UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരോഗ്യ സുരക്ഷ ഉന്നതര്‍ക്ക് മാത്രമോ?

Avatar

ടീം അഴിമുഖം

എല്ലാവരും തുല്യരാണ്, പക്ഷെ ചിലര്‍ കൂടുതല്‍ തുല്യരാണ്. നിലവിലുള്ളതും പിരിഞ്ഞതുമായ സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ലമെന്റ് അംഗങ്ങളും മുന്‍ അംഗങ്ങളും, അംഗീകൃത പത്രലേഖകര്‍ തുടങ്ങിയവര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്) പ്രകാരം പ്രതിശീര്‍ഷ സര്‍ക്കാര്‍ ചിലവ് 5000 രൂപയില്‍ കൂടുതലാണ്. എന്നാല്‍, ഗ്രാമീണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ആര്‍എച്ച്എം) പ്രകാരമുള്ള പ്രതിശീര്‍ഷ സര്‍ക്കാര്‍ ചിലവ് വെറും 180 രൂപയും. 

കേന്ദ്ര നികുതി വരുമാനങ്ങളിലൂടെയാണ് സിജിഎച്ച്എസിനുള്ള പണം കണ്ടെത്തുന്നത്. അവരവരുടെ ശമ്പള സ്‌കെയ്‌ലിനനുസരിച്ച് പ്രതിവര്‍ഷം 600 രൂപ മുതല്‍ 6000 രൂപ വരെ ഗുണഭോക്തൃവിഹിതം വാങ്ങുന്നുണ്ടെങ്കിലും ഇത് മൊത്തം ചിലവിന്റെ വെറും അഞ്ച് ശതമാനം മാത്രമേ ആകുന്നുള്ളു. ബാക്കി 95 ശതമാനവും സര്‍ക്കാരിന്റെ ബാധ്യതയാണ്. 

2012-13 ലെ കണക്കുകള്‍ പ്രകാരം സിജിഎച്ച്എസിന് 10.3 ലക്ഷം ഗുണഭോക്താക്കളാണ് ഉള്ളത്. ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 33.6 ലക്ഷം ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ 1600 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. മൊത്തം എണ്ണത്തിന്റെ 40 ശതമാനം കാര്‍ഡുടമകളുള്ള ഡല്‍ഹിയിലാണ് സിജിഎച്ച്എസ് ബജറ്റിന്റെ 60 ശതമാനവും ചിലവഴിക്കപ്പെടുന്നത്. 4 ശതമാനം അംഗങ്ങളുള്ള കൊല്‍ക്കത്തിയില്‍ മൊത്തം ബജറ്റിന്‍റെ 8 ശതമാനം ചിലവഴിക്കപ്പെടുന്നു.

രാജ്യത്തെ അധികാര വര്‍ഗത്തിന്റെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ ആവശ്യങ്ങള്‍ പരിഹരിക്കാനായി മാത്രമുള്ള ഇത്തരം പദ്ധതികളുടെ സാന്നിധ്യം മൂലമാകാം ഉയരുന്ന ആരോഗ്യരക്ഷ ചിലവുകള്‍ പിടിച്ചു നിറുത്താനുള്ള ഉത്സാഹമോ തിടുക്കമോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

ആരോഗ്യ രക്ഷാ രംഗത്തെ രാജ്യത്ത് ഏറ്റവും അധികം പൊതു മുതല്‍ ചിലവഴിക്കപ്പെടുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (പ്രതിവര്‍ഷം ഒരു കുടുംബത്തിന് 30000 രൂപ) ആന്ധ്ര സര്‍ക്കാരിന്റെ രാജീവ് ആരോഗ്യശ്രീ (പ്രതിവര്‍ഷം ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപ) തമിഴ്‌നാടിന്റെ കലൈഞ്ജര്‍ പദ്ധതി (ഒരു കുടുംബത്തിന് നാല് വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ) തൂടങ്ങിയ പദ്ധതികളെല്ലാം തന്നെ ചിലവുകള്‍ക്ക് പരിധി നിശ്ചയിക്കുമ്പോള്‍, സിജിഎച്ച്എസിനെ അങ്ങനെ ഒരു പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. 

പത്ത് തൊഴിലാളികളില്‍ കൂടുതല്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് സ്‌കീമില്‍ (ഇഎസ്‌ഐഎസ്) ധനപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും, ഗുണഭോക്താക്കള്‍ക്കുള്ള പ്രതിശീര്‍ഷ ചിലവ് 379 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 5.6 കോടി ആളുകളാണ് ഇഎസ്‌ഐഎസിന്റെ പരിധിയില്‍ വരുന്നത്. ഔട്ട്‌പേഷ്യന്റ് ശുശ്രൂഷ, രോഗം തടയല്‍/ചികിത്സാനന്തര ശ്രദ്ധ, ആശുപത്രിയില്‍ കിടത്തി ചികിത്സ എന്നി ഉള്‍പ്പെടെ സമഗ്രമായ ആരോഗ്യരക്ഷ പ്രധാനം ചെയ്യുന്ന രണ്ടേ രണ്ട് പദ്ധതികളാണ് സിജിഎച്ച്എസും ഇഎസ്‌ഐഎസും. 

മിക്ക കേസുകളിലും സ്വന്തം സൗകര്യങ്ങളെ തന്നെ അമിതമായി ആശ്രയിക്കുന്നതിനാലാണ് ഇഎസ്‌ഐഎസിന് ചിലവുകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതെന്ന് 2011 ല്‍ ‘ഇന്ത്യയില്‍ നിലവിലുള്ള ആരോഗ്യരക്ഷ മാതൃകകളുടെ വിമര്‍ശനാത്മക വിലയിരുത്തല്‍’ എന്ന പേരിട്ട ആസൂത്രണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സിജിഎച്ച്എസ് ആകട്ടെ, സ്വകാര്യ ആശുപത്രി ശൃംഖലകളിലൂടെ 100 ശതമാനം കിടത്തി ചികിത്സയും വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ ലഭ്യമാക്കുന്ന ഉയര്‍ന്ന ചിലവ് വരുന്ന മൂന്നാം ഘട്ട സംരക്ഷണവും പ്രധാനം ചെയ്യുന്നു. 

സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ആശുപത്രിവാസ നിരക്ക് രേഖപ്പെടുത്തുന്നതും സിജിഎച്ച്എസിലാണ് (1000 ഗുണഭോക്താക്കളില്‍ 22 പേര്‍). സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ നിരക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും (1000 ഗുണഭോക്താക്കളില്‍ 64 പേര്‍), പ്രതി ഗുണഭോക്താവിനുള്ള ശരാശരി കിടത്തി ചികിത്സിക്കല്‍ ചിലവ് വാണിജ്യ ഇന്‍ഷൂറര്‍മാരെക്കാള്‍ വളരെ അധികമാണ്. മാത്രമല്ല, എഐഐഎംഎസ് പോലെയുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ ലഭ്യമാണെങ്കിലും ഇവരില്‍ ഭൂരിപക്ഷവും കോര്‍പ്പറേറ്റ് ആശുപത്രികളെയാണ് അഭയം പ്രാപിക്കുന്നത്. 

സിജിഎച്ച്എസ് വഴി, കുറച്ച് ദശലക്ഷം ആളുകള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ നല്‍കുന്നു. നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകളാണ് സിജിഎച്ചഎസിന് കീഴില്‍ ചിലവ് വര്‍ദ്ധിപ്പിക്കുന്ന വലിയ ഒരു ഘടകം. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പദ്ധതികള്‍ക്കും വേണ്ടി ജനറിക് മരുന്നുകള്‍ പ്രോത്സാഹിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നയമാണെന്നിരിക്കെ, സിജിഎച്ചഎസ് പ്രകാരം അതിന്റെ ജീവനക്കാര്‍ക്കായി പേറ്റന്‍റോടുകൂടിയ വന്‍കിട കമ്പനികളുടെ ജനറിക് മരുന്നുകളാണ് വാങ്ങുന്നതെന്ന് മരുന്ന് സംഭരണ ലിസ്റ്റുകള്‍ തെളിയിക്കുന്നു. ഇത് വളരെ ചിലവേറിയതാണെന്ന് മാത്രമല്ല, ശരാശരി ആരോഗ്യ ചിലവുകളില്‍ വന്‍വര്‍ദ്ധന ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യും. 

സിജിഎച്ച്എസ് പ്രവര്‍ത്തനങ്ങളിലെ സുതാര്യതയുടെ അഭാവവും വലിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ‘തങ്ങളുടെ ഡിസ്‌പെന്‍സറികളുടെ വ്യാപനം, അടിസ്ഥാന സൗകര്യങ്ങള്‍, ഉപയുക്തത എന്നിവയെ സംബന്ധിച്ച് സിജിഎച്ച്എസ് വിവരങ്ങള്‍ ശേഖരിക്കാറുണ്ടെങ്കിലും അവ പ്രസിദ്ധീകരിക്കാറില്ല. സാമ്പത്തികമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അതിന്റെ പ്രകടനത്തെ കുറിച്ചും വിവരങ്ങള്‍ വെളിപ്പെടുത്താറില്ല,’ ആസൂത്രണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മറ്റ് പൊതു ഫണ്ട് ഉപയോഗിച്ചുള്ള ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി, എത്ര പേര്‍ അവകാശവാദം ഉന്നയിച്ചു എന്ന് പോലും സിജിഎച്ച്എസ് വെളിപ്പെടുത്താറില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍