UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

കണ്‍കുരു ഒരു രോഗമാണോ ! കൂടുതലറിയാം

ഇടയ്ക്കിടെ കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്.

വായുവിലെ പൊടിപടലങ്ങളില്‍ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കര്‍ട്ടന്‍ പോലെ രൂപകല്പ്പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കണ്‍പോളകള്‍ ! ഇതിനുള്ളില്‍ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീര്‍ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും രോഗാണുനാശകമായ പദാര്‍ത്ഥങ്ങളും നല്‍കുന്നത് ഇതേ ഗ്രന്ഥികളില്‍ നിന്നൊഴുകുന്ന സ്രവങ്ങളാണ് ! ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോള്‍ അണുബാധ മൂലമോ നീര്‍കെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടര്‍ന്ന് നല്ല വേദനയോടുകൂടി ഒരു തടിപ്പുണ്ടാവുകയും ചെയ്യും. അതാണ് കണ്‍കുരു !

സാധാരണയായി കണ്‍പോളയില്‍ കണ്‍പീലിയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്നുള്ള വേദനയോട് കൂടിയ കുരുക്കളും കണ്‍പീലിയില്‍ നിന്നും അകന്ന് കാണുന്ന വേദനരഹിതമായ കുരുക്കളുമാണ് കാണാറുള്ളത്. ഇവ രണ്ടും നേത്രഗോളത്തിനു ക്ഷതമേല്‍പ്പിക്കത്തക്ക അപകടകരമല്ലാത്തവയാണ്.

ഇടയ്ക്കിടെ കണ്ണ് ചൊറിയുമ്പോള്‍ കൈയില്‍ നിന്നും അണുബാധ ഉള്ളിലേക്ക് പടരാം. ഇതോടൊപ്പം എപ്പോഴും താരന്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലും ഇടയ്ക്കിടെ കണ്‍കുരു കാണാറുണ്ട്. കണ്ണിന്റെ പവര്‍ കൃത്യമല്ലാത്തവരില്‍ ഇടയ്ക്കിടെ കണ്ണ് തിരുമുന്നത് മൂലവും കണ്‍കുരു ഉണ്ടാവാറുണ്ട്. കണ്‍പോളയില്‍ നിന്നും സൂചികുത്ത് പോലത്തെ വേദനയും ഭാരവും തട്ടലുമായിട്ടായിരിക്കും ഇത് തുടങ്ങുന്നത്.

ചികിത്സ

  • യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാന്‍ പാടുള്ളതല്ല. അതിനെ തന്നെത്താന്‍ പൊട്ടിയൊലിക്കാന്‍ അനുവദിക്കുക.
  • ചൂട് വയ്ക്കുക. ചൂട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കണ്‍കുരുവിന് മുകളില്‍ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
  • ഇതോടൊപ്പം ആന്റിബയോട്ടിക്ക് തുള്ളിമരുന്നുകള്‍ ഒഴിക്കേണ്ടതായും ആന്റിബയോട്ടിക്ക് ഓയിന്റ്‌മെന്റുകള്‍ പുരട്ടേണ്ടതായും വരും.സാധാരണഗതിയില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മാറും.
  • നല്ല വേദനയുണ്ടെങ്കില്‍ നീര്‍ക്കെട്ടിനും വേദനക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഗുളികകളും കഴിക്കാം.

എന്നാല്‍ ചിലപ്പോള്‍ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും കണ്ണിനുള്ളില്‍ ഇടയ്ക്കിടെയുള്ള തട്ട് കൂടുതലായി അനുഭവപ്പെടുകയും ചെയ്താല്‍ ചെറുതായി കീറി പഴുപ്പ് പുറത്തേക്ക് ഒഴുക്കേണ്ടി വരാം. അത് വളരെ ലളിതമായി ഒ.പി ചികിത്സയായി ചെയ്യാറുള്ളതാണ്.

പ്രായമായതും രോഗപ്രതിരോധാവസ്ഥ കുറഞ്ഞവരിലെയും ദീര്‍ഘകാലമായുള്ള കണ്‍കുരുവിന് ഉടന്‍ തുടര്‍പരിശോധനയും ചികിത്സയും നല്‍കേണ്ടതാണ്.

കണ്‍കുരു എങ്ങനെ തടയാം ?

ഇടയ്ക്കിടെ കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്.

വിട്ടു മാറാത്ത താരന്‍ മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്‍പോളകളുടെ കാര്യത്തില്‍ ശുചിത്വം പാലിക്കുക. അതായത് ബേബി ഷാംപൂ പതപ്പിച്ച് അതില്‍ മുക്കിയ ബഡ്സ് ഉപയോഗിച്ച് ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ വൃത്തിയാക്കുക.

കണ്‍കുരുവിന്റെ തുടക്കമായി ഫീല്‍ ചെയ്യുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോള്‍ മുതല്‍ക്കേ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് തടയിടുകയും ചെയ്യും.

എഴുതിയത്-ഇന്‍ഫോക്ലിനിക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോക്ടര്‍ നവജീവന്‍ എന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍