UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘അത് എറണാകുളം ജില്ല വിട്ട് പോയിരിക്കുന്നു’; നിപയെ ഒരിക്കല്‍ കൂടി കീഴടക്കി കേരളത്തിന്റെ ആരോഗ്യരംഗം

ജൂണ്‍ ആദ്യ വാരത്തിലായിരുന്നു ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിപ വീണ്ടും എന്ന വാര്‍ത്ത പ്രത്യക്ഷപ്പെടുന്നത്.

‘നിപ വൈറസിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, അത് എറണാകുളം ജില്ല വിട്ട് പോയിരിക്കുന്നു’; ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ചടങ്ങില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഈ വാക്കുകള്‍ പറയുമ്പോള്‍, അമ്പത്തി മൂന്നു ദിവസങ്ങള്‍ക്കുശേഷം പറവൂര്‍ വടക്കേക്കര സ്വദേശി ഗോകുല്‍ കൃഷ്ണ ആശുപത്രി വിടാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു. രണ്ടു മാസത്തിനുടത്ത ആശുപത്രി വാസത്തിനു ശേഷം ഈ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പൂര്‍ണാരോഗ്യവാനായി ജീവിത്തതിലേക്ക് തിരിച്ചെത്തുന്നത് നിപ എന്ന മാരകരോഗത്തെ അതിജീവിച്ചുകൊണ്ടാണ്. കേരളത്തിന്റെയും ഇവിടുത്തെ ആരോഗ്യരംഗത്തിന്റെയും മറ്റൊരു വിജയം.

കോഴിക്കോട് നിപ വൈറസ് വിതച്ച ഭീകരതയെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ആരോഗ്യവകുപ്പും മറ്റ് ഭരണസംവിധാനങ്ങളും ഒരുപോലെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ആശങ്കകളുടെ നാളുകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് എറണാകുളത്തു നിന്നും നിപയെ നിഷ്ഫലമാക്കാന്‍ കേരളത്തിന് കഴിഞ്ഞത്. ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചാല്‍, കഴിഞ്ഞ വര്‍ഷത്തെ നിപ വൈറസ് ബാധയുടെ നടുക്കം മാറും മുമ്പായിരുന്നു എറണാകുളം ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ജില്ലയെ മാത്രമല്ല, കേരളത്തെ മൊത്തം ഞെട്ടിച്ച വാര്‍ത്തയായിരുന്നു അത്. പരിഭ്രാന്തി സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു. കോഴിക്കോട്ടെ നിപ കാലം ഓര്‍മയില്‍ ഉണ്ടായിരുന്നതിനാല്‍, വീണ്ടുമങ്ങനെയൊരു ദുരന്തത്തെ ജനങ്ങള്‍ ഭയന്നു. എന്നാല്‍ പേടിയല്ല, ജാഗ്രത മതി, നമ്മള്‍ ഇതും അതിജീവിക്കുമെന്ന ഉറപ്പുമായി ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും സര്‍ക്കാരും പൊതുപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും എല്ലാം രംഗത്തു വന്നതോടെ വീണ്ടുമൊരു അതിജീവന പോരാട്ടം ആരംഭിച്ചു. അതിന്റെ വിജയകരമായ സമാപനമായിരുന്നു ആസ്റ്റര്‍ മെഡിസിറ്റില്‍ ഇന്നലെ നടന്ന ചടങ്ങ്.

2018 മേയില്‍ പേരാമ്പ്രയില്‍ നിന്നും തുടങ്ങി കോഴിക്കോടും മലപ്പുറവും രോഗഭീതിയിലാഴ്ത്തി നിപ ആദ്യം എത്തിയപ്പോള്‍, കേരളത്തിന് അതൊരു പുതിയ അനുഭവമായിരുന്നു. രോഗം എന്താണെന്നു കണ്ടെത്താനും ചികിത്സ എങ്ങനെ വേണമെന്നു നിശ്ചയിക്കാനും എടുക്കേണ്ടി വന്ന കാലതാമസം 17 ജീവനുകള്‍ അന്ന് അപഹരിച്ചു. എന്നാല്‍ പരാജയപ്പെട്ടു മാറിനില്‍ക്കാന്‍ തയ്യാറാകാത്തൊരു ആരോഗ്യ-രാഷ്ട്രീയ സംവിധാനം നിപയെ നേരിടാന്‍ സജ്ജമായതോടെ മഹാ വിനാശകാരിയായ ഒരു വൈറസിനെ കീഴടക്കുക തന്നെ ചെയ്തു. എങ്കിലും ജാഗ്രത തുടര്‍ന്നു. ആ ജാഗ്രത തന്നെയാണ് എറണാകുളത്ത് ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ കാക്കാന്‍ കഴിഞ്ഞതിനു കാരണവും. ഒരു വര്‍ഷം മുമ്പ് നിപ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേരളം പുലര്‍ത്തിയ ജാഗ്രതയാണ് ഇപ്പോള്‍ ഗോകുല്‍ കൃഷ്ണയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാന്‍ നമുക്ക് കഴിഞ്ഞതിനു കാരണം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രോഗി അത്യാസന്നനിലയില്‍ ആവുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്ര ഭീകരമായിരുന്നു നിപയെന്നിരിക്കെയാണ് ഈ അതിജീവനം സാധ്യമായത്.

ഭയം നിറച്ചുകൊണ്ട് ആ വാര്‍ത്ത

ജൂണ്‍ ആദ്യ വാരത്തിലായിരുന്നു ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിപ വീണ്ടും എന്ന വാര്‍ത്ത പ്രത്യക്ഷപ്പെടുന്നത്. ഔദ്യോഗിക സ്ഥിരീകരണം വരും മുന്നേ ജനത്തെ ഭയപ്പെടുത്താന്‍ ആ വാര്‍ത്തയ്ക്ക് കഴിഞ്ഞു. ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പനി ബാധിതനായി പ്രവേശിപ്പിച്ച 22 കാരനായ വിദ്യാര്‍ത്ഥിക്കാണ് നിപ ബാധിച്ചിരിക്കുന്നതെന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം കിട്ടാന്‍ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. സ്വകാര്യ ലാബില്‍ അയച്ചു പരിശോധിച്ച രോഗിയുടെ സാമ്പിളുകളാണ് നിപ സ്ഥിരീകരിച്ചതിന് അടിസ്ഥാനമെന്നതായിരുന്നു കാരണം. നിപ സംശയം ഉയര്‍ന്നതോടെ രോഗിയുടെ ശരീര സ്രവങ്ങള്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ്, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് അയച്ചു. ഇതിന്റെ റിസള്‍ട്ട് പോസിറ്റീവ് ആയതോടെയാണ് വിദ്യാര്‍ത്ഥിക്ക് നിപയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ജൂണ്‍ നാലിന് ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാനത്ത് രണ്ടാം തവണയും നിപ സ്ഥിരീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചു.

ഒരാഴ്ച്ച നീണ്ട പനി, സംസാരിക്കുമ്പോള്‍ നാവ് കുഴയല്‍, ശരീരത്തിന്റെ ബാലന്‍സ് കുറവ് തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ചികിത്സ തേടിയെത്തുന്നത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇയാളില്‍ നിപ വൈറസ് ബാധ കണ്ടെത്തിയത്. കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റത്തിന്റെ കീഴില്‍ മേയ് 30 നാണ് വിദ്യാര്‍ത്ഥിയെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി എം ആര്‍ ഐ സ്‌കാന്‍ അടക്കമുള്ള സൂക്ഷ്മ പരിശോധനകള്‍ക്ക് വിദ്യാര്‍ത്ഥിയെ വിധേയമാക്കി. തുടര്‍ന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനൂപ് വാര്യരില്‍ നിന്നും വിദഗ്ധാഭിപ്രായം തേടുകയും അതിനുശേഷം എന്‍എബിഎല്‍ അംഗീകൃത ലാബിലേക്ക് രോഗിയുടെ സാമ്പിളുകള്‍ അയക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനാഫലങ്ങള്‍ രോഗിക്ക് നിപ വൈറല്‍ എന്‍സഫലൈറ്റി ആകാമെന്ന സൂചന നല്‍കി. ഉടന്‍ തന്നെ ജില്ല മെഡിക്കല്‍ ഓഫിസറെ വിരമറിയിക്കുകയും രോഗിയെ ഐസൊലേഷന്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. വൈകാതെ തന്നെ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിക്കുകയും രോഗം പടരാനുള്ള സാധ്യതകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

മുന്നേ തുടങ്ങിയ ഒരുക്കങ്ങള്‍

ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരുന്നുവെങ്കിലും വിദ്യാര്‍ത്ഥിക്ക് നിപ സംശയം പ്രകടിപ്പിച്ച സമയം തൊട്ട് നിപയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും തുടങ്ങിയിരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും വിവരം അറിയിച്ചയുടനെ തന്നെ എറണാകുളം ജില്ല മെഡിക്കല്‍ ഓഫിസര്‍ ആവശ്യമായ ആന്റി വൈറല്‍ മരുന്നുകള്‍ എത്തിക്കുകയും ആശുപത്രി ഉടന്‍ തന്നെ തുടര്‍ ചികിത്സ ആരംഭിക്കുകയും ചെയ്തു. നിപ സ്ഥീരകരണം വന്നതോടെ പരിഭ്രാന്തി പടരുമെന്നു മനസിലാക്കി ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവും മുന്‍കരുതല്‍ നടപടികളും നിര്‍ദേശിക്കുകയായിരുന്നു ആരോഗ്യവകുപ്പ് ആദ്യം ചെയ്തത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കി. കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കാതെ എത്രയും പെട്ടന്ന് ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് രോഗ പര്യവേക്ഷണത്തിനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പും പൂര്‍ണ സജ്ജമായി. വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന് സഹായകരമായ നിലവിലുള്ള മാര്‍ഗ രേഖകള്‍ ആരോഗ്യ വകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് ജനങ്ങളെ നിരന്തരം അറിയിച്ചു കൊണ്ടിരുന്നു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും കൈകോര്‍ത്തു. കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നിപയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ പൊതുജനങ്ങള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ നല്‍കി. വിദഗ്ധ ഡോക്ടര്‍മാര്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമില്‍ സജീവമായി. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ പൊലീസ്-ഫയര്‍-റവന്യു-ആരോഗ്യവകുപ്പുകളിലെ ജീവനക്കാരുടെ ഏകോപന സംഘത്തെ രൂപീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ എറണാകുളത്ത് ക്യാമ്പ് ചെയ്ത് ഏകോപനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ല കളക്ടര്‍ ഓരോ ദിവസവും വാര്‍ത്ത കുറിപ്പുകള്‍ ഇറക്കി. സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുഖ്യമന്ത്രി എറണാകുളത്ത് എത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോള്‍ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞതാണെന്നും ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിന് എല്ലാ സഹയങ്ങളും വാഗ്ദാനം ചെയ്തും കേന്ദ്ര ആരോഗ്യവകുപ്പും കൂടെ നിന്നു. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കേന്ദ്രത്തില്‍ നിന്നും വിദഗ്ധര്‍ എറണാകുളത്ത് എത്തി.

തൊടുപുഴ കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥി ഇന്റേണ്‍ഷിപ്പിനായി തൃശൂരില്‍ എത്തുകയും അവിടെ നിന്നും വീട്ടില്‍ മടങ്ങിയെത്തിയശേഷമാണ് പനി കലശലായി ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതും. വിദ്യാര്‍ത്ഥിക്ക് എവിടെ വച്ചാണ് വൈറസ് ബാധയേറ്റതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്ത വന്നിട്ടില്ല. അതിനായുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. എന്നിരുന്നാലും ഇവിടെയും വൈറസ് ബാധയുടെ ഉറവിടമായി കരുതുന്നത് നിപ്പ വൈറസിന്റെ നാച്വറല്‍ കാരിയറായി കണക്കാക്കുന്ന് ഫ്രൂട്ട് വവ്വാലുകളെ തന്നെയായിരുന്നു. രോഗം പടരാതിരിക്കുക എന്നതായിരുന്നു വെല്ലുവിളിയായി ഏറ്റെടുത്തത്. കോഴിക്കോട് നിപകാലത്ത് സജീവമായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സേവനം എറണാകുളത്ത് ലഭ്യമാക്കി. നിപ വൈറസ് എളുപ്പത്തില്‍ മറ്റുള്ളവരിലേക്ക് പകരുന്നതായതുകൊണ്ട് രോഗിയുമായി നേരിട്ട് ബന്ധപ്പെട്ടവരും ഇവരുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും നിരീക്ഷിക്കാനുള്ള നടപടികളും വളരെ വേഗം തന്നെ സ്വീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസലൊഷേന്‍ വാര്‍ഡ് സജ്ജീകരിച്ചു. രോഗിയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന രണ്ട് നഴ്‌സുമാരെയടക്കം ആറുപേരെ ഐസലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ അതീവ ജാഗ്രത പുലര്‍ത്തി. അതിജീവനത്തിന്റെ പ്രതീക്ഷകള്‍ നല്‍കി കൊണ്ട് ഇവരിലാര്‍ക്കും വൈറസ് ബാധതയുണ്ടായിട്ടില്ലെന്ന ലാബ് റിപ്പോര്‍ട്ടുകള്‍ വന്നു. രോഗിയുമായി അടുത്തിടപഴകിയിട്ടുണ്ടെന്നു കണ്ടെത്തിയ 52 പേര്‍ക്കും രോഗക്ഷണങ്ങള്‍ ഇല്ലെന്നും വൈകാതെ റിപ്പോര്‍ട്ടുകള്‍ വന്നു. മൊത്തം 338 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇവരുടെയെല്ലാം ആരോഗ്യകാര്യങ്ങള്‍ അതീവ ജാഗ്രതയോടെ മെഡിക്കല്‍ സംഘം ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. ഇതില്‍ നിന്നും 17 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെല്ലാവരും തന്നെ രോഗലക്ഷണങ്ങളില്‍ നിന്നും വിമുക്തരാവുകയും ചെയ്തു. ഇതിനിടയില്‍ തന്നെ നിപ ബാധിതനായ വിദ്യാര്‍ത്ഥി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 53 ദിവസങ്ങള്‍ക്കു ശേഷം നേരിട്ട് നിപ വൈറസ് ബാധിതനായ ആ വിദ്യാര്‍ത്ഥി പൂര്‍ണാരോഗ്യവാനായി ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്തു.

ഒരിക്കല്‍ കൂടി ശൈലജ ടീച്ചര്‍

വീണ്ടും നിപ സ്ഥിരീകരിക്കപ്പെട്ടത് സംസ്ഥാനത്തെയാകെ ഭയത്തിലാഴ്ത്തിയെങ്കിലും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ തുടക്കം മുതല്‍ ആത്മവിശ്വാസത്തിലായിരുന്നു. ഒരു സംവിധാനത്തെ മുഴുവന്‍ നയിക്കേണ്ടയാള്‍ എന്ന നിലയിലും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്വം മനസിലാക്കിയുമായിരുന്നു മന്ത്രിയുടെ പ്രവര്‍ത്തനങ്ങളും വാക്കുകളുമെല്ലാം. നമ്മളിതിനെ നേരിടും, അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്നായിരുന്നു ശൈലജ ടീച്ചര്‍ ഓരോ തവണയും പറഞ്ഞുകൊണ്ടിരുന്നത്. ലോകത്തിന്റെ ഏതു കോണിലും കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാക്കുമെന്ന് ടീച്ചര്‍ ഉറപ്പ് നല്‍കി. മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള എല്ലാ സംവിധാനവും സ്വീകരിച്ചിട്ടുണ്ടെന്നും അതിനുള്ള കാര്യങ്ങളെല്ലാം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ഭയപ്പെടാനുള്ള ഒരു സാഹചര്യവും ഇല്ലെന്ന് ജനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. അതോടൊപ്പം തന്നെ ഒരു മന്ത്രിയുടെ ഉത്തരവാദിത്വത്തോടെ തന്നെ, ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ നിപയുമായി ബന്ധപ്പെട്ട് അബദ്ധങ്ങള്‍ പ്രചരിപ്പിച്ചവരെ താക്കീതു ചെയ്യാനും ടീച്ചര്‍ മറന്നില്ല. എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാമ്പഴം കടിച്ചു കാണിച്ചിട്ട്, വവ്വാല്‍ കടിച്ചതൊക്കെ ഞാന്‍ കടിച്ചു തിന്നും നിങ്ങളും തിന്നോളൂ എന്നു പറഞ്ഞു ആദ്യ തവണ ചെയ്തപോലെ ഇത്തവണയും ആരെങ്കിലും വന്നാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. വളരെയേറെ ശ്രദ്ധവേണ്ടി വരുന്ന ഒരു സമയത്ത് അബദ്ധജടിലമായിട്ടുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ബഹിഷ്‌കരിക്കാന്‍ സമൂഹത്തോട് ടീച്ചര്‍ ആഹ്വാനം ചെയ്തു. സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും നല്‍കുന്ന മുന്നറിപ്പുകളും നിര്‍ദേശങ്ങളും മാത്രം അനുസരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുവായൊരു മാര്‍ഗനിര്‍ദേശം എല്ലാവരും സ്വീകരിച്ച് മുന്നോട്ടു പോകാമെന്നും നമുക്ക് ഒരുമിച്ച് നിന്ന് ഇതിനെ നേരിടാമെന്നും പറഞ്ഞ ശൈലജ ടീച്ചറുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി വിജയിക്കുന്നതിനു കൂടിയാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Read More: തൊവരിമല സമരം പൊളിക്കാനായി എംഎല്‍എ സി കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നെന്ന് സമരസമിതി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍