UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘ആരോഗ്യത്തെ സംബന്ധിച്ച നിങ്ങളുടെ ധാരണകള്‍ തെറ്റാണ്’; ഒരു നേരം 4,000 കലോറി ആഹാരം കഴിക്കുന്ന ഹോര്‍ട്ടണ്‍!

‘ആരോഗ്യത്തെയും ശരീരത്തെയും സംബന്ധിച്ച നിങ്ങളുടെ ധാരണകള്‍ തെറ്റാണ്. അത് കേള്‍ക്കാന്‍ ഞാന്‍ താല്പര്യപെടുന്നില്ല’ ബ്ലേക്ക് ഹോര്‍ട്ടണ്‍

വ്യത്യസ്തമായ ഡയറ്റ് ചാര്‍ട്ടും ടെക്നിക്കുകളുമാണ് ന്യൂ ജേഴ്സിക്കാരനായ ഫിറ്റ്‌നസ് ഗുരു ബ്ലേക്ക് ഹോര്‍ട്ടണ്‍ (Blake Horton) തെരഞ്ഞെടുത്തിരിക്കുന്നത്. അതേ ഡയറ്റ് ചാര്‍ട്ടിലൂടെയാണ് ഇന്ന് ഹോര്‍ട്ടണെ ലോകം അറിയുന്നതും. ഓരോ ദിവസവും കഴിക്കുന്നത് 4000 കലോറി വരുന്ന ഭക്ഷണം. തന്റെ ഒരു ദിവസത്തെ ആഹാരക്രമം ഹോര്‍ട്ടണ്‍, വീഡിയോ ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിക്കഴിഞ്ഞു.

34-കാരനാണ് ഹോര്‍ട്ടണ്‍ ഒരു ദിവസം ഒരു നേരം മാത്രമാണ് ആഹാരം കഴിക്കുന്നത്. ഒരു ട്രേ നിറയെ മക്-ഗ്രിഡില്‍, ഐസ്‌ക്രീം, അല്ലെങ്കില്‍ സാന്‍ഡ്‌വിച്ച്, എഗ്ഗ് റോള്‍ എന്നിങ്ങനെ പോകും ഇഷ്ടങ്ങള്‍. ആരോഗ്യ പരിപാലനത്തിനായി പുഴുങ്ങിയെടുത്ത പച്ചക്കറികള്‍, ഗ്രില്‍ഡ് ചിക്കന്‍ എന്നിങ്ങനെ പതിവ് ‘ആഫ്റ്റര്‍ ജിം’ ഏര്‍പ്പാടുകളോടൊക്കെ പുച്ഛമാണ് ഹോര്‍ട്ടണ്.

‘ഇഷ്ടമുള്ളതും പോഷകഗുണമുള്ളതുമായ ആഹാരം ഒറ്റനേരമായി കഴിക്കും. അങ്ങനെ കുറച്ച് സമയം മാത്രമാണ് ആഹാരത്തിനായി ചെലവിടുന്നത്. മൂന്ന് നേരം കഴിക്കണമെന്ന തോന്നലുമില്ല, ആഹാരം ആസ്വദിക്കുന്നുമുണ്ട്’-ബ്ലേക് ഹോര്‍ട്ടണിന്റെ വാക്കുകള്‍

സാധാരണ ജിം പരിശീലനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാലിസ്‌ത്തെനിക്‌സ്, ആയോധനകലകള്‍, ബൈക്കിങ് എന്നിങ്ങനെ പോകും ഹോര്‍ട്ടണിന്റെ ഫിറ്റ്‌നസ് മുറകള്‍.

ചില ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയാണ്. ‘സാധാരണ ഫിറ്റ്‌നസ് പ്രേമികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കലോറി ബഡ്ജറ്റ് ആണ് എനിക്കുള്ളത്. ഒരു ദിവസം ചെയ്യേണ്ട മുഴുവന്‍ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് എന്റെ ഭക്ഷണം. അതുകൊണ്ട് ഭക്ഷണം പരമാവധി ആസ്വദിക്കാനും കഴിയുന്നുണ്ട്’- ബ്ലേക്ക് ഹോര്‍ട്ടണ്‍ തന്റെ ശീലങ്ങളെയോര്‍ത്ത് ഇങ്ങനെ അഭിമാനിക്കുന്നു.

നാല് വര്‍ഷമായി ഇടയ്ക്കുള്ള ഉപവാസം ശീലമാക്കിയിട്ട്. അന്ന് മുതല്‍ ആരോഗ്യത്തെകുറിച്ചു കൂടുതല്‍ ബോധവാനാണ്. 30 വയസ്സിന് ശേഷമാണ് ശരീരഭാരം കുറച്ചുതുടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്ന സ്ഥിരം ഫിറ്റ്‌നസ് രീതി അദ്ദേഹത്തെ ക്ഷീണിതനാക്കിയിരുന്നു അത്രേ!

പുതിയ ആഹാരരീതിക്ക് ശേഷം ഡോക്ടറെ കാണാനും ആരോഗ്യം ഉറപ്പുവരുത്താനും മടി കാണിക്കാറില്ല. ശരീരത്തിന് ആവശ്യമായ മുഴുവന്‍ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്നാണ് ബ്ലേക്ക് ഹോര്‍ട്ടണ്‍ പറയുന്നത്. കാമുകിക്കൊപ്പമാണ് ബ്ലേക്കിന്റെ താമസം. ഇത്രയും ഭക്ഷണം കഴിക്കില്ലെങ്കിലും തന്റെ രീതികളോട് ഇഷ്ടവും ഇന്‍സ്റ്റഗ്രാം വിഡിയോകള്‍ക്ക് പ്രചോദനവും കാമുകിയാണെന്നും ബ്ലേക്ക് പറയുന്നു.

ഇനി, ഈ രീതികള്‍ ശരിയല്ലെന്ന് പറയുന്നവരോടും ബ്ലേക്കിനു മറുപടിയുണ്ട്. ‘ആരോഗ്യത്തെയും ശരീരത്തെയും സംബന്ധിച്ച നിങ്ങളുടെ ധാരണകള്‍ തെറ്റാണ്. അത് കേള്‍ക്കാന്‍ ഞാന്‍ താല്പര്യപെടുന്നില്ല’

വ്യത്യസ്തമായ രീതിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം ബ്ലേക്ക് ഹോര്‍ട്ടണ്‍ ഉറക്കത്തിലേക്ക് പോകും. ഇത്രയും ആഹാരം ഒരുമിച്ച് ദഹിക്കാന്‍ ശരീരത്തെ അങ്ങനെ സഹായിക്കും!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍