UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പുത്തന്‍ ആരോഗ്യ ‘നവോത്ഥാന പ്രവര്‍ത്തനങ്ങള്‍’ അഥവാ പടുകുഴി വെട്ടല്‍

ഇന്ത്യയിലെ ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കുമ്പോള്‍ ആദ്യം പരാമര്‍ശിക്കപ്പെടുന്നത് ആരോഗ്യവികസനത്തിലെ കേരള മാതൃകയാണ്

ബാലു കെ.

ബാലു കെ.

ഉച്ചയുറക്കത്തിനിടയ്ക്കാണ് ഫോണ്‍ ബെല്ലടിച്ചത്, ഉറക്കച്ചടവില്‍ ഫോണ്‍ എടുത്തപ്പോള്‍ അഴിമുഖത്തില്‍ നിന്നാണ്. പ്ലസ് ടു കഴിഞ്ഞുള്ള കൂട്ടപ്പാച്ചിലില്‍ ഓടിക്കയറിക്കൂടിയത് ഒരു മെഡിക്കല്‍ കോളേജില്‍ ആയതു കൊണ്ട്, ഒരു ആരോഗ്യ പംക്തിയാണ് ആവശ്യം! നല്ല വിവരമുള്ള ഒന്നാന്തരം ഡോക്ടര്‍മാര്‍ ആധികാരികമായി എഴുതുന്ന ലേഖനങ്ങളുടെ കൂടെ നമ്മളുടെ ഒരു ലേഖനം; ചിരിച്ച് ഊപ്പാട് വന്നു. അല്‍പം ബഡായി എങ്കിലും അടിക്കാം എന്ന വിശ്വാസത്തില്‍ എന്തെങ്കിലും ഒന്ന് നോക്കാം എന്ന് ഏറ്റ് ഫോണ്‍ വെച്ചു. സായാഹ്ന ഫേസ്ബുക്ക് പര്യവേഷണത്തിനിടയില്‍ ഒരു വാര്‍ത്ത കണ്ണില്‍ പെട്ടു, ‘ക്യാന്‍സര്‍ ചികിത്സ തട്ടിപ്പാണ്; എല്ലാം വെരിക്കോസ് വെയിനാണ്!’.

ലിങ്ക് തുറന്നപ്പോള്‍ ക്യാന്‍സറിനു മാത്രമല്ല മറ്റു പല മാരക അസുഖങ്ങള്‍ക്കും ഇന്ത്യയില്‍ മറ്റാര്‍ക്കും വശമില്ലാത്ത സൂത്രപ്പണികള്‍ ഈ മഹാവൈദ്യനറിയാം. ഉദാഹരണത്തിന് പിത്താശയത്തിലെ കല്ലിന് ഇവിടെ ശസ്ത്രക്രിയ ഒന്നുമില്ല; കുറച്ച് നല്ലെണ്ണയും എപ്‌സം സാള്‍ട്ടും, പൊട്ടാസ്യം സപ്ലിമെന്റും കഴിപ്പിച്ച് സാപ്പോണിഫിക്കേഷന്‍ നടത്തി അസ്സല്‍ ഡ്യൂപ്ലിക്കേറ്റ് കല്ല് ശരീരത്തില്‍ വെച്ച് തന്നെ ഉണ്ടാക്കി കക്കൂസില്‍ കല്ല് കാണിക്കുന്ന മാജിക്ക്. കല്ല് കണ്ടാല്‍ പോരെ അത് കാണും, പിത്താശയത്തിലെ കല്ല് അവിടെയും കിടക്കും.

ഈ അടുത്തിടെയാണ് മറ്റൊരു കണ്ടുപിടുത്തം വന്നത്, ‘അലോപ്പതിയില്‍ ക്യാന്‍സറിന് മരുന്നില്ല’. നിലവാരമുള്ള തമാശകള്‍ നിറഞ്ഞ സിനിമകള്‍കൊണ്ട് മലയാളിയെ കുടുകുടാ ചിരിപ്പിച്ച മച്ചാന്റെ ഏറ്റവും വലിയ കോമഡി! തന്റെ കണ്ടുപിടുത്തത്തിന് ബലമേകാന്‍ സ്വയം പ്രഖ്യാപിത ലോകാരോഗ്യ സംഘടനയുടെ കണക്കൊക്കെ പ്രതിപാദിച്ചിരിക്കുന്നു. നമ്മളിവിടെ ക്യാന്‍സറിന്റെ ജനിതകകാരണങ്ങളും ഉല്‍പത്തിയും സ്വഭാവവും എല്ലാം അപഗ്രഥിച്ച് നിയന്ത്രണാതീതമായി വളരുന്ന കോശങ്ങളെയും തത്ഫലമായുണ്ടാവുന്ന പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളൊക്കെ പിന്നെന്താ? തട്ടിപ്പ് തന്നെ! ക്യാന്‍സര്‍ സ്റ്റേജിഗും മെറ്റാസ്റ്റാസിസ് അനാലിസിസ് എല്ലാം ചികിത്സയുടെ സാധ്യതകള്‍ മനസ്സിലാക്കാനുള്ള ശാസ്ത്രീയമാര്‍ഗ്ഗങ്ങളല്ല, ഡോക്ടര്‍മാരുടെ ഉഡായിപ്പാണ്; എന്താലേ?

മലയാളിക്ക് ആരോഗ്യസമൃദ്ധമായ ഭാവി സമ്മാനിക്കാന്‍ കച്ചകെട്ടി വലിച്ചുമുറുക്കി കണ്ണും തള്ളി നില്‍ക്കുന്ന കേമന്മാര്‍ ഇനിയും ധാരാളം. പ്രതിരോധ കുത്തിവെപ്പുകള്‍ ജനസംഖ്യ കുറയ്ക്കാനുള്ള ഭരണകൂടത്തിന്റെ കുടില തന്ത്രമാണെന്ന് കണ്ടെത്തിയ മഹാജ്ഞാനികള്‍ മറ്റൊരിടത്ത്. മീഡിയ കവറേജിനോ പ്രശസ്തിക്കോ തരിമ്പുപോലും ആഗ്രഹമില്ലാത്ത ഇവരില്‍ ചിലര്‍ വിഡ്ഢികളായ നമ്മള്‍ മലയാളികളെ സംരക്ഷിക്കാന്‍ പൊരിവെയിലത്ത് സമരം വരെ നടത്തി. BCG, OPV, DPT എന്നിങ്ങനെ യഥാക്രമം ക്ഷയം, പോളിയോ, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് അസുഖങ്ങളുടെ പേരുപറഞ്ഞ് വിഷം കുത്തിവെച്ച് ജനസംഖ്യ കുറയ്ക്കാന്‍ ശ്രമിക്കുന്ന നീചന്മാര്‍ കാലങ്ങളായുള്ള ഇവരുടെ പ്രവര്‍ത്തനത്താല്‍, നാള്‍ക്കുനാള്‍ കുറയുന്ന ജനസംഖ്യയെക്കുറിച്ച് നമ്മെ ബോധ്യവാന്മാരാക്കാന്‍ രാപകലില്ലാതെ സര്‍വ്വസംഗ പരിത്യാഗികളായി കഷ്ടപ്പെടുന്നു.

ബ്രാഹ്മണരുടെ എച്ചിലില്‍ ഉരുണ്ട് ചര്‍മ്മരോഗങ്ങള്‍ മാറ്റുന്ന ടെക്‌നിക് അതിന്റെ ശാസ്ത്രീയ അടിത്തറ അടക്കം ഈ വിവരംകെട്ട മലയാളികള്‍ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുത്താല്‍ മതിയാരുന്നു. ടെക്ക്നിക്ക് വേറേം ഉണ്ട്; നട്ടെല്ലിന്റെ തേയ്മാനമാവട്ടെ, ജനിതക സംബന്ധിയായ റ്യുമാറ്റോയിഡ് ആര്‍ത്രയിറ്റിസ് ആവട്ടെ, ഓസ്റ്റിയോമയെലൈറ്റിസ് ആവട്ടെ കുറച്ച് ചോര ഊറ്റിക്കളഞ്ഞാല്‍ (കൊമ്പ് ചികിത്സ, ഹിജാമ) പ്രശ്‌നം സോള്‍വ്ഡ്. പൈസ കുറവാണെങ്കില്‍ കൊച്ചിയിലെ വല്ല ഓടയ്ക്കടുത്ത് പോയി നിന്നാലും മതി, മൊത്തത്തില്‍ ഊറ്റി ഫ്രീ ആയിട്ട് അസുഖമെല്ലാം മാറിക്കിട്ടും.

ഇന്ത്യയിലെ ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കുമ്പോള്‍ ആദ്യം പരാമര്‍ശിക്കപ്പെടുന്നത് ആരോഗ്യവികസനത്തിലെ കേരള മാതൃകയാണ്. ഇവിടുത്ത ശിശുമരണ നിരക്ക് 1000 കുട്ടികള്‍ ജനിക്കുന്നതില്‍ 6 കുട്ടികള്‍ മാത്രമാണ്. ഇത് അമേരിക്കയിലെ ശിശുമരണ നിരക്കിന് സമാനമാണ്. വളരെ കുറഞ്ഞ മാതൃമരണ നിരക്കും, 74 വര്‍ഷം ശരാശരി ആയുസ്സും, ഉയര്‍ന്ന സ്ത്രീ – പുരുഷ അനുപാതവുമെല്ലാം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സ്വപ്നം മാത്രമാണ്. സമൂഹ മാധ്യമങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ എന്തും പടച്ചു വിടാനാവുന്ന ഈ കാലത്ത് അവയിലെ നെല്ലും പതിരും തിരിച്ചറിയാനാകാതെ വലിയൊരു വിഭാഗം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. യോഗ്യത എന്ത് എന്ന ചോദ്യം മലയാളി ചോദിക്കാന്‍ മറക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സുരക്ഷിതമായ ഒരു ആരോഗ്യ സംസ്‌കാരമാണ്.

പഥികന്റെ പാട്ടില്‍ ശങ്കരക്കുറുപ്പ് പാടിയ ഇരുളില്‍ നിന്നും ഇരുളിലേക്കും മരുവില്‍നിന്നും മരുവിലേക്കും ചുറ്റിത്തിരിഞ്ഞലയുന്ന മനുഷ്യന്റെ ദുരന്തദാഹം നമ്മുടെ ആരോഗ്യത്തെയും നിലം പരിശാക്കാതിരിക്കട്ടെ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബാലു കെ.

ബാലു കെ.

എം.ബി.ബി.എസ് വിദ്യാര്‍ഥി, കോഴിക്കോട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍