UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സമ്പന്ന രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഗര്‍ഭാശയ അര്‍ബുദം തുടച്ചുനീക്കുമെന്ന് വിദഗ്ധര്‍

യുകെ-യില്‍ വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഒന്നിലധികം കുത്തിവയ്പ്പുകള്‍ നല്‍കിയതോടെ എച്ച്പിവി അണുബാധ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

എച്ച്പിവി (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ യുകെ പോലുള്ള സമ്പന്ന രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഗര്‍ഭാശയ അര്‍ബുദം,അല്ലെങ്കില്‍ സെര്‍വിക്കല്‍ കാന്‍സര്‍, തുടച്ചുനീക്കുമെന്ന് വിദഗ്ധര്‍.

ലൈംഗികബന്ധത്തിലൂടെ പകരുന്ന വൈറസാണ്എച്ച്പിവി. വൈറസ് ബാധിച്ചാല്‍ ഗര്‍ഭാശയമുഖത്ത് അസാധാരണമായ രീതിയില്‍ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരും. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 15 മുതല്‍ 19 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ കൃത്യമായി നല്‍കിയാല്‍ അടുത്ത അഞ്ച് മുതല്‍ എട്ട് വര്‍ഷത്തിനുള്ളില്‍ എച്ച്പിവി അണുബാധ 83% കുറയ്ക്കാന്‍ കഴിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 20-നും 24-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ അണുബാധ 66% കുറയും. എച്ച്പിവി വാക്‌സിനേഷന്‍ ലഭ്യമാകാന്‍ തുടങ്ങിയിട്ട് 10 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. അതിനാല്‍ ക്യാന്‍സറിനെ അതെങ്ങനെ ബാധിക്കുമെന്നത് ഇതുവരെ അറിവായിട്ടില്ല. പക്ഷെ, ക്യാന്‍സര്‍ ക്രമാതീതമായി കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സെര്‍വിക്കല്‍ കാന്‍സര്‍ ഒരു ലക്ഷം ജനസംഖ്യയില്‍ നാലു പേര്‍ക്ക് എന്ന നിലയില്‍ ചുരുക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ദൃഡനിശ്ചയമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉള്ളത്. ഈ രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ എപ്പോഴാണ് സാധിക്കുക എന്നതു കണ്ടെത്താന്‍ മാത്തമാറ്റിക്കല്‍ മോഡലിംഗ് ആണ് ഉപയോഗിക്കുന്നതെന്നും, ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണെന്നും എഴുത്തുകാരിലൊരാളായ ലാവല്‍ സര്‍വകലാശാലയിലെ പ്രൊഫ. മാര്‍ക്ക് ബ്രിസണ്‍ പറയുന്നു.

‘ഓരോ രാജ്യത്തും എത്രത്തോളം വാക്‌സിനേഷന്‍ നടപ്പാക്കുന്നുവോ അത്രത്തോളം രോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാകും. യു.കെ-യും ഓസ്‌ട്രേലിയയുമൊക്കെയാണ് അത് കൃത്യമായി ചെയ്യുന്നത്. അതുകൊണ്ട് അത്തരം രാജ്യങ്ങള്‍ പത്തുവര്‍ഷത്തിനുള്ളില്‍ അസുഖത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ബ്രിസണ്‍ പറഞ്ഞു.

യുകെ-യില്‍ വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഒന്നിലധികം കുത്തിവയ്പ്പുകള്‍ നല്‍കിയതോടെ എച്ച്പിവി അണുബാധ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. യു.കെ-യിലെ സ്‌കൂളുകളില്‍ 12 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി എച്ച്പിവി വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. സെപ്റ്റംബര്‍ മുതല്‍ ആണ്‍കുട്ടികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നല്‍കുന്നതും ആരംഭിക്കും. അത് വൈറസിനെ ഉന്മൂലനം ചെയ്യാന്‍ കൂടുതല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിലൂടെ പ്രായമായ സ്ത്രീകള്‍ക്കും ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും എച്ച്പിവി സംബന്ധമായ രോഗങ്ങളില്‍ നിന്ന് ഇതിനകം തന്നെ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

Read More : ഇന്ത്യയില്‍ വില്‍ക്കുന്ന അയഡിന്‍ ചേര്‍ത്ത ഉപ്പുകളില്‍ വലിയ അളവില്‍ വിഷാംശമെന്ന് റിപ്പോർട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍