UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രോഗത്തെക്കുറിച്ചുള്ള അബദ്ധധാരണകള്‍ മാറ്റൂ, സഹായത്തിന് ഇന്‍ഫോക്ലിനിക്ക് നിങ്ങളുടെ വിരല്‍ത്തുമ്പത്തുണ്ട്

വളരെ എളുപ്പത്തില്‍ ആരോഗ്യപരമായ സംശയങ്ങള്‍ തീര്‍ത്തു നല്‍കുന്നതിനായി 2016 ഒക്ടോബര്‍ മാസത്തിലാണ് ഇന്‍ഫോ ക്ലിനിക്ക് പിറവിയെടുക്കുന്നത്.

‘ഡെങ്കിപ്പനി പേടിക്കേണ്ട, താഴെ കാണുന്ന നമ്പരില്‍ വിളിക്കൂ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാന്‍ മരുന്ന് ലഭ്യമാവും’ എന്നൊരു പരസ്യം വാട്സ്ആപ്പിലൂടെ പ്രവഹിക്കുന്നുണ്ട്. നമ്മളില്‍ പലരും ആ സന്ദേശം പല ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സന്ദേശം വായിച്ച് നമ്പറിലേക്ക് ബന്ധപ്പെട്ട് ആയുര്‍വേദ മരുന്നെന്ന വ്യാജേന നല്‍കുന്ന മരുന്നും മേടിച്ച് വഞ്ചിക്കപ്പെട്ട ഒട്ടനേകം പേരുണ്ട്. പലര്‍ക്കും അത്തരം മരുന്ന് കഴിച്ച് വാ പൊള്ളുകയും, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകുകയും ചെയ്തു. ഈയൊരു സന്ദര്‍ഭത്തിലാണ് ഇതിനെതിരെ ഒന്നാന്തരം ശാസ്ത്രീയ അടിത്തറകളുള്ള മറുപടികളുമായി ഒരുകൂട്ടം ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഇന്‍ഫോ ക്ലിനിക്ക് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെ അവര്‍ ഇത്തരം വ്യാജപ്രചാരണങ്ങളെല്ലാം പൊളിച്ചു. 1500-ലധികം പേര്‍ ഈ പോസ്റ്റ്് ഷെയര്‍ ചെയ്തു. ആരോഗ്യ രംഗത്തെ വ്യാജ പ്രചരണങ്ങളെ പൊളിച്ച് ഈ ഫെയ്സ്ബുക്ക് കൂട്ടായ്മ താരങ്ങളായി മാറുകയായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഈ കൂട്ടായ്മ സജീവമെങ്കിലും infoclinicindia.blogspot.in എന്ന ബ്ലോഗും ഇവര്‍ക്കുണ്ട്.

സാധാരണക്കാരെ വഴിതെറ്റിക്കുന്ന രീതിയില്‍ അബദ്ധങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഒട്ടനേകം പേജുകള്‍ ഫേസ്ബുക്കിലും വിവിധ മാധ്യമങ്ങളിലെ ആരോഗ്യപംക്തികളിലും പ്രചരിക്കുന്ന ഈ കാലത്ത് അത്തരം സന്ദേശങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതിനും ശരിയായ അറിവുകള്‍ക്ക് വേണ്ടിയും ഒരു കൂട്ടം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ച ഒരു ചെറിയ സംരംഭം എന്നാണ് ഇന്‍ഫോ ക്ലിനിക്ക് എന്ന ഫേസ്ബുസ് പേജിന് ഡോക്ടര്‍മാര്‍ നല്‍കിയ തലക്കെട്ട്.

2016 ഒക്ടോബര്‍ മാസത്തിലാണ് ഇന്‍ഫോക്ലിനിക്ക് എന്ന് ഫേസ്ബുക്ക് പേജ് പിറവിയെടുക്കുന്നത്. സാധാരണക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ആരോഗ്യപരമായ സംശയങ്ങള്‍ തീര്‍ത്തു നല്‍കുകയായിരുന്നു ഉദ്ദേശലക്ഷ്യം. സ്വകാര്യ ആശുപത്രിയിലെയും സര്‍ക്കാര്‍ ആശുപത്രിയിലെയും വിവിധ വകുപ്പുകളുടെ മേധാവികളും മറ്റ് ഡോക്ടര്‍മാരും അടക്കം 26 പേരാണ് ഇതിനു പിന്നില്‍.

ആദ്യ ഘട്ടത്തില്‍ നാലു ഡോക്ടര്‍ മാത്രം സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ഈ പേജില്‍ ഇന്ന് 26 പേരും സജീവ സാന്നിധ്യമായും ഉണ്ട്. തങ്ങളുടെ ഡ്യൂട്ടി സമയത്തിനുപ്പറത്ത് സാധാരണക്കാരുടെ ചികിത്സാ സംബന്ധമായ ഏതു സംശയത്തിനും വളരെ വേഗത്തില്‍ അവര്‍ക്കു മനസിലാക്കുന്ന രീതിയില്‍ മറുപടി നല്‍കാന്‍ ഇന്നിവര്‍ക്ക് സാധിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 18-ന് ഫേ്സ്ബുക്ക് ലൈവിലൂടെ ഇന്‍ഫോക്ലിനിക്ക് കൂടുതല്‍ ജനപ്രിയമായ സംശയനിവാരണ വേദിയും തുറന്നു കഴിഞ്ഞു. നിലവില്‍ 36000-ത്തിലധികം ഫോളോവേഴ്സും അത്രതന്നെ ലൈക്കും പേജിനുണ്ട്. ഓരോ ആഴ്ചയും മൂന്നു വീതം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇതിനകം 107 ലേഖനങ്ങള്‍ ഈ പേജിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഓരോ ലേഖനവും ലക്ഷകണക്കിന് ആള്‍ക്കാരാണ് വായിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം ലക്ച്ചററും ഇന്‍ഫോക്ലിനിക്ക് പേജിന്റെ അഡ്മിനുമായ ഡോ. പി.എസ് ജിനേഷ് തങ്ങളുടെ കൂട്ടായ്മയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്- ‘ഇന്‍ഫോക്ലിനിക്കിലുള്ള മുഴുവന്‍ ഡോക്ടര്‍മാരും മുമ്പ് സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ ആരോഗ്യരംഗത്തെ സംശയനിവാരണത്തിനും വ്യാജപ്രചരണങ്ങള്‍ക്കുമെതിരെ ലേഖനങ്ങളും മറ്റും എഴുതിയിരുന്നവരാണ്. എന്നാല്‍ ജനങ്ങളില്‍ ഞങ്ങളുടെ ലേഖനങ്ങളെക്കാള്‍ വേഗത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് പ്രാധാന്യം കിട്ടുന്നുണ്ടെന്ന അവസ്ഥയുണ്ടായി. പല പ്രമുഖരായ വ്യക്തിത്വങ്ങളും ഇത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള ഞാനടങ്ങുന്ന 27 പേര്‍ ഫെയ്സ്ബുക്കിലൂടെ തന്നെ നമുക്ക് ഒന്നിച്ചു ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മോഡേണ്‍ മെഡിസിന്റെ ശാസ്ത്രീയമായ അറിവു പകര്‍ന്നു കൊണ്ട് ഇടപെടല്‍ നടത്തിയാലോ എന്ന ആശയത്തിലെത്തുന്നത്.

കാരണം, കുറെ ചെറിയ ഒന്നുകള്‍ കൂടുമ്പോള്‍ ഒരു വലിയ ഒന്നാകുമല്ലോ. അങ്ങനെയാണ് ഇന്‍ഫോക്ലിനിക്കിനു തുടക്കമിടുന്നത്. ആ തീരുമാനം ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പിന്നീട് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ലേഖനങ്ങളും നിരവധി പേര്‍ക്ക് ഉപകാരമായി മാറുന്നു. രോഗങ്ങള്‍ വരുമ്പോള്‍ ജനങ്ങളിലുണ്ടാകുന്ന ഭയം മുതലെടുത്താണ് വ്യാജ വൈദ്യന്‍മാരും മറ്റും ലാഭമുണ്ടാക്കുന്നത്. എന്നാല്‍ ഏതു രോഗമായാലും ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ രക്ഷപെടുത്താന്‍ സാധിക്കും. എന്നാല്‍ പലരും വ്യാജ പ്രചരണങ്ങളില്‍ പെട്ട് തെറ്റായ ചികിത്സ ചെയ്ത് രോഗത്തിന്റെ തീവ്രത കൂട്ടിയ ശേഷം മോഡേണ്‍ മെഡിസിനിലേക്ക് വരുന്നു. ഈ രീതി മാറണം. ജനങ്ങളെയെല്ലാം തന്നെ മോഡേണ്‍ മെഡിസിന്‍ ചികിത്സാരീതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം. ജനങ്ങളുടെ ചികിത്സാ സംബന്ധമായ ഏതു തരത്തിലുള്ള സംശയങ്ങളും തീര്‍ക്കാന്‍ ശ്രമിക്കും. അതിനായി ആര്‍ക്കും ഇന്‍ഫോക്ലിനിക്ക് പേജിന്റെ സഹായം തേടാം.’

ഇന്‍ഫോ ക്ലിനിക്കില്‍ ഓരോ ലേഖനവും ആധികാരികമാണ്. സമൂഹത്തില്‍ അതത് സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചികിത്സാ വിഷയങ്ങളാണ് പ്രധാനമായും ലേഖനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നത്. ഓരോ ആഴ്ചയിലും ഉയര്‍ന്നു വരുന്ന സംശയങ്ങള്‍ ഇന്‍ഫോക്ലിനിക്കിലെ അംഗങ്ങള്‍ മാത്രമുള്ള ഒരു ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുകയും അതുമായി ബന്ധപ്പെട്ട എല്ലാ ആധികാരിക വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. അതിനായി മോഡേണ്‍ മെഡിസിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ജേര്‍ണലുകളെയും സംഘടനകളെയും ആശ്രയിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങളാണ് ലേഖനങ്ങള്‍ വഴി നല്‍കുന്നത്.


ഇന്‍ഫോ ക്ലിനിക്കില്‍ വരുന്ന ഓരോ ലേഖനവും നിരവധി പേര്‍ വായിക്കുന്നു. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് പപ്പായ ഇല ജ്യൂസാക്കി ആക്കി കഴിച്ചാല്‍ രോഗം മാറും എന്നൊക്കെയുളള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനം നിരവധി പേര്‍ക്ക് ഉപകാരമായി മാറി. പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂടിയാല്‍ മാത്രം മാറുന്ന ഒരു രോഗമല്ല ഡെങ്കിപ്പനി എന്നു ജനങ്ങള്‍ മനസിലാക്കണം. ആ രോഗത്തിന്റെ ചികിത്സയ്ക്ക് കൃതമായ രീതി മോഡേണ്‍ മെഡിസിനിലുണ്ട്. എന്നാല്‍ വാട്സ്ആപ്പ് വഴിയും മറ്റും വരുന്ന മെസേജുകളും മറ്റും വായിച്ച് തെറ്റിദ്ധരിക്കപ്പെടുന്ന രോഗികള്‍ തെറ്റായ ചികിത്സാ തേടുന്നു. സൂചി കൊണ്ട് എടുക്കേണ്ട ഒരു രോഗത്തെ അവസാനം തൂമ്പ കൊണ്ട് എടുക്കേണ്ട സ്ഥിതിയിലേക്കാണ് ഇതെത്തിക്കുന്നത്. വാക്സിനേഷനെതിരെയും മറ്റും ഒരു വിഭാഗം തെറ്റായ പ്രചരണം നടത്തുന്നതാണ് ഇതിനു കാരണം.

പലപ്പോഴും ഞാനടങ്ങുന്ന ഡോക്ടര്‍ സമൂഹത്തിന് ഇത്തരം പ്രചരണങ്ങള്‍ തടയാന്‍ കഴിയാറില്ല. എന്നാല്‍ ഇന്‍ഫോക്ലിനിക്ക് എന്ന കൂട്ടായ്മയ്ക്ക് അത് ചെറിയ രീതിയിലെങ്കിലും സാധിക്കുന്നു. ആധികാരികമായ രീതിയിലാണ് ഓരോ ലേഖനങ്ങളും പോസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. വളരെ സത്യസന്ധമായൊരു ഇടപെടല്‍. നമ്മുടെ നാട്ടില്‍ നിന്നു നാം തുടച്ചു നീക്കിയ പല രോഗങ്ങളും തിരിച്ചു വരുന്ന സ്ഥിതിയുണ്ട്, ഇത് തടയണം. കൃത്യമായ വാക്സിനേഷനിലൂടെ മാത്രമേ ഇത് സാധിക്കൂ. അതുപോലെ ഇന്‍ഫോക്ലിനിക്കില്‍ വരുന്ന ലേഖനങ്ങള്‍ അതുപോലെ തന്നെ ആര്‍ക്കും പ്രസിദ്ധീകരിക്കാം. പക്ഷേ ഇന്‍ഫോക്ലിനിക്കിന്റെ പേരുവെക്കണമെന്നു മാത്രം. എഡിറ്റ് ചെയ്യാന്‍ പാടില്ല എന്നതും നിബന്ധനയാണ്. ഞങ്ങളുടെ മെയില്‍ ഐ.ഡിയിലൂടെയോ പേജിലൂടെയോ ആവശ്യപ്പെടുന്ന ആര്‍ക്കും പ്രസിദ്ധീകരണാനുമതി നല്‍കും. ജനങ്ങളെ രോഗങ്ങളില്‍ നിന്നും തെറ്റായ ചികിത്സാരീതികളില്‍ നിന്നും രക്ഷിച്ചെടുക്കുക എന്നതിലേക്ക് ഇനിയും ഒരുപാട് ഞങ്ങള്‍ക്ക് മുന്നേറാനുണ്ട്’ എന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഇന്‍ഫോക്ലിനിക്കിന്റെ മറ്റൊരു അഡ്മിനുമായ ഡോ. ഷിംന അസീസ് പറയുന്നത്.

ഫെയ്സ്ബുക്കിനപ്പുറത്ത് ഓരോ മൂന്നോ-നാലോ മാസത്തിലും ഇവര്‍ ഒന്നിച്ചു കൂടുകയും സൗഹൃദം പുതുക്കുകയും പുതിയ ആശയങ്ങള്‍ പങ്കുവെക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു. തങ്ങളുടെ പേജില്‍ വരുന്ന ലേഖനങ്ങള്‍ക്കു താഴെ വരുന്ന കമന്റുകള്‍ക്ക് കൃത്യമായ മറുപടിയും ഇവര്‍ നല്‍കുന്നു. അത് സംശയനിവാരണത്തിനാണെങ്കില്‍ മാത്രം; അല്ലാതെ വാദിച്ചു ജയിക്കാന്‍ ഇവര്‍ സമയം കളയാറില്ല. മീറ്റ് ദി ടീം ഇന്‍ഫോ എന്ന പേരില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുമായി ഇന്‍ഫോ ക്ലിനിക്ക് ടീം ഇന്നു സംവാദിക്കുന്നുണ്ട്. ആരോഗ്യ രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയുമായി തങ്ങളുടെ ആശയങ്ങളും ആശങ്കകളും പങ്കുവെക്കാനും അവരെ കൂടി ഇത്തരം ഇടപെടലുകളിലേക്ക് നയിക്കാനും കഴിയണമെന്നാണ് ടീം ഇന്‍ഫോ ക്ലിനിക്കിന്റെ ഉദ്ദേശം.

ആരോഗ്യരംഗത്തേക്കുറിച്ചുള്ള തെറ്റായ വാര്‍ത്താപ്രചരണത്തിലൂടെ ഇല്ലാതായ രോഗങ്ങള്‍ പോലും ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നാണെന്നാണ് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രി പി.ജി വിദ്യാര്‍ഥിയും ഇന്‍ഫോ ക്ലിനിക്ക് കൂട്ടായ്മയിലെ അംഗവുമായി ഡോ. ജിതിന്‍ വ്യക്തമാക്കുന്നത്. ജിബിന്‍ വിശദീകരിക്കുന്നു- ‘ഡിഫ്ത്തീരിയ എന്ന രോഗത്തെ വാക്സിനേഷനിലൂടെ നാം തുടച്ചുമാറ്റിയതാണ്. എന്നാല്‍ വീണ്ടും ആ രോഗം തിരിച്ചു വന്നിരിക്കുന്നു. വാക്സിനേഷനെതിരെ ചിലര്‍ നടത്തിയ പ്രചരണമായിരുന്നു ഇതിന് കാരണം. കൃത്യമായ വാക്സിനേഷനെടുക്കാത്ത കുട്ടികളിലാണ് ഈ രോഗം വീണ്ടും കാണപ്പെട്ടത്. ഈയൊരു സമയത്താണ് ഇന്‍ഫോക്ലിനിക്ക് എന്ന കൂട്ടായ്മ തുടങ്ങിയത്. വാക്സിനേഷനെതിരെ നടത്തുന്ന പ്രചരണങ്ങളെ ശാസ്ത്രീയമായ തെളിവുകള്‍ നല്‍കി തടയുക എന്ന ഉദ്ദേശത്തോടെ പേജില്‍ ലേഖനം പ്രസിദ്ധിപ്പെടുത്തി. അതിനു ശേഷം 107-ഓളം ലേഖനങ്ങള്‍ ഇന്‍ഫോക്ലിനിക്കിന്റെ പേജില്‍ ഞങ്ങള്‍ പോസ്റ്റ് ചെയ്തു. എല്ലാ മേഖലകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ഇതിലുണ്ട്. എല്ലാവരും സജീവമായി ഓരോ ഘട്ടത്തിലും ഇടപെടുന്നു. ഹിജാമ (കൊമ്പു ചികിത്സ)യ്ക്കെതിരെ ഒരു ലേഖനം പോസ്റ്റ് ചെയ്തപ്പോള്‍ അത് വലിയ രീതിയിലുള്ള വിവാദം സൃഷ്ടിച്ചു. ചിലര്‍ സംഘം ചേര്‍ന്ന് ഇന്‍ഫോക്ലിനിക്ക് പേജിനെതിരെ രംഗത്തു വന്നു. എന്നാല്‍ ഞങ്ങള്‍ ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. അത് തികച്ചും ആധികാരികവുമായിരുന്നു. ഹിജാമ പോലുള്ള ചികിത്സാ രീതികള്‍ പല വിദേശ രാജ്യങ്ങളിലും അത്യാധുനിക സൗകര്യങ്ങളോടെ നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ പരിമിതമായ സൗകര്യത്തില്‍ ഈ ചികിത്സ ചെയ്യുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നത് സത്യമാണ്. ആരുടെയും പേരെടുത്ത് പറഞ്ഞ് ഞങ്ങള്‍ വിമര്‍ശിക്കാറില്ല. പക്ഷേ വ്യാജപ്രചരണം ആരു നടത്തിയാലും ആ വ്യാജമായ വാദത്തെ ഞങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുന്നു.

ഇംഗ്ലീഷിലും ഇന്‍ഫോ ക്ലിനിക്കില്‍ ലേഖനങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്‍ഫോക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് ദേശീയമാധ്യമങ്ങളും ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തികള്‍ വാര്‍ത്തയാക്കുന്നുണ്ട്. കേരള മോഡല്‍ എന്നു പറഞ്ഞ് നമ്മളഭിമാനിച്ച ആരോഗ്യമേഖല പിന്നോട്ടു പോകുമ്പോള്‍ അത് തിരിച്ചുപിടിക്കാനായുള്ള ഒരു ശ്രമം കൂടിയായി ഇന്‍ഫോക്ലിനിക്കിന്റെ ഇടപെടല്‍ മാറുന്നു. ആധുനിക ചികിത്സാ രംഗത്തെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കി അതിന്റെ ശരിയായ വഴിയിലേക്കാണ് ഇന്‍ഫോക്ലിനിക്ക് കൂട്ടായ്മ കൊണ്ടുപോകുന്നത്. ഇന്‍ഫോക്ലിനിക്ക് ഒരു ക്ലിനിക്ക് തന്നെയാണ്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍