UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഡ്രഗ് പ്രൈസ് മോണിട്ടര്‍ സംവിധാനമുള്ള ആദ്യ സംസ്ഥാനമായി കേരളം

മരുന്നുകളുടെ നിശ്ചിതവില ലംഘിച്ച് അനിയന്ത്രിതമായ വിലക്കയറ്റമുണ്ടാകുന്ന പക്ഷം സംസ്ഥാന ഡ്രഗ് കണ്‍ട്രോളറേയും എന്‍പിപിഎയേയും ധരിപ്പിച്ച് ഇത് തടയാന്‍ പിഎംആര്‍യുവിന് കഴിയും.

ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ (ഡിപിസിഒ) പ്രകാരം അവശ്യ മരുന്നുകളുടെയും മെഡിക്കല്‍ എക്വിപ്പ്‌മെന്റുകളുടേയും അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിനുമായി പ്രൈസ് മോണിട്ടറിംഗ് റിസര്‍ച്ച് യൂണിറ്റ് (പിഎംആര്‍യു) സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അഞ്ച് വര്‍ഷം മുമ്പ് തന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നെങ്കിലും ഇതുവരെ ഒരു സംസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും ഇത് നടപ്പാക്കിയിരുന്നില്ല.

കേന്ദ്ര സഹായത്തിനായി ഒരു സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരിക്കും ഇതിന്റെ ചെയര്‍മാന്‍. ഡ്രഗ്‌സ് കണ്‍ട്രോള്‍ മെംബര്‍ സെക്രട്ടറിയും. ഒരു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി, സ്വകാര്യ ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനികളുടെ ഒരു പ്രതിനിധി, ഉപഭോക്തൃ സംരക്ഷണ സമിതിയുടെ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും. ഡ്രഗ്‌സ് കണ്‍ട്രോളറുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാകും.

മരുന്നുകളുടെ നിശ്ചിതവില ലംഘിച്ച് അനിയന്ത്രിതമായ വിലക്കയറ്റമുണ്ടാകുന്ന പക്ഷം സംസ്ഥാന ഡ്രഗ് കണ്‍ട്രോളറേയും എന്‍പിപിഎയേയും ധരിപ്പിച്ച് ഇത് തടയാന്‍ പിഎംആര്‍യുവിന് കഴിയും. അവശ്യമരുന്നുകള്‍ക്കടക്കം ഡിപിസിഒ നിശ്ചയിച്ച വിലയേക്കാളും അധികവില മരുന്ന് കമ്പനികള്‍ ഈടാക്കുന്ന സാഹചര്യത്തിലാണ് പിഎംആര്‍യു വരുന്നത്. സ്റ്റാഫ് റിക്രൂട്ട്‌മെന്റും ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കേരളം ഇതില്‍ രണ്ടാമത്തെ വിഭാഗത്തിലാണ്. സംസ്ഥാനത്തിന് ഒരു പ്രോജക്ട് കോര്‍ഡിനേറ്ററും രണ്ട് ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരും രണ്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുമുണ്ടാകും.

ഏറ്റവുമധികം മരുന്ന് വില്‍പ്പന നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിപക്ഷം ശരാശരി 10,000 കോടി രൂപയുടെ മരുന്നുകളാണ് വിറ്റഴിയുന്നത് എന്നാണ് കണക്ക്. ആയിരത്തോളം മരുന്നകള്‍ ഷെഡ്യൂള്‍ഡ് ആക്കി എന്‍പിപിഎ വില നിശ്ചയിച്ചിട്ടുണ്ട്. നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ക്കും വര്‍ഷത്തില്‍ 10 ശതമാനത്തില്‍ കൂടുതല്‍ വില വര്‍ദ്ധന പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ ഉപകരണങ്ങളുടേയും സ്റ്റെന്റുകളുടേയും വില വര്‍ദ്ധനയും പരിശോധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍