മര്യാദക്ക് കാട്ടിൽ കഴിഞ്ഞോണ്ടിരുന്ന പല ജീവികളെയും പല ആവശ്യങ്ങൾക്കായി നാട്ടിൽ വളർത്താൻ തുടങ്ങി. അതാണ് പ്രശ്നം ആയത്! വല്ല കാര്യവുമുണ്ടോ?
ഒരു രണ്ടു ലക്ഷം വര്‍ഷം മുൻപ് നമ്മൾ മനുഷ്യർ എന്ന ഹോമോ സാപിയൻസ് ഏകദേശം നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ആയിരുന്നു. അതിനു മുൻപ് ഇച്ചിരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
നമ്മൾ നമ്മളായതിനു ശേഷവും, പഴയ പോലെ പെറുക്കികൾ തന്നെ ആയി തുടർന്നു. ചെറുകൂട്ടങ്ങൾ ആയി അലഞ്ഞു തിരിഞ്ഞു. അങ്ങനെ നടന്നു. അപ്പോഴൊക്കെ പല പല അണു ജീവികൾ നമ്മുടെ പൂർവികരിൽ അസുഖങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവാം. ഏതൊക്കെ ആണ് ആ അസുഖങ്ങൾ? സത്യം പറഞ്ഞാൽ നമുക്ക് അത്ര അറിഞ്ഞൂടാ.
വെറും പതിനായിരം വർഷങ്ങൾക്ക് മുൻപ് ആണ് കൃഷി തുടങ്ങിയത്. ആളുകൾ തെണ്ടി തിരിയാതെ വലിയ ഗ്രാമങ്ങളിൽ കൂട്ടത്തോടെ പാർക്കാൻ തുടങ്ങി. അതോടെ ആണ് ഇപ്പോൾ നമുക്ക് പരിചയമുള്ള മിക്ക പകർച്ച വ്യാധികളും നമ്മെ ബാധിക്കുന്നത്!
മര്യാദക്ക് കാട്ടിൽ കഴിഞ്ഞോണ്ടിരുന്ന പല ജീവികളെയും പല ആവശ്യങ്ങൾക്കായി നാട്ടിൽ വളർത്താൻ തുടങ്ങി. അതാണ് പ്രശ്നം ആയത്! വല്ല കാര്യവുമുണ്ടോ?
ഉണ്ടല്ലോ. പുറകെ ഓടി, കൊമ്പു കൊണ്ടുള്ള കുത്തും, കാല് കൊണ്ടുള്ള ചവിട്ടും നേരിട്ട്, കല്ല് മുന ഉള്ള കുന്തം കൊണ്ട് കാട്ടു പോത്തിനെ കൊന്നു വല്ലപ്പോഴും ചുട്ട തിന്നുന്നതിനു പകരം, അടുത്തുള്ള തൊഴുത്തിന്നു രണ്ടെണ്ണത്തിനെ ഇടക്ക് പിടിച്ച് അറത്ത് ബീഫ് ചുട്ടത് തിന്നാ പുളിക്ക്യോ? ഇല്ലല്ലോ.
പക്ഷെ ഈ സുഖത്തിന് വലിയ വില കൊടുക്കേണ്ടി വന്നു; വലിയ വില.
മനുഷ്യൻ കൂട്ടത്തോടെ താമസിക്കുമ്പോഴും ഗുണങ്ങൾ ഉണ്ട്. ചെറുകൂട്ടങ്ങളായി വരുന്ന വരത്തന്മാരെ ഓടിക്കാൻ പടയാളികളെ പരിശീലിപ്പിച്ചു നിർത്താം. കൂട്ടുകൃഷി ചെയ്യാം. എല്ലാരും ഒരേ ജോലി ചെയ്യുന്നതിന് പകരം പലർക്കും പലത് ചെയ്യാം. ചിലർക്ക് ആശാരി ആകാം. ചിലർ കൃഷിക്കാർ, ചിലർ താത്വിക ആചാര്യന്മാർ.
പക്ഷെ ഈ താത്വിക അവലോകനം സാധ്യമാക്കിയ ഉയർന്ന ജനസാന്ദ്രതക്കും കൊടുക്കേണ്ടി വന്നത് ഇതേ വില!
വേറെയും വിലകൾ കൊടുക്കേണ്ടി വന്നു. അതല്ല നമ്മുടെ വിഷയം. ഈവില.
ഏതാണ് തീവില ഉള്ള ഈ വില?
ചില വ്യാധികൾ! പകർച്ച വ്യാധികൾ! കൂട്ടത്തോടെ കൊന്നൊടുക്കുന്ന മഹാമാരികൾ.
അതായത്, പല മൃഗ പക്ഷികളിലും ഉള്ള അണുക്കളിൽ ഇടയ്ക്കിടെ ജനിതക മാറ്റം വരും. ചിലവയ്ക്ക്, മനുഷ്യരിൽ പെറ്റു പെരുകാനും, തമ്മിൽ പകരാനും ഉള്ള കഴിവ് അങ്ങനെ വന്നാലോ- ലോ ..ലോ ..ലോ?
വന്നൂല്ലോ.
പട്ടികളെ ആണ് ആദ്യം മെരുക്കിയത്. പിന്നെ കാലികൾ, ആട്, പന്നി, കുതിര, കോഴി …അങ്ങനെ പോകും.
സീ – ക്ഷയം, സ്മാൾ പോക്സ്, ചിക്കെൻ പോക്സ്- ഒക്കെ കാലികളിൽ നിന്നും കിട്ടി.
താറാവ്, ആദ്യം പന്നികളിലേക്ക് കൊടുത്ത്, പിന്നെ മനുഷ്യന് കൊടുത്തു – ഇൻഫ്ലുൻസ – കിട്ടി ബോധിച്ചല്ലോ.
റിനോ വൈറസുകൾ – നമ്മുടെ സാദാ ജലദോഷം ഉണ്ടാക്കുന്നവ – കുതിരകൾ തന്നു- മേടിച്ചു വച്ചോ; വച്ചോ.
മീസിൽസ് – കനൈൻ ഡിസ്റ്റംപ്റ് എന്ന അസുഖം പട്ടികളിൽ ഉണ്ടാക്കുന്ന ഒരു വൈറസിന് ജനിതക മാറ്റം ഉണ്ടായവ ആണെന്ന് തോന്നുന്നു. സന്തോഷായില്ലേ അരുണേട്ടാ?
പിന്നെ, തിങ്ങിപാർക്കുന്ന മനുഷ്യർ അവിടെ തന്നെ മുള്ളും, അവിടെ തന്നെ അപ്പിയിടും. അവിടന്നു തന്നെ കുടിക്കും. ടൈഫോയ്ഡ്, പോളിയോ, കോളറ, മഞ്ഞപ്പിത്തം, ഡിഫ്തീരിയ, വില്ലൻ ചുമ. എല്ലാം സ്ഥിര താമസമാക്കി. അവയ്ക്കൊന്നും ചെറിയ ജനസംഖ്യാ ഉള്ള ചെറു ഗോത്രങ്ങളിൽ കാലാകാലത്തോളം നില നില്ക്കാൻ പറ്റില്ല. ഒറ്റയടിക്ക് എല്ലാരേം കൊന്നു കളഞ്ഞു; തന്നത്താൻ ഒടുങ്ങിയേനെ.
അതുപോട്ടെ. ഇത്രേം ബാക് ഗ്രൗണ്ട്. നമ്മുടെ പ്രതിപത്തി- സോറി – പ്രതിയായ. ങേ!
പ്രതിപാദ്യ – അത് തന്നെ – പ്രതിപാദ്യ വിഷയം അതല്ല. നമ്മുടെ അറിയാവുന്ന ചരിത്രത്തിൽ പകർച്ച വ്യാധികൾ വഹിച്ച പങ്ക് . അണു ജീവികൾ ഇല്ലെന്നും , ഏത് അസുഖത്തിനും എനീമാ ആസനത്തിൽ എടുത്താൽ മതിയെന്നും പറയുന്നവരൊക്കെ കേട്ടോണം , ചരിത്രം .
പഴയ നിയമത്തിൽ ഈജിപ്തിന്റെ മേൽ പകർച്ച വ്യാധികൾ ചൊരിയുന്ന ഭയങ്കരൻ ദൈവത്തെ നമുക്ക് കാണാം . എന്തൊക്കെ ആണിവ എന്ന് നമുക്കറിയില്ല .
ഗ്രീക്ക് സംസ്കാരം അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോ, ആഫ്രിക്കയിൽ നിന്ന് വന്നു എന്ന് പറയപ്പെടുന്ന ഒരു ഭീകരവ്യാധിയെ പറ്റി തൂസിഡിഡസ് എന്ന ഗ്രീക്ക് ചരിത്രകാരൻ പറയുന്നുണ്ട്. ആളുകൾ ചുമച്ച്, അപസ്മാരം വന്നു, തൊലി നിറയെ വൃണങ്ങൾ വന്ന്, തെരുവുകളിൽ മരിച്ച് വീഴുകയായിരുന്നു.
ഇത് എന്തായിരുന്നെന്നോ എത്ര പേര് മരിച്ചെന്നോ നമുക്ക് ഒരു വിവരോം ഇല്ല. ഒന്ന് മാത്രം അറിയാം. അതോടെ ഗ്രീസ് ഒതുങ്ങി- റോം പൊങ്ങി.
റോമാ സാമ്രാജ്യം പടർന്നു പന്തലിച്ചു. പട്ടാളക്കാർ പല ഇടത്തു നിന്നും പലതും കൊണ്ട് വന്നു. എ ഡി 160 നും 180 നും ഇടക്ക്, അന്ന് ഏഷ്യയിലും ആഫ്രിക്കയിലും, തകൃതി ആയി ഓടിക്കൊണ്ടിരുന്ന സ്മാൾ പോക്സ് എന്ന് വിചാരിക്കപ്പെടുന്ന, ഒരു സാധനം റോമിനെ ആക്രമിച്ചു. നാലിൽ ഒന്ന് മനുഷ്യരെ ക്ടിം എന്ന് കൊന്നു കളഞ്ഞു.
സിംപിൾ ആയി, അൻപത് ലക്ഷം പേരെ – അത്രേ ഉള്ളു.
എ ഡി 550 ൽ ബുബോണിക് പ്ലേഗ് എന്ന എലികളുടെ മേത്ത് ഉള്ള ചെള്ളുകളിൽ നിന്ന് പകരുന്ന ഒരു അസുഖം ജസ്റ്റീനിയന് ചക്രവർത്തിയുടെ കാലത്ത് താണ്ഡവം തുടങ്ങി. ഒരു മുപ്പത് ശതമാനം ആളുകളെ കൊന്നു തള്ളി.
എ ഡി 1300 ൽ, ബ്ലാക് ഡെത്ത് എന്ന് പേരിട്ട ഈ പ്ലേഗ്, ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ആളോളെ കൊന്നു തള്ളി, യൂറോപ്പിൽ എത്തി. പഴേ പോലെ ഇരുപത്തഞ്ച് ശതമാനം പേരെ കൊണ്ടങ്ങ് പോയി. ഇത്തവണ ഇരുനൂറ് ലക്ഷം പേര് പോയി കേട്ടോ.
തമാശ അതല്ല. അന്ന് കാലത്ത്, ഇച്ചിരി വൃത്തീം മെനേം ഉള്ള ചില ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്ലേഗ് അധികം വന്നില്ല. യൂദൻ മാരുടെയും, വേറെ ചില സമുദായക്കാരുടെയും സ്ഥലങ്ങൾ ആയിരുന്നു അവ.
പോരെ പൂരം. ഇവന്മാർ കൂടോത്രം ചെയ്തത് കൊണ്ടാണ് രോഗം പടർന്നത്.
മനുഷ്യർ അങ്ങനെ ആണല്ലോ.
ഡോക്ടർ കാരണം ആണ് രോഗി മരിച്ചത്.
സർക്കാരിന്റെ അനാസ്ഥ കാരണം ആണ് പ്രളയവും, ഭൂമി കുലുക്കവും, നിപ്പ, കിപ്പ, ഒക്കെ വരുന്നത്. അത് നമുക്ക് നിർബന്ധം ആണ്.
അങ്ങനെയൊക്കെ ആവാം. പക്ഷെ ആണെന്ന് വിശ്വസിക്കാൻ ആണ് നമുക്കിഷ്ടം. ആരുടെ എങ്കിലും മേത്ത് ഹോഴ്സ് കയറണമല്ലോ – ഐ മീൻ, കുതിര.
കുറെ ഏറെ മറ്റ് സമുദായക്കാരെ തച്ചു കൊന്നു. കുറെ പേരെ യക്ഷികൾ, ദുര്‍മന്ത്രവാദികൾ എന്നൊക്കെ പറഞ്ഞ് പീഡിപ്പിച്ചു കൊന്നു. ഇതൊന്നും അന്നൊക്കെ പുതിയ കാര്യമല്ല. ഒക്കെ ഇങ്ങനെ നടക്കും. എന്നിട്ടും കുറെ ഏറെ കാലം, പ്ലേഗ്, യൂറോപ്പിനെ വിറപ്പിച്ചു.
ഏറ്റവും ഭീകരമായ അണു യുദ്ധം, പക്ഷെ വെള്ളക്കാരൻ, അമേരിക്ക കണ്ടുപിടിച്ചേ, എല്ലാരും വായോ എന്ന് പറഞ്ഞു നടത്തിയ അധിനിവേശ കോപ്രായത്തിൽ ആണ് നടന്നത്.
കൊളംബസിന്റെ കപ്പലിൽ ഉണ്ടായിരുന്ന പന്നികളിൽ നിന്ന് ഇൻഫ്ലുൻസ പടർന്നു, കരീബിയൻ ദ്വീപുകളിലെ പകുതി പേരെ കൊന്നു. കോർട്ടസ് എന്ന ഒരുത്തൻ മെക്സിക്കോയിൽ ചെന്ന് അവിടേം ഇതേ സാധനം കൊടുത്തു. 1521 ൽ ആണ് ഈ സാമദ്രോഹി മുന്നൂറ് പട്ടാളക്കാരുടെ ഒപ്പം, ആസ്റ്റക്ക് ഇന്ത്യൻസിന്റെ റ്റീനോ ചി ചിറ്റ് ലാൻ (ഇന്നത്തെ മെക്സിക്കോ) എന്ന നഗരത്തിൽ എത്തുന്നത്. മൂന്ന് മാസം കഴിഞ്ഞപ്പോ മൂന്ന് ലക്ഷം അസ്റ്റിക്കുകൾ പല പല അസുഖങ്ങൾ ആയി മരിച്ചു; പ്രധാനമായും സ്മാൾ പോക്സ്. രാജാവ് മോന്റെസുമ അടക്കം. കോർട്ടസ് രാജ്യം പിടിച്ചടക്കുകയും ചെയ്തു കേട്ടോ.
പത്ത് വര്‍ഷം കഴിഞ്ഞ് പിസാറോ എന്ന സായിപ്പ് ഇൻകാസ് എന്ന പാവം അമേരിന്ത്യൻ വംശജരെ പെറുവിൽ ചെന്ന് ആക്രമിക്കുമ്പോഴേക്കും, സ്മാൾ പോക്സ്, മുൻപേ പറന്നു പകുതിയിൽ അധികം പേരെ കൊന്നു കൊടുത്തു. പിന്നെ ഒരു കലക്ക് കലക്കി, അമേരിക്കയിൽ, ഈ രോഗങ്ങൾ. മീസിൽസ്, ഇൻഫ്ലുൻസ, ടൈഫസ്, ഒക്കെ കൂടി, രണ്ടു അമേരിക്കകളും വെള്ളക്കാരന്റെ കൈയിൽ കൊടുത്തു. അവന്റെ തോക്കും, കുതിരയും ഒക്കെ ഇത്തിരി വിയർത്തു കേട്ടോ.
ഇവിടെ കൃഷി തുടങ്ങിയ വെള്ളക്കാർക്ക്, വേലയ്ക്ക് ആളെ കിട്ടാതായി. ലോക്കൽസ് ഒക്കെ അസുഖം വന്നു പെട്ടന്ന് മരിച്ചു പോകുന്നു. അപ്പോഴേക്കും മലേറിയ, യെല്ലോ ഫേവർ ഒക്കെ ആണ് മെയിൻ വില്ലന്മാർ. അങ്ങനെ ആണ്, ആഫ്രിക്കൻ അടിമ കച്ചവടം തുടങ്ങുന്നത്. മലേറിയക്ക് ഒക്കെ പ്രതിരോധ ശക്തി ഉള്ള ലക്ഷ ക്കണക്കിന് ആഫ്രിക്കക്കാർ, അങ്ങനെ അടിമകളായി അമേരിക്കയിൽ എത്തി.
ചുരുക്കം പറഞ്ഞാൽ, ലോകത്തിന്റെ നേതാക്കന്മാർ ആകാൻ യൂറോപ്യൻ സായിപ്പന്മാരെ ഒരളവു വരെ സഹായിച്ചതാണ്, ഈ അസുഖങ്ങൾ ഉണ്ടാക്കുന്ന അണുക്കൾ. പുതിയ ഭൂഖണ്ഡം ആയ അമേരിക്കയിൽ നിന്നുള്ള വരുമാനം ആണല്ലോ അതിന്റെ ഒരു പ്രധാന നാന്ദി ആയത്.
എന്നാൽ അമേരിക്കയിൽ നിന്നും കൊളംബസും മറ്റും ആകെ തിരിച്ചുകൊണ്ട് പോയത് സിഫിലിസ് എന്ന അസുഖം ആയിരുന്നു . അത് ഒരു ഭീകരൻ ആയിരുന്നെങ്കിലും അമേരിക്കൻ ഇന്ത്യക്കാരോട് ചെയ്തതതിനു പകരം ചോദിക്കാൻ സിഫിലിസിനു ആയില്ല.
എന്നാൽ കോളറ ആയിരുന്നു ഇന്ത്യയുടെ അഭിമാനം. ഇന്ത്യയിൽ നിന്ന് വന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇവൻ പത്തൊൻപതാം നൂറ്റാണ്ടിൽ, 1830 ൽ, യൂറോപ്പിലും അമേരിക്കയിലും ആഞ്ഞടിച്ചു. ലണ്ടനിൽ മാത്രം, ഏഴായിരം പേര് മരിച്ചു. റഷ്യയിൽ പത്തു ലക്ഷത്തോളം പേര് മരിച്ചു. പക്ഷെ അപ്പോഴേക്കും പതിയെ രോഗാണുക്കൾ എന്താണെന്നും, എങ്ങനെ ആണ് പകരുന്നത് എന്നും മനസ്സിലായി തുടങ്ങി. അങ്ങനെ അവ വരുതിയിൽ ആയി.
മലേറിയ പരത്തുന്നത് കൊതുകുകൾ ആണെന്നും, എലിച്ചെള്ളുകള്‍ ആണ് പ്ളേഗ് വരുത്തുന്നത് എന്നും, വെള്ളത്തിലൂടെ, മലം വഴി ആണ് കോളറ പകരുന്നത് എന്നും മറ്റും മനസ്സിലായാൽ, പ്രതിവിധികൾ ആലോചിക്കാമല്ലോ. ആന്റിബയോട്ടിക്കുകൾ വരുന്നതിനു മുൻപേ, തന്നെ നമ്മുടെ അറിവ് ആണ് പ്രതിരോധത്തിനു നിദാനം ആയത്.
കേട്ടല്ലോ – ശരിയായ അറിവ് ആണ്. എനിമാ അല്ല.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)