UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ഇമ്യൂണ്‍ തെറാപ്പി ക്യാന്‍സറിനെ എങ്ങനെ തടയുന്നു

കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങള്‍ക്കിടയില്‍ പല ക്യാന്‍സറുകള്‍ക്കുമുള്ള കുത്തിവയ്പ്പ് മരുന്നുകള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

അര്‍ബുദകോശങ്ങള്‍ അതി തന്ത്രശാലികളാണ്. വെറുതേ സ്വന്തം പാടുനോക്കിയിരിക്കേണ്ട ഈ കോശങ്ങള്‍ നിയന്ത്രണങ്ങളെ വകവയ്ക്കാതെ വിഭജിച്ച് വിഭജിച്ച് അവരുടെ സമൂഹം (ട്യൂമര്‍) സൃഷ്ടിച്ചെടുക്കുകയാണ്. കൂടുതല്‍ പോഷകങ്ങള്‍ കിട്ടാന്‍ പുതിയ രക്തക്കുഴലുകള്‍ അങ്ങോട്ട് പൈപ് ലൈന്‍ പോലെ വലിയ്ക്കും. മര്യാദയുടെ ചില ചെക്ക് പോയിന്റുകള്‍ അതിലംഘിക്കും. കോശങ്ങളുടെ സര്‍വ്വനിയന്ത്രണങ്ങളുമുള്ള, മദര്‍ സുപ്പീരിയര്‍ ആയ ന്യൂക്‌ളിയസിലെ ഡി എന്‍ എ യില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇതിനു കാരണം. നേരത്തെ ”കീമോതെറാപ്പി” യ്ക്ക് ഉപയോഗിച്ചിരുന്ന മരുന്നുകള്‍ കോശവിഭജനത്തിനു തടയിടുന്നവ ആയിരുന്നുവെങ്കില്‍ ഇന്ന് മറ്റു പല നിശിതമായ പ്രയോഗങ്ങളാലാണ് ഈ തെമ്മാടി കോശങ്ങളെ നിലയ്ക്കു നിറുത്തുന്നത്. പ്രധാനമായും നമ്മുടെ തന്നെ പ്രതിരോധവ്യവസ്ഥ (Immune system)യെ ഊര്‍ജ്ജതരമാക്കുന്ന വിദ്യകളാണ് ചികില്‍സാപദ്ധതിയില്‍. കഠിനമായ രാസവസ്തുക്കള്‍ കൊണ്ടുള്ള പ്രയോഗമായ കീമോതെറാപ്പി മിക്കവാറും ഒരുകാലത്ത് ഇന്നലത്തെ കഥയായി മാറിയേക്കാം.

നമ്മുടെ രക്തത്തിലുള്ള റ്റി കോശങ്ങള്‍ (T cells) ആണ് അനധികൃതമായി കടന്നു കൂടുന്ന ബാക്റ്റീരിയയോ മറ്റ് അന്യമായ കോശങ്ങളേയോ നശിപ്പിക്കുന്നത്. ഈ റ്റി കോശങ്ങള്‍ നേരിട്ട് വെട്ടി കൊലപാതകം ചെയ്യുന്ന ആയോധനകലയില്‍ പ്രത്യേകം പരിശീലനം നേടിയവരാണ്. അന്യകോശങ്ങളോട് പറ്റിനിന്ന് അവയെ നശിപ്പിക്കുകയാണ് ജന്മോദ്ദേശം. അര്‍ബുദകോശങ്ങളേ നേരിടാന്‍ ഈ T cells നെ തയാറാക്കുക എന്നതാണ് പുതിയ അടവ്. പക്ഷേ അര്‍ബുദകോശങ്ങള്‍ നമ്മുടേത് തന്നെ ആയതിനാല്‍ ഈ റ്റി കോശങ്ങള്‍ക്ക് അവയെ തിരിച്ചറിയാന്‍ പറ്റാതെ പോകുകയാണ്. എന്നാല്‍ അതിചാതുര്യവാന്മാരായ ക്യാന്‍സര്‍ കോശങ്ങള്‍ക്ക് അറിയാതെ ചില വിഡ്ഢിത്തങ്ങള്‍ പറ്റുന്നുണ്ട്. അവയുടെ ഡി എന്‍ എയിലെ ചില പാകപ്പിഴകളാല്‍ (ഇതുകൊണ്ടാണ് അവ നിയന്ത്രണങ്ങളില്ലാത്ത അര്‍ബുദകോശങ്ങളായി മാറിയതു തന്നെ) പുതിയചില പ്രോട്ടീന്‍ തന്മാത്രകള്‍ ഉപരിതലത്തില്‍ പ്രദര്‍ശിപ്പിച്ച് ”ഞങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളാണേ” എന്ന് അറിയിച്ചു കൊണ്ടിരിക്കും. ഈ കോശങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. നമ്മുടെ റ്റി സെല്ലുകളെ ഇവരുടെ നേരേ തിരിയ്ക്കുകയാണ് ഇന്നത്തെ വിദ്യകളിലൊന്ന്. അതിലും എളുപ്പമായ വിദ്യ ക്യാന്‍സര്‍ കോശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേല്‍പ്പറഞ്ഞ പ്രത്യേക തന്മാത്രകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ”ആന്റി ബോഡി” എന്ന പ്രോട്ടീന്‍ കുത്തിവച്ചാലും മതി. ഈ ‘ആന്റിബോഡികള്‍’ അര്‍ബുദകോശങ്ങളെ തെരഞ്ഞു പിടിച്ച് നശിപ്പിച്ചുകൊള്ളും. ഈ തന്മാത്രകളോട് കൂട്ടിച്ചേര്‍ക്കപ്പെട്ട കീമോതെറാപ്പി രാസവസ്തുക്കള്‍ ഇതിനു ആക്കം കൂട്ടുന്ന വിദ്യയും ഉണ്ട്. ക്യാന്‍സര്‍ കോശങ്ങളെ മാത്രം ഇവകള്‍ ഉന്നം വയ്ക്കുന്നതുകൊണ്ട് ശരീരം ആകമാനം വിഷമതകളില്‍ പെടുന്നില്ല. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങള്‍ക്കിടയില്‍ പലേ ക്യാന്‍സറുകള്‍ക്കുമുള്ള ഈ കുത്തിവയ്പ്പ് മരുന്നുകള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

അര്‍ബുദകോശങ്ങള്‍ അതീവ സാര്‍ത്ഥ്യക്കാരാണെന്നതില്‍ സംശയമില്ല. കൊല്ലാന്‍ വരുന്ന റ്റി സെല്‍സിനെ നിര്‍വ്വീരീകരിച്ച് ആക്രമണോല്‍സുകതയില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ അവയ്ക്കറിയാം. റ്റി സെല്‍സിന്റെ ഉപരിതലത്തിലെ ഒരു കൂട്ടം പ്രോടീനുകളെ പൊത്തി അമര്‍ത്തിയാണ് ഇതു സാദ്ധ്യമാക്കുന്നത്. ഈ പ്രവണത പാടേ അകറ്റാനുള്ള ചില പ്രോടീനുകള്‍ കുത്തിവയ്ക്കുന്നത് ഇന്ന് ക്യാന്‍സര്‍ ചികില്‍സയിലെ നൂതനവും പ്രഭാവശാലിയും ആയ മാര്‍ഗ്ഗമാണെന്നുള്ളത് വിപ്ലവം തന്നെ. ”ചെക്ക് പോയിന്റ് അമര്‍ത്തല്‍’ (Check point inhibition) എന്ന് വിളിയ്ക്കുന്ന ഈ ചികില്‍സാപദ്ധതി വന്‍ വിജയമാണ്; 2010 ഇനു മുന്‍പ് 12% മാത്രം അതിജീവനം സാദ്ധ്യമായിരുന്ന ചര്‍മ്മാര്‍ബുദക്കാര്‍ 60% ഇലേക്കാണ് ഇതുമൂലം കുതിച്ചുയര്‍ന്നത്.

പ്രതിരോധവ്യവസ്ഥയുടെ രീതികളെ വിദഗ്ധമായി ചൂഷണം ചെയ്ത് മെനഞ്ഞെടുത്ത മറ്റൊരു അതിശക്തമാര്‍ന്ന ചികില്‍സാപദ്ധതിയാണ് ”ജീവിക്കുന്ന മരുന്ന്’ (Living drug) എന്ന വിശേഷിക്കപ്പെട്ട Car-T ഉപായം. രോഗിയുടെ സ്വന്തം റ്റി സെല്‍സിനെ പുതിയ കളരിയഭ്യാസം പഠിപ്പിച്ചെടുത്ത് ശരീരത്തില്‍ കടത്തിവിടുകയാണ് സൂത്രപ്പണി. ജീന്‍ തെറാപ്പി (പുതിയ ജീനുകള്‍ സന്നിവേശിപ്പിച്ച കോശങ്ങള്‍ ഉപയോഗിച്ചുള്ള ചികില്‍സ) പുതിയ മാനങ്ങള്‍ തേടുന്ന ആധുനിക രീതിയാണിത്. മേല്‍പ്പറഞ്ഞ റ്റി കോശങ്ങളില്‍ പുതിയ ജീനുകള്‍ കൊരുത്താണ് അര്‍ബുദകോശങ്ങളെ നേരിടാന്‍ തയാറാക്കുന്നത്. രോഗിയുടെ രക്തത്തില്‍ നിന്നും തന്നെ വേര്‍തിരിച്ചെടുത്ത റ്റി കോശങ്ങളില്‍ ക്യാന്‍സര്‍ കോശങ്ങളെ നേരിടാനുള്ള ആയോധാനവിദ്യകള്‍ പെറുന്ന ജീനുകള്‍ സന്നിവേശിപ്പിക്കുകയും (പരീക്ഷണശാലയില്‍ അത്യാധുനിക മോളിക്യുലാര്‍ ട്രിക്കുകള്‍ ഉപയോഗിച്ചണിത്) പിന്നെ ഇവയുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. രോഗിയ്ക്കുള്ള പ്രത്യേക അര്‍ബുദകോശങ്ങളെ മാത്രം നേരിടുന്നവയാണിവ,ഈ റ്റി സെല്‍സ് രോഗിയില്‍ കുത്തിവച്ചാല്‍ ഇവ നേരേ പോയി ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിച്ചുകൊള്ളും. റ്റി സെല്‍സിനു മറ്റൊരു പ്രവണതയുമുണ്ട്. ഒരു തവണ ക്യാന്‍സര്‍ കോശങ്ങളുമായി ഏറ്റുമുട്ടിയാല്‍ അവ പെട്ടെന്ന് സ്വന്തം രൂപത്തില്‍ ആയിരക്കണക്കിനു അതേ റ്റി സെല്‍സ് ആയി വിഭജിച്ചു പെരുകും. അതുകൊണ്ട് ഒറ്റത്തവണ മാത്രം ഈ റ്റി സെല്‍സ് കുത്തി വച്ചാല്‍ മതി. അമേരിക്കയിലെ ഭക്ഷ്യ-ഔഷധി ഭരണസമിതി (Food and Drug Administration) ഈയിടെ അനുമതി നല്‍കിയ ഈ ചികില്‍സാ പദ്ധതി ഏറേ വിജയം കാണുകയാണ് പല ക്യാന്‍സര്‍ രോഗികളിലും.

പല ക്യാന്‍സറിനും ഒരേ ചികില്‍സ അനുവദിക്കുന്ന മറ്റൊരു ആധുനിക രീതി വികാസം പ്രാപിച്ചിച്ചിരിക്കുന്നു കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍. ഓരോ അവയവത്തിനും ഓരോ ക്യാന്‍സര്‍ എന്ന പതിവ് നിശ്ചയരീതി മാറി മൂലകാരണമെന്താണ് എന്നതനുസരിച്ച് ചികില്‍സ നിശ്ചയിക്കുകയാണ് ഈ പദ്ധതിയില്‍. വ്യക്തിപരമായ ഈ സമ്പ്രദായം-നിഷ്‌കൃഷ്ട ചികില്‍സാപദ്ധതി (Precision medicine)എന്ന് അറിയപ്പെടുന്നു. ഒരു അവയവത്തിന്റെ ക്യാന്‍സറിനു പൊതു ചികില്‍സാരീതി എന്ന വ്യവസ്ഥ മാറ്റിയിട്ട് അര്‍ബുദകോശങ്ങളുടെ ഡി എന്‍ എ വിശദാംശങ്ങള്‍ നിരീക്ഷിച്ച് ഒരാള്‍ക്ക് അനുയോജ്യമായ ഒരു ചികില്‍സ എന്ന് നിജപ്പെടുത്തുകയാണിവിടെ..ചിലപ്പോള്‍ പലേ ക്യാന്‍സറിനും ഒരേ ചികില്‍സ ആകാനും മതി. 12 വിവിധ ക്യാന്‍സറുകള്‍ക്ക് ഒരേ ഡി എന്‍ എ പ്രശ്‌നങ്ങളാണെന്ന് കണ്ടു പിടിയ്ക്കപ്പെട്ടിട്ടുണ്ട്. കോശങ്ങള്‍ വിഭജിക്കുമ്പോള്‍ അവയിലെ ഡി എന്‍ എ പകര്‍പ്പെടുക്കുമ്പോള്‍ ചില തെറ്റുകള്‍ വരാറുണ്ട്, ഉടന്‍ റിപ്പയര്‍ ചെയ്യാറുമുണ്ട്. പക്ഷേ ചിലപ്പോള്‍ ഈ അറ്റകുറ്റപ്പണിയില്‍ പാളിച്ച വന്നുഭവിക്കും, ക്യാന്‍സറിലെക്ക് നയിക്കും. ഇത്തരം ക്യാന്‍സറുകളെ ഒറ്റയടിക്കു നേരിടാന്‍ പ്രാപ്തമായ മരുന്നുകള്‍ -നേരത്തെ പ്രസ്താവിച്ച ”ചെക്ക് പോയിന്റ് അമര്‍ച്ച’ തന്നെ-ഇക്കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ ഇറങ്ങിയത്. രോഗിയുടെ ക്യാന്‍സര്‍ ഡി എന്‍ എ പരിശോധനയിലാണു തുടക്കം.

T കോശങ്ങളിലെ രണ്ടു വ്യത്യസ്ത ‘ചെക്ക് പോയിന്റു’കളെയാണ് ആലിസനും ഹോന്‍ജോയും കണ്ടെത്തിയത്. ആലിസണ്‍ കണ്ടെത്തിയത് CTLA- 4 ഉം ഹോണ്‍ജോയുടേത് PD-1 ഉം. രണ്ടുപേരും ഈ ചെക്ക് പോയിന്റുകള്‍ക്കെതിരായ ആന്റിബോഡികള്‍ നിര്‍മ്മിക്കുകയും അവ കാന്‍സര്‍ രോഗികളില്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. രണ്ടുപേരുടെയും കണ്ടുപിടിത്തങ്ങളെ സംയോജിപ്പിക്കുമ്പോള്‍ അതു കൂടുതല്‍ കാര്യക്ഷമമാണെന്നും കണ്ടെത്തുകയുണ്ടായി. പ്രത്യേകിച്ചും ശ്വാസകോശാര്‍ബുദം, വൃക്ക കാന്‍സര്‍, സ്‌കിന്‍ കാന്‍സര്‍, ലിംഫോമ തുടങ്ങിയവയ്ക്ക്.

എഴുതിയത് ;
ഇന്‍ഫോ ക്ലിനിക്ക് എന്നഫേസ്ബുക്ക് പേജിന് വേണ്ടി ഡോ: മനോജ് വെള്ളനാട്,

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍