UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്റര്‍നെറ്റും ലഹരി മരുന്നുകളും ഒരുപോലെ; പെട്ടെന്ന് നിര്‍ത്തിയാല്‍ അപകടം

അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ പെട്ടെന്ന് അത് നിര്‍ത്തിയാല്‍ വര്‍ധിച്ച ഹൃദയമിടിപ്പ്, ഉയര്‍ന്ന രക്ത സമ്മര്‍ദം മുതലായ ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകും

സഹന ബിജു

സഹന ബിജു

അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ പെട്ടെന്ന് അത് നിര്‍ത്തിയാല്‍ വര്‍ധിച്ച ഹൃദയമിടിപ്പ്, ഉയര്‍ന്ന രക്ത സമ്മര്‍ദം മുതലായ ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകും എന്ന് പഠനം. 18 മുതല്‍ 33 വയസ് വരെ പ്രായമുള്ള 144 പേരിലാണ് പഠനം നടത്തിയത്. ഇന്റര്‍നെറ്റ് ഉപയോഗത്തിന് മുന്‍പും ശേഷവും ഇവരുടെ ഹൃദയമിടിപ്പും രക്ത സമ്മര്‍ദവും പരിശോധിച്ചു. ഉത്കണ്ഠയും ഇന്റര്‍നെറ്റ് അഡിക്ഷനും അളന്നു. ഇന്റര്‍നെറ്റ് കൂടുതല്‍ സമയം ഉപയോഗിച്ചവരില്‍ ഇന്റര്‍നെറ്റ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ഉയര്‍ന്നു.

ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തവരില്‍ ഇതുപോലുള്ള മാറ്റമൊന്നും കണ്ടില്ല. ഡിജിറ്റല്‍ ഉപകരണങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നവരില്‍ പെട്ടെന്ന് അവ നിര്‍ത്തിയാല്‍ ഉത്ക്കണ്ഠ ഉണ്ടാകും. എന്നാല്‍ മാനസികനിലയില്‍ ഉണ്ടാകുന്ന ഈ മാറ്റത്തോടൊപ്പം ശാരീരിക മാറ്റങ്ങളും ഉണ്ടാകുന്നു എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്വാന്‍സിയ സര്‍വകലാശാലയിലെ പ്രഫസറായ ഫില്‍ റീഡ് പറയുന്നു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തിയ ഉടനെ ഇവരുടെ ഹൃദയമിടിപ്പിലും രക്തസമ്മര്‍ദത്തിലും 3 മുതല്‍ 4 ശതമാനം വരെ വര്‍ധനവ് കണ്ടു. ചിലരില്‍ ഇത് ഇരട്ടി ആയിരുന്നു. ഈ മാറ്റങ്ങള്‍ ജീവന് ഭീഷണി ആകില്ലെങ്കിലും ഉത്ക്കണ്ഠയും ഹോര്‍മോണ്‍ വ്യതിയാനവും എല്ലാം രോഗ പ്രതിരോധ ശക്തി കുറയ്ക്കുന്നു. വര്‍ധിച്ച ഉത്ക്കണ്ഠയോടൊപ്പം ഇത്തരത്തിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ മദ്യം, കഞ്ചാവ്, ഹെറോയിന്‍ പോലുള്ള മയക്കു മരുന്നുകള്‍ ഇവയുടെ ഉപയോഗം നിര്‍ത്തുമ്പോഴുണ്ടാകുന്ന അവസ്ഥയ്ക്ക് തുല്യമാണ്.

ഈ അസ്വസ്ഥതകളെല്ലാം കുറയ്ക്കാന്‍ ചിലര്‍ക്ക് അവരുടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സാമീപ്യം കൂടിയേ തീരൂ. ഇന്റര്‍നെറ്റിന്റെ അമിതോപയോഗം മാനസികവും ശാരീരികവുമായി ദോഷകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അവര്‍ നെറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കൂടി അവ വീണ്ടും ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. പഠനത്തില്‍ പങ്കെടുത്ത 20%പേര്‍ ദിവസം ആറു മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായിരുന്നു. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതിനാല്‍ 40% പേര്‍ക്ക് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടു.

ഇന്റര്‍നെറ്റ് അഡിക്ഷന് സ്ത്രീപുരുഷ ഭേദമില്ല എന്നും പഠനം പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഷോപ്പിങ്ങിനും ആണ് കൂടുതല്‍ സമയം ആളുകള്‍ ചെലവിടുന്നത് എന്നും കണ്ടു. മുന്‍ പഠനത്തില്‍, കുറച്ചു സമയത്തേക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാറ്റിയാല്‍ ഉത്ക്കണ്ഠയും കുറെ നാളത്തേക്ക് ഇവ ഒഴിവാക്കിയാല്‍ വിഷാദം, ഏകാന്തത ഇവയും ബാധിക്കുന്നതായി കണ്ടു. കൂടാതെ തലച്ചോറിന്റെ ഘടനയ്ക്ക് മാറ്റം വരുന്നതായും ചില അണുബാധകളെ നേരിടാനുള്ള ശക്തി കുറയുന്നതായും കണ്ടു.

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ വളര്‍ച്ച ഇന്റര്‍നെറ്റ് ഉപയോഗം, പ്രത്യേകിച്ച് സ്ത്രീകളില്‍ വര്‍ദ്ധിപ്പിച്ചു. ഇന്റര്‍നെറ്റിന്റെ അമിതോപയോഗം മാനസികാവസ്ഥ യെയും നാഡീ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. ഇന്റെര്‍നെറ്റിന്റ അമിതോപയോഗം ശരീരത്തെയും ബാധിക്കുന്നതായി ഈ പഠനത്തിലൂടെ തെളിഞ്ഞു. ചൂതാട്ടവും മദ്യവും പോലെ ഇന്റര്‍നെറ്റ് ഉപയോഗവും ഒരു ലഹരി ആയി മാറി കഴിഞ്ഞിരിക്കുന്നു.

ഇന്റര്‍നെറ്റ് ലഭ്യതയും മാനസിക നിലയിലുണ്ടാകുന്ന മാറ്റവും സംബന്ധിച്ച ഈ പഠനം പ്ലോസ് വണ്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍