UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം

ദ്രാവക അവസ്ഥയിൽ എന്തെങ്കിലും ഇത്തിരി മാത്രം ശ്വാസകോശത്തിൽ എത്തിയാൽ? പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞിനെ നിരീക്ഷിക്കുക. ന്യുമോണിയ വരാനുള്ള സാധ്യത ഏറെ ആണ്

“മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു”: കഴിഞ്ഞ ദിവസത്തെ വാർത്തയാണ്.

“തൊണ്ടയിൽ ഭക്ഷണം കുടുങ്ങി ഡോക്ടർ മരിച്ചു”: ഏതാനും നാൾ മുൻപ് നമ്മൾ ചർച്ച ചെയ്ത വിഷയം.

ഈ വാർത്തകൾ വായിച്ചപ്പോ വെറും കെട്ടുകഥയെന്നു തോന്നുമെങ്കിലും രാജ്യത്തു പലയിടത്തും നടക്കുന്ന മറ്റു ചില സംഗതികളും കൂടി മനസ്സിലെത്തി. പിറന്നു വീഴുന്ന പെൺകുഞ്ഞുങ്ങളുടെ ശ്വാസം എന്നേക്കുമായി ഒരു നെന്മണി വെച്ച്തടയുന്ന രീതികൾ കേവലം കേട്ട് കേൾവിമാത്രമല്ല. ശുശ്രൂഷിച്ചു മടുക്കുമ്പോ വയോധികർക്ക് പരലോകത്തേക്കു പോവാൻ വഴിയൊരുക്കുന്നതിന് ഈ രീതി നാടിന്റെ ചില ഭാഗങ്ങളിൽ ഉള്ളതായി അറിയാം. കപ്പലണ്ടി തൊണ്ടയിൽ പോയി, നിൽക്കാത്ത ചുമയും ശ്വാസ തടസ്സവുമായി കുഞ്ഞുങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും എത്താറുണ്ട്, അത്യാഹിത വിഭാഗത്തിൽ. കപ്പലണ്ടിയോ മാലയുടെ കൊച്ചു മുത്തുകളോ കളിപ്പാട്ടത്തിന്റെ ഭാഗങ്ങളോ ഒക്കെ വായിലിട്ടിരിക്കെ ആവും, ആരെങ്കിലും ഒരു തമാശ കാട്ടുന്നത്. പൊട്ടിച്ചിരിക്കൊടുവിൽ കപ്പലണ്ടി ശ്വാസനാളത്തിലേക്കു കയറും.

ശ്വാസനാളം തീരെ അടഞ്ഞു എങ്കിൽ, ഇതിന്റെ പ്രാഥമികശുശ്രൂഷയെക്കുറിച്ച്‌ അറിയുന്നവർ അടുത്തില്ലെങ്കിൽ, ജീവൻ നഷ്ടപ്പെടും. ഉള്ളിലേക്ക് കയറുന്നത് കൊച്ചു കഷണങ്ങൾ ആണെങ്കിൽ ജീവൻ പോവില്ല. പക്ഷെ, ഏറെ നാളത്തേക്ക് പൊല്ലാപ്പ് ഉണ്ടാക്കാൻ ഈ കൊച്ചു കഷ്ണം മതി.

ഇപ്പറഞ്ഞതൊക്കെ ശരി.

പക്ഷെ മുലപ്പാൽ ശ്വാസനാളത്തിൽ കയറി ആരെങ്കിലും ഒക്കെ മരിക്കുവോ?
അങ്ങനെയും സംഭവിക്കാം.

ഇതേക്കുറിച്ചു പറയും മുൻപ് ഇത്തിരി വിശദീകരണം വേണം. നമ്മളുടെ മൂക്കും വായും തൊണ്ടയും ശ്വാസനാളവും അന്നനാളവും ഒക്കെ എങ്ങനെയാണ് നമ്മളെ ശ്വസിക്കാനും ‘മിണുങ്ങാനും’ ഒക്കെ സഹായിക്കുന്നത് എന്നത്. ഇക്കൂട്ടരുടെ ഘടനയും മനപ്പൊരുത്തത്തോടെയുള്ള പ്രവർത്തനവും എങ്ങനെ എന്ന്. ശരിയായ രീതികൾ അറിയുമ്പോഴല്ലേ, പിഴവുകൾ എങ്ങനെ സംഭവിക്കുന്നു എന്നറിയൂ.

തൊണ്ടയുടെ ഘടനയും പ്രവർത്തനവും (Anatomy & physiology of Nose throat,larynx,pharynx)

ഇതേക്കുറിച്ചുവായിക്കും മുൻപ്, ഒരു കൊച്ചുകണ്ണാടി എടുത്തു വായ നന്നായി തുറന്നു പിടിച്ചൊന്നു നോക്കൂ. അണ്ണാക്കിനു പുറകിൽ തൂങ്ങി കിടക്കുന്ന ചെറുനാക്കിന് ഇരു വശത്തും ഓരോ കർട്ടൻ: വശങ്ങളിൽ രണ്ടു ടോൺസിലുകൾ. കീഴെ നാക്കിന്റെ പുറകു വശം. ഒന്നൂടി തുറന്നു നക്കൊന്നു തുറുപ്പിക്കുമ്പോ, ചെറിയൊരു പഹയൻ എത്തി നോക്കുന്നത് കാണാം. ആരാണിയാൾ? ശ്വാസനാളത്തിന്റെ ഏറ്റവും മേലെ ഉള്ള സ്വനപേടകത്തെ കൃത്യമായി അടച്ചു വെക്കുന്ന മൂടി ആണ് ‘എപിഗ്ലോട്ടിസ്'(Epiglottis ) എന്നുവിളിക്കുന്ന ഇയാൾ. രണ്ടു മൂക്കിലൂടെ കയറി പോവുന്ന വായുവും, വായിലൂടെ നമ്മൾ കഴിക്കുന്ന ആഹാരവും, കുടിവെള്ളവും, ഇടയ്ക്കിടെ നമ്മൾ ഇറക്കുന്ന ഉമിനീരും ഒക്കെ, ഒടുവിൽ ചെന്നെത്തുന്ന പുറകിലെ ഭാഗം ആണ് തൊണ്ട.

നേരെ മുന്നിൽ നിന്ന് ആഹാരവും തൊട്ടു മേലെ നിന്ന് വായുവും ഏറ്റുവാങ്ങും. എന്നിട്ടു പിന്നെ അതുക്കൾ എങ്ങോട്ടു പോവും? തൊട്ടു താഴെ രണ്ടു കുഴലുകലുണ്ട്; സമാന്തരമായി, ഒന്നിന് പുറകെ ഒന്നായി.
ശ്വാസനാളത്തിനു കിരീടം ചാർത്തിയ പോലെ സ്വനപേടകം, അതിനെ മൂടിക്കൊണ്ടു എപിഗ്ലോറ്റിസ്, പുറകിൽ ആയി അന്നനാളം. ശ്വാസനാളം എപ്പോഴും വൃത്താകാരത്തിൽ കൃത്യമായി ഒരു പൈപ്പിന്റെ രൂപത്തിൽ തന്നെ ആണ്. അതിനു ചുറ്റിലും വാരിയെല്ലുകൾ പോലെ കാർട്ടിലേജുകൾ ഉണ്ട്. എന്നാൽ
അന്നനാളം അങ്ങനെയല്ല. ചപ്പിച്ചുളുങ്ങി ഇരിക്കും. പക്ഷെ, ഒരുരുള വരുമ്പോ ഏറ്റുവാങ്ങി അതിനെ കൃത്യമായി താഴേക്കു ഉരുട്ടി കൊണ്ട് പോവും.

പറഞ്ഞു വന്നത് നമ്മളുടെ തൊണ്ട ഏകദേശം ഒരു റയിൽവേ ക്രോസ് പോലെയാണ്. ബസ്സും കാറും ഒക്കെ ഏതു നേരവും പോകാൻ എപ്പോഴും തുറന്നു വെച്ചിരിക്കുന്ന രണ്ടു ഗേറ്റുകൾ അനുവദിക്കും. പക്ഷെ തീവണ്ടി വരുമ്പോഴോ? ഗേറ്റുകൾ ഇരുപുറവും അടക്കും. അതെന്നെ ഇവിടെയും.

ഒരു നിമിഷം പോലും നമ്മൾക്ക് ശ്വസിക്കാതെ ഇരിക്കാൻ ആവുമോ? ഇല്ലാലോ..? മൂക്കിലൂടെ കയറുന്ന വായു കൃത്യമായി സ്വനപേടകത്തിലൂടെ പിന്നെ ശ്വാസ നാളത്തിലൂടെ ഒരു തടസ്സവുമില്ലാതെ ശ്വാസകോശത്തിലേക്കു എത്താൻ പാകത്തിൽ, നമ്മളുടെ അണ്ണാക്ക് മേലെയും എപിഗ്ലോറ്റിസ് താഴെയും എപ്പോഴും തുറന്നു തന്നെയിരിക്കും; ഉറക്കത്തിലും ഉണർവ്വിലും. എന്നാൽ എന്തെങ്കിലും ഇറക്കാൻ തോന്നുമ്പോ, ഈ ഗേറ്റുകൾ രണ്ടും അടയും. അപ്പൊ മറ്റേ വഴി തുറക്കും; വായിൽ നിന്ന് നേരെ കീഴോട്ട് അന്നനാളത്തിലേക്കു വഴി. ഈ പോക്കിന് ആക്കം കൂട്ടാൻ തൊണ്ടയുടെ ഭിത്തിയിൽ ഉള്ള മസിലുകൾ സങ്കോചിക്കും; ഒരിറ്റു വെള്ളം പോലും മേലെ മൂക്കിലേക്കോ കീഴെ ശ്വാസ നാളത്തിലേക്കോ കടക്കാതെ. തൊണ്ടയുടെ ഭിത്തിയിലെ മസിലുകൾ സങ്കോചിക്കുമ്പോൾ തന്നെ, വഞ്ചിയുടെ കാറ്റു പായ വലിച്ചു കെട്ടും പോലെ എപിഗ്ലോറ്റിസ് എന്ന മൂടി വലിച്ചടയുന്നതും, അണ്ണാക്കിന്റെ തിരശീല ഉയർന്നു ചെന്ന് മൂക്കിലേക്കുള്ള വഴി അടയുന്നതും ഒപ്പം നടക്കും. ഒരൊറ്റ മനസ്സായി ഒരേ താളത്തിൽ..
എങ്കീ പിന്നെ നമ്മൾ എന്തിനു ഭയക്കണം..?

ഒന്നോർത്തു നോക്കൂ.
നമ്മളിൽ പലർക്കും എപ്പോഴെങ്കിലും ഒക്കെ ഈ അക്കിടി പിണഞ്ഞിട്ടില്ലേ? ചോറുണ്ണുമ്പോ വറ്റ് തരിപ്പിൽ പോയി ചുമച്ചു കണ്ണ് തുറിക്കുമ്പോ അമ്മയുടെ കൈകൾ ശിരസ്സിൽ തട്ടിയത് ഓർമ്മയിൽ വരുന്നില്ലേ?
‘ചെയ്യുന്ന കാര്യം എന്തായാലും മനസ്സിരുത്തി വേണം’ എന്ന ശാസനയും ഓർമ്മയിൽ എത്തും. തെന്നെ.
ശ്രദ്ധയില്ലാതെ വലിച്ചുവാരിതിന്നുമ്പോ മേലെ പറഞ്ഞ മസിലുകളുടെ ഏകോപനം തെറ്റും. സ്വനപേടകത്തിന്റെ മൂടി അടയും മുൻപ് അന്നനാളത്തിലേക്കു പോകേണ്ട ചോറും വറ്റ് അറിയാതെ ശ്വാസനാളത്തിലേക്കു കയറിക്കൂടും.

വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം അക്കിടികൾ പലപ്പോഴും വലിയ കുഴപ്പം ഉണ്ടാക്കാറില്ല; ഭാഗ്യം.
ഇത്തിരി തുള്ളി വെള്ളമോ ചെറു വറ്റുകളോ ആയതു കൊണ്ട്. എന്നാൽ ശ്വാസനാളം മുഴുവൻ അടഞ്ഞു പോയാൽ.. ആരായാലും അടിപെട്ടേക്കാം.

ഇത് വരെ പറഞ്ഞത് അറിയാതെ പറ്റുന്ന അക്കിടിയെ പറ്റി.

പക്ഷെ ഇടയ്ക്കിടെ കഴിക്കുന്ന ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേക്കു കയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചില അവസ്ഥകൾ ഉണ്ട്. ആഹാരം കഴിക്കുമ്പോ ആവാം അല്ലാത്തപ്പോ ആവാം. ആമാശയത്തിൽ നിന്ന് അന്നനാളത്തിലൂടെ തേട്ടി വന്നു ശ്വാസകോശത്തിൽ കയറുന്നതുമാവാം. ഓരോ പ്രാവശ്യവും വലിയ അളവിൽ ആവാം. ചെറുതുള്ളികൾ പലപ്പോഴായി ശ്വാസനാളത്തിലേക്കു ഇറ്റിവീഴുന്ന വിധത്തിലും ആവാം.

▪️എന്തൊക്കെ കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം ?

1. ഘടനാപരമായ വൈകല്യങ്ങൾ. ജന്മവൈകല്യങ്ങൾ ആണിതിൽ പലതും. ഇത് കേൾക്കുമ്പോ പെട്ടെന്ന് മനസ്സിൽ ഓടിയെത്തുന്നത് അണ്ണാക്കിലെ ദ്വാരം(cleft palate). അതിലും ഗൗരവതരമായ വൈകല്യങ്ങളും ഉണ്ട്. അന്നനാളവും ശ്വാസനാളവും തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ നേരിയ വിടവ് അതിലൊന്നാണ് (Tracheo esophageal fistula).

2. നേരത്തെപറഞ്ഞില്ലേ, വ്യത്യസ്ഥ ചുമതലകൾ ഒരേ സമയം ചെയ്യുന്ന മസിലുകളുടെ ഏകോപനം നഷ്ടപ്പെടുമ്പോൾ ഇങ്ങനെ സംഭവിക്കാം. ഉദാഹരണത്തിന്, സെറിബ്രൽ പാൾസി ഉള്ള കുട്ടികളെ ശ്രദ്ധിച്ചാൽ അറിയാം. ഉമിനീർ ഇറക്കാൻ ആവാതെ ഏതു നേരവും പുറത്തേക്കൊഴുകുന്നതും ആഹാരം കൊടുക്കാൻ ഏറെ നേരം വേണ്ടി വരുന്നതും ഒക്കെ. ഞരമ്പ് സംബന്ധമായ മറ്റു ചില അവസ്ഥകളിലും ഇങ്ങനെ സംഭവിക്കാം.

3. മാസം തികയാത്ത കുഞ്ഞുങ്ങളിൽ വലിച്ചു കുടിക്കുന്നതും ഇറക്കുന്നതും ഒക്കെ വികാസം പ്രാപിച്ചു വരുന്നേ ഉണ്ടാവൂ. സൂക്ഷിച്ചു കൊടുത്തില്ലെങ്കിൽ പലപ്പോഴും ഭക്ഷണം ശ്വാസനാളത്തിലേക്കു കയറാം.

4. ആമാശയത്തിൽ നിന്ന് സാധാരണയായി അന്നനാളത്തിലേക്കു തിരിയെ കയറാത്ത വിധം അവിടെ വാതിൽ അടഞ്ഞു കിടക്കും. എന്നാൽ ഈ വാതിൽ ശരിയായി അടയാത്ത ഒരവസ്ഥ ഉണ്ട്. Gastro oesophagial reflux disease (GERD). പ്രത്യേകിച്ച് കട്ടി കുറഞ്ഞ ആഹാരങ്ങൾ കഴിക്കുമ്പോഴോ, കഴിച്ച ഉടനെയോ, നേരെ കിടത്തിയാലോ ഒക്കെ ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്കും ഇത്തിരി തൊണ്ടയിലും എത്തുന്നു, വിരളമായെങ്കിലും ഈ ആഹാരം ശ്വാസനാളത്തിലേക്ക് കടക്കുകയും പ്രശനം ഉണ്ടാവുകയും ചെയ്യും. മുലയൂട്ടിയ കുഞ്ഞിനെ തോളത്തിട്ടു തട്ടി നമ്മൾ ‘ഗ്യാസ്’ കളയണം. ഇത് ശരിക്കു ചെയ്തില്ലെങ്കിൽ മുലപ്പാൽ തേട്ടി വരാനും, ശ്വാസനാളത്തിലേക്കു പോവാനും ഇടയുണ്ട്.

5. അരികിൽ കിടത്തി, പാല് കൊടുത്ത്, ഗ്യാസ് കളയാതെ, ഛർദിച്ചു ‘തരിപ്പിൽ കയറാം.’ ഉറക്കം പോവുമെങ്കിലും എണീറ്റിരുന്നു കുഞ്ഞിന് പാല് കൊടുത്തു തോളത്തിട്ടു തട്ടിയ ശേഷം കിടത്തുന്നതാണ് നല്ലത്.

▪️എന്തൊക്കെയാണ് ലക്ഷണങ്ങൾ?

ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴോ പാൽ കുടിച്ചു കൊണ്ടിരിക്കുമ്പോഴോ പെട്ടെന്ന് ചുമയും ശ്വാസ തടസ്സവും. ചിലപ്പോ കണ്ണ് തുറിച്ചു ആകെ നീലക്കും.

ഇതേ തുടർന്ന് നിൽക്കാത്ത ചുമയും ശ്വാസ തടസ്സവും ഉണ്ടാവാം. ശബ്ദത്തിനു മാറ്റം വരാം. ശ്വസിക്കുമ്പോ തടസ്സം കൊണ്ട് ഉണ്ടാവുന്ന ശബ്ദം പുറത്തേക്കു കേൾക്കാം ചിലപ്പോ. ആസ്ത്മ രോഗത്തിന് സമാനമായ ലക്ഷണങ്ങളും ഉണ്ടാവാം.

വിക്കി പോകുന്ന അവസ്ഥ ഉണ്ടായി കുറച്ചുനാൾ കഴിഞ്ഞു കാണുന്ന ഒരു പ്രശ്നമാണ് അടിക്കടി ഉണ്ടാകുന്ന ന്യുമോണിയ. ചികിത്സ കൊണ്ട് ഭേദമായാലും, ഏതാനും ദിവസം കഴിയുമ്പോ വീണ്ടും വീണ്ടും, പ്രത്യേകിച്ച് ശ്വാസകോശത്തിന്റെ ഏതെങ്കിലും ഒരേ ഭാഗത്തു തന്നെ, ആവർത്തിച്ചു അണുബാധ ഉണ്ടാവും.

▪️ഉള്ളിൽ എന്തെങ്കിലും പോയോ ഇല്ലയോ എന്ന് സംശയം ഉള്ള അവസ്ഥയിൽ അതെങ്ങനെ ഉറപ്പാക്കും ?

കൃത്യമായ നിർണയത്തിന് എക്സ് റേയോ, സ്കാനിങ്ങിന്റെ വിവിധ രീതികളോ ചിലപ്പോ വേണ്ടി വരും.

▪️എങ്ങനെ ചികിൽസിക്കാം?

പെട്ടെന്ന് ശ്വാസനാളം അടഞ്ഞു മരണം സംഭവിക്കാതിരിക്കാൻ വേണ്ട പ്രാഥമിക ശുശ്രൂഷ നമ്മൾ എല്ലാരും അറിയണം. എല്ലാരും എന്ന് പറഞ്ഞാൽ, ഓരോ പൗരനും.

കുഞ്ഞിന് ബോധം ഉണ്ടായിരിക്കുകയും, ചുമയ്ക്കുകയോ മറ്റെന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ ചെയ്യുകയാണെങ്കിലും പെട്ടെന്ന് വേറൊന്നും ചെയ്യേണ്ടതില്ല. മുതിർന്ന കുട്ടിയാണെങ്കിൽ തനിയെ തൊണ്ടയിൽ പോയ വസ്തു ചുമച്ചു പുറത്തുകളയാൻ പ്രേരിപ്പിക്കാവുന്നതാണ്. ഒരു കാരണവശാലും കൈ ഉള്ളിലിട്ട് വിക്കി പോയ വസ്തു എടുക്കാൻ ശ്രമിക്കരുത്. അത് മൂലം വസ്തു വീണ്ടും ഉള്ളിലേക്ക് പോകാനും, അവസ്ഥ സങ്കീർണമാകാനും സാധ്യതയുണ്ട്.

കുഞ്ഞിന് ബോധം ഉണ്ടായിരിക്കുകയും, എന്നാൽ ചുമയ്ക്കുകയോ മറ്റെന്തെങ്കിലും ശബ്ദമുണ്ടാക്കാനോ കഴിയാത്ത സ്ഥിതി ആണെങ്കിൽ, തൊണ്ടയിൽ വസ്തു കുടുങ്ങിയതിന്റെ ലക്ഷണമാവാം. അങ്ങനെയെങ്കിൽ അത് പുറത്തെടുക്കുന്നത് എങ്ങനെ എന്ന് വിശദമായി പറയാം.

ഒരു വയസ്സിനു താഴെ പ്രായമാണെങ്കിൽ: കുഞ്ഞിനെ കമഴ്ത്തി തല അല്പം താഴെയായി വരുന്ന രീതിയിൽ നമ്മുടെ തുടയിൽ കിടത്തി, മുതുകത്ത് തോൾ എല്ലുകൾക്കിടയിൽ കൈയുടെ പാത്തി ഉപയോഗിച്ച് അത്യാവശ്യം ശക്തിയായി മുൻപോട്ട് പ്രഹരമേൽപ്പിക്കുക എന്നതാണ് ആദ്യത്തെ നടപടി. ഇതിനുശേഷം ഉടനെതന്നെ കുഞ്ഞിനെ മലർത്തി കിടത്തി, കുഞ്ഞിന്റെ നെഞ്ചിന്റെ മധ്യഭാഗത്ത് മുലഞെട്ടുകളുടെ ലെവലിൽ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് 5 പ്രാവശ്യം അമർത്തേണ്ടതാണ്(CPR ചെയ്യുന്നതുപോലെ). ഇതിനുശേഷം വായ തുറന്ന് വിക്കിപ്പോയ വസ്തു പുറത്തു വന്നിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, വസ്തു പുറത്ത് കാണാം എങ്കിലും ഒരിക്കലും അത് വായിൽ വിരലിട്ട് തിരിച്ചെടുക്കാൻ ശ്രമിക്കരുത്. ആദ്യത്തെ രണ്ട് സ്റ്റെപ്പുകൾ വസ്തു പുറത്തെത്തും വരെ വീണ്ടും വീണ്ടും ആവർത്തിക്കാവുന്നതാണ്.

ഒരു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയാണെങ്കിൽ Heimlich maneuver അഥവാ രോഗിയുടെ പിറകിൽനിന്ന് വയറിന്റെ മുകൾഭാഗത്ത് ഇരുകൈകൾ ഉപയോഗിച്ച് മുകളിലേക്കും പുറകോട്ടും ഉള്ള ദിശയിൽ മർദ്ദം പ്രയോഗിക്കുന്ന രീതിയാണ് ചെയ്യേണ്ടത്.

ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന വേളയിൽ എപ്പോഴെങ്കിലും കുഞ്ഞിന് ബോധം നഷ്ടപ്പെടുകയാണെങ്കിൽ ഉടനെതന്നെ ഇതെല്ലാം നിർത്തി കുഞ്ഞിന് ‘CPR’ രീതിയിൽ നെഞ്ചിനു മുൻവശത്ത് മർദ്ദം കൊടുക്കേണ്ടതാണ്.

ദ്രാവക അവസ്ഥയിൽ എന്തെങ്കിലും ഇത്തിരി മാത്രം ശ്വാസകോശത്തിൽ എത്തിയാൽ? പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞിനെ നിരീക്ഷിക്കുക. ന്യുമോണിയ വരാനുള്ള സാധ്യത ഏറെ ആണ്. നേരത്തെ തിരിച്ചറിഞ്ഞു ചികില്സിക്കണം.

ഖര രൂപത്തിലുള്ള എന്തും കണ്ടത്താനും എടുത്തു കളയാനും കുഴലിറക്കി തന്നെ വേണം(bronchoscopy).

▪️ഇങ്ങനെ സംഭവിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

1. പലപ്പോഴും കുഞ്ഞുങ്ങളെ കാലിൽ മലർത്തി കിടത്തി കുറുക്കു കോരിക്കൊടുക്കുന്നതു കണ്ടിട്ടുണ്ട്. ഇത് ഒഴിവാക്കണം. ഇരുത്തി പതിയെ കുഞ്ഞു ആസ്വദിച്ചു കൊണ്ട് വേണം കുറുക്കുകൾ കൊടുക്കാൻ.

2. കൊടുക്കുന്ന ആഹാരത്തിനു കട്ടി കൂട്ടി കൊടുക്കുന്നത് ഒരു പരിധി വരെ ഇത് തടയാൻ സഹായിക്കും.

3. ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്കു തികട്ടി വരുന്ന സ്ഥിതിയെ, മേൽപ്പറഞ്ഞ രീതികൾക്കൊപ്പം ചിലപ്പോൾ മരുന്നുകൾ കൊടുത്തു ചികിൽസിക്കേണ്ടിവരാം.

4. ഇത് സംഭവിക്കുന്നതിനു കാരണം ആയി നേരത്തെ പറഞ്ഞ കാരണങ്ങൾ കണ്ടെത്തി ചികിൽസിക്കണം. വൈകല്യങ്ങൾ ഓപ്പറേഷൻ ചെയ്തു പരിഹരിക്കാം.

വളരെ വിരളമായി സംഭവിക്കുന്ന ഒരു പ്രശ്നമാണെങ്കിലും, സംഭവസ്ഥലത്തു വച്ചു നിമിഷങ്ങൾക്കുള്ളിൽ ലഭിക്കുന്ന ശരിയായ പ്രഥമശുശ്രുഷ കൊണ്ട് പൂർണ്ണമായും സാധാരണഗതിയിൽ ആക്കാവുന്ന ഒന്നാണ് ശ്വാസകോശത്തിലേക്ക് വസ്തുക്കൾ വിക്കി പോകുന്ന സ്ഥിതി. എന്നാൽ, ശുശ്രൂഷ കിട്ടിയില്ല, അല്ലെങ്കിൽ വൈകിയാൽ..? മാരകമാണ്, വലിയ ഒരു ശതമാനം മനുഷ്യർക്ക്..വിശേഷിച്ച് പിഞ്ചുകുഞ്ഞുങ്ങളിൽ.

ഫേസ്ബുക്കിലെ ഇന്‍ഫോക്ലിനിക്ക് കൂട്ടായ്മക്കുവേണ്ടി ഡോ.  പുരുഷോത്തമൻ ,ഡോ.മനു മുരളീധരൻ എന്നിവര്‍ എഴുതിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍