UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നില്‍: 154ാം സ്ഥാനം

ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ അയല്‍രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ.

ആരോഗ്യരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും പാക്കിസ്ഥാനും പിന്നില്‍. ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡിയുടെ കണക്ക് പ്രകാരമാണ് ഇക്കാര്യം പുറത്തുവരുന്നത്. ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്ക് പ്രകാരം ആരോഗ്യസുരക്ഷയുടെ കാര്യത്തില്‍ 195 രാജ്യങ്ങളില്‍ 154ാം സ്ഥാനമാണ് ഇന്ത്യക്ക്. ആരോഗ്യപരിപാലത്തിന്റെ കാര്യത്തില്‍ ചൈന, ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നെല്ലാം ഇന്ത്യക്ക് പഠിക്കാനുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് പഠനത്തിന് സാമ്പത്തിക സഹായം നല്‍കിയത്.

മതിയായ ചികിത്സ നല്‍കിയാല്‍ ഭേദപ്പെടുത്താന്‍ സാധിക്കുന്ന രോഗങ്ങള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 32 രോഗങ്ങളാണ് പരിഗണിച്ചത്. 1990 മുതല്‍ ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തില്‍ ഓരോ രാജ്യത്തുമുണ്ടായ പുരോഗതിയും വിലയിരുത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും വേഗതയില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന് ഖ്യാതി നേടുകയും സാമ്പത്തികവളര്‍ച്ചയില്‍ ചൈനയുമായി മത്സരിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ അവസ്ഥ ആരോഗ്യരക്ഷയുടെ കാര്യത്തില്‍ പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ ഗുണനിലവാരത്തില്‍ 1990ല്‍ നിന്ന് 14.1 ശതമാനം വളര്‍ച്ചയാണ് 15 വര്‍ഷം കൊണ്ട് ഇന്ത്യ നേടിയത്. 1990ല്‍ 30.7 ശതമാനം ആയിരുന്നത് 2015ല്‍ 44.8 ആയി.

ശ്രീലങ്ക (72.8), ബംഗ്ലാദേശ് (51.7), ഭൂട്ടാന്‍ (52.7), നേപ്പാള്‍ (50.8), പാകിസ്ഥാന്‍ (43.1), അഫ്ഗാനിസ്ഥാന്‍ (32.5) എന്നിങ്ങനെയാണ് അയല്‍ രാജ്യങ്ങളുടെ നില. ട്യൂബര്‍ക്കുലോസിസ്, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പരിചരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ആരോഗ്യരക്ഷയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്നത് സ്വിറ്റസര്‍ലാന്‍ഡാണ്. പിന്നില്‍ സ്വീഡനും നോര്‍വേയുമുണ്ട്. ശ്രീലങ്ക 73ാം സ്ഥാനത്തും ചൈന 82ാം സ്ഥാനത്തുമാണ്. വികസിത രാജ്യങ്ങളെ മാത്രമെടുത്താല്‍ യുഎസും ബ്രിട്ടനും ആരോഗ്യരക്ഷയില്‍ പിന്നിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍