UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മുറിവേറ്റ സൈനികന് പുരുഷത്വം തിരികെ നല്‍കി: ലിംഗമാറ്റ ശസ്ത്രക്രിയ ചരിത്രവിജയം

യുദ്ധത്തിലും സ്ഫോടനത്തിലും സാരമായി പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ബാല്‍റ്റിമോറിലും ബോസ്റ്റണിലും വളരെ വര്‍ഷങ്ങളായി വൈദ്യശാസ്ത്രരംഗത്ത് പരീക്ഷണങ്ങള്‍ നടക്കുകയാണ്

പതിന്നാല് മണിക്കൂര്‍ നീണ്ട ലൈംഗികാവയവമാറ്റ ശസ്ത്രക്രിയയില്‍ ജീവനും ജീവിതവും തിരികെ ലഭിച്ചത് ബാല്‍റ്റിമോര്‍ സ്വദേശിയായ യുവ സൈനികന്. ബോംബ് സ്ഫോടനത്തില്‍ ലൈംഗികാവയവും വൃഷണവും അടിവയറിന്റെ ഭാഗവും നഷ്ടമായ വ്യക്തിക്ക് കഴിഞ്ഞ മാസമാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. മണിക്കൂറുകള്‍ക്ക് മുമ്പ് മരിച്ചുപോയ മറ്റൊരാളുടെ ലിംഗം അയാളില്‍ നിന്ന് മാറ്റി ശസ്ത്രക്രിയയിലൂടെ സൈനികന്റെ ശരീരത്തില്‍ ചേര്‍ക്കുകയായിരുന്നു. ജോണ്‍സ് ഹോപ്കിന്‍സ് (Johns Hopkins) ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണ്ണവും നീണ്ടതുമായ ശസ്ത്രക്രിയ വിജയകരമാണോയെന്ന് തീരുമാനിക്കാനും ഒരു മാസത്തെ സമയം വേണ്ടിവന്നു. ബോംബ് സ്ഫോടനത്തില്‍ അംഗവൈകല്യം സംഭവിച്ച ഒരു സൈനികന് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടന്നതും ചരിത്രത്തിന്റെ ഭാഗമായി

നേരത്തെ 2014ല്‍ സൗത്ത് ആഫ്രിക്കയിലും 2016ല്‍ മസാച്യുസെറ്റ്സ് ജനറല്‍ ആശുപത്രിയിലും ലിംഗംമാറ്റ ശസ്ത്രക്രിയ നടന്നിരുന്നു. ലൈംഗികാവയവം മാത്രം മാറ്റിവെക്കേണ്ട ശസ്ത്രക്രിയകള്‍ ആയിരുന്നു അവ. അതേസമയം, അവയവവും ചുറ്റുമുള്ള ശരീരഭാഗങ്ങളും മാറ്റിവെക്കേണ്ട തരത്തില്‍ നടന്ന ലോകത്തിലെ ആദ്യ ശസ്ത്രക്രിയ ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലേതാണ്.

യുദ്ധത്തിലും സ്ഫോടനത്തിലും സാരമായി പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ബാല്‍റ്റിമോറിലും ബോസ്റ്റണിലും വളരെ വര്‍ഷങ്ങളായി വൈദ്യശാസ്ത്രരംഗത്ത് പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ഒളിബോംബ് സ്ഫോടനങ്ങളില്‍ പരിക്കേറ്റ ആയിരക്കണക്കിന് സൈനികരില്‍ ഒരാളാണ് ഇപ്പോള്‍ ശസ്ത്രക്രിയക്ക് വിധേയനായത്. അപകടത്തില്‍ മുട്ടിന് മുകളിലായി രണ്ട് കാലുകളും ഇദ്ദേഹത്തിന് നഷ്ടപ്പെട്ടു. എന്നാല്‍ ലിംഗത്തിനേറ്റ പരിക്കാണ് അടിയന്തിരമായി പരിഹരിക്കേണ്ടിയിരുന്നത്.

‘നഷ്ടപ്പെടാനൊന്നും ബാക്കിയില്ലെന്ന തോന്നലായിരുന്നു എനിക്ക്. ഒരു പുരുഷനെന്ന് പോലും സ്വയം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ജീവനും ജീവിതവുമാണ് തിരികെ ലഭിച്ചത്. എല്ലാവര്‍ക്കും നന്ദി’-സൈനികന്‍ പറയുന്നു.

തന്റെ പേര് ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തരുതെന്നത് സൈനികന്റെ ആവശ്യമാണ്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമല്ലാതെ മറ്റാരോടും പരിക്കിന്റെ സ്വഭാവം വെളിപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി ചെയര്‍മാന്‍ ഡോ. ഡബ്ല്യൂ.പി ആന്‍ഡ്രൂ ലീ(W.P Andrew Lee), ഈ ശസ്ത്രക്രിയയെ ആശുപത്രിയുടെയും വൈദ്യശാസ്ത്രരംഗത്തിന്റെയും ചരിത്രനേട്ടമായി വിലയിരുത്തി. ഒരു വ്യക്തിക്ക് നഷ്ടപ്പെട്ട പൗരുഷം തിരികെ നല്‍കാനായതിന്റെ സംതൃപ്തിയാണ് എല്ലാത്തിലും വലുതെന്നും അദ്ദേഹം പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍