UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

അനസ്‌തേഷ്യയെ കുറിച്ചും അനസ്‌തേഷ്യസ്റ്റ്‌നെ കുറിച്ചും കൂടുതലറിയാം

അനസ്‌തേഷ്യക്ക് മുന്‍പ് ഭക്ഷണം ഒഴിവാക്കാന്‍ ഉള്ള നിര്‍ദേശം തരുന്നത് അബോധാവസ്ഥയില്‍ ഭക്ഷണമോ വെള്ളമോ ശ്വാസനാളത്തിലേക്ക് കടക്കാന്‍ സാധ്യത ഉള്ളതു കൊണ്ടാണ്. അത് മരണകാരണം ആയേക്കാം.

ശരിക്കും ഈ അനസ്‌തേഷ്യ ഡോക്ടര്‍ടെ ജോലി എന്താ? അങ്ങനെ ചിലരുണ്ടിവിടെ, ആശുപത്രികളില്‍, പ്രധാനമായും ശസ്ത്രക്രിയാ മുറികളില്‍. ആധുനിക വൈദ്യശാസ്ത്രം ഇപ്പോഴവരെ പെരിഓപ്പറേറ്റീവ് ഫിസിഷ്യന്‍ എന്നു വിളിക്കുന്നു – അതായത്, ശസ്ത്രക്രിയയ്ക്ക് മുന്‍പും ശസ്ത്രക്രിയാസമയത്തും ശസ്ത്രക്രിയയ്ക്ക് ശേഷവും രോഗിക്കാവശ്യമായ സേവനം നല്‍കുന്ന ഡോക്ടര്‍.

പിഏസി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന അനസ്തീസിയ പൂര്‍വ പരിശോധനയാണ് സംഭവം. ഓപ്പറേഷന്‍ ചെയ്യേണ്ടി വരും എന്ന് പ്രതീക്ഷിക്കുന്ന രോഗിയെ കണ്ട്, പരിശോധിച്ച്, ആവശ്യമായ ലാബ് പരിശോധനകള്‍ നടത്തി, ആ പരിശോധന ഫലങ്ങള്‍ വിലയിരുത്തി, നിലവിലെ ശാരീരിക സ്ഥിതി വിലയിരുത്തി, ശാരീരിക ക്ഷമത അളക്കുന്നതാണ് ഈ പരിശോധനയുടെ ലക്ഷ്യം.

പി ഏ സി ക്ക് പോകുമ്പോള്‍?

??ഡോക്ടര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുക. മുമ്പ് ഉണ്ടായിരുന്ന രോഗങ്ങള്‍, മുമ്പ് കഴിച്ചിരുന്ന/ ഇപ്പോള്‍ തുടരുന്ന മരുന്നുകള്‍, മുന്‍കാല ശസ്ത്രക്രിയകള്‍ എന്നിവയുടെ വിവരങ്ങള്‍ പ്രധാനമാണ്. മറന്നു പോകാതിരിക്കാന്‍ കുറിപ്പ് എഴുതി കൈയില്‍ വെയ്ക്കാം.

?? പരിശോധന ഫലങ്ങള്‍ കൈയില്‍ കരുതുക. റിസള്‍ട്ടെല്ലാം മറ്റേ ഡോക്ടര്‍ കണ്ടതാണ്. ഇനി ഇവിടെ വീണ്ടും കണ്ടിട്ടെന്തിനാ എന്ന് കരുതരുത്. അനസ്തീസിയയെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് നിങ്ങളുടെ അനസ്‌തേഷ്യോളജിസ്റ്റാണ്. പരിശോധനഫലങ്ങള്‍ കൃത്യമായി കണ്ടാല്‍ മാത്രമേ അത് സാധ്യമാകൂ.

??കൊറേ ടെസ്റ്റ് ചെയ്തതല്ലേ. വയറിന്റെ സ്‌കാന്‍ ഒക്കെ എടുത്തു. ഇനി ഇവരെന്തിനാ രക്തം പരിശോധിക്കണമെന്ന് പറയുന്നത്?

രോഗനിര്‍ണയത്തിനും സര്‍ജറിക്കും ആവശ്യമായ പരിശോധനകള്‍ ആവും ആദ്യം സര്‍ജന്‍ നടത്തിയിട്ടുണ്ടാവുക. അനസ്തീസിയയെ സംബന്ധിച്ചിടത്തോളം വിവിധ അവയവ വ്യവസ്ഥകളുടെ പൊതുവായ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്. ചെയ്യാന്‍ പോകുന്ന ഓപ്പറേഷന്‍ എന്ത് എന്നതും, എന്തൊക്കെ തരം അനസ്തീസിയ തരാന്‍ ആണ് പ്ലാന്‍ ചെയ്യുന്നത് എന്നും അനുസരിച്ച് ആവശ്യമായ പരിശോധനകളില്‍ വ്യത്യാസം വരാം. ആവശ്യമെങ്കില്‍ മറ്റു സ്‌പെഷ്യലിസ്റ്റുകളുടെ വിദഗ്ധാഭിപ്രായം തേടിയുള്ള കണ്‍സള്‍ട്ടേഷനും വേണ്ടി വരാം.

?? രോഗിയുടെ രോഗവിവരങ്ങള്‍ അറിയുന്ന, കാര്യങ്ങള്‍ വ്യക്തമായി ശ്രദ്ധിച്ചു മനസിലാക്കാന്‍ കഴിയുന്ന ഒരു ബൈസ്റ്റാന്‍ഡര്‍ ഒപ്പമുണ്ടാകുന്നതാണ് അഭികാമ്യം. പലപ്പോഴും ഓപ്പറേഷന്‍ തീരുമാനിച്ചതിനെക്കുറിച്ചുള്ള ആശങ്കയില്‍ PAC യ്‌ക്കെത്തുന്ന രോഗിക്ക് എല്ലാ നിര്‍ദേശങ്ങളും പെട്ടെന്ന് ഓര്‍ത്തു വയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല.

??ചില മരുന്നുകളുടെ ഡോസ് വ്യത്യാസപ്പെടുത്താം, ചിലത് താല്‍ക്കാലികമായി നിര്‍ത്തി വച്ചേക്കാം. നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം.

?? സമ്മതപത്രം കണ്ടിട്ട് കണ്ണുതള്ളിപ്പോയി. മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കണോ?

പ്ലാന്‍ ചെയ്യുന്ന ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തീസിയ ഏതൊക്കെ രീതിയില്‍ ആവും എന്ന അനസ്തീസിയ പ്ലാന്‍ ഉണ്ടാവും.ചിലപ്പോള്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മാത്രം മരവിപ്പിക്കുന്ന റീജിയണല്‍ അനസ്തീസിയ ആകും പ്രാഥമിക പ്ലാന്‍. പക്ഷേ, പല കാരണങ്ങള്‍ കൊണ്ട് ഇത് ഫലപ്രദമാകാതിരിക്കാം, ശസ്ത്രക്രിയ പല കാരണങ്ങളാല്‍ നീണ്ടു പോകാം. അത്തരം സന്ദര്‍ഭങ്ങളില്‍ പൂര്‍ണമായും ബോധം കെടുത്തുന്ന ജനറല്‍ അനസ്തീസിയയിലേക്ക് മാറേണ്ടി വരാം. അതുകൊണ്ടുതന്നെ അനസ്തീസിയക്കുള്ള സമ്മതപത്രത്തില്‍ ഇതിന്റെയെല്ലാം വിശദാംശങ്ങളും സങ്കീര്‍ണതകളും ഉണ്ടാകും.
സമ്മതപത്രം കൃത്യമായി വായിച്ചു മനസിലാക്കിയ ശേഷം വേണം ഒപ്പിടാന്‍. അത് രോഗിയുടെ അവകാശമാണ്.
?? പച്ചവെള്ളം പോലും കുടിക്കാന്‍ സമ്മതിക്കില്ല ഇവര്..

അനസ്‌തേഷ്യക്ക് മുന്‍പ് ഭക്ഷണം ഒഴിവാക്കാന്‍ ഉള്ള നിര്‍ദേശം തരുന്നത് അബോധാവസ്ഥയില്‍ ഭക്ഷണമോ വെള്ളമോ ശ്വാസനാളത്തിലേക്ക് കടക്കാന്‍ സാധ്യത ഉള്ളതു കൊണ്ടാണ്. അത് മരണകാരണം ആയേക്കാം.
നിഷ്‌കര്‍ഷിക്കപ്പെട്ട അത്രയും സമയം ഉപവാസത്തില്‍ അല്ലാതെ അനസ്തീസിയ നല്‍കുന്നത് അപകടമാണ്.

?? എപ്പോഴും മൊത്തം മയക്കത്തില്ല, അല്ല്യോ?

??’മൊത്തം മയക്കല്‍’ എന്ന ജനറല്‍ അനസ്‌തേഷ്യയില്‍ , രോഗിക്ക് ചില മരുന്നുകള്‍ നല്‍കി ഉറക്കുന്നു, ഈ മരുന്നുകള്‍ ശ്വാസത്തിലൂടെ നല്‍കുന്നവയാകാം (inhalational) , ഇഞ്ചക്ഷനിലൂടെ നല്‍കുന്നവയാകാം.
ഉറക്കം മാത്രമല്ല അനസ്തീസിയ. പേശികളെ താത്കാലികമായി പ്രവര്‍ത്തിക്കാതെയാക്കുന്ന മരുന്നുകളും വേദന സംഹാരികളും നല്‍കും. അപ്പോള്‍ ശ്വസിക്കാനും സഹായം നല്‍കേണ്ടതുണ്ട്. അതിനു ശ്വാസനാളത്തിലേക്ക് ട്യൂബ് ഇട്ട് ശ്വാസം നല്‍കേണ്ടി വരാം.

?? അപ്പോ നിങ്ങളിത് കൊടുത്തിട്ട് എവിടെ പോകും?

എവിടെയും പോകില്ല. ഈ മരുന്നുകളൊക്കെ നല്‍കിയ രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം ,ശ്വസനം ഇവയൊക്കെ കൃത്യമായി നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കണം. ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗിയുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഓരോ മാറ്റവും ശ്രദ്ധിക്കുകയും, ആവശ്യമായ അളവില്‍ മറ്റു മരുന്നുകളും അനസ്തീസിയയുടെ തുടര്‍ച്ചയും നല്‍കുകയും വേണം.
അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളെ കൃത്യമായി തിരിച്ചറിഞ്ഞ് ഉടനടി ഇടപെട്ടു ചികിത്സിക്കേണ്ട നിര്‍ണായകമായ റോള്‍ അനസ്‌തേഷ്യോളജിസ്റ്റിനുണ്ട്.

കൂടാതെ, ശസ്ത്രക്രിയാ സമയത്തെ രക്തനഷ്ടം തിട്ടപ്പെടുത്തുകയും ആവശ്യമായ പക്ഷം രക്തവും രക്തഘടകങ്ങളും നല്‍കുകയും ശരീരത്തിലെ ലവണാംശം അടക്കമുള്ള ഘടകങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും അവ ശരിയാംവിധം ക്രമീകരിക്കുകയും അനസ്തീസിയ നല്‍കുന്ന ഡോക്ടറുടെ ജോലിയാണ്.
ചുരുക്കത്തില്‍, ഉറക്കിയാല്‍ പോരാ ഉറങ്ങുന്ന രോഗിക്ക് ഒരു നിമിഷം പോലും കണ്ണെടുക്കാതെ കാവലിരിക്കുകയും വേണം.

??’തരിപ്പിക്കല്‍’ എന്ന റീജിയണല്‍ അനസ്തീസിയ യില്‍ ശസ്ത്രക്രിയ ചെയ്യേണ്ട ശരീര ഭാഗം വേദനയില്ലാതെ ഇരിക്കുവാന്‍ നാഡികളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയാണ് ചെയ്യുക. ഈ ‘ബ്ലോക്കാക്കല്‍’ പല തലങ്ങളില്‍ ചെയ്യാം. ഒരു പ്രത്യേക നാഡിയെ മാത്രം മരവിപ്പിക്കാം, ഒരു കൂട്ടം നാഡികള്‍ മരവിപ്പിക്കാം, ത്വക്കിനു താഴെ മരവിപ്പിക്കുന്ന മരുന്ന് കുത്തിവച്ചു ഒരു ചെറിയഭാഗം മാത്രം മരവിപ്പിക്കാം.

?? റീജിയണല്‍ അനസ്തീസിയയില്‍ തന്നെ ഉള്‍പ്പെടുന്നതാണ്, central neuraxial block എന്ന് അനസ്‌തേഷ്യ ഡോക്ടറും ‘തണ്ടെല്ലു കുത്തി തരിപ്പിക്കല്‍’ എന്ന് നാട്ടുകാരും വിളിക്കുന്ന ചില അനസ്തീസിയ രീതികള്‍. തണ്ടെല്ലില്‍ കുത്തുകയല്ല, സുഷുമ്‌ന നാഡിയില്‍ നിന്ന് പുറത്തു വരുന്ന നാഡികളെ ഒരു കൂട്ടത്തെ ഒന്നിച്ചു, അവയുടെ ആവരണത്തിനു ചുറ്റും മരുന്ന് വച്ച് തരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ വിഭാഗത്തില്‍ പ്രധാനമായും സ്‌പൈനല്‍ അനസ്തീസിയ എന്ന് സാധാരണ വിളിക്കാറുള്ള subarachnoid block, എപിഡ്യൂറല്‍ ബ്ലോക്ക്, caudal epidural block എന്നിവ ഉള്‍പ്പെടുന്നു.
ഈ റീജിയണല്‍ അനസ്തീസിയ നല്‍കുന്നതിനൊപ്പം രോഗിയുടെ ആകാംക്ഷ കുറയ്ക്കാനുള്ള മരുന്നുകളോ, ഉറങ്ങാനുള്ള മരുന്നുകളോ നല്‍കിയേക്കാം.

??ഓരോ രോഗിയുടെയും രോഗാവസ്ഥയും, ശസ്ത്രക്രിയയുടെ സ്വഭാവവും, രോഗിക്ക് ഉള്ള മറ്റ് അസുഖങ്ങളും, ശാരീരികമായ പ്രത്യേകതകളും ഒക്കെ ഇതില്‍ ഏതു തരം അനസ്തീസിയ വേണം എന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.അനസ്തീസിയ യുടെ സങ്കീര്‍ണതകളും ഈ പറഞ്ഞ കാര്യങ്ങളെ ഒക്കെ ആശ്രയിച്ചിരിക്കുന്നു.

പണ്ടത്തെക്കാളൊക്കെ വല്യ പുരോഗമനമുള്ള ഫീല്‍ഡാണല്ലേ?

തീര്‍ച്ചയായും. കൂടുതല്‍ കൂടുതല്‍ സുരക്ഷിതമായ അനസ്തീസിയ എന്ന ലക്ഷ്യത്തിലേക്കടുക്കാന്‍ സമസ്ത മേഖലകളിലും ടെക്‌നോളജിയുടെ വളര്‍ച്ചയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണിത്. കൂടുതല്‍ സുരക്ഷിതമായ മരുന്നുകള്‍, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന മെഷീനുകള്‍ ഒക്കെ രോഗികളുടെ അനസ്തീസിയ അനുഭവത്തെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നു.

??അനസ്തീസിയയില്‍ ഉള്ള രോഗിയുടെ നിരന്തരമായ നിരീക്ഷണത്തിലാണ് സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്ന് ഒരുപാട് നമ്മെ സഹായിക്കുന്നത്. പല സങ്കീര്‍ണതകളും ചെറിയ വ്യതിയാനങ്ങളും ഒക്കെ ഏറ്റവുമാദ്യം കണ്ടുപിടിക്കാന്‍ ഡോക്ടറെ സഹായിക്കുന്ന ഉപകരണങ്ങള്‍ വഴി ഈ സാങ്കേതിക വിദ്യകള്‍ രക്ഷിക്കുന്ന ജീവനുകളുടെ എണ്ണം ചെറുതല്ല.

??ശസ്ത്രക്രിയക്ക് ശേഷവും, രോഗിയുടെ മേല്‍നോട്ടം, വേദന നിവാരണം , ഐ സി യു വില്‍ വച്ചുള്ള പരിചരണം എന്നിവയിലും അനസ്തീഷ്യോളജിസ്റ്റിനു പങ്കുണ്ട്.

??ശസ്ത്രക്രിയകള്‍ക്ക് മാത്രമല്ല, പലതരം പ്രോസീജ്യറുകള്‍ക്കും അനസ്തീസിയ സേവനം ആവശ്യമായി വരാറുണ്ട്. ഉദാഹരണത്തിന് ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി മുതലായവ.

??വേദന രഹിത പ്രസവം, പെയിന്‍ ക്ലിനിക്ക് തുടങ്ങി എവിടെയെല്ലാം വേദന നിവാരണത്തിനു പ്രസക്തിയുണ്ടോ, അവിടെയെല്ലാം അനസ്തീസിയയുടെ സേവനവുമുണ്ട്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് അനസ്തീഷ്യോളജിയുടെ മോട്ടോ ‘eternal vigilance’ എന്നാണ്. നിതാന്ത ജാഗ്രതയോടെ, ശസ്ത്രക്രിയയ്ക്ക് മുന്‍പും, ഒപ്പവും, ശേഷവും.

എഴുതിയത്ഇന്‍ഫോ ക്ലിനിക്ക് എന്നഫേസ്ബുക്ക് പേജിന് വേണ്ടി ഡോ: പല്ലവി ഗോപിനാഥന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍