; 69കാരി മരിച്ചു

പച്ചവെള്ളം കൊണ്ട് നസ്യം ചെയ്തപ്പോൾ തലച്ചോർ തിന്നുന്ന അമീബ അകത്തെത്തിയതിനെ തുടർന്ന് 69കാരി മരിച്ചു. അമേരിക്കയിലെ സിയാറ്റിലിലാണ് സംഭവം. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇവർ നസ്യം ചെയ്തത്. സൈനസ് ബാധയെ തുടർന്നാണ് ഡോക്ടർ ഈ ചികിത്സ നിർദ്ദേശിച്ചത്. തിളപ്പിച്ചാറിയ വെള്ളത്തിൽ നസ്യം ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇവർ ഫിൽറ്ററിൽ നിന്നും വെള്ളമെടുത്ത് നസ്യം ചെയ്യുകയായിരുന്നു.

ഒരു മാസം നീണ്ടു നിൽക്കുന്ന ചികിത്സയാണ് നിർദ്ദേശിച്ചിരുന്നത്. വാട്ടർ ഫിൽറ്ററിൽ മരണത്തിന് കാരണമായ നയിഗ്ലേറിയ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നസ്യം ചെയ്തതിനു പിന്നാലെ ഇവരുടെ മൂക്കിൽ ചുവന്ന പാടുകൾ വന്നിരുന്നു. ദിവസങ്ങൾക്കു ശേഷം സംസാരശേഷി നഷ്ടപ്പെട്ടു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്ക് ഇവരുടെ ബോധവും നഷ്ടപ്പെട്ടിരുന്നു. വിശദമായ പരിശോധനയിലാണ് ശരീരത്തിൽ അമീബ പ്രവേശിച്ചതായി കണ്ടെത്തിയത്. ഇതിനകം അമീബ തലച്ചോർ കോശങ്ങളുടെ പകുതിയോളം നശിപ്പിച്ചിരുന്നു.

ഇതൊരു അപൂർവ്വ രോഗമാണ്. നസ്യത്തിനായി പാത്രവും വെള്ളവും ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മലിനവെള്ളത്തിൽ നീന്തുന്നവർക്കും മറ്റും വരുന്ന അസുഖമാണിത്. 1962 നും 2017 നും ഇടയില്‍ 200 ആളുകളുടെ മരണം ഈ അമീബ ശരീരത്തിൽ കയറിയതു മൂലം നടന്നിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സംഭവത്തെക്കുറിച്ചുള്ള പഠനം ഇന്റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസാസസിൽ വന്നിട്ടുണ്ട്. തുടക്കത്തിൽ ബ്രെയിൻ ട്യൂമർ ആണെന്നാണ് ഡോക്ടർമാർ കരുതിയത്. ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയിലാണ് തലച്ചോറിന്റെ ഒരു ഭാഗം പൂർണമായും നശിച്ചതായി കണ്ടെത്തിയത്. ഈ ഭാഗത്തു നിന്നും സാമ്പിൾ എടുത്ത് നടത്തിയ പരിശോധനകളിൽ അമീബയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു.

അമീബാബാധയെ ചെറുക്കാനുള്ള ഏറ്റവും കടുത്ത മരുന്നുകളുടെ പ്രയോഗം പോലും നിഷ്ഫലമാക്കുവിധം കാര്യങ്ങൾ വഷളായിരുന്നു. ബാലമുതിയ മാൻഡ്രില്ലാരിസ് എന്ന അമീബയാണ് ഇവരെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

(ഇന്റർനാഷണൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസൽ വന്ന കേസ് സ്റ്റഡി)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍