UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഗര്‍ഭിണികളുടെ ആരോഗ്യ രക്ഷയ്ക്കായി സ്മാര്‍ട്ട് വളകള്‍

‘കോയല്‍-കാര്‍ബണ്‍ മോണോക്സൈഡ് എക്‌സ് പോഷെര്‍ ലിമിറ്റര്‍’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്

ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യ രക്ഷയ്ക്കായി സ്മാര്‍ട്ട് വളകള്‍ എത്തുന്നു. തെക്കന്‍ ഏഷ്യയിലെ ഉള്‍പ്രദേശങ്ങളിലെ മാതൃ സുരക്ഷ ഉറപ്പാക്കാനായി നിര്‍മിച്ച ഇവ ഗര്‍ഭിണികള്‍ക്ക് വിവരങ്ങള്‍ നേരിട്ട് എത്തിക്കുന്നു. ‘കോയല്‍-കാര്‍ബണ്‍ മോണോക്സൈഡ് എക്‌സ് പോഷെര്‍ ലിമിറ്റര്‍’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഭാരം കുറഞ്ഞതും വര്‍ണാഭവും ആണ് ഈ വളകള്‍.

‘ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മൊബൈല്‍ കണക്ഷനുകളോ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണോ ഉണ്ടാവാറില്ല. പലപ്പോഴും പുരുഷന്മാരാകും ഫോണ്‍ ഉപയോഗിക്കുക.’ ഈ ഉപകരണം വികസിപ്പിച്ച ഇന്റല്‍ സോഷ്യല്‍ ബിസിനസിലെ പാവേല്‍ ഹോക്ക് പറഞ്ഞു. ‘ഗര്‍ഭകാല, മാതൃ ശിശു ആരോഗ്യം ലക്ഷ്യമാക്കി മൊബൈല്‍ ആപുകള്‍ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി ധരിക്കാവുന്ന ഒരു ഉപകരണത്തിന്റെ ആവശ്യകത മനസിലാക്കി രൂപകല്പന ചെയ്തതാണിത്. ഇത് ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകളുമായി ബന്ധപ്പെടാന്‍ സഹായിക്കുന്നു.’

പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചതും വാട്ടര്‍ റെസിസ്റ്റന്റും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബാറ്ററി ഉള്ളതുമാണ് ഈ വള. ഗര്‍ഭകാലം മുഴുവനും ഇത് ചാര്‍ജ് ചെയ്യേണ്ട ആവശ്യം വരില്ല. ഇത് പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമില്ല. ഇന്റല്‍ കോര്‍പറേഷന്റെയും ബംഗ്ലാദേശ് നോണ്‍ പ്രോഫിറ്റ് ഗ്രാമീണ്‍ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമായ ഈ ഉപകരണം പല വട്ടം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പ്രാദേശിക ഭാഷകളില്‍ ആഴ്ചയില്‍ രണ്ട് തവണ സന്ദേശങ്ങള്‍ ലഭിക്കും. എന്ത് കഴിക്കണം? എന്നാണ് ഡോക്ടറെ കാണേണ്ടത്? തുടങ്ങിയ വിവരങ്ങള്‍ സന്ദേശ രൂപത്തില്‍ ലഭിക്കും. വിറകടുപ്പ്, ചാര്‍ക്കോള്‍, ചാണകം മുതലായവ ഉപയോഗിച്ചുള്ള അടുപ്പുകളില്‍ പാചകം ചെയ്യുമ്പോള്‍ കൂടിയ അളവില്‍ കാര്‍ബണ്‍ മോണോസൈഡ് അടങ്ങിയ പുക വന്നാല്‍ അലാറം മുഴങ്ങി ഗര്‍ഭിണികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കും.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകമെമ്പാടും ദിവസവും 830 സ്ത്രീകളാണ് ഗര്‍ഭ കാലത്തെയോ പ്രസവസമയത്തെയോ സങ്കീര്‍ണതകള്‍ മൂലം മരിക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് മരണങ്ങളും തെക്കന്‍ ഏഷ്യയിലാണ് സംഭവിക്കുന്നത്. പാവപ്പെട്ട ജന വിഭാഗങ്ങള്‍ക്കിടയിലും ഗ്രാമ പ്രദേശങ്ങളിലും മാതൃ മരണ നിരക്ക് വളരെ കൂടുതലാണ്. ആരോഗ്യ രംഗത്തെ സ്ത്രീകളുടെ അഭാവം മൂലം ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും അപര്യാപ്തമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വര്‍ഷം തോറും 5000 മാതൃ മരണങ്ങളും 77000 നവജാത ശിശു മരണങ്ങളും ആണ് ബംഗ്ലാദേശില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 12ഡോളര്‍ മുതല്‍ 15 ഡോളര്‍ വരെയാകും സ്മാര്‍ട്ട് വളകളുടെ നിരക്ക്. ആദ്യം ഇന്ത്യയിലും ബംഗ്ലാദേശിലും മാത്രം ലഭ്യമാകുന്ന ഇവ പിന്നീട് നേപ്പാളിലും ലഭ്യമാകും. ആദ്യമായി അമ്മമാരാകുന്നവര്‍ക്ക് വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കേണ്ടത് പ്രധാനമാണ്. സ്മാര്‍ട്ട് വളകള്‍ ഇതിനു സഹായിക്കും. കൂടാതെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു ഉപകരണം കൂടിയായി ഇത് മാറും എന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍