UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ടീനേജ് ആത്മഹത്യകള്‍ വര്‍ധിക്കുന്നു?

ആത്മഹത്യ ചെയ്യുന്നവരില്‍ ഒരു വിഭാഗം ഏകാന്തത മടുത്ത് ജീവിതം അവസാനിപ്പിച്ചവരാണ്

ഷിസോഫ്രീനിയ(schizophrenia) രോഗമുള്ള 22കാരി അടുത്തിടെ ആത്മഹത്യ ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരം തന്റെ 100% ശ്രദ്ധയും കുട്ടിയില്‍ പതിപ്പിച്ചിരുന്ന അമ്മ ഈ വാര്‍ത്ത കേട്ടതോടെ തളര്‍ന്നു. കാരണം, രോഗം ഭേദമാകുന്നതിന്റെ ലക്ഷണങ്ങള്‍ മകള്‍ അടുത്തിടെയായി പ്രകടിപ്പിച്ചിരുന്നു. അമിത ശ്രദ്ധ ഇനി വേണ്ടെന്ന് ഡോക്ടറും നിര്‍ദ്ദേശിച്ചു. പുറത്തെങ്ങും പോകാതെ നാളുകളായി മകള്‍ക്ക് കാവലിരുന്ന അമ്മ അന്ന് ആദ്യമായി വീടിന് പുറത്തിറങ്ങി. ‘എനിക്ക് കുഴപ്പമൊന്നുമില്ല, അമ്മ ധൈര്യമായി പോയി വരൂ’ എന്ന് യാത്രയയച്ച മകള്‍, ആരുമില്ലാത്ത നേരത്ത് തൂങ്ങിമരിച്ചു. സാധാരണ സ്വഭാവക്കാരിയായി ദിവസങ്ങളോളം അഭിനയിച്ച് എല്ലാവരെയും വിശ്വസിപ്പിച്ച ശേഷമായിരുന്നു അവള്‍ ആത്മഹത്യ ചെയ്തത്.

ലാന്‍സെറ്റ്(lancet) മാസിക ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ പുറത്തുവന്ന കണക്കുകള്‍ നോക്കാം. സ്ത്രീകളില്‍ 56%ഉം പുരുഷന്മാരില്‍ 40%ഉം ആണ് രാജ്യത്തെ ആത്മഹത്യാനിരക്ക്. 15നും 29നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. കൂടാതെ 15നും 24നും ഇടയില്‍ പ്രായമുള്ളവരിലെ മരണനിരക്കില്‍ മൂന്നാമത്തെ സ്ഥാനമാണ് ആത്മഹത്യക്ക്.

ഞെട്ടിപ്പിക്കുന്ന ഈ കണക്കുകളെ രാജ്യത്തിന്റെ നാനാതുറയിലുള്ളവര്‍ ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്. യുവജനത ഏറ്റവും കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറാന്‍ ഇനി അധിക വര്‍ഷങ്ങളില്ല. പക്ഷെ, രാജ്യത്തെ യുവനിര കടുത്ത മാനസിക സംഘര്‍ഷത്തിന്റെ പിടിയിലാകുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുക.

കൗമാരമനസ്സിനെ അടുത്തറിയാനാകണം

മക്കള്‍ ടീനേജ് പ്രായത്തിലെത്തുമ്പോള്‍ ആശങ്കയാണ് മിക്ക മാതാപിതാക്കള്‍ക്കും ഉണ്ടാവുക. കുട്ടികള്‍ക്ക് സ്വഭാവത്തില്‍ സംഭവിക്കുന്ന മാറ്റത്തെ പേടിയോടെയാണ് എല്ലാവരും നോക്കുക. അലസതയും മടിയും വിഷാദവും ഒക്കെ ടീനേജില്‍ സ്വാഭാവികമാണ്. ഏതൊരു ജന്തുവര്‍ഗത്തിനും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ‘അതിനെ അതിന്റെ വഴിയില്‍ വിട്ടേക്കൂ’ എന്ന ഉപദേശമാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. മക്കളില്‍ ചെലുത്തുന്ന അമിത ഉത്കണ്ഠയും നെഗറ്റീവ് ആയി മാത്രമെ അവരെ ബാധിക്കുകയുള്ളു.

മാനസിക സംഘര്‍ഷങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ അനിവാര്യം

ഇനി കുട്ടികള്‍ എന്തെങ്കിലും മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നു എന്നിരിക്കട്ടെ. അതിനെ അത്ര നിസ്സാരമായി കാണാനും ശ്രമിക്കരുത്. സ്വാഭാവികമായ അലസതയ്ക്കപ്പുറം കടുത്ത വിഷമഘട്ടം അലട്ടുന്നുണ്ടോ എന്ന് ചോദിച്ചറിയണം. മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ കേള്‍ക്കാന്‍ തയ്യാറാകുന്നതാണ് അവര്‍ക്കുള്ള ഏറ്റവും നല്ല മരുന്ന്.

ഞരമ്പ് മുറിക്കുക/മുറിയ്ക്കാന്‍ ശ്രമിക്കുക ഇതൊക്കെ ചില കുട്ടികള്‍ പ്രകടിപ്പിക്കുന്ന സ്വഭാവമാണ്. ആത്മഹത്യയല്ല എല്ലായ്പ്പോഴും അവര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയുക. നിങ്ങളുടെ കൂടുതല്‍ ശ്രദ്ധ ലഭിക്കാനും ഇത്തരം സ്വഭാവങ്ങള്‍ കുട്ടികള്‍ കാണിച്ചേക്കാം. സ്വയം അവബോധം അവരില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് ഇതിനുള്ള മരുന്ന്.

ഇനി ആത്മഹത്യാ ഭീഷണി മുഴക്കുന്ന സ്വഭാവക്കാരാണ് നിങ്ങളുടെ കുട്ടികളെന്നിരിക്കട്ടെ. നിങ്ങളുടെ സ്നേഹം തുറന്ന് കാണിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുക. നമ്മുടെ ജീവിതത്തില്‍ എത്ര വലിയ സ്ഥാനമാണ് മക്കള്‍ക്കുള്ളതെന്ന് മനസിലാക്കി നല്‍കുക. ഒപ്പം, കൗണ്‍സിലിംഗും നല്‍കണം. ഒറ്റപ്പെടലാണ് അവരുടെ പ്രശ്നമെങ്കില്‍ സമാനപ്രായക്കാര്‍ക്കൊപ്പം വിടുക. കളിയ്ക്കാനും കൂട്ടമായി നടക്കാനും സംസാരിക്കാനുമൊക്കെ അവസരം നല്‍കുക. നെഗറ്റീവ് വൈബ്രേഷന്‍സ് അവരില്‍ നിന്ന് അകന്നുനില്‍ക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.

ഉള്‍വലിയലാണോ നിങ്ങളുടെ മകന്‍/മകള്‍ അനുഭവിക്കുന്ന പ്രശ്നം? സംസാരിക്കാന്‍ താല്പര്യമില്ലാതെ എല്ലാത്തിലും എല്ലാവരോടും അകന്ന് നില്‍ക്കുന്നതാണോ രീതി? ഇത് ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. ഇത്തരം സ്വഭാവക്കാരെ ഒറ്റയ്ക്കിരിക്കാന്‍ സമ്മതിക്കരുത്. എപ്പോഴും സംസാരിക്കാന്‍ പ്രേരിപ്പിക്കുക. വായിക്കാനും നല്ല ഭക്ഷണം കഴിക്കാനും കൂട്ടുകാരോട് അടുക്കാനും പഠിപ്പിക്കുക. കാരണം, ആത്മഹത്യ ചെയ്യുന്നവരില്‍ ഒരു വിഭാഗം ഏകാന്തത മടുത്ത് ജീവിതം അവസാനിപ്പിച്ചവരാണ്.

ശ്രദ്ധിക്കേണ്ട മറ്റൊന്ന് അവരുടെ കമ്പ്യൂട്ടര്‍/ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഒരു കണ്ണുവേണം എന്നതാണ്. മൊബൈല്‍ ഫോണിനോടും അധിക നേരം ചങ്ങാത്തം കൂടാന്‍ അനുവദിക്കരുത്. വിഷാദം, പിരിമുറുക്കം, ലഹരിയ്ക്ക് അടിമപ്പെടല്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം

ആത്മഹത്യയെപ്പറ്റി അങ്ങോട്ട് സംസാരിക്കാം!

കുട്ടികളോട് ആത്മഹത്യയെപ്പറ്റി സംസാരിക്കുന്നത് ദോഷം ചെയ്യുമെന്നാണ് മിക്ക മാതാപിതാക്കളും കരുതുന്നത്. ‘മണ്ടത്തരം’ എന്നാണ് ഈ കണ്ടെത്തലിനെ മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുക!

നിങ്ങളുടെ കുട്ടിയില്‍ വിഷാദമോ അലസതയോ ഉള്‍വലിയലോ കാണപ്പെടുമ്പോള്‍ അവരോട് തുറന്ന് സംസാരിക്കാന്‍ ആദ്യം ശീലിക്കണം. ദേഷ്യപ്പെടരുത്. അവര്‍ക്ക് മുമ്പില്‍ ആശങ്കയോ സങ്കടമോ പ്രകടിപ്പിക്കരുത്. പകരം ഇത്രമാത്രം പറയുക:’ശരിയാണോ എന്നറിയില്ല, നിനക്കെന്തോ പ്രശ്നമുള്ളതായി തോന്നുന്നു. എന്താണ് പ്രശ്നമെന്ന് പെട്ടെന്ന് പറയണ്ട. പക്ഷെ ഒന്ന് നീ ഓര്‍മിച്ചോളൂ… എത്ര വലിയ പ്രതിസന്ധിയാണ് നിന്നെ അലട്ടുന്നതെങ്കിലും സഹായിക്കാന്‍ ഞാന്‍/ഞങ്ങള്‍ ഉണ്ടാകും. അരുതാത്തത് ഒന്നും ചിന്തിക്കരുത്. ആത്മഹത്യ എന്നൊന്നും ഓര്‍ക്കുക പോലും അരുത്. നീ ഒറ്റയ്ക്കല്ല’- മാതാപിതാക്കളുടെ ഈ വാക്കുകളില്‍ ധൈര്യവും ആത്മവിശ്വാസവും നേടാത്ത ഒരു കുട്ടി പോലും ഉണ്ടാകില്ല. നിങ്ങള്‍ ഒപ്പമുണ്ടെന്ന തോന്നലാണ് മക്കളുടെ ബലം. ഈ സത്യം മാതാപിതാക്കളും തിരിച്ചറിയണം. കാരണം, ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് വീട്ടില്‍ നിന്നാണ് മാനസിക പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പലപ്പോഴും മാതാപിതാക്കളുടെ വഴക്ക്, അവരുടെ ജീവിത രീതി ഇതൊക്കെ കാരണമായേക്കാം. അതിനാല്‍ മക്കളെ ശ്രദ്ധിക്കുക; ഒപ്പം മക്കള്‍ക്ക് മാതൃകയാകാനും ശ്രമിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍