UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വാര്‍ത്തകള്‍ കൊണ്ടുള്ള അത്യുല്‍കണ്ഠത ഒഴിവാക്കാം 5കാര്യങ്ങളിലൂടെ

വാര്‍ത്തകളിലൂടെ കടന്നുപോകുമ്പോള്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും നമ്മള്‍ കീഴ്‌പെട്ടെക്കാം.

വാര്‍ത്തകളുടെ അതിപ്രസരമുള്ള കാലമാണിത്. സത്യവും വ്യാജവുമായ പല വാര്‍ത്തകളും നമ്മിലേക്ക് എത്ര വേഗമാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ വാര്‍ത്തകളിലൂടെ കടന്നുപോകുമ്പോള്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും നമ്മള്‍ കീഴ്‌പെട്ടെക്കാം. ‘ദ ഗാര്‍ഡിയന്‍’ പത്രത്തില്‍ വന്ന ഒരു ലേഖനത്തില്‍ അത്യുല്‍ക്കണ്ഠാപൂര്‍വ്വമായ വാര്‍ത്തകളില്‍ നിന്നും എങ്ങിനെ പുറത്തുകടക്കാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിശദീകരിക്കുന്നു.

വാര്‍ത്തകളില്‍ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക

‘ഹെഡ്‌ലൈന്‍ ഉത്കണ്ഠ’ എന്നത് വളര്‍ന്നുവരുന്നൊരു പ്രശ്‌നമാണ്. ബ്രിട്ടനില്‍ 78 ശതമാനം പേരും തങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ആശങ്കയിലാണ് എന്ന് ഓഫ്‌കോമിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ ചുറ്റുപാടുകളാണ്അമേരിക്കക്കാരില്‍ സമ്മര്‍ദ്ദമുണ്ടാകുന്നതിന്റെ സുപ്രധാന ഉറവിടം എന്ന് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ 2017 ലെ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതുകൊണ്ട് ആശയവിനിമയത്തിനുള്ള ഉപാധികള്‍ ഇത്രമാത്രം പെരുകിയ ഇക്കാലത്ത് അതിന്റെ ആഘാതങ്ങള്‍ കുറയ്ക്കാന്‍ സ്‌ക്രീന്‍ ടൈം ട്രാക്കറുകള്‍ ഉപയോഗിച്ച് വാര്‍ത്തകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

പുഷ് നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുക

സ്‌ക്രോള്‍ ചെയ്തു പോകുന്നത് ഒട്ടും നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കില്‍. ചുരുങ്ങിയത് പുഷ് നോട്ടിഫിക്കേഷനുകളെങ്കിലും ഓഫാക്കുക. അത് വാര്‍ത്താ മാധ്യമങ്ങളില്‍നിന്നും അസഹ്യമായ തരത്തില്‍ ബ്രേക്കിംഗ് ന്യൂസുകള്‍ വന്നുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കും. വിവരങ്ങളുടെ അതിപ്രസരം കാരണം പുഷ് നോട്ടിഫിക്കേഷനുകള്‍ ആളുകളില്‍ മാനസിക സമ്മര്‍ദ്ധങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് 2015-ല്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കിയിരുന്നു.

നല്ല വാര്‍ത്തകള്‍ വായിക്കുക

വാര്‍ത്തകളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുന്നതാണ് ശരിയായ കാഴ്ചപ്പാടെന്ന് വിദഗ്ധര്‍ പറയുന്നു. ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. നമ്മുടെ മനസ്സമാധാനം കളയുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേട്ടാല്‍ ശാന്തരായിരിക്കുക. അതിലെന്തെങ്കിലും പോസിറ്റീവ് ആയ മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടാവില്ലേ എന്ന് ചിന്തിക്കുക.

വിശ്വസനീയമായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുക

സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ വാര്‍ത്തകള്‍ എത്രപ്പെട്ടന്നാണ് പ്രചരിക്കുക എന്നത് നമുക്കെല്ലാം അറിയാം. ഇന്ത്യയിലെ ജനങ്ങള്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ബിബിസിയുടെ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. യാതൊരു തരത്തിലുമുള്ള പരിശോധനയും നടത്താതെ ആളുകള്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് വാര്‍ത്തയുടെ ഉറവിടം വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. അത്തരം ഉറവിടങ്ങള്‍ക്കുമാത്രം പ്രാധാന്യം നല്‍കുക.

ഉറങ്ങാന്‍ പോകുന്നതിനുമുന്‍പ് വാര്‍ത്തകള്‍ ഒഴിവാക്കാം

ഉറങ്ങാന്‍ കിടക്കുംമുന്‍പ് സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് നമ്മുടെ ആന്തരിക സമയക്രമവും ഉറക്കവും താളം തെറ്റിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചതാണ്. അതുകൊണ്ട് ഉറങ്ങുന്നതിനു മുന്‍പുള്ള വാര്‍ത്താ വായന ഒഴിവാക്കുക. അത് പകല്‍സമയത്തും ഉന്മേഷം നിലനിര്‍ത്തും.

Read More : ഡെങ്കിപ്പനിക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകും: മുന്നറിയിപ്പുമായി നാഷണല്‍ സയന്‍സ് അക്കാഡമി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍