UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഉറക്കമില്ലായ്മയ്ക്ക് യോഗയിലൂടെ പ്രതിവിധി കണ്ടെത്താം

ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗാഢതയും വര്‍ദ്ധിപ്പിക്കാനും യോഗയിലൂടെ സാധിക്കുമെന്നും പഠനഫലം പറയുന്നു

ഉറക്കമില്ലായ്മ(ഇസ്‌നോമ്‌നിയ) മൂലം വിഷമിക്കുന്നവര്‍ക്ക് യോഗയില്‍ ഫലപ്രദമായ ചികിത്സ. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യോഗയിലൂടെ കായികക്ഷമതയും ശ്വസനവും മെച്ചപ്പെടുമെന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഉറക്കക്കുറവിന്റെ മുഖ്യകാരണങ്ങളായ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഏകാഗ്രത കൈവരുത്താനും യോഗയിലൂടെ സാധിക്കുമെന്നാണ് പുതിയ നിരീക്ഷണം.

ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗാഢതയും വര്‍ദ്ധിപ്പിക്കാനും യോഗയിലൂടെ സാധിക്കുമെന്നും പഠനഫലം പറയുന്നു. ഇസ്‌നോമ്‌നിയയുടെ പ്രൈമറി തലത്തിലുള്ളവര്‍ക്കും സെക്കന്‍ഡറി തലത്തിലുള്ളവര്‍ക്കും യോഗ ഒരു പോലെ ഗുണം ചെയ്യും. താളം തെറ്റിയ ഉറക്കത്തില്‍ നിന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും സ്വതന്ത്രമായ ഉറക്കമില്ലായമയാണ് ഇസ്‌നോമ്‌നിയയുടെ പ്രാഥമിക തലം. എന്നാല്‍ മറ്റേതെങ്കിലും രോഗാവസ്ഥ മൂലമുണ്ടാകുന്ന ഉറക്കക്കുറവാണ് സെക്കന്‍ഡറി ഇസ്‌നോമ്‌നിയ.

പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് ഗവേഷകര്‍ അടിസ്ഥാന യോഗ പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. എട്ട് ആഴ്ച ഇത് പ്രാക്ടീസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. യോഗ പ്രാക്ടീസ് ചെയ്യുന്നത് ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതല്‍ പഠനത്തില്‍ പങ്കെടുക്കുന്നവരെക്കൊണ്ട് ഉറക്ക ഡയറികള്‍ എഴുതിക്കാന്‍ ആരംഭിച്ചിരുന്നു. ഈ ഡയറിയാല്‍ എത്രസമയം ഉറങ്ങി, ഉറക്കത്തിനിടയില്‍ എത്ര തവണ എഴുന്നേറ്റു, ഉറക്കത്തിനായി എത്രസമയം കാത്തുകിടന്നു, രാത്രി ഉറക്കത്തിനിടെയുണ്ടായ മറ്റ് അനുഭവങ്ങള്‍ എന്നിവ ഈ ഡയറിയില്‍ കുറിച്ചുവയ്ക്കുന്നുണ്ടായിരുന്നു. ഇരുപത് പേരാണ് എട്ട് ആഴ്ച നീണ്ടുനിന്ന പഠനത്തില്‍ പങ്കെടുത്തത്. യോഗയുടെ സ്വാധീനം പരിശോധിക്കാന്‍ ഗവേഷകര്‍ എല്ലാ ദിവസവും ഈ ഡയറികള്‍ പരിശോധിച്ചിരുന്നു.

ഉറക്കത്തിന്റെ പല തലങ്ങളിലും യോഗയിലൂടെ പുരോഗതിയുണ്ടായെന്നാണ് അവര്‍ കണ്ടെത്തിയത്. ഉറക്കത്തിന്റെ ഗാഢത, സമയം, ഉറക്കം കാത്തുകിടക്കുന്ന സമയം എന്നിവയിലും പുരോഗതി കണ്ടെത്തി. യോഗ ഉറക്കം മെച്ചപ്പെടുത്തുമെന്നതിന് മറ്റ് ശാസ്ത്രീയ തെളിവുകള്‍ സമീപകാലത്ത് തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ഗവേഷണ സംഘം പറയുന്നു. ക്യാന്‍സര്‍ രോഗവിമുക്തരായ 410 പേരില്‍ നടത്തിയ പഠനത്തിലും യോഗ ഉറക്കത്തെ സഹായിക്കുമെന്നും ക്ഷീണം ഇല്ലാതാക്കുമെന്നും ഉറക്കമരുന്നുകളുടെ ഉപയോഗം കുറയ്ക്കാമെന്നും കണ്ടെത്തിയിരുന്നു.

സ്ത്രീകളില്‍ ആര്‍ത്തവത്തിന് ശേഷമുള്ള ഉറക്കക്കുറവും യോഗയിലൂടെ പരിഹരിക്കാമെന്നും കണ്ടെത്തലുണ്ട്. ക്യാന്‍സര്‍, വിട്ടുമാറാത്ത വേദന തുടങ്ങിയ രോഗങ്ങളും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നതും ഉറക്കക്കുറവിന് കാരണമാകാം. മദ്യത്തിന്റെ അമിത ഉപയോഗമാണ് ഉറക്കക്കുറവിനുള്ള മറ്റൊരു കാരണം. ചിലപ്പോള്‍ മരുന്നുകള്‍ ഇതിനുള്ള പ്രതിവിധിയാണെങ്കിലും ഏത് ചികിത്സയും ആരംഭിക്കേണ്ടത് ജീവിതരീതിയില്‍ മാറ്റം വരുത്തിയാണെന്നും പറയുന്നു. ജീവിതരീതിയില്‍ മാറ്റം വരുത്താനും യോഗ സഹായിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍