UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എല്‍ഐസി കാന്‍സര്‍ പോളിസി ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളം

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളും കേരളത്തിനൊപ്പം

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ അഞ്ചുമാസം മുന്‍പ് പുറത്തിറക്കിയ കാൻസർ കവർ എന്ന ആരോഗ്യ ഇൻഷുറൻസ് പോളിസി, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിയുന്നത് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, എന്നീ നാല് സംസ്ഥാനങ്ങളിലാണെന്നു റിപ്പോര്‍ട്ട്. 58.5 ശതമാനം പോളിസികളും വിറ്റഴിഞ്ഞത് ഈ സംസ്ഥാനങ്ങളില്‍ ആണെന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറൻ മേഖലയില്‍ മാത്രം 26,280 പോളിസികൾ എടുക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാടും കേരളവും ഉൾപ്പെടുന്ന സൗത്ത് സോണിൽ 25,670 കാൻസർ കവര്‍ പോളിസികളാണ് വില്‍ക്കാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുവരെ 88,750 പോളിസികൾ വിറ്റഴിച്ചതിലൂടെ 42.68 കോടി രൂപയുടെ വരുമാനം ഉണ്ടായതായി എല്‍ ഐ സി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ സംസ്ഥാന തലത്തിലെ ‘രോഗ ഭാര പഠന’പ്രകാരം വികസനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ള തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനംങ്ങളില്‍ തന്നെയാണ് അർബുദമടക്കമുള്ള രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പിടിമുറുക്കുന്നത് എന്ന് പറയുന്നു.

മെഡിക്കൽ ജേണലായ ‘ലാൻസെറ്റ് ഓങ്കോളജി’യിൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം 1.5 ദശലക്ഷം കവിഞ്ഞെന്നും അടുത്ത 20 വർഷങ്ങളിൽ ഇത് ഇരട്ടിയാകുമെന്നും പ്രവചിച്ചിരുന്നു. 30 ശതമാനത്തില്‍ താഴെ മാത്രമാണ് അഞ്ചുവര്‍ഷത്തെ ചികിത്സ കൊണ്ട് രക്ഷപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ കവറേജ് ഉള്ള കാൻസർ കവർ പദ്ധതിയിൽ 20 മുതൽ 65 വരെ പ്രായമുള്ളവർക്കു ചേരാം. ഇതുവരെ കാൻസർബാധ സ്ഥിരീകരിച്ചിട്ടുണ്ടാവരുത്. എന്നാല്‍ ഇതു തെളിയിക്കാന്‍ പ്രത്യേക മെഡിക്കൽ പരിശോധനയൊന്നും വേണ്ട എന്നതാണ് ശ്രദ്ധേയം. പോളിസിയെടുത്ത് 180 ദിവസം കഴിഞ്ഞാലാണ് കവറേജ് പ്രാബല്യത്തില്‍ വരിക. കാൻസർ‌ കണ്ടെത്തി ഏഴു ദിവസത്തിനുള്ളില്‍ ഉടമ മരിച്ചുപോയാലും തുക ലഭിക്കില്ല. 10 വർഷമാണു കുറഞ്ഞ പോളിസി കാലാവധി. ഉയർന്നത് 30 വർഷവും.

കാൻസർ ഇൻഷുറൻസ് മേഖലയിൽ നിരവധി സ്വകാര്യ കമ്പനികളും സജീവമാണ്. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്, ഐസിഐസിഐ പ്രു ഹാർട്ട് ആൻഡ് കവർ പ്ലാൻ, ഫ്യൂച്ചർ ജനറലിന്‍റെ ക്യാൻസർ പ്ലാൻ, മാക്സ് ലൈഫ് ബുപ ക്രിട്ടിക്കൽ ഇൽനെസ്, എച്ച് ഡി എഫ് സി ലൈഫ് കാൻസർ കെയർ ഇൻഷുറൻസ്, ഏഗോൺ ലൈഫ് ഐകാൻസർ ഇൻഷുറൻസ് പ്ലാൻ, ഭാരതി ആക്സ ക്യാൻസർ ഇൻഷുറൻസ് പ്ലാൻ തുടങ്ങിയവയാണ് പ്രധാന സ്വാകാര്യ കമ്പനികളും അവരുടെ പോളിസികളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍