UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇ-സിഗരറ്റ് വില്‍പന നിര്‍ത്തലാക്കാന്‍ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം

പഞ്ചാബ്, കര്‍ണാടക, മിസോറം, കേരളം, ജമ്മു കശ്മീര്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇവയുടെ ഉല്പാദനവും വില്പനയും തടഞ്ഞിരുന്നു.

ഇ-സിഗരറ്റ്, ഇ-ഷീഷ, ഇ-നിക്കോട്ടിന്‍ എന്നിവയുള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി ഉത്പന്നങ്ങളും നിര്‍ത്തലാക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ മാസം 28-നാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കിയത്. നിര്‍മാണം, വിപണനം, വിതരണം, പരസ്യം, ഇറക്കുമതി എന്നിവ ഒഴിവാക്കി പൊതുജനങ്ങളിലേക്ക് ഇവ എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്.

പഞ്ചാബ്, കര്‍ണാടക, മിസോറം, കേരളം, ജമ്മു കശ്മീര്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇവയുടെ ഉല്പാദനവും വില്പനയും തടഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഇത് മാതൃകയാക്കാനും മന്ത്രാലയം അറിയിച്ചു. 2014 മുതലാണ്, ഇ-സിഗരറ്റ് ഉള്‍പ്പടെ മുഴുവന്‍ ENDS ഉത്പന്നങ്ങളും നിര്‍ത്തലാക്കാന്‍ മന്ത്രാലയം ശ്രമം തുടങ്ങിയത്. പുകയിലയോട് കൂടുതല്‍ അടുപ്പം സൃഷ്ടിക്കാന്‍ മാത്രമേ ഇവ ഉപകരിക്കൂ എന്ന വിദഗ്ധ ഉപദേശങ്ങളെ തുടര്‍ന്നാണിത്.

ചൈനീസ് വിപണിയിലാണ് ആദ്യമായി ഇ-സിഗരറ്റുകള്‍ എത്തിയത്. 2004ല്‍ സജീവമായ ഇലക്ട്രോണിക് സിഗരറ്റിന് ലോകമെമ്പാടും ആവശ്യക്കാര്‍ നിരവധിയാണ്. 2016ലെ കണക്ക് അനുസരിച്ച് 3. 2% അമേരിക്കക്കാര്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നുണ്ട്. പുകയിലയുടെ സാന്നിധ്യമില്ലാതെ സിഗരറ്റ് പോലെ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍, പുകയില ഉപയോഗം തടയാനെന്ന പരസ്യത്തോടെയാണ് ലോകവിപണിയില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷെ വിപരീത ഫലമാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയില്‍, കൗമാരക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള പുകയില ഉപയോഗത്തിന്റെ രീതിയാണ് ഇത്. ഹൈ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇ-സിഗരറ്റ് ഉപയോഗം അഥവ വാപിങ്ങി(vaping)ന്റെ അളവ് 900% വര്‍ധിച്ചെന്നാണ് കണക്ക്. 18-നും 24-നും ഇടയില്‍ പ്രായമുള്ള 40% പേരുടെ കാര്യമാണ് ആശ്ചര്യം ഉണ്ടാക്കുന്നത്. ഇ-സിഗരറ്റ് ഉപയോഗിച്ചു തുടങ്ങിയ ശേഷമാണത്രെ ജീവിതത്തില്‍ ആദ്യമായി ഇവര്‍ സാധാരണ സിഗരറ്റുകള്‍ ഉപയോഗിക്കാനും അവയ്ക്ക് അടിമപ്പെടാനും തുടങ്ങിയത്.

കാലങ്ങളായി പുകവലി ശീലമാക്കിയവര്‍ക്ക് ഒരു പക്ഷെ ആരോഗ്യപരമായി മെച്ചപ്പെട്ടതായിരിക്കും ഇ-സിഗരറ്റ്. പക്ഷെ ചെറുപ്പക്കാരുള്‍പ്പടെ ഭൂരിഭാഗം പേരും ഇവയുടെ തിക്തഫലം അനുഭവിക്കുന്നവരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍