UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആസ്ത്മയെ പ്രതിരോധിക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ!

നീണ്ടുനില്‍ക്കുന്നതും മാറാരോഗത്തിന്റെ പട്ടികയിലുള്ളതുമായ ഈ രോഗത്തെ കൃത്യമായ മുന്‍കരുതലുകളോടെ പ്രതിരോധിക്കാം എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

മുതിര്‍ന്നവരില്‍ പന്ത്രണ്ടില്‍ ഒരാള്‍ ആസ്ത്മ രോഗി ആണെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. നീണ്ടുനില്‍ക്കുന്നതും മാറാരോഗത്തിന്റെ പട്ടികയിലുള്ളതുമായ ഈ രോഗത്തെ കൃത്യമായ മുന്‍കരുതലുകളോടെ പ്രതിരോധിക്കാം എന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. ഗാര്‍ഡിയന്‍ പത്രത്തില്‍ ഡേവിഡ് കോക്‌സ് എഴുതിയത –

ആസ്ത്മ രോഗികള്‍ ഇന്‍ഹേലര്‍ എപ്പോഴും കയ്യില്‍ കരുതണം

ആസ്തമ പ്രശ്‌നങ്ങളാല്‍ ദിവസവും നിരവധി ആളുകള്‍ മരിക്കുന്നുണ്ട്. ഇതില്‍ മൂന്നില്‍ രണ്ട് മരണങ്ങളും ഒഴിവാക്കാവുന്നവയാണ്. ഇന്‍ഹേലര്‍, മറ്റ് മരുന്നുകള്‍ എന്നിവയുടെ ഉപയോഗം ആസ്തമ പ്രതിരോധത്തിന് സഹായിക്കും. രോഗത്തിന്റെ അസ്വസ്ഥത അമിതമായി അനുഭവിക്കുന്നവര്‍ ആണെങ്കില്‍ ഇന്‍ഹേലര്‍ ആണ് ഏക സഹായം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം അല്ലെങ്കില്‍ അതില്‍ അധികം ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടി വരുന്നു എങ്കില്‍ നിങ്ങളുടെ ആസ്തമ നിയന്ത്രണം ശരിയായ നിലയ്ക്കല്ലെന്ന് തിരിച്ചറിയണം.

നിങ്ങളിലെ രോഗിയെ ഉണര്‍ത്തുന്നത് ആര്?

ആസ്തമ രോഗികളില്‍ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുറ്റിലും ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊടി, പുകവലി എന്നിവയുടെ അടുത്ത് പോകാന്‍ കഴിയാത്തവര്‍ ആകും ഏറിയ പങ്കും.

ശരീരഭാരം ശ്രദ്ധിക്കാം

അമിതവണ്ണം ആസ്തമ രോഗം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നിഗമനം കൃത്യമാക്കിയിട്ടില്ലെങ്കിലും അമിതവണ്ണക്കാര്‍ക്ക് ഈ രോഗം കലശലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

വീട് വൃത്തിയായി സൂക്ഷിക്കണം

ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും വീട്ടിലെ പൊടിപടലങ്ങള്‍ കളഞ്ഞ് വീട് വൃത്തിയാക്കണം. ജോലിക്കിടയില്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ കിടക്ക കഴുകുന്നതും ആസ്ത്മയെ നിയന്ത്രിക്കും. പൊടി പിടിക്കാത്ത തരം Anti-Dust mite കിടക്കവിരി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

വളര്‍ത്തുമൃഗങ്ങള്‍ വേണ്ട

ഒരുവിധം ആസ്ത്മ രോഗികള്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം അപകടകരമാണ്. ഇനി വളര്‍ത്തുമൃഗങ്ങളെ ഒഴിവാക്കാന്‍ ആകില്ലെങ്കില്‍ അവയെ വൃത്തിയായി കുളിപ്പിക്കാനും സംരക്ഷിക്കാനും വീട്ടില്‍ ആളുകള്‍ വേണം.

ബ്രീത്തിങ് എക്‌സര്‍സൈസ്

പപ്വര്‍ത്ത് (Papworth) പോലുള്ള ശ്വസനത്തിന്റെ ഗതി നിയന്ത്രിക്കുന്ന വ്യായാമങ്ങള്‍ ശീലിക്കുന്നത് നല്ലതാണ്. ആസ്ത്മ രോഗത്തിന്റെ മരുന്നിനൊപ്പം ചെയ്യേണ്ട തെറാപ്പിയായി തന്നെ ഇതിനെ കരുതുക (ഓര്‍ക്കുക, മരുന്നിന് പകരമല്ല ബ്രീത്തിങ് എക്‌സര്‍സൈസ്).

വ്യായാമത്തിന് കൃത്യത വേണം

ആസ്ത്മ രോഗികള്‍ക്കും വ്യായാമം ആവാം. ശ്വാസകോശത്തിന്റെ വികാസത്തിനും രോഗപ്രതിരോധശേഷിക്കും വ്യായാമം ഉത്തമമാണ്. കാലങ്ങളായി വ്യായാമം ശീലിക്കാത്തവരാണെങ്കില്‍ നടത്തം, യോഗ, നീന്തല്‍ തുടങ്ങിയവയെ ആശ്രയിക്കുന്നത് നന്നാകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍