UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപയെ തുരത്തിയ സംഘത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി; നാഷണല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സ് അനീഷയ്ക്ക്

കഴിഞ്ഞ രണ്ടുമാസക്കാലമായി പ്രസവാവധിയില്‍ മാനന്തവാടിയിലെ വീട്ടില്‍ വിശ്രമിക്കുന്ന അനീഷയെത്തേടി അവാര്‍ഡ് വാര്‍ത്തയ്‌ക്കൊപ്പം പലയിടങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹങ്ങളും എത്തുന്നുണ്ട്

ശ്രീഷ്മ

ശ്രീഷ്മ

2018 മേയില്‍ കോഴിക്കോട് നേരിട്ട നിപ വൈറസ് ബാധയുടെ കഥയില്‍ ഒഴിവാക്കപ്പെടാനാകാത്ത ഒരധ്യായമാണ് അരയിടത്തുപാലത്തെ ബേബി മെമ്മോറിയല്‍ ആശുപത്രിയുടേത്. കോഴിക്കോട് മെഡിക്കല്‍ കോളേജും പേരാമ്പ്ര താലൂക്കാശുപത്രിയും നിപ വൈറസിനെതിരെ കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ശ്രദ്ധേയമായ ചികിത്സാകേന്ദ്രങ്ങളാണെങ്കില്‍, നിപയെ തിരിച്ചറിഞ്ഞത് ബേബി മെമ്മോറിയലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് തലവന്‍ ഡോ. എ.എസ്. അനൂപ് കുമാറായിരുന്നു. ആദ്യമായി നിപ വൈറസ് ബാധിച്ച് മരണപ്പെട്ട സാബിത്തിന്റെ സഹോദരന്‍ സ്വാലിഹ് പനിയുടെ ലക്ഷണങ്ങളുമായി ബേബി മെമ്മോറിയലില്‍ ചികിത്സ തേടിയപ്പോള്‍ മുതല്‍ ഏറ്റവുമൊടുവില്‍ കോഴിക്കോടും മലപ്പുറവും നിപ വിമുക്തമായതായി ആരോഗ്യവകുപ്പിന്റെ പ്രസ്താവന ഔദ്യോഗികമായി പുറത്തുവന്നതുവരെ, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും ഡോ. അനൂപിന്റെ കീഴില്‍ സദാ കര്‍മനിരതരായ ആരോഗ്യപ്രവര്‍ത്തകരുടെയും ഇടപെടല്‍ നിപക്കാലത്ത് നിര്‍ണായകം തന്നെയായിരുന്നു. രണ്ടാം നിപ ഭീഷണിയെ രണ്ടാമതൊരാളിലേക്കു പോലും പടരാതെ ഒതുക്കിയ സംഘത്തിലും അന്നത്തെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റംഗങ്ങളുണ്ടായിരുന്നു.

ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു സ്റ്റാഫുകളുമടങ്ങുന്ന ഈ സംഘത്തിന്റെ സംഭാവനയ്ക്ക് മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണിപ്പോള്‍. നാഷണല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാഷണല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡിന് ഇത്തവണ അര്‍ഹയായിരിക്കുന്നത് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെ നിപക്കാലത്തെ ടീം ലീഡര്‍ അനീഷ ബി. യാണ്. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ അനീഷ തനിക്കു ലഭിച്ചിരിക്കുന്ന അംഗീകാരം പങ്കുവയ്ക്കാനാഗ്രഹിക്കുന്നതും തനിക്കൊപ്പം രാപ്പകല്‍ പ്രവര്‍ത്തിച്ച ടീമംഗങ്ങള്‍ക്കു തന്നെ. നിപ വൈറസ് ബാധയെ കൃത്യമായി നേരിടുകയും, ആദ്യഘട്ടത്തില്‍ രോഗികളെ അതീവ ശ്രദ്ധയോടെ ശുശ്രൂഷിക്കുകയും ചെയ്തതിനാണ് അനീഷയെത്തേടി ഈ ദേശീയ അംഗീകാരമെത്തിയിരിക്കുന്നത്. നിപക്കാലത്തെ ആതുരസേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്രയിലെ സിസ്റ്റര്‍ ലിനിയ്‌ക്കൊപ്പം തന്നെ, ജില്ലയില്‍ പലയിടങ്ങളിലായി, പല ഘട്ടങ്ങളിലായി നിപാ യുദ്ധത്തില്‍ പങ്കാളികളായ നഴ്‌സിംഗ് സമൂഹത്തിനുള്ള അംഗീകാരമായാണ് ഈ അവാര്‍ഡിനെ കാണേണ്ടതെന്ന് ഡോ. അനൂപും പറയുന്നു.

കഴിഞ്ഞ രണ്ടുമാസക്കാലമായി പ്രസവാവധിയില്‍ മാനന്തവാടിയിലെ വീട്ടില്‍ വിശ്രമിക്കുന്ന അനീഷയെത്തേടി അവാര്‍ഡ് വാര്‍ത്തയ്‌ക്കൊപ്പം പലയിടങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹങ്ങളും എത്തുന്നുണ്ട്. എന്നാല്‍, അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെങ്കിലും, ഒരാളും ഒറ്റയ്ക്കല്ല നിപായ്‌ക്കെതിരായ പോരാട്ടത്തിലുണ്ടായിരുന്നതെന്ന് വിവരിക്കുകയാണ് അനീഷ. ‘ടീം വര്‍ക്കിന്റെ ഗുണമാണ് സത്യത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലുണ്ടായിരുന്നത്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റംഗങ്ങള്‍ ഒറ്റക്കെട്ടായാണ് പ്രതിസന്ധിയെ നേരിട്ടത്. എല്ലാവര്‍ക്കും ആശങ്കകളുണ്ടായിരുന്നു. ലിനി സിസ്റ്ററുടെ കാര്യമൊക്കെ നമുക്കറിയാമല്ലോ. പക്ഷേ, ശരിയായ സമയത്ത് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കിട്ടിയതാണ് ഞങ്ങള്‍ക്ക് സഹായമായത്. നിപായാണെന്ന് തിരിച്ചറിയുന്നതിനു മുന്‍പു തന്നെ രോഗിയുമായി ഞങ്ങളെല്ലാവരും അടുത്തിടപഴകിയിരുന്നതാണ്. അപ്പോഴൊക്കെ വേണമെങ്കില്‍ രോഗം പകരാനുള്ള സാധ്യതകളുണ്ടായിരുന്നു. ഡോ. അനൂപ് ആദ്യമേ തന്നിരുന്ന നിര്‍ദ്ദേശങ്ങളാണ് അങ്ങനെയൊരു അപകടം ഉണ്ടാകാതെ നോക്കിയത്. ഗ്ലൗസും മാസ്‌കും പ്രത്യേക വസ്ത്രവുമൊക്കെയായിത്തന്നെയാണ് രോഗികളുമായി ഇടപെട്ടിരുന്നത്. എല്ലാ കാര്യത്തിലും സ്റ്റാഫുകളോട് വ്യക്തമായി ആശയവിനിമയം നടത്തുക, രോഗികള്‍ക്കൊപ്പം തന്നെ സ്റ്റാഫുകളെയും പ്രത്യേകമായി പരിഗണിക്കുക ഇതൊക്കെ അനൂപ് സാറിന്റെ ശീലങ്ങളാണ്. ആ ശീലങ്ങള്‍ ഇക്കാര്യത്തിലും ആവര്‍ത്തിച്ചിരുന്നു. അന്നത്തെ നഴ്‌സിംഗ് ഡയറക്ടര്‍ റോസ്‌ലി മാഡം രാവിലെ ഡ്യൂട്ടിയ്ക്കത്തിയാല്‍ ആദ്യം വരുന്നത് ഐ.സി.യുവിലേക്കാണ്, സ്റ്റാഫൊക്കെ ഓക്കെയാണ് എന്നുറപ്പാക്കാന്‍. മാത്രമല്ല, ക്രിട്ടിക്കല്‍ കെയര്‍ ടീമില്‍ ഞാനടക്കം മുപ്പത്തിരണ്ടോളം പേരാണുണ്ടായിരുന്നത്. എല്ലാവരും പല ഷിഫ്റ്റുകളില്‍ മാറി മാറി ജോലി ചെയ്തിട്ടുണ്ട്. ടീം ലീഡര്‍ ഞാനായിരുന്നെന്നുമാത്രം. അങ്ങനെ, ഒരുപാട് ആളുകളുടെ പ്രയത്‌നമാണ് നിപ്പയ്‌ക്കെതിരെ ഒന്നിച്ചു വന്നത്. എല്ലാവര്‍ക്കുമുള്ള അംഗീകാരമാണിത്. ആരും ഒറ്റയ്ക്കല്ല ഇതില്‍.’

തനിക്കല്ല, തന്റെ ടീമിനാണ് അംഗീകാരമെന്ന് അനീഷ പറയുന്നുണ്ടെങ്കിലും, രോഗനിര്‍ണ്ണയം മുതല്‍ എല്ലാ കാര്യങ്ങളും വേഗത്തിലാക്കാന്‍ അനീഷ നടത്തിയ ഇടപെടലുകള്‍ മാതൃകാപരമാണെന്ന് ഡോ. അനൂപ് തന്നെ ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാലിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ നിപ വൈറസ് ബാധിച്ചിരിക്കുകയാണോ എന്ന സംശയം ഡോക്ടര്‍ക്കുണ്ടായിരുന്നെങ്കിലും, അത് തീര്‍ച്ചപ്പെടുത്തുന്നതിലും ഏറ്റവും പെട്ടെന്ന് രോഗപ്രതിരോധമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും പ്രധാന കണ്ണിയായത് അനീഷ തന്നെ. രണ്ടു മാസത്തോളം വീട്ടില്‍ പോകാതെ കോഴിക്കോട്ട് ഹോസ്റ്റലില്‍ താമസിച്ചു ജോലിക്കെത്തിയ അനീഷയ്ക്ക്, കൃത്യമായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നതിനാല്‍ രോഗത്തെ ഭയവുമുണ്ടായിരുന്നില്ല. നാട്ടുകാരും വീട്ടുകാരും നിപ വൈറസിനെ ഭയപ്പെട്ടിരുന്നെങ്കിലും, രോഗിയോടു സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശ്രദ്ധവെച്ചാല്‍ രോഗം പകരില്ല എന്ന ബോധ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നുവെന്നും അനീഷ പറയുന്നു. ചെറിയ പനിയോ ജലദോഷമോ വന്നാല്‍പ്പോലും പേടിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നതെങ്കിലും ഡോ.അനൂപടക്കമുള്ളവര്‍ തങ്ങളുടെ കാര്യത്തില്‍ ജാഗരൂകരായിരുന്നുവെന്നത് ടെന്‍ഷന്‍ പാതിയായി കുറച്ചുവെന്ന അഭിപ്രായവും അനീഷയ്ക്കുണ്ട്. സ്വാലിഹ് മാത്രമല്ല, അതേ കുടുംബത്തിലെ മൂസ, മറിയം എന്നിവരും, ഒപ്പം അശോകന്‍, മധുസൂദനന്‍ എന്നിവരും രോഗാവസ്ഥയില്‍ ചികിത്സ തേടിയെത്തിയത് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലായിരുന്നെന്ന് അനീഷ ഓര്‍ക്കുന്നുണ്ട്. നിപയുടെ ഭീതി ഒഴിയുന്നതുവരെയുള്ള കാര്യങ്ങള്‍ ഒന്നുവിടാതെ ഓര്‍മയിലുണ്ടെങ്കിലും, സ്വാലിഹിനെയും നിപ ഉറപ്പിച്ച ദിവസങ്ങളെയും കുറിച്ചാണ് അനീഷയ്ക്ക് സംസാരിക്കാനുള്ളത്.

‘ഇങ്ങനെയൊരു സംഭവമാണെന്ന് ഞങ്ങള്‍ക്കാര്‍ക്കും ആദ്യം അറിയില്ലായിരുന്നു. ആദ്യത്തെ രോഗി വന്നപ്പോള്‍ മുതല്‍ അനൂപ് സാറാണ് എല്ലാ കാര്യത്തിലും നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നത്. സ്വാലിഹ് ആണ് ആദ്യത്തെ പേഷ്യന്റ്. ഒരു രാത്രിയിലാണ് സ്വാലിഹിനെ കൊണ്ടുവരുന്നത്. ആ രാത്രി തന്നെ അവസ്ഥ വളരെ മോശമാവുകയും ചെയ്തു. ആരോഗ്യം കൂടുതല്‍ക്കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെ പിറ്റേന്ന് രാവിലെ അനൂപ് സാര്‍ വിശദമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് മണിപ്പാലില്‍ ടെസ്റ്റിന് അയയ്ക്കണമെന്ന് തീരുമാനിച്ചതും ഞങ്ങളോടു പറഞ്ഞതും. എന്തു കാര്യമാണെങ്കിലും സ്റ്റാഫിനോട് കൃത്യമായി പറയുകയും, ഞങ്ങളുടെ അവസ്ഥ കൂടി ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ് ഡോ. അനൂപ്. ഇക്കാര്യത്തിലും അതുപോലെത്തന്നെയായിരുന്നു. ഓരോ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനനുസരിച്ച് കൃത്യമായി വിവരം തരുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അധികം ടെന്‍ഷന്റെ കാര്യം ഉണ്ടായിട്ടില്ല. എന്തു ചെയ്യണം, എന്തു ചെയ്യരുത്, രോഗിയോട് എങ്ങനെ ഇടപെടണം എന്നെല്ലാം വ്യക്തമായി നിര്‍ദ്ദേശം തരുമായിരുന്നു.

സ്വാലിഹിന് എല്ലാ ടെസ്റ്റുകളും ചെയ്യണമെന്ന് പറഞ്ഞേല്‍പ്പിച്ചത് എന്നെയായിരുന്നു. ഞാനും സോഷ്യല്‍ വര്‍ക്കറും ചേര്‍ന്നാണ് സാംപിളുകള്‍ ശേഖരിച്ചതും, അവരുടെ കുടുംബത്തില്‍ ശാരീരികാസ്വാസ്ഥ്യം തോന്നുന്ന എല്ലാവരോടും വന്ന് അഡ്മിറ്റാകാന്‍ നിര്‍ദ്ദേശിച്ചതും. അന്ന് ഉച്ചയോടു കൂടിത്തന്നെ എല്ലാവരും ആശുപത്രിയിലെത്തുകയും ചെയ്തു. അവരുടെ കൂടി സാംപിളുകള്‍ എടുത്ത ശേഷമാണ് മണിപ്പാലിലേക്ക് അയച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ പോസിറ്റീവ് റിസള്‍ട്ടും വന്നു. റിസള്‍ട്ട് വന്നപ്പോള്‍ത്തന്നെ, ഏതു തരത്തിലുള്ള മുന്‍കരുതലുകളാണ് എടുക്കേണ്ടതെന്നും ഡോക്ടര്‍ തന്നെ പറഞ്ഞുതന്നിരുന്നു. രോഗത്തിന്റെ ഗൗരവമെല്ലാം ആ സമയത്ത് വ്യക്തമായി തിരിച്ചറിഞ്ഞതാണ്. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുവഴിയൊക്കെയായിരുന്നു പ്രധാന ആശയവിനിമയം. അതല്ലാതെ ഐ.സി.യുവില്‍ വിളിച്ചും പറയും. സ്റ്റാഫുകളില്‍ ആര്‍ക്കെങ്കിലും പനിയോ തലവേദനയോ വരുന്നുണ്ടോ എന്ന് സൂക്ഷ്മമായി ശ്രദ്ധിക്കും. ഉണ്ടെങ്കില്‍ അവരെ ഉടനെ ഒബ്‌സര്‍വേഷനില്‍ വയ്ക്കാനുള്ള സംവിധാനങ്ങളുമുണ്ടായിരുന്നു. കാര്യമെന്താണെന്നറിയുന്നതിനു മുന്‍പു തന്നെ രോഗികളുമായി അടുത്തിടപഴകിക്കഴിഞ്ഞിരുന്നു എന്നാണ് വാസ്തവം. ഗ്ലൗസും മാസ്‌കും കാര്യങ്ങളുമൊക്കെ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ ആര്‍ക്കും പകര്‍ന്നില്ല. ഉള്ളിലെന്തായാലും ടെന്‍ഷന്‍ ഉണ്ടാകുമല്ലോ. പക്ഷേ, ജോലി ചെയ്യാനുള്ള ഭയം എനിക്ക് അത്രയധികം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കൃത്യമായ രോഗപ്രതിരോധമാര്‍ഗ്ഗങ്ങള്‍ എടുക്കുന്നുണ്ട് എന്നതായിരുന്നു എന്റെ ധൈര്യം. ഒപ്പമുള്ള പലര്‍ക്കും നല്ല ഭയമുണ്ടായിരുന്നു. ചെറിയൊരു തലവേദന വന്നാല്‍പ്പോലും ഒബ്‌സര്‍വേഷനിലേക്കു മാറ്റുന്നതായിരുന്നു പതിവ്.’

രണ്ടാമതും നിപ ബാധ എറണാകുളത്ത് സ്ഥിരീകരിച്ചപ്പോള്‍, ബേബി മെമ്മോറിയല്‍ ക്രിട്ടിക്കല്‍ കെയര്‍ ടീമിലെ പലരും പ്രത്യേക ഡ്യൂട്ടിയില്‍ അങ്ങോട്ടു തിരിച്ചിരുന്നു. ഗര്‍ഭകാലത്ത് അവധിയില്‍ പ്രവേശിച്ചിരുന്ന അനീഷയ്ക്ക് പക്ഷേ, അക്കാരണത്താല്‍ സംഘത്തില്‍ ഭാഗമാകാന്‍ സാധിച്ചില്ല. മെഡിക്കല്‍ കോളേജിലെയും താലൂക്കാശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരെപ്പോലെത്തന്നെ നിപായ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്നിട്ടുള്ളവരാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ നഴ്‌സുമാരും മറ്റുള്ളവരും. നഗരത്തിലെ സാധാരണക്കാരും മറ്റും ഭയപ്പെട്ട് പലതവണ ഇവരെ സമീപിക്കുകയും രോഗപ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനസജ്ജമായ പ്രത്യേക ഐ.സി.യുവും, ഒരു വിളിപ്പുറത്ത് ജോലിക്കെത്താന്‍ സന്നദ്ധരായ ജീവനക്കാരും വാട്‌സ്ആപ്പ് ഗ്രൂപ്പു വഴിയുള്ള ആശയവിനിമയവുമായി നിപാക്കാലത്തുടനീളം ഒരു സമാന്തരസേനയായിത്തന്നെ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. സിസ്റ്റര്‍ ലിനിയടക്കമുള്ളവര്‍ പ്രതിനിധീകരിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന്റെ, തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വിഭാഗമാണ് ബേബി മെമ്മോറിയല്‍ അടക്കമുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്നത്. പ്രതിഫലം നോക്കാതെ ജോലിയില്‍ ശ്രദ്ധിക്കുന്ന ഈ വിഭാഗത്തിനു ലഭിക്കുന്ന അംഗീകാരമാണ് അനീഷയെത്തേടിയെത്തിയിട്ടുള്ള നാഷണല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം. താന്‍ മാത്രമായി ഒന്നും ചെയ്തിട്ടില്ലെന്നും അവാര്‍ഡ് ടീമിലെ എല്ലാവര്‍ക്കുമായി ഉള്ളതാണെന്നും അനീഷ പറയുന്നതിനു കാരണവുമിതു തന്നെ. അച്ഛന്‍, അമ്മ, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ക്കൊപ്പം മാനന്തവാടിയിലെ വീട്ടിലാണ് അനീഷയിപ്പോള്‍. അവധിയ്ക്കു ശേഷം സഹപ്രവര്‍ത്തര്‍ക്കൊപ്പം അവാര്‍ഡിന്റെ സന്തോഷം പങ്കിടാനുള്ള കാത്തിരിപ്പാണിനി.

Read More: ‘കര്‍ദിനാളിന്റെ ന്യായീകരണ സര്‍ക്കുലര്‍ ഭൂരിപക്ഷം പള്ളികളും അവഗണിച്ചു’; ബിഷപ്പ് ആലഞ്ചേരിയെ വെള്ള പൂശാന്‍ നോക്കേണ്ടെന്ന് വിമത വൈദികര്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍