UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാന്‍സര്‍ രോഗം കൂടുന്നതായി റിപ്പോര്‍ട്ട്

ആദ്യഘട്ടത്തില്‍ രോഗം കണ്ടെത്താന്‍ കഴിയുന്നത് ഏഴ് ശതമാനം മാത്രമാണെന്നതാണ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവിന് കാരണമാകുന്നതെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടി

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാന്‍സര്‍രോഗികളുടെ എണ്ണം കൂടുന്നതായി നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രിയുടെ വാര്‍ഷിക റിവ്യൂ റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നാഷണല്‍ രജിസ്ട്രിയുടെ 33-ാമത് റിവ്യൂ മീറ്റിങിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ അമൃത ഹോസ്പിറ്റലില്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചു. നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ത്രീകളില്‍ തൈറോയിഡ് കാന്‍സറാണ് കുടുതലായി കണ്ടുവരുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ യഥാക്രമം 13.3 ഉും 12 ഉും പേര്‍ക്കാണ് തൈറോയിഡ് കാന്‍സര്‍ ബാധയുള്ളത്. 2017 ല്‍ രാജ്യത്താകമാനം 15.1 ലക്ഷം പുതിയ കേസുകളാണ് നിലവില്‍ കണക്കാക്കുന്നത്. ഇത് 2020 ല്‍ 17.3 ലക്ഷം കേസുകളായി കൂടുമെന്നാണ് വിലയിരുത്തലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. പ്രശാന്ത് മാഥൂര്‍ മീറ്റിങിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനതില്‍ പറഞ്ഞു. പുകയില ഉപയോഗം, അനുചിതമായ ഭക്ഷണക്രമം, മദ്യത്തിന്റെ അമിത ഉപയോഗം, മലിനീകരണം, എന്നിവയാണ് കാന്‍സറിന്റെ പ്രധാന ഘടകങ്ങളായി കണ്ടെത്തിയിരിക്കുന്നത്.

മൂന്നുദിവസങ്ങളിലായ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള കാന്‍സര്‍ ചികിത്സാ വിദഗ്ധന്മാര്‍, പ്രൊഫഷനലുകള്‍ പങ്കെടുക്കുമെന്ന് അമൃത മെഡിക്കല്‍ സയന്‍സിലെ കാന്‍സര്‍ രജിസ്ട്രി വിഭാഗം മേധാവി ഡോ.പി ഗംഗാധരന്‍ പറഞ്ഞു. എന്‍.സി.ആര്‍.പിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ അവലോകനം ചെയ്യും. ആദ്യഘട്ടത്തില്‍ രോഗം കണ്ടെത്താന്‍ കഴിയുന്നത് ഏഴ് ശതമാനം മാത്രമാണെന്നതാണ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവിന് കാരണമാകുന്നതെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടി. ഡോ.പവിത്രന്‍, ഡോ.ദത്ത എന്നിവരും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍