UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ? ഇതാ നാല് വഴികള്‍

ആരോഗ്യം വേണമെങ്കില്‍ ‘ഇത്ര’ മണിക്കൂര്‍ ഉറങ്ങണമെന്ന വിവിധ അഭിപ്രായങ്ങളിലൊന്നും കാര്യമില്ല

ഓരോ ദിവസവും ഓടി തീര്‍ക്കുന്ന നമ്മള്‍, എന്നും തിരക്ക് മാത്രമുള്ള ജീവിതരീതിയോട് ഇണങ്ങിക്കഴിഞ്ഞു. ഒരു പകലിന്റെ മുഴുവന്‍ ഭാരവും ഇറക്കിവെക്കാന്‍ ആകെ കിട്ടുന്ന സമയം, രാത്രിയില്‍ ഉറങ്ങുന്ന മണിക്കൂറുകള്‍ മാത്രമാണ്. നല്ല ഉറക്കം ശരീരത്തിന് ഉന്മേഷം നല്‍കും. ഉറക്കം കിട്ടാത്ത രാത്രി, തൊട്ടടുത്ത പകലിനെ ക്ഷീണമുള്ളതാക്കുകയും ചെയ്യും. എങ്ങനെ നല്ല ഉറക്കം ശീലമാക്കാം? വിദഗ്ധര്‍ക്ക് നിര്‍ദേശിക്കാന്‍ ചില കാര്യങ്ങളുണ്ട്.

1. ഉറക്കത്തെപ്പറ്റി പഠിക്കേണ്ട; സമാധാനമായി ഉറങ്ങണം

അലാം(alarm) സെറ്റ് ചെയ്തുള്ള ഉറക്കവും ടൈമര്‍(timer) ഓണ്‍ ചെയ്തുള്ള ഉറക്കത്തിന്റെ വിശകലനവുമൊന്നും ശരീരത്തിന് ഒരു പ്രയോജനവും ചെയ്യില്ല. ആരോഗ്യം വേണമെങ്കില്‍ ‘ഇത്ര’ മണിക്കൂര്‍ ഉറങ്ങണമെന്ന വിവിധ അഭിപ്രായങ്ങളിലും കാര്യമില്ല. വേണ്ടത്, നിങ്ങളുടെ ശരീരം എത്ര ഉറക്കം ആവശ്യപ്പെടുന്നു എന്നത് തിരിച്ചറിയലാണ്. പകല്‍ സമയം നിങ്ങളെത്രത്തോളം അധ്വാനിക്കുന്നവരാണോ അത്രയും ഭാരവും ഉറക്കത്തിലൂടെ ഒഴിവാക്കണം. ഇനി പകല്‍ നേരത്ത് വിശ്രമം സാധ്യമായ വ്യക്തികളാണെങ്കില്‍ രാത്രി എട്ടും പത്തും മണിക്കൂര്‍ നീളുന്ന ഉറക്കം വേണമെന്നും നിര്‍ബന്ധമില്ല. രാത്രി വൈകി ഉറങ്ങാനും രാവിലെ വൈകി ഉണരാനും ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. രാത്രി നേരത്തെ ഉറങ്ങി പുലര്‍ച്ചെ ഉണര്‍ന്ന് ജോലിയില്‍ വ്യാപൃതരാകുന്നവരും കുറവല്ല. പക്ഷെ, ഇതിനൊക്കെ ഇടയില്‍ സ്വന്തമായ ഒരു കണക്കുകൂട്ടലില്‍ ഉറങ്ങാനും ഉണരാനും ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം. എങ്ങനെ ആയാലും വേണ്ടില്ല. പിറ്റേന്ന് പകല്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും തോന്നുന്നുവെങ്കില്‍, നിങ്ങളുടെ ശീലമാണ് ശരി!

2. ‘കാപ്പി’യോട് ഇഷ്ടക്കേട് വേണ്ട; പക്ഷേ നിയന്തിക്കണം

കാപ്പി(coffee) ഒരു വിവാദ കഥാപാത്രമാണ്. ശരീരത്തിന് ദോഷമാണെന്നും അല്ലെന്നുമൊക്കെയുള്ള വാദങ്ങളുണ്ട്. ഉറക്കവും കാപ്പികുടിയും തമ്മില്‍ ബന്ധമുണ്ടത്രെ! കാപ്പി കുടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാലും ചിലരുടെ ശരീരത്തില്‍ ‘കഫൈന്‍’ ബാക്കിയാകും. ശരീരത്തെയും ഉറക്കത്തെയും ഇത് പ്രതികൂലമായി ബാധിക്കും. മറ്റ് ചിലര്‍ക്ക് ഒരല്പം കാപ്പി കുടിക്കുന്നത് നീണ്ട ഉറക്കം സമ്മാനിക്കും. ഉച്ചതിരിഞ്ഞ് കാപ്പി കുടിക്കുന്നത് രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്ന് പറയുന്നത് പ്രമുഖ ന്യുട്രീഷനിസ്റ്റ് പിപ്പാ കാമ്പെല്ലാ(Pippa Campbell)ണ്. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമുള്ള കാപ്പികുടി ഒഴിവാക്കാനാണ് കാംബെല്‍ നിര്‍ദേശിക്കുന്നത്

3. ഉറക്കത്തിനും വേണം ഉറപ്പ്

ഒരാഴ്ച മുഴുവന്‍ അധ്വാനിച്ചതിന്റെ ക്ഷീണം ഞായറാഴ്ച ഉറങ്ങിത്തീര്‍ക്കാമെന്ന് കരുതുന്നവരുണ്ട്. ദിവസേനയുള്ള ഉറക്കത്തിന്റെ അളവ് കുറച്ച്, ഞായറാഴ്ചയുറക്കത്തില്‍ അത് പരിഹരിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആഴ്ച മുഴുവന്‍ നീണ്ടുനിന്ന ശാരീരിക- മാനസിക സമ്മര്‍ദം, ദിവസം നീണ്ട ഉറക്കമുണരുമ്പോഴും ബാക്കിയാകും. ഉറങ്ങാന്‍ കുറച്ച് വൈകിയാലും ‘അന്നന്നുള്ളത് അന്നന്ന് ഉറങ്ങിത്തീര്‍ക്കുന്ന’താണ് ഉചിതം!

4. ഉറക്കത്തിനിടെ വിയര്‍ക്കാറുണ്ടോ? നിസാരമാക്കരുത്

വിയര്‍പ്പ് നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുന്നുണ്ടോ? ഉണരുമ്പോള്‍ വിയര്‍ക്കുന്നതായി തോന്നുന്നുണ്ടോ? ചില പ്രത്യേക ശാരീരികാവസ്ഥയെ ആണ് ഇത് സൂചിപ്പിക്കുന്നത്. ‘സ്ത്രീകളില്‍ പ്രത്യേകിച്ചും ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. തൈറോയ്ഡ് ഉള്ളവരിലും ഗര്‍ഭപാത്രം നീക്കം ചെയ്തവരിലും ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ഇവര്‍ക്ക് ആരോഗ്യമുള്ള ഭക്ഷണശീലത്തിലൂടെ വിയര്‍പ്പിനെ ചെറുക്കാനാകും’ (Dr. Marilyn Glenville- Natural Health Bible for Women). അതേസമയം, ഉണരുമ്പോള്‍, വിയര്‍പ്പിനൊപ്പം കിതപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥയെ ഇത് സൂചിപ്പിക്കുന്നു. പകല്‍ സമയത്തെ ഭക്ഷണത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതും ഓര്‍മ്മയിലിരിക്കുക. അങ്ങനെയെങ്കില്‍ വിയര്‍പ്പിനെ ഒരു പരിധിവരെ ചെറുക്കാനാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍