UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എലിയെ പേടിച്ച് ഇല്ലം ചുടലാണോ ഈ ബ്രിഡ്ജ് കോഴ്സ്?

കൂടുതൽ ഡോക്ടർമാർ ഉണ്ടെങ്കിൽ തീരുന്നതാണോ ഈ പ്രശ്നം? എന്ത് എവിഡന്‍സ് ബേസിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശുപാർശ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

അസ്സമിൽ  ബ്രഹ്‌മപുത്ര നദീതട ദ്വീപുകൾ അഥവാ ചപോരികൾ എന്നറിയപ്പെടുന്ന ഒറ്റപ്പെട്ട തുരുത്തുകളിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. ചില ദ്വീപുകളിൽ ഒരു സ്‌കൂളോ ഡോക്ടറോ ഒന്നും ഉണ്ടാവില്ല. വര്‍ഷം തോറും ഉണ്ടാവുന്ന തോരാമഴയിൽ സ്ഥാനഭ്രംശം സംഭവിക്കുന്ന ഈ ദ്വീപുകളിൽ ചിലത് സർക്കാർ രേഖകളിൽ പോലുമില്ല. ഒരു രേഖയിലുമില്ലാത്ത മനുഷ്യർക്ക് എങ്ങനെയാണ് ക്രമീകൃതമായ അടിസ്ഥാന ആരോഗ്യ സൗകര്യം എത്തിക്കുക?

ബ്രസീലിലെ റേസിഫെ എന്ന പട്ടണത്തോടു ചേർന്നുള്ള ഗ്രാമ പ്രദേശങ്ങളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത്തരം മേഖലയിലെ പ്രൈമറി കെയർ ഡോക്ടർമാർക്ക് താങ്ങാവുന്നതിലും അധികം ജോലിയായിരുന്നു മാനസികാരോഗ്യ നിർണയവും ചികിത്സയും എന്ന സ്‌പെഷ്യലിസ്റ്റ് മേഖല. എങ്ങനെയാണ് ഈ ആരോഗ്യപ്രശ്നങ്ങളെ ആസൂത്രിതമായി നേരിടാൻ സാധിക്കുക?

സാമ്പിയയിൽ 60 ശതമാനത്തില്‍ കൂടുതൽ ജനസംഖ്യ റൂറൽ മേഖലയിലാണ്. എന്നാൽ 75 ശതമാനം ആരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് പട്ടണങ്ങളിലും. മറ്റേണിറ്റി കെയർ തുടങ്ങി ചെറിയ ഒരു പനിക്കുള്ള ചികിത്സക്ക് വരെ മൈലുകൾ സഞ്ചരിച്ചു ഡോക്ടറെ കാണേണ്ടി വരുന്നു.

ഇങ്ങനെ പൊതു ആരോഗ്യ രംഗത്തെ ആയിരക്കണക്കിന് ഉദാഹരണങ്ങൾ വികസിത രാജ്യങ്ങളിലുൾപ്പടെ എടുത്തു കാണിക്കാൻ കഴിയും. ലോകമെമ്പാടും ഉള്ള പ്രശ്നമാണ് പ്രൈമറി കെയർ രംഗത്തെ ഡോക്ടർമാരുടെ ക്ഷാമവും ജോലിഭാരവും. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ആരോഗ്യമേഖലയിൽ 17.4 ദശലക്ഷം ആരോഗ്യ വിദഗ്ദ്ധരുടെ കുറവുണ്ട്. ഇതിൽ 2.6 ദശലക്ഷം ഡോക്ടർമാരുടെ അഭാവവും  9 ദശലക്ഷം നഴ്സുമാരുടെ ക്ഷാമവുമാണ്. എന്താണ് ഈ പ്രശ്നത്തിനുള്ള പരിഹാരം? ചില വികസിത രാജ്യങ്ങൾ കൂടുതൽ ഇന്റർനാഷണൽ ഡോക്ടർമാരെ ജോലിക്കെടുത്ത് ഇത് പരിഹരിക്കാൻ ശ്രമിക്കുന്നു. മറ്റിടങ്ങളിൽ റൂറൽ മേഖലകളിൽ പ്രാക്ടീസ് ആകർഷകമാക്കാൻ ഉള്ള ഇൻസെന്റീവ്‌സ് വർധിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു. പബ്ലിക്- പ്രൈവറ്റ് പാർട്ണർഷിപ്പുകളിൽ കൂടി പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനൊപ്പം ഉണ്ട്. ടെക്നോളജിയുടെ സഹായത്തോടെ പ്രൈമറി കെയർ Automate ചെയ്യാൻ ഉള്ള യത്നങ്ങൾ വേറെയും ഉണ്ട്. നോൺ ക്ലിനിക്കൽ ആയിട്ടുള്ള കൂടുതൽ പേർക്ക് പരിശീലനം നൽകി ഈ വിടവ് നികത്താനുള്ള പദ്ധതികളും പലയിടങ്ങളിലും വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

നേരത്തെ പറഞ്ഞ ഉദാഹരണങ്ങൾ തന്നെ നോക്കാം. അസ്സമിൽ ഒരു പബ്ലിക് – പ്രൈവറ്റ് പാർട്ണർഷിപ്പിലൂടെ ഈ ദ്വീപുകളിലേക്ക് സ്ഥിരമായി പോവുന്ന റിവർ ബോട്ട് ക്ലിനിക്കുകൾ ഉണ്ട്. ഈ ബോട്ട്ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നതിനായി ഡോക്ടർ, നേഴ്സ്, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർ, ഫർമസിസ്റ് ഇങ്ങനെ ഒരു പ്രത്യേക ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ റോട്ടേഷൻ വ്യവസ്ഥയിൽ ഈ ബോട്ട് ക്ലിനിക്കുകളിൽ ജോലി ചെയ്ത് ചപോരികളിലേക്കു വൈദ്യ സഹായം എത്തിക്കുന്നു. ബ്രസീലിലെ മെന്റൽ ഹെൽത്ത് ടെലി മെഡിസിൻ പ്രോഗ്രാം റേസിഫെയിലെ ഗ്രാമങ്ങളിലേക്ക് സ്പെഷ്യലൈസ്ഡ് മാനസിക പരിചരണം എത്തിക്കുന്നു. ഇതിനുള്ള ഇന്‍ഫ്രാസ്ട്രക്ചറിനു ചിലവിട്ടതിന്റെ ഇരട്ടിയോളം, ആരോഗ്യരംഗത്തെ നേട്ടങ്ങളിലൂടെ ലാഭിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമ്പിയയിൽ Advanced Diploma Medical Licentiate (ML) എന്ന പ്രോഗ്രാമിലൂടെ പ്രവർത്തി പരിചയവും അടിസ്ഥാന യോഗ്യതയും ഉള്ള non physician ക്ലിനിഷ്യൻസ് (NPC)നു  അടിസ്ഥാനപരമായ ഡയഗ്നോസ്റ്റിക് പരിചരണവും, സിസേറിയൻ സര്‍ജറികളും വരെ ചെയ്യാനുള്ള അനുമതി നൽകുന്നു.

അടുത്തിടെ ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാർലമെന്റിന്റെ പരിഗണനക്കു സമർപ്പിച്ചു. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണം, വിദഗ്ദ്ധരായ മെഡിക്കൽ പ്രൊഫഷനലുകളുടെ ലഭ്യത ഉറപ്പാക്കൽ, മെഡിക്കൽ രംഗത്തെ ഗവേഷണ നിലവാരം വർധിപ്പിക്കുക, മെഡിക്കൽ സ്ഥാപനങ്ങളുടെ ഗുണനിലവാരം സമയക്ലിപ്തമായി നിർണയിക്കുക, പര്യാപ്‌തമായ പരാതി പരിഹാര സംവിധാനം എന്നതൊക്കെ ആണ് ഈ ബില്ലിന്റെ പ്രധാന ഉദ്ദേശങ്ങൾ. ഈ ബില്ലിൽ മറ്റു പല പരാമർശങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഒരു പ്രത്യേക നിർദേശമാണ് വിവാദങ്ങൾ സൃഷ്ടിച്ചത് – ആയുഷ് (ആയുർവേദ, യൂനാനി, സിദ്ധ, ഹോമിയോ) ഡോക്ടർമാർക്ക് ഒരു ഹ്രസ്വകാല ‘ബ്രിഡ്ജ്’ കോഴ്സിലൂടെ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകാനുള്ള ശുപാർശ. ബില്ലിൽ എങ്ങും ബ്രിഡ്ജ് കോഴ്സ് എന്ത്, എങ്ങനെ എന്നൊന്നും വിശദീകരിച്ചിട്ടുമില്ല. ഡോക്ടർമാരുടെ ലഭ്യതക്കുറവ് എന്ന പ്രശ്നം പരിഹരിക്കാൻ ലക്ഷ്യം വെച്ചിട്ടുള്ള ഈ ശുപാർശ ശരിക്കും എലിയെ പേടിച്ച് ഇല്ലം ചുടൽ ആണോ?

ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ചികിത്സ നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര നീക്കം

ഇന്ത്യയിൽ 1800 രോഗികൾക്ക് ഒരു ഡോക്ടർ മാത്രമേ ഉള്ളൂ എന്നാണ് മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്തം ജിഡിപി യുടെ 1.18 ശതമാനം മാത്രമാണ് ഇന്ത്യയിൽ പൊതു ആരോഗ്യ ചിലവിനായി മാറ്റി വച്ചിരിക്കുന്നത്. ചൈനയിൽ ഇത് 3.1 ശതമാനമാണ്. ഇന്ത്യയിലെ ഒരു ദശലക്ഷം മോഡേൺ മെഡിസിൻ ഡോക്ടർമാരിൽ 10 ശതമാനം മാത്രമാണ് 2017-ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ ഡാറ്റ പ്രകാരം ഗവണ്മെന്റ് അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് മേഖലയിൽ ജോലി ചെയ്യുന്നത്. മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാലയങ്ങളുൾപ്പടെയുള്ളവയുടെ ക്ഷാമം ഒരു വൻ പ്രതിസന്ധി തന്നെയാണ്. എബോള പോലെ ഒരു പബ്ലിക് ഹെൽത്ത് എമർജൻസി വന്നാൽ തകിടം മറിയാവുന്നതാണ് ഇവിടുത്തെ പൊതു ആരോഗ്യ രംഗം.

കൂടുതൽ ഡോക്ടർമാർ ഉണ്ടെങ്കിൽ തീരുന്നതാണോ ഈ പ്രശ്നം? എന്ത് എവിഡന്‍സ് ബേസിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശുപാർശ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? ഇത്തരം ബ്രിഡ്ജ് കോഴ്‌സുകൾ ഇതിനു മുന്നേ നടപ്പിലാക്കി വിജയിച്ചിട്ടുണ്ടോ? ഇത്തരത്തിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി ലഭിക്കുന്ന ആയുഷ് ഡോക്ടർമാരുടെ നിലവാരം അളക്കാൻ എന്ത് standardized guidelines ആണ് ഉള്ളത്? മറ്റു പോംവഴികൾ ഒന്നുമില്ലേ ഈ പ്രശ്നത്തിന്? മറ്റു allied മെഡിക്കൽ പ്രൊഫെഷണലുകൾക്ക് ഇങ്ങനെ പരിശീലനം കൊടുത്തു കൂടെ? ഉണ്ടെങ്കിൽ അത് പരീക്ഷിച്ചതിന്റെ ഡാറ്റ ലഭ്യമാണോ? ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ ഈ തീരുമാനത്തോട് അനുബന്ധിച്ച് ഉയർന്നു കേട്ടു. എന്നാല്‍, ഇവയിൽ ചിലതിനെങ്കിലും കൃത്യമായ ഉത്തരങ്ങൾ ഉണ്ട്.

2016-17ല്‍ ഇന്ത്യയിലെ 462 MBBS കോളേജുകളിൽഏകദേശം 60,000 മോഡേൺ മെഡിസിൻ ഡോക്ടർമാരാണ് അഡ്മിഷന്‍ നേടിയിരിക്കുന്നത്. 2015-ൽ MCI രെജിസ്ട്രേഷൻ ചെയ്തത് 19470 പേരും 2016 ൽ 8102 പേരുമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം അലോപ്പതി ഡോക്ടർമാരുടെ ഏഴിരട്ടി ആയുഷ് പ്രാക്റ്റീഷണേഴ്‌സ് ഉണ്ട്. ഇതിൽ 54 ശതമാനം ആയുർവേദ ഡോക്ടർമാരും 34 ശതമാനം ഹോമിയോ പ്രാക്റ്റീഷനേഴ്സും ആണ്. അതായത് ബ്രിഡ്ജ് കോഴ്സ് നടപ്പിലാക്കിയാൽ കൂടുതൽ മോഡേൺ മെഡിസിൻ ഡോക്ടർമാരെ പേരിനെങ്കിലും കിട്ടും എന്നുള്ള കണക്കു കൂട്ടൽ ശരിയാണ്.

പക്ഷേ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് quality of care കൂട്ടാൻ പറ്റുമോ? ഇതിനുള്ള ഉത്തരത്തിന്റെ ഒരു പരിച്ഛേദം നമുക്ക് ഛത്തീസ്ഗഡിൽ നിന്ന് കിട്ടിയേക്കാം. 2001 മുതൽ ഛത്തീസ്ഗഡ് റൂറൽ മെഡിക്കൽ അസിസ്റ്റന്റ് (RMA) പരിശീലന പദ്ധതി തുടങ്ങി. മൂന്നര വർഷത്തെ കോഴ്‌സും ഒരു വർഷത്തെ ഇന്റേൺഷിപ്പും ആണ് ഇവർ ചെയ്യന്നത്. ഒരു compressed MBBS curriculum ആണ് ഇവർ പഠിക്കുന്നത്. പ്രധാനമായും പരിശീലനം നേടുന്നത് റൂറൽ PHC-കളിലോ സബ് സെന്ററുകളിലോ ആവും. ഛത്തീസ്ഗഡിൽ non physician ക്ലിനിഷ്യൻസ് (NPC) കളെയും എംബിബിസ് ഡോക്ടർമാരെയും ആയുഷ് (മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന) ഡോക്ടർമാരെയും താരതമ്യം ചെയ്ത് ഒരു പഠനം 2013-ൽ നടന്നു. യോഗ്യതാ പരീക്ഷകൾ ജയിച്ച എംബിബിസ് ഡോക്ടർമാർക്ക് പോലും, വളരെ സാധാരണമായി കണ്ടു വരുന്ന ആറു രോഗങ്ങൾക്ക് 61 ശതമാനം മാത്രമേ ശരിയായ രോഗനിർണയവും മരുന്നുകളും കണ്ടെത്താൻ സാധിച്ചുള്ളൂ. ആയുഷ് ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റേയും സ്‌കോറുകൾ അതിലും കുറവായിരുന്നു. പക്ഷെ സ്പെഷ്യൽ ട്രെയിനിങ് കിട്ടിയ റൂറൽ മെഡിക്കൽ അസ്സിസ്റ്റന്റുകളുടെ രോഗനിർണയവും ചികിത്സയും MBBS ഡോക്ടറുടെ നിലവാരത്തിന് ഒപ്പം തന്നെയായിരുന്നു. ഇതിന് പല കാരണങ്ങൾ ഉണ്ടായേക്കാം. പക്ഷെ ഇത്തരത്തിലുള്ള പല താരതമ്യ പഠനങ്ങൾ ഇന്ത്യ ഒട്ടാകെ പല സ്ഥലങ്ങളിൽ നടത്തിയതിനു ശേഷം മാത്രമാണ് ബിഡ്‌ജ്‌ കോഴ്സ് പോലെ ഒരു വലിയ തീരുമാനം നടപ്പിലാക്കാൻ പാടുള്ളൂ.

അടിസ്ഥാനപരമായി ആയുഷ് ഡോക്ടർമാരുടെ ചികിത്സാ സമ്പ്രദായവും രീതികളും മോഡേൺ മെഡിസിനിൽ നിന്ന് വളരെ അധികം വ്യത്യസ്തമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും Alternative medicine പലപ്പോഴും മോഡേൺ മെഡിസിന്റെ കൂടെ ചികിത്സാ പദ്ധതിയായി നിർദ്ദേശിക്കാറുണ്ട്. പക്ഷെ അത് നിരന്തരവും ക്രമീകൃതവുമായ ക്ലിനിക്കൽ ട്രയൽസിന്റെ ഡാറ്റയിലൂടെ വിശകലനങ്ങൾക്കു വിധേയമാക്കിയിട്ടാണ്. Acupuncture എന്ന ചൈനീസ് ആൾട്ടർനേറ്റീവ് മെഡിസിൻ സമ്പ്രദായം ഇതിന് ഉത്തമ ഉദാഹരണമാണ്. അത്തരത്തിൽ ഒരു എവിഡന്‍സ് ബേസ് ഉണ്ടാക്കുക എന്നതാണ് ആയുർവേദം മുതലായ മറ്റു ചികിത്സാരീതികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടുന്നത്. അതിനു പകരം അവയെ മോഡേൺ മെഡിസിന്റെ കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഗുണത്തിലേറെ ദോഷം ചെയ്യുക മാത്രമേയുള്ളൂ.

എന്നാൽ ബ്രിഡ്ജ് കോഴ്‌സുകളോ ബദൽ പരിശീലനങ്ങളോ ഫലവത്തായി നടപ്പിലാക്കിയിട്ടുള്ള പല ഉദാഹരണങ്ങൾ ഉണ്ട്. പല രീതിയിലുള്ള non physician ക്ലിനിഷ്യൻസ് (NPC) പരിശീലനം ലോകത്തെമ്പാടും പരീക്ഷിച്ചു വിജയിച്ച മാതൃകയാണ്. പലയിടങ്ങളിലും പരീക്ഷിച്ച ഒരു മോഡൽ ആണ് നേഴ്സ് പ്രാക്റ്റീഷനർമാർ, ഫിസിഷ്യൻ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള അലൈഡ് ഹെൽത്ത് പ്രൊഫെഷണൽസ് പരിശീലനം. മോഡേൺ മെഡിസിൻ അടിസ്ഥാനമായി പഠിച്ചവർ അതിൽ തന്നെ കൂടുതൽ പരിശീലനം നേടി ലൈസൻസ് എടുക്കുന്നു. ഇത് പക്ഷെ റൂറൽ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമത്തിന് ഒരു ശാശ്വത പരിഹാരം ആയേക്കില്ല. ഇന്ത്യയിൽ തന്നെ ഗച്ചിറോളിയിലെ Society for Education, Action and Research in Community Health കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർക്ക് 3 വര്‍ഷത്തെയോ അതിൽ കൂടുതലോ പരിശീലനം നൽകി റൂറൽ പ്രൈമറി പൊതു ആരോഗ്യ രംഗത്ത് ചലനങ്ങൾ സൃഷ്ടിക്കുന്നു. Accredited Social Health Activists (ASHA) കളും Auxiliary nurse midwife (ANM) ഉം ഒക്കെ ഇത്തരത്തിലെ ഒരു പ്രൈമറി കെയർ നെറ്റ്വർക്കിന്റെ ഭാഗമാണ്. ഇത്തരം പരിശീലനങ്ങൾ കൊണ്ട് പ്രൈമറി ചികിത്സാസഹായം, മറ്റേണിറ്റി കെയർ മുതലായവ ഫലവത്തായി നടപ്പിലാക്കാൻ സാധിക്കും എന്ന് ഒട്ടേറെ വിജയ കഥകൾ ഉണ്ട്. ഇത്തരം ഇന്റഗ്രേറ്റഡ് കെയർ നെറ്റ്‌വർക്കുകളെ ശക്തമാക്കുകയാണ് പൊതു ആരോഗ്യ രംഗത്തെ നിലവാരം കൂട്ടാനുള്ള മാർഗങ്ങളിൽ ഒന്ന്.

ആധുനിക ടെക്നോളജിയുടെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ സ്പെഷ്യലിസ്റ് സൗകര്യങ്ങൾ ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കുകയാണ് മറ്റൊരു പോംവഴി. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിലവാരം തീർച്ചയായും കൂട്ടേണ്ടതുണ്ട്. എന്താണ്, ഏതാണ് എന്നറിയാത്ത ഒരു ബ്രിഡ്ജ് കോഴ്സ് കൊണ്ടു വന്ന് കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കാമെന്നല്ലാതെ പൊതു ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾക്ക് അതൊരു പരിഹാരം ആവുമെന്ന് തോന്നുന്നില്ല. റൂറൽ മേഖലയിൽ പ്രൈവറ്റ് സ്ഥാപനങ്ങളുടെ ഒരു നിയന്ത്രണവും ഇല്ലാത്ത കടന്നു കയറ്റത്തിനും ഇൻഷുറൻസ് റേറ്റുകൾ താങ്ങാനാവാത്ത വിധം കൂടുകയും ചെയ്യുന്നതിന് ഇത് കാരണമാവാനും സാധ്യതയുണ്ട് (Ref: ബ്രിഡ്ജ് ഒരു ചെറിയ പാലമല്ല).

ബ്രിഡ്ജ് ഒരു ചെറിയ പാലമല്ല

പക്ഷേ universal healthcare coverage (UHC) ന്റെ മൗലികത സൂക്ഷിക്കണമെങ്കിൽ സുതാര്യവും ഫലപ്രദവുമായ മാറ്റങ്ങളും നിയന്ത്രണങ്ങളും ഈ രംഗത്ത് കൊണ്ടു വന്നേ തീരൂ. ഇല്ലെങ്കിൽ അമേരിക്കയിലെ പോലെ ഒരു തീരാക്കുടുക്ക് ആരോഗ്യ വ്യവസ്ഥയാവും ഫലം.

കൂടുതൽ ഡോക്ടർമാർ ഉണ്ടാവുന്നതിലല്ല കാര്യം. നിലവാരമുള്ള ചികിത്സ അർബൻ -റൂറൽ വ്യത്യാസങ്ങളില്ലാതെ മുഴുവൻ ജനസമൂഹത്തിനും സമയാസമയം എത്തിക്കുന്നതിലാണ്. 2014 ൽ 67-മത് ലോകാരോഗ്യ അസ്സംബ്ലിയിൽ വെച്ച് മെംബർ രാജ്യങ്ങൾ ഒരു പുതിയ ആഗോള ആരോഗ്യ വർക്‌ഫോഴ്‌സ്‌ പദ്ധതി രൂപവത്ക്കരിക്കാൻ തീരുമാനിച്ചു. ഇതിനെ തുടർന്ന് Global strategy on human resources for health: Workforce 2030 എന്നൊരു ബ്ലൂ പ്രിന്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. പൊതു ആരോഗ്യ രംഗത്ത് കാര്യക്ഷമമായ മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഉപയോഗിക്കേണ്ട ഒരു മാർഗ്ഗരേഖയാണ്. ഇത്തരത്തിൽ ഒരുപാട് പഠനങ്ങളും വിശകലനങ്ങളും ഉദാഹരണങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും സുലഭമാണ്. അതിൽ കുറച്ചെങ്കിലും ഒന്ന് പഠിച്ചിട്ട് ഈ ബില്ലിലെ നിർദ്ദേശങ്ങൾ തിരുത്തി ചേർക്കുമെന്ന് പ്രതീക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിന ഡിക്രൂസ്

ജിന ഡിക്രൂസ്

ഗവേഷക, ഡാറ്റാ വിശകലനത്തില്‍ താത്പര്യം. സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ പൊതുജനാരോഗ്യസംരക്ഷണം മെച്ചപ്പെടുത്താം എന്ന് കണ്ടുപിടിക്കുന്നതാണ് ദൈനംദിന ഉദ്യോഗം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍