UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

അവയവദാനം; നിയമം ശക്തമാണ്, വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുത്

ഏകദേശം അഞ്ചുലക്ഷം രോഗികളെങ്കിലും ഓരോ കൊല്ലവും ഇന്ത്യയില്‍ അവയവദാനത്തിനായി മൃതപ്രായരായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്

ഈയടുത്ത് ഏറെ പ്രാധാന്യത്തോടെ പുറത്തുവന്ന വാര്‍ത്തയാണ് മരിച്ച ഒരാളില്‍ നിന്നും ഗര്‍ഭപാത്രം എടുത്ത് വേറൊരു സ്ത്രീയില്‍ വച്ചതും, അവര്‍ പ്രസവിച്ചതും. ഇതിനു മുന്‍പ് ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ ദാനം ചെയ്ത ഗര്‍ഭപാത്രം കൊണ്ട് ഗര്‍ഭം ധരിച്ചു പ്രസവിച്ച ഏതാനും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യമായാണ് മരിച്ച ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം ഇങ്ങനെ ഉപയോഗിച്ചത് വിജയകരമാവുന്നത്. ഇന്ത്യയില്‍ ഒരു ഗര്‍ഭപാത്ര ട്രാന്‍സ്പ്ലാന്റ്റേഷന്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ട്.

ജന്മനാല്‍ ഗര്‍ഭപാത്രം ഇല്ലാത്ത, അഥവാ തകരാറുകള്‍ ഉള്ള സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടാവണമെങ്കില്‍ ഇത് വരെ വാടക ഗര്‍ഭ പാത്രത്തെ ആശ്രയിക്കുക എന്നതേ മാര്‍ഗം ഉണ്ടായിരുന്നുള്ളൂ. അതായത് ഈ സ്ത്രീയുടെ അണ്ഡവും, പങ്കാളിയുടെ ബീജവും തമ്മില്‍ ചേര്‍ത്ത്, ഭ്രൂണത്തെ ഉണ്ടാക്കിയെടുത്ത്, അതിനെ വേറൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു വളര്‍ത്തുക എന്നതാണ് ആ രീതി. എന്നാല്‍ ഈയടുത്ത് ഇന്ത്യ വാടക ഗര്‍ഭപാത്രം എന്ന പരിപാടി നിരോധിച്ചു. അതായത് അവര്‍ക്ക് ട്രാന്‍സ്പ്ലാന്റ്റേഷന്‍ മാത്രമേ ഒരു വഴിയുള്ളൂ.

കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞ് ഗര്‍ഭപാത്രം എടുത്ത് മാറ്റാം എന്നത് കൊണ്ട് മറ്റു അവയവദാന പ്രക്രിയകളില്‍ നിന്നും വ്യത്യസ്തമായി തുടര്‍ ചികിത്സയ്ക്കായി കൊടുത്ത് പോരുന്ന മരുന്നുകള്‍ പിന്നീട് നിര്‍ത്തുകയും ചെയ്യാം. വാടക ഗര്‍ഭപാത്രം തന്നെ ആണ് നല്ല രീതി എന്ന് വാദിക്കുന്നവര്‍ ഉണ്ട്. ശസ്ത്രക്രിയ, മരുന്നുകള്‍, സങ്കീര്‍ണ ചികിത്സ എന്നിവ നോക്കുമ്പോള്‍ അതാണ് ഭേദം എന്ന് ഈ അഭിപ്രായമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഗര്‍ഭപാത്രം മാറ്റി വയ്ക്കല്‍ പുതിയ ഒരു മേഖല ആയ ‘കോമ്പസിറ്റ് ടിഷ്യൂ അല്ലോ ട്രാന്‍സ്പ്ലാന്റ്’ എന്ന വിഭാഗത്തില്‍ പെടും. ഇതേ വിഭാഗത്തില്‍ വരുന്നവ: കൈകള്‍, മുഖം, ശ്വസന നാളി, പുരുഷ ലൈംഗിക അവയവം, കാല്‍മുട്ട് എന്നിവയാണ്.

ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളുടെ പട്ടിക നാഷണല്‍ ജോഗ്രഫിക് പ്രസിദ്ധീകരിച്ചതില്‍ പതിനെട്ട് വയസ്സില്‍ നടന്ന ഒരപകടത്തില്‍ മുഖം പൂര്‍ണമായി തകര്‍ന്നു പോയ കാറ്റി എന്ന യുവതിയുടെ മുഖം ട്രാന്‍സ്പ്ലാന്റിലൂടെ പുനര്‍നിര്‍മിച്ച ഉജ്ജ്വലമായ ഒരു കഥ കാണാം. മുഖം വെച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടങ്ങി വന്ന കാറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വപ്നങ്ങള്‍ പിന്തുടരാനുള്ള ഒരുക്കത്തിലാണ്. മൂന്നു ദിവസം മുന്‍പ് മരണമടഞ്ഞ വദനദാതാവില്‍ നിന്ന് 31 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഖം നീക്കിയെടുത്തത്. നെറ്റി, കണ്‍പോളകള്‍, കണ്‍കുഴികള്‍, മൂക്ക്, ചുണ്ട്, വായ, കവിള്‍, മോണകള്‍, പല്ല്, മുഖ പേശികള്‍ ഇത്രയുമാണ് ശ്രമകരമായ ശസ്ത്രക്രിയയിലൂടെ സൃഷ്ടിച്ചെടുത്തത്.

മുഖം മാറ്റി വെക്കല്‍ ശസ്ത്രക്രിയ ഇന്ത്യയില്‍ ഇത് വരെ നടന്നിട്ടില്ല. ലോകത്ത് ആകമാനം അന്‍പതോളം എണ്ണം നടന്നിട്ടുണ്ട്. അപകടം, തീപൊള്ളല്‍ എന്നിവ മൂലം മുഖം പുനര്‍നിര്‍മ്മിക്കാന്‍ ആവാത്ത വിധം തകര്‍ന്ന് ശരിയായി ശ്വാസം കഴിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാത്ത നിലയില്‍ ഉള്ളവര്‍ക്കാണ് കൂടുതലും ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ളത്.

ഇത്തരം ട്രാന്‍സ്പ്ലാന്റുകളെ ”റീ കണ്‍സ്ട്രക്റ്റീവ്” അഥവാ പുനര്‍നിര്‍മാണ ട്രാന്‍സ്പ്ലാന്റുകള്‍ എന്നും പറയാറുണ്ട്. പുനര്‍നിര്‍മാണ വിദഗ്ദ്ധര്‍ ആയ പ്ലാസ്റ്റിക് മൈക്രോ സര്‍ജന്‍മാരാണ് ഈ മേഖലയിലെ പ്രമുഖര്‍. കൈകള്‍ ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ മാറ്റി വെക്കപ്പെട്ടിട്ടുള്ളത്. നൂറ്റമ്പതിനടുത്ത് കൈ മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ ലോകത്തില്‍ ഇത് വരെ ചെയ്തിട്ടുണ്ട്. ആദ്യത്തെത് 1998 ല്‍ ഫ്രാന്‍സില്‍. ഇന്ത്യയില്‍ ആദ്യമായി ചെയ്തത്, 2015 ല്‍ കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലായിരുന്നു. ഈ സെന്ററില്‍ ഇത് വരെ അഞ്ചു പേര്‍ക്ക് കൈ മാറ്റി വച്ചിട്ടുണ്ട്. എല്ലാവരും രണ്ടു കയ്യും ഇല്ലാത്തവര്‍ ആയിരുന്നു, ആകെ പത്തു കൈകള്‍ ആണ് മാറ്റി വെക്കപ്പെട്ടത്.

അതിസങ്കീര്‍ണം ആണ് ഇത്തരം ശസ്ത്രക്രിയകള്‍. വളരെ ചെറു രക്തക്കുഴലുകളും ഞരമ്പുകളും മറ്റും മൈക്രോസ്‌കോപ്പിനടിയില്‍ വച്ച് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ദുര്‍ഘട സര്‍ജറികള്‍ പലപ്പോഴും പതിനഞ്ചു മുതല്‍ ഇരുപത്തഞ്ചു മണിക്കൂര്‍ വരെ നീണ്ടേക്കാം. അതു കഴിഞ്ഞ് നമ്മുടെ പ്രതിരോധ വ്യവസ്ഥ അതിന് അന്യമായ അവയവത്തെ പുറന്തളളാതിരിക്കാന്‍ പ്രതിരോധ ശക്തിയെ മന്ദീഭവിപ്പിക്കുന്ന മരുന്നുകള്‍ കൊടുക്കണം. മറ്റു പല അവയവമാറ്റങ്ങളുടെ വിഷയമെടുത്താല്‍ അവ ജീവന്‍ നിലനിര്‍ത്താന്‍ ഉള്ളതാണ്, എന്നാല്‍ പുനര്‍നിര്‍മാണ അവയവ മാറ്റങ്ങള്‍ അങ്ങനെ അല്ല. ബാക്കിയുള്ള ജീവിതം മൊത്തം മരുന്നുകള്‍ കഴിക്കണം. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവാം. ഇതൊക്കെ മനസ്സിലാക്കി സമ്മതം പൂര്‍ണമായും നല്‍കിയ രോഗികളില്‍ മാത്രമേ ഇവ ചെയ്യാവൂ. ഈ സങ്കീര്‍ണതകള്‍ കൊണ്ടാവാം ഇന്ത്യയില്‍ ഇത് വരെ രണ്ട് കയ്യും ഇല്ലാത്തവരില്‍ മാത്രമേ കൈ മാറ്റ ശാസ്ത്ര ക്രിയ ചെയ്യപ്പെട്ടിട്ടുള്ളൂ.

അവയവ ദാനം – പൊതുവായ ചില ചിന്തകള്‍:

ജോസഫ് മുറേ എന്ന അമേരിക്കക്കാരനായ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടില് തിരിച്ചെത്തി. മോഡേണ്‍ മെഡിക്കല്‍ രംഗത്ത് അതിവേഗ കുതിപ്പുകളുടെ കാലമായിരുന്നു അന്ന്. മുറിഞ്ഞുപോയ രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ക്കാമെന്നും അതിലൂടെ രക്തം വീണ്ടും ഒഴുക്കി കൈ കാലുകള്‍ സംരക്ഷിക്കാമെന്നും കണ്ടുപിടിക്കുന്നത് ആയിടെയാണ്. അലക്‌സാണ്ടര്‍ കാരല്‍ എന്നൊരാള്‍ മൃഗങ്ങളിലാണ് ആദ്യം ഇത് ചെയ്തത്. കാരലിന് ഈ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.

വൃക്ക, കരള്‍ എന്നിവ പ്രവര്‍ത്തിക്കാത്തതു കാരണം അനേക രോഗികള്‍ മരിച്ചിരുന്നു. ”എല്ലാ മനുഷ്യര്‍ക്കും രണ്ട് വൃക്കകളുണ്ട്. എന്തുകൊണ്ട് ഒരെണ്ണം ഇതുപോലെ വൃക്കരോഗം വന്ന് മൃതപ്രായനായ ഒരാള്‍ക്ക് മാറ്റിവച്ചുകൂടാ? ‘ ഡോക്ടര്‍ മുറേ അടക്കം ഒരുപാട് പേര്‍ ഇതുപോലെ ചിന്തിച്ചു.
എന്തായാലും സാദ്ധ്യമാവില്ല… ഒരിക്കലും… ഇങ്ങനെയാണ് അന്ന് മിക്കവരും വിചാരിച്ചിരുന്നത്.

ഒരു ആര്‍ട്ടറി, ഒരു വെയിന്‍ – അങ്ങനെ രണ്ട് രക്തക്കുഴലുകള്‍ യോജിപ്പിച്ചാല്‍ രക്തയോട്ടം നടക്കും. പക്ഷേ അതിസൂക്ഷ്മ ഞരമ്പുകള്‍, ലിംഫ് കുഴലുകള്‍ എന്നിവ?! മാത്രമല്ല, മറ്റൊരാളുടെ അവയവത്തെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ ബാക്ടീരിയകളെ എന്നതുപോലെ ആക്രമിച്ച് പുറന്തള്ളും. അതിനെന്തു ചെയ്യും?ജോസഫ് മുറെ കൈവിട്ടില്ല. അദ്ദേഹം മൃഗപരീക്ഷണശാലയിലേക്ക് കടന്നു. പന്നികളുടേയും മറ്റും ഒരു വൃക്ക എടുത്തു മാറ്റും. എന്നിട്ടുടന്‍ തന്നെ രക്തക്കുഴലുകള്‍ വീണ്ടും തിരിച്ചുചേര്‍ക്കും. അങ്ങനെ ആ ശസ്ത്രക്രിയയില്‍ വിദഗ്ധനായി. ഒരു പ്രാവശ്യം മൃഗത്തിന്റെ രണ്ട് വൃക്കകളും എടുത്തുമാറ്റി. ഒരെണ്ണം തിരിച്ച് രക്തക്കുഴലുകള്‍ യോജിപ്പിച്ച് പിടിപ്പിച്ചു. മൃഗം ചത്തില്ല. – മൂത്രം ഒഴിക്കുന്നുമുണ്ട്! അങ്ങനെയാണ് ഇത് സാധ്യമാകും എന്ന് നമുക്ക് മനസ്സിലായത്. സൂക്ഷ്മ ഞരമ്പുകളും ലിംഫ് കുഴലുകളും ഒന്നും വേണ്ട. രക്ത ഓട്ടം മാത്രം മതി. വൃക്ക പ്രവര്‍ത്തിക്കാന്‍.

അങ്ങനെ വീണ്ടും പരീക്ഷണങ്ങള്‍. രോഗപ്രതിരോധ ശക്തിയുടെ ആക്രമണത്തെ എങ്ങനെ ചെറുക്കും? ഇതും ആലോചിച്ചിരിക്കുമ്പോഴാണ് ഒരു കിഡ്‌നി ഫെയിലിറായ (ഗുരുതര വൃക്കരോഗം വന്ന് മരിക്കാറായ) ഒരു രോഗിയെ കാണുന്നത്. ബന്ധുക്കളുടെ കൂടെ അതാ രോഗിയുടെ ഫോട്ടോസ്റ്റാറ്റ് പോലെ വോറൊരുത്തന്‍. ഇരട്ട സഹോദരനാണ്.

ഒരുപോലിരിക്കുന്ന ഇരട്ട സഹോദരന്മാരുടെ ജനിതകം ഒരുപോലിരിക്കും. ശരീരത്തിന്റെ പ്രതിരോധശക്തിക്ക് തിരിച്ചറിയാന്‍ പറ്റില്ല. ഡോക്ടറിന്റെ മനതാരില്‍ ഒരു പില്ക്കാല സുപ്രസിദ്ധ ലഡു പൊട്ടി. സഹോദരന്റെ കിഡ്‌നിയെടുത്ത് രോഗിക്ക് വച്ചു. രോഗി ജീവിച്ചു. 1954-ലായിരുന്നു അത്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മറികടക്കുന്ന മരുന്നുകള്‍ വന്നതോടെ പതുക്കെ ഇത്തരം സര്‍ജറികള്‍ സാധാരണമായി.

അവയവദാന പ്രക്രിയകള്‍ക്ക് കടമ്പകള്‍ ഏറെയുണ്ട്, ഒന്നാമതായി ആരെങ്കിലും അവയവം കൊടുക്കാന്‍ റെഡിയാകണം. എന്തൊക്കെ പറഞ്ഞാലും ശസ്ത്രക്രിയയ്ക്ക് ചെറുതെങ്കിലും അപകട സാധ്യതയുണ്ട്. പാന്‍ക്രിയാസ്, ഹൃദയം ഇവയൊന്നും എടുക്കാനേ പറ്റില്ല.

ബന്ധുക്കള്‍ കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍?

അറിയുക – പരിചയമില്ലാത്ത ഒരാള്‍ക്ക് അവയവം കൊടുക്കാം. ജീവനുള്ളവരില്‍ നിന്നും അവയവം സ്വീകരിക്കുന്ന ഇത്തരം അവസരങ്ങളില്‍ അവയവകച്ചവടം എന്നൊരപകടം പതിയിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ ഇത്തരം അധാര്‍മ്മിക പ്രവണതകളെ തടയാന്‍ നിയമ സംവിധാനങ്ങള്‍ നമ്മുടെത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവില്‍ വന്നു.

എഴുപതുകളോടെ കൃത്രിമ ശ്വാസോച്ഛ്വാസം, മറ്റു തീവ്രപരിചരണ പരിപാടികള്‍ എന്നിവയുടെ വളര്‍ച്ച മൂലം മസ്തിഷ്‌കം മരിച്ചു കഴിഞ്ഞാലും ചില രോഗികളുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കും. ശ്വസനയന്ത്രം മാറ്റിയാലുടന്‍ രോഗി മരിക്കും. ചുമ, ഞരക്കങ്ങള്‍, മറ്റനക്കങ്ങള്‍- ഒന്നുമില്ല. മരണം തന്നെ – എന്നാല് മരിച്ചിട്ടുണ്ടോ? അതാണ് ചോദ്യം.

എണ്‍പതുകളോടെ ഒരു മാതിരി എല്ലാ ലോകവിദഗ്ധരും ഒന്നിച്ചു കൂടി മസ്തിഷ്‌കമരണത്തെ ശരിയായി നിര്‍വചിച്ചു. അതോടെ ഇത്തരത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മനുഷ്യരുടെ അവയവങ്ങള്‍ എടുക്കാം എന്ന നില വന്നു. 1994- ഓടെയാണ് ഇന്ത്യന്‍ ട്രാന്‍സ്പ്ലാന്റ് നിയമത്തിലൂടെ മസ്തിഷ്‌കമരണം ഇന്ത്യയില്‍ നിര്വ്വചിക്കുന്നത്. അവയവമാറ്റ സര്‍ജറിയുമായി ഒരു ബന്ധവുമില്ലാത്ത നാല് ഡോക്ടര്മാര്‍ (വിദഗ്ധര്‍) രണ്ടു പ്രാവശ്യം (സമയം ഇടവിട്ട്) കര്ശന വ്യവസ്ഥകളോടെയുള്ള പരിശോധനയിലൂടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്.

ഒന്നു നാമറിയണം. മസ്തിഷ്‌ക മരണം, മരണം തന്നെയാണ്. അവയവദാനത്തിന് ബന്ധുക്കള് സമ്മതിച്ചില്ലെങ്കില്‍ ശ്വസനയന്ത്രം മാറ്റും, മാറ്റണം. ഇല്ലെങ്കില്‍ നിയമപ്രകാരം മരിച്ച ആളെയാണ് വെന്റിലേറ്ററില്‍ ഇട്ടിരിക്കുന്നത്. ഇതുവരെ അങ്ങനൊരാള്‍ ജീവിച്ചുവന്നതായി ചരിത്രമില്ല. വെന്റിലേറ്ററില്‍ തുടര്‍ന്നിട്ടാലും ക്രമേണ ഹൃദയവും നില്ക്കും. തീര്ച്ച. ഇങ്ങനെ ആലോചിക്കുമ്പോള്‍ മാത്രമേ മരണപ്പെട്ട രോഗിയില്‍ നിന്ന് അവയവം എടുക്കുന്നതിലെ ശരി നമുക്ക് മനസ്സിലാവുകയുള്ളു.

ലോകമെമ്പാടുമുള്ള അവസ്ഥയെടുത്താലും ഇന്നു ജീവന്‍ നിലനിര്‍ത്തുവാന്‍ അവയവങ്ങള്‍ ആവശ്യമുള്ളവരുടെ എണ്ണം വളരെ വലുതാണ്. അവയവങ്ങളുടെ ലഭ്യത താരതമ്യേനെ കുറവാണ് . അവയവങ്ങള്‍ക്കായി നീണ്ട വെയ്റ്റിംഗ് ലിസ്റ്റുകള്‍ എല്ലായിടത്തുമുണ്ട്. അമേരിക്കയിലെ കണക്കു വെച്ച് തന്നെ ഈ വെയ്റ്റിംഗ് ലിസ്റ്റിലെ ഇരുപത് പേര്‍ ദിനം പ്രതി മരിക്കുന്നു.

അവയവമാറ്റത്തിന് ബദലായി ഉപാധികള്‍ ഉണ്ടോ?

മൂലകോശങ്ങള്‍ ഉപയോഗിച്ചു അവയവം പുനര്‍നിര്‍മിക്കുക മുതല്‍ ജീവകോശങ്ങള്‍ ജൈവമഷിയായി (bioink ) 3D പ്രിന്റിങ് വഴി ത്രിമാന രൂപത്തില്‍ ‘അച്ചടിച്ചെടുക്കുക ‘തുടങ്ങി പല തരം അവയവ പുനര്‍നിര്‍മാണ പരീക്ഷണങ്ങളും പ്രതീക്ഷ തരുന്നുണ്ടെങ്കിലും ട്രാന്‍സ്പ്ലാന്റേഷന് പകരമാവുന്ന സ്ഥിയില്‍ സമീപഭാവിയില്‍ എത്താന്‍ സാധ്യതയില്ല.

അപ്പൊ ഇനി എന്താണ് മാര്‍ഗ്ഗം?

പല രാജ്യങ്ങളും സുതാര്യതയും സുരക്ഷിതത്വവും നിലനിര്‍ത്തിക്കൊണ്ട് അവയവദാനം സുഗമവും നൂലാമാലയില്ലാത്തതാക്കുവാനും നയങ്ങള്‍ രൂപീകരിക്കുന്നു. അവയവദാനത്തില്‍ ലോകനേതാവ് എന്ന് വിളിക്കാവുന്ന സ്‌പെയിന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ opt out രീതി ഒരുദാഹരണം. ഈ രീതിയില്‍ എല്ലാ പൗരന്‍മാരും അവയവദാനത്തിന് സമ്മതം നല്‍കി റെജിസ്റ്റര്‍ ചെയ്തവരാണ്. താല്‍പര്യമില്ലാത്തവരും വിട്ടു നില്‍ക്കേണ്ടവരും Opt out ചെയ്യുകയാണ് വേണ്ടത്. നമ്മുടെ വിസമ്മത പത്രം പോലെ! പ്രതിദിനം മൂന്ന് പേര്‍ അവയവം ലഭിക്കാതെ മരിക്കുന്ന UK പോലുള്ള രാജ്യങ്ങളും opt out രീതിയിലേക്ക് തിരിയാന്‍ പദ്ധതിയിടുന്നു.

നാട്ടിലെ അവസ്ഥ എടുത്താല്‍ ഏകദേശം അഞ്ചുലക്ഷം രോഗികളെങ്കിലും ഓരോ കൊല്ലവും ഇന്ത്യയില്‍ അവയവദാനത്തിനായി മൃതപ്രായരായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. എന്നാല്‍ ഏതാണ്ട് ആയിരം കരള്‍ മാറ്റ ശസ്ത്രക്രിയകളും പതിനായിരം വൃക്കമാറ്റല്‍ ശസ്ത്രക്രിയകളും മാത്രമേ നടക്കുന്നുള്ളു.

എങ്കിലും ആരോഗ്യവാനോ ആരോഗ്യവതിയോ ആയ ഒരാള്‍ മരിക്കാന്‍ കാത്തിരിക്കണ്ടേ അവയവം കിട്ടാന്‍?

അതു ശരിയാണ്. ഈ ആളുകളുടെ മരണം കഷ്ടമാണ്. എന്നാല്‍, വാഹനാപകടത്തിലോ, തലച്ചോറില്‍ രക്തസ്രാവം മുതലായവ മൂലമോ കുറേപ്പേര് എത്ര തടയാന്‍ നാം ശ്രമിച്ചാലും മരണപ്പെടുന്നു. മരണപ്പെടുന്ന ഒരാളുടെ അവയവങ്ങള്‍ ദാനം ചെയ്താല്‍ അയാളിലൂടെ ഒരു പിടി ആള്‍ക്കാരുടെ ജീവിതമാണ് മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയുന്നത്.

കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് എന്ന സര്ക്കാര്‍ വ്യവസ്ഥിതി (കെ.എന്.ഒ.എസ്.) ആണ് വെയിറ്റിംഗ് ലിസ്റ്റ് കര്‍ശനമായി നിയന്ത്രിക്കുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന പാനലില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും നിശ്ചയമായും ഉണ്ടായിരിക്കണം.

കഴിഞ്ഞ കുറച്ചു നാളുകളായി പല കോണുകളില്‍ നിന്നുയര്‍ന്നു വന്ന അവാസ്തവ പ്രചാരണങ്ങള്‍ മൂലം നമ്മുടെ നാട്ടിലെ മരണാനന്തര അവയവമാറ്റ പ്രക്രിയകളുടെ എണ്ണം കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും ആശങ്കാജനകമാണ്, അവയവം കാത്തിരിക്കുന്ന സാധുമനുഷ്യരുടെ ജീവിക്കാനുള്ള പ്രത്യാശകള്‍ കെടുത്താന്‍ പോന്നത്.

നിലവിലെ മരണാനന്തര അവയവ ദാന പ്രക്രിയയില്‍ ഒരു കൂട്ടായ കുറ്റകൃത്യങ്ങളോ അഴിമതിയോ അധാര്‍മ്മിക പ്രക്രിയകളോ നടക്കാന്‍ തീരെ സാധ്യതകള്‍ കുറവാണ്, കാരണം ഈ സംവിധാനത്തിന് മേല്‍ ശക്തമായ ചട്ടങ്ങളും നിയമങ്ങളും മേല്‍നോട്ടവും സര്‍ക്കാര്‍ മുഖേന വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതെന്തെന്നു ചുരുക്കി പറയാം.
മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത കര്‍ശന നിബന്ധനകളും ഇതില്‍ പെടുന്നു.

*പ്രക്രിയകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുക.
*മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരുടെ ടീമില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിര്‍ബന്ധ സാന്നിധ്യം. എന്നിങ്ങനെ ചിലത്.

അവയവദാനം സുരക്ഷിതമായി ചെയ്യാന്‍ സംവിധാനം സാമ്പത്തിക ചിലവു കൂടുതലുള്ള കാര്യമാണ്. സ്വകാര്യമേഖലയിലാണ് ഇത്തരം സംവിധാനങ്ങള്‍ കൂടുതലായി ഉള്ളത് എന്നത് കൊണ്ട് അതാശ്രയിക്കേണ്ടി വരുന്നവര്‍ക്ക് സാമ്പത്തികമായി ബാധ്യതകള്‍ ഏറും. എന്നാല്‍ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ തലത്തില്‍ ഇത്തരം ശസ്ത്രക്രിയകല്‍ക്കുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിയെടുക്കുക എന്നതാണ് കരണീയമായത്. അത് വരെ അവയവമാറ്റ ശസ്ത്രക്രിയകളുടെ പ്രത്യേക സ്വഭാവം മനസ്സിലാക്കി, അതിനു വരുന്ന ന്യായമായ ചെലവ് കണക്കാക്കി സര്‍ക്കാര്‍ ഇത്തരം രോഗികള്‍ക്ക് ചികിത്സാ സഹയങ്ങള്‍ നല്‍കുന്ന സംവിധാനം ഉണ്ടാക്കുന്നത് ഉപകാരപ്രദമാവും.

എഴുതിയത്-ഇന്‍ഫോക്ലിനിക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോക്ടര്‍ ജിമ്മി മാത്യു ഡോ. അഞ്ജിത് ഉണ്ണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍