UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എബോള ഇനി മുതല്‍ ചികിത്സയില്ലാത്ത രോഗമല്ല

ഏബോള ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ (ഡിആര്‍സി) രണ്ട് മരുന്നുകള്‍ വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞതായി ശാസ്ത്രജ്ഞർ

എബോള ഇനിമുതല്‍ ചികിത്സിയില്ലാത്ത രോഗമല്ലെന്ന് ശാസ്ത്രജ്ഞർ. നിലവില്‍ ഏബോള ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ (ഡിആര്‍സി) രണ്ട് മരുന്നുകള്‍ വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞതായി ശാസ്ത്രജ്ഞർ പറയുന്നു. കോംഗോയിൽ എബോള ഇതുവരെ 2,800 പേരെ ബാധിക്കുകയും 1,800 ലധികം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ആന്റിബോഡി അടിസ്ഥാനമാക്കിയുള്ള രണ്ട് ചികിത്സകൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും, അവ ഡിആര്‍സിയിലെ എല്ലാ രോഗികള്‍ക്കും നല്‍കാന്‍ തയ്യാറെടുക്കുകയാണെന്നും ലോകാരോഗ്യ സംഘടനയും യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇന്ഫെക്ടിയസ് ഡിസീസും തിങ്കളാഴ്ച പ്രഖ്യാപിച്ചു. ‘ഇനി മുതൽ, എബോളയൊരു ചികിത്സയില്ലാ രോഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന്’ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ച ഡിആർസി-യിലെ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഡി റീചെർചെ ബയോമെഡിക്കലിന്റെ ഡയറക്ടർ ജനറൽ പ്രൊഫ. ജീൻ-ജാക്ക് മുയിംബെ പറഞ്ഞു.

‘ഈ മുന്നേറ്റം ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ സഹായിക്കും’ എന്ന് അദ്ദേഹം അഭിപ്രായാപ്പെട്ടു. രോഗിയുടെ കോശങ്ങളിലേക്ക് കടക്കുന്നതിൽ നിന്നും വൈറസിനെ തടയുന്ന മോണോക്ലോണൽ ആന്റിബോഡികളാണ് REGN-EB3, mAb-114 എന്നറിയപ്പെടുന്ന രണ്ട് മരുന്നുകള്‍. ഏകദേശം 700 രോഗികൾ ഉൾപ്പെട്ട ട്രയലിൽ, മറ്റ് രണ്ട് പരീക്ഷണ ചികിത്സകളായ ZMapp, Remdesivir എന്നിവയേക്കാൾ REGN-EB3, mAb-114 എന്നിവ വളരെ ഫലപ്രദമാണെന്ന് അവര്‍ കണ്ടെത്തി. പരീക്ഷണം വിജയമായതോടെ പ്രാദേശിക ജനങ്ങളും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിച്ച് പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന പ്രതീക്ഷിയിലാണ് ശാസ്ത്രജ്ഞർ.

നിലവില്‍ കോംഗോയിലെ എബോള ബാധ ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയല്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒപ്പം, പ്രതിരോധ മരുന്നുകളുടെ വിതരണം ഫലപ്രദമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍