UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ഇനിയും ആരോഗ്യ കേരളമെന്ന് തള്ളരുത്; സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വീടുകളില്‍ പ്രസവിച്ചത് 740 പേര്‍

മലപ്പുറത്താണ് ഏറ്റവുമധികം ഗാര്‍ഹിക പ്രസവങ്ങള്‍ നടന്നത്. മലപ്പുറത്ത് 215 പ്രസവങ്ങള്‍ നടന്നത് വീടുകള്‍ക്കുള്ളിലാണ്. വയനാടാണ് തൊട്ടുപുറകില്‍.

കഴിഞ്ഞ ഫെബ്രുവരി 20ന് രാത്രി ഏഴരയോടെ സുനിതയ്ക്ക് പ്രസവ വേദന തുടങ്ങി. വാഹനം കടന്നു ചെല്ലാത്ത വഴി താണ്ടി എങ്ങനെ ആശുപത്രിയില്‍ എത്തുമെന്നറിയാതെ ആലോചനയിലായി ഭര്‍ത്താവ് കായംകുളം കാക്കനാട് സ്വദേശി രാജ് കുമാര്‍. 7.40 ഓടെ 108 ആംബുലന്‍സ് സര്‍വീസ് കണ്‍ട്രോള്‍ റൂമിലേക്ക് സഹായമാവശ്യപ്പെട്ട് വിളിച്ചു. നൂറനാട് ലെപ്രസി സാനിറ്റോറിയം കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സ് 15 മിനിറ്റ് കൊണ്ട് സ്ഥലത്തെത്തി. എന്നാല്‍ വാഹനമെത്തുന്നയിടത്തു നിന്നും അരക്കിലോമീറ്റര്‍ നടന്നാലേ രാജ്കുമാറിന്റേയും സുനിതയുടേയും വീട്ടിലേക്കെത്താനാവൂ. ആംബുലന്‍സ് നഴ്‌സിങ് സ്റ്റാഫ് ഇഎംടി സോനാരാജനും പൈലറ്റ് മനുവര്‍ഗീസും ഡെലിവറി കിറ്റുമായാണ് അവരുടെ വീട്ടിലേക്ക് എത്തിയത്. സുനിതയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയായിരുന്നതിനാല്‍ വീട്ടില്‍ വച്ച് ഇരുവരും ചേര്‍ന്ന് പ്രസവമെടുത്തു. പൊക്കിള്‍കൊടി മുറിച്ച് അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുനിതയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു. ഇത് കേരളം കയ്യടി നല്‍കിയ കഥ. 108 ആംബുലന്‍സ് നഴ്‌സുമാരുടെ മനസാന്നിധ്യവും സമയോചിതമായ ഇടപെടലും ഏറെ പ്രശംസപിടിച്ചുപറ്റി. എന്നാല്‍ ഇതിന് ഒരു മറുവശമുണ്ട്. സുനിതയപ്പോലെ വീടുകളില്‍ പ്രസവിക്കേണ്ടി വരുന്ന കേരളത്തിലെ സ്ത്രീകള്‍, അതിന്റെ കണക്കുകള്‍ ആരോഗ്യ കേരളത്തിന്റെ നല്ല പ്രതിച്ഛായയെ അപ്പാടെ തകര്‍ക്കുന്നതാണ്. സംസ്ഥാനത്ത് 740 പേരാണ് 2017-18 കാലയളവില്‍ മാത്രം വീടുകളില്‍ പ്രസവിച്ചത്. അവരില്‍ പലര്‍ക്കും സുനിതയ്ക്ക് ലഭിച്ചത് പോലെ ഏതെങ്കിലും തരത്തിലുള്ള വൈദ്യ സഹായവും ലഭിച്ചിട്ടില്ല. കേരളത്തിലെ പ്രസവ നിരക്ക് സംബന്ധിച്ച് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

14 ജില്ലകളിലുമുണ്ട് ഇത്തരത്തില്‍ ഗാര്‍ഹിക പ്രസവം നടത്തിയവര്‍. 2017-18 വര്‍ഷത്തില്‍ 461,911 പ്രസവങ്ങള്‍ നടന്നതില്‍ 740 എണ്ണം ഗാര്‍ഹിക പ്രസവങ്ങളായിരുന്നു എന്ന് എക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലപ്പുറത്താണ് ഏറ്റവുമധികം ഗാര്‍ഹിക പ്രസവങ്ങള്‍ നടന്നത്. മലപ്പുറത്ത് 215 പ്രസവങ്ങള്‍ നടന്നത് വീടുകള്‍ക്കുള്ളിലാണ്. വയനാടാണ് തൊട്ടുപുറകില്‍. 152 പ്രസവങ്ങള്‍ ജില്ലയില്‍ വീടുകളില്‍ നടന്നു. കോട്ടയവും തൃശൂരും മാത്രമാണ് ഗാര്‍ഹിക പ്രസവങ്ങളുടെ എണ്ണം ഒറ്റയക്കത്തില്‍ നിന്നത്. തൃശൂരില്‍ ഒമ്പതും കോട്ടയത്ത് അഞ്ചും ഗാര്‍ഹിക പ്രസവങ്ങളാണ് നടന്നത്.

ഗാര്‍ഹിക പ്രസവങ്ങള്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം- 26, കൊല്ലം- 33, പത്തനംതിട്ട- 18, ആലപ്പുഴ- 21, കോട്ടയം- 5, ഇടുക്കി- 60, എറണാകുളം- 26, തൃശൂര്‍- 9, പാലക്കാട്- 66, മലപ്പുറം- 215, കോഴിക്കോട്- 12, വയനാട്- 152, കണ്ണൂര്‍- 75, കാസര്‍കോഡ്- 22. ആരോഗ്യ സ്ഥാപനങ്ങളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഊര്‍ജ്ജിതമായ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമ്പോഴാണ് ആരോഗ്യ വകുപ്പിനെ പോലും ആശങ്കയിലാക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

ഗൈനക്കോളജി ഡോക്ടറായ സുധാ മഹാദേവന്‍ പറയുന്നു, ‘സുനിതയുടേത് ഭാഗ്യം കൂടിയാണ്. വേണ്ട സമയത്ത് വൈദ്യസഹായം കിട്ടിയില്ലെങ്കില്‍ മരണം പോലും സംഭവിക്കാം. നഴ്‌സുമാര്‍ ചെയ്തതിനെ വില കുറച്ച് കാണുകയല്ല. പക്ഷെ കാര്യങ്ങള്‍ അവരുടെ കയ്യില്‍ നിന്നില്ലായിരുന്നുവെങ്കില്‍ സ്ഥിതി മാറിയേനെ. വീടുകളില്‍ പ്രസവം നടത്തുന്നതിന്റെ റിസ്‌ക് എപ്പോഴും ഞങ്ങള്‍ എടുത്ത് പറയാറുണ്ട്. കോംപ്ലിക്കേഷന്‍സ് ഉണ്ടായാല്‍ മരണം സംഭവിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. പക്ഷെ ഇത്രത്തോളം ബോധവല്‍ക്കരണം നല്‍കിയിട്ടും കേരളം പോലൊരു ഹൈലി എജ്യുക്കേറ്റഡ് ആയ സൊസൈറ്റിയില്‍ ഇപ്പോഴും വീടുകളില്‍ പ്രസവം നടക്കുന്നു എന്നത് ദു:ഖകരമാണ്. ആദിവാസി മേഖലകളില്‍ ഇത് സംഭവിക്കുക സാധാരണമാണ്. പക്ഷെ അതല്ലാത്തയിടങ്ങളിലും വീടുകളില്‍ പ്രസവം നടക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഇനി പഠിക്കേണ്ടത്.’

ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാരും ജെപിഎച്ചുമാരും ഉള്ള സംസ്ഥാനത്താണ് ഇത്രയും ഉയര്‍ന്ന ഗാര്‍ഹിക പ്രസവ നിരക്കുകള്‍ ഉള്ളതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണം മുതല്‍ പ്രസവം നടക്കാനുള്ള തീയതി കണക്കാക്കിയുള്ള ബോധവല്‍ക്കരണം വരെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലിയില്‍ ഉള്‍പ്പെടുന്നതാണ്. നിരന്തരം ഗര്‍ഭിണികളെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഒരു വര്‍ഷം 740 പ്രസവങ്ങള്‍ വീടുകളില്‍ നടന്നു എന്ന കണക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ വീഴ്ചയിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള കണക്കുകളുമായി ഒത്തു നോക്കിയതിന് ശേഷം വേണ്ട ഇടപെടല്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത പറഞ്ഞു. കാരണമെന്തെന്ന് ജില്ലാ അടിസ്ഥാനത്തില്‍ തന്നെ കണ്ടെത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

വാഹനം എത്താത്തയിടങ്ങളിലാണ് കൂടുതലും ഗാര്‍ഹിക പ്രസവങ്ങള്‍ നടക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകരില്‍ ചിലരുടെ വിശദീകരണം. ചില കുടുംബങ്ങള്‍ വീടുകളില്‍ തന്നെ പ്രസവം നടക്കണമെന്ന ആഗ്രഹമുള്ളവരാണെന്നും അക്കൂട്ടര്‍ എത്ര തന്നെ നിര്‍ബന്ധിച്ചാലും ആശുപത്രിയിലേക്ക് പ്രസവത്തിനായി വരില്ലെന്നും ഇവര്‍ പറയുന്നു. പ്രകൃതി ചികിത്സ പിന്തുടരുന്നവരും വിശ്വാസത്തിന്റെ ഭാഗമായി ആശുപത്രിയിലേക്കെത്താത്തവരുമുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ സമ്മതിക്കുന്നു. ആദിവാസി ഖേലയില്‍ പലപ്പോഴും വാഹന സൗകര്യവും ആശുപത്രി സൗകര്യവും ഇല്ലാത്താണ് പ്രതിസന്ധിയാവുന്നത്. എന്നാല്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍മാരും പ്രൊമോട്ടര്‍മാരും ട്രൈബല്‍ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം ഉണ്ടായിട്ടും ഈ പ്രശ്‌നത്തിന് ഇതേവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക പ്രസവങ്ങളില്‍ മരണങ്ങള്‍ സംഭവിക്കാറുണ്ടെന്നും എന്നാല്‍ ഇത് പലപ്പോഴും പുറംലോകമറിയുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍