ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യവും അല്‍ഷിമേഴ്സുമായി അഭേദ്യമായ ബന്ധമുണ്ട്.
അറുപത്തഞ്ചു കഴിഞ്ഞവര്‍ക്കാണ് ഏറിയ പങ്കും കണ്ടു വരുന്നതെങ്കിലും അതിലും ചെറുപ്പമായവര്‍ക്കും അല്‍ഷിമേഴ്സ് അസാധാരണമല്ല. അമേരിക്കയില്‍ മാത്രം അവിടുത്തെ കണക്കുകള്‍ പ്രകാരം അറുപത്തഞ്ചു വയസില്‍ താഴെയുള്ള രണ്ടു ലക്ഷം അല്‍ഷെയ്മേഴ്സ് രോഗികള്‍ ഉണ്ട്.
അല്‍ഷിമേഴ്‌സിന്റെ ആദ്യ ലക്ഷണങ്ങള്‍ സമീപകാലത്തെ ഏറ്റവും പുതുതായി മനസിലാക്കിയ ഒരു വിവരം ഓര്‍ത്തെടുക്കുവാനുള്ള ബുദ്ധിമുട്ടാണ്. തുടര്‍ന്ന് തീവ്രതയേറുന്തോറും സ്ഥകാലജ്ഞാനങ്ങള്‍ നഷ്ടപ്പെടുക, സ്വഭാവ വൈകല്യങ്ങള്‍, Mood വ്യതിയാനങ്ങള്‍, ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പം, കുടുംബക്കാരെയും സുഹൃത്തുക്കളെയും പരിചാരകരെയും അകാരണമായി സംശയിക്കുക, തീവ്രമായ സ്മൃതിനാശം, സ്വഭാവ വൈകല്യങ്ങള്‍, സംസാരിക്കാനും ഭക്ഷണമിറക്കാനും നടക്കാനുമൊക്കെ പ്രയാസം ഒക്കെയുണ്ടാകാം.
ഓര്‍മ, ചിന്താശക്തി, അനുമാന ശേഷി എന്നിവയെയെല്ലാം ബാധിക്കുന്ന ഈ രോഗത്തിന്റെ പ്രധാന അപായസൂചനകളായി എടുത്ത് പറയുന്നത്.. (അവലംബം -Alzheimers Association)
1. നിത്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള മറവി.
അടുത്തിടെയുണ്ടായ കാര്യങ്ങള്‍ മറക്കുകയും താരത്യമേനെ ഓര്‍മയുടെ താഴെ തട്ടിലുള്ള കുറച്ചു കൂടെ പഴയവ ഓര്‍മയുടെ വരുതിയില്‍ വരുന്നതുമാണ് പലപ്പോഴും ആദ്യം കാണാറ്. ഉദാഹരണത്തിന് കുറച്ചു മുന്‍പ് പറഞ്ഞത്, ഇന്ന് രാവിലെ ഉണ്ടായത് ഒക്കെ മറക്കാന്‍ തുടങ്ങുക. പ്രധാന തീയതികളും സംഭവങ്ങളും മറക്കുക, അതിനെ കുറിച്ച് വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നതും ഒക്കെ കാണാറുണ്ട്.
2. പ്ലാനിങ്ങിലും പ്രശ്‌ന പരിഹാരങ്ങളിലും ബുദ്ധിമുട്ടുകള്‍ വരുക
പ്രത്യേകിച്ച് അക്കങ്ങള്‍ ഉപയോഗിച്ചുള്ള കണക്കുകള്‍, മാസ ബില്ലുകള്‍ കൈകാര്യം ചെയ്യുക, സുപരിചിതമായ പാചകക്കുറിപ്പുപയോഗിക്കുമ്പോള്‍ പോലും പ്രയാസം വരുക, ഇതിലൊക്കെ ഏകാഗ്രത നിലനിര്‍ത്താന്‍ പ്രയാസപ്പെടുകയും, കൂടുതല്‍ നേരമെടുക്കുകയും ചെയ്യുക.
3. സുപരിചിതമായ ദൈനംദിന കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുക.
ഉദാ- സ്ഥിരം പൊയ്‌ക്കൊണ്ടിരുന്ന ഒരിടത്തേക്ക് ഡ്രൈവ് ചെയ്യാന്‍ പ്രയാസം, സ്ഥിരം കളിക്കുന്ന കളിയുടെ നിയമങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റാതെ വരുക.
4. സ്ഥലകാലങ്ങളെ കുറിച്ച് ആശയകുഴപ്പം.
ഉദാ-തീയതി, ഋതു, സമയം എന്നിവയെ കുറിച്ചുള്ള ധാരണ കൈമോശം വരുക. എവിടെയാണെന്നും അവിടെങ്ങനെ എത്തി എന്നും മറന്നു പോകുക തുടങ്ങിയവ.
5. ദൃശ്യബിംബങ്ങള്‍ മനസിലാക്കുവാനും സ്ഥലവിസ്തൃതി സംബന്ധമായ ധാരണകള്‍ രൂപപ്പെടുത്താനും പ്രയാസം ഉണ്ടാവുക.
ചിലരെങ്കിലും കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകള്‍ പറയാറുണ്ട്, വായിക്കാന്‍ പ്രയാസം, അകലം നിര്‍ണയിക്കാന്‍ പ്രയാസം, നിറങ്ങള്‍ മനസിലാക്കുവാന്‍ പ്രയാസം ഒക്കെ ഉണ്ടാവാം. ഇത് ഡ്രൈവിങ്ങ് ഒക്കെ ദുഷ്‌കരമാക്കാം.
6. വായിക്കുകയും എഴുതുകയും ചെയ്യുമ്പോള്‍ വാക്കുകള്‍ ഉപയോഗിക്കുന്നതിലെ പ്രയാസം.
സംഭാഷണം പിന്തുടരുവാനോ പങ്കെടുക്കാനോ ബുദ്ധിമുട്ടുണ്ടാവല്‍ സംഭാഷണത്തിനിടയ്ക്ക് വെച്ച് നിര്‍ത്തുക, പറഞ്ഞത് ആവര്‍ത്തിക്കുക. വാച്ച് എന്ന പോലുളള സാധാരണ വാക്ക് കിട്ടാതെ ‘കൈയില്‍ കെട്ടുന്ന ക്ലോക്ക്’ എന്നൊക്കെ പോലെ ശരിയായ പദം കിട്ടാതെ കുഴയല്‍ ഒക്കെ കാണാറുണ്ട്.
7. സാധനങ്ങള്‍ സ്ഥാനം മാറി വെക്കുകയും എവിടെ വെച്ചെന്ന് ഓര്‍ക്കാന്‍ കഴിയാതെ വരുകയും ചെയ്യുക.
വിചിത്രമായ ഇടങ്ങളില്‍ സാധനങ്ങള്‍ വെക്കുക, ഓര്‍ത്തെടുക്കാന്‍ കഴിയാതെ ഇത് നഷ്ടപ്പെടുകയും ഇത് മറ്റാരെങ്കിലും മോഷ്ടിച്ചെന്ന് ആരോപിക്കുകയും ചെയ്യുകയൊക്കെ ഉണ്ടാവാം.
8.ശരിയായ തീരുമാനമെടുക്കാനുള്ള കഴിവ് കൈമോശം വരുക.
ഉദാ-പണമിടപാടുകളില്‍ അലക്ഷ്യമായ തീരുമാനങ്ങളെടുക്കുക. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ അലംഭാവവും വസ്ത്രധാരണത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കുകയും ചെയ്യുക.
9. ജോലിയില്‍ നിന്നും സാമൂഹിക ജീവിതത്തില്‍ നിന്നും പിന്‍വലിയുക
ഹോബികള്‍, സാമൂഹികമായ പ്രവര്‍ത്തനങ്ങള്‍, ജോലി സംബന്ധമായ പ്രൊജക്റ്റുകള്‍, കായിക വിനോദങ്ങള്‍ എന്നിവയില്‍ നിന്നും മാറി നില്‍ക്കല്‍ ഒക്കെ ശ്രദ്ധിക്കേണ്ടതാണ്.
10. Moodലും വ്യക്തിത്വത്തിലും ഉണ്ടാവുന്ന വ്യതിയാനങ്ങള്‍
ആശയകുഴപ്പം, സംശയം, വിഷാദം, ഭയം, ഉല്‍ക്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ ,വീട്ടിലും ജോലി സ്ഥലത്തും പെട്ടെന്ന് അസ്വസ്ഥരാവല്‍ തുടങ്ങിയവ അവഗണിക്കാതിരിക്കുക.
അല്‍ഷിമേഴ്‌സ് തടയാനാകുമോ ???
എനിക്ക് അല്‍ഷിമേര്‍ വരാന്‍ എത്ര മാത്രം അപകടസാധ്യതയുണ്ട് ? അത് തടയാന്‍ എന്ത് ചെയ്യാന്‍ ഒക്കും എന്ന് സിമ്പിളായി പറഞ്ഞു തരാമോ എന്നല്ലേ നിങ്ങള്‍ മനസ്സില്‍ ചോദിക്കുന്നത്. പ്രായം, ജനിതകമായ ഘടകങ്ങള്‍, ജീവിതശൈലി, ജീവിതാന്തരീക്ഷത്തിലെ ബാഹ്യ ഘടകങ്ങള്‍, മറ്റു രോഗങ്ങള്‍ പ്രത്യേകിച്ച് (ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം, പ്രമേഹം എന്നിവയുമായി അല്‍ഷിമേഴ്സ് സങ്കീര്‍ണമായി ബന്ധപ്പെട്ടിരിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗം തടയാനും വഷളാവാതിരിക്കാനും ഒക്കെ എന്തെങ്കിലും ചെയ്യാനാകുമോ എന്നതിന് കൃത്യമായ ഉത്തരം പഠനങ്ങളുടെ പിന്‍ബലത്തില്‍ കൃത്യമായി നല്‍കുവാന്‍ പ്രയാസമാണ്
എന്നാല്‍ അല്‍ഷിമേഴ്സ് സാധ്യത കുറക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിലതുണ്ട്. ഏതെല്ലാമെന്ന് നോക്കാം .
ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യവും അല്‍ഷിമേഴ്സുമായി അഭേദ്യമായ ബന്ധമുണ്ട്.
ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ആണ് ഇതില്‍ പ്രധാനം. പച്ചക്കറികള്‍, ഫലങ്ങള്‍, മുഴു ധാന്യങ്ങള്‍, പരിപ്പുകള്‍, മല്‍സ്യം തുടങ്ങിയവക്ക് പ്രാധാന്യം നല്‍കി മധുരം, മധുര പാനീയങ്ങള്‍, ഉപ്പ്, റെഡ് മീറ്റ്, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ പരിമിതപ്പെടുത്തുന്ന ഭക്ഷണ രീതികള്‍ ഗുണകരമാണ്. രക്താതിമര്‍ദ്ദം ( ഉയര്‍ന്ന ബ്ലഡ് പ്രെഷര്‍), ഉയര്‍ന്ന കൊളെസ്റ്ററോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നത് പ്രധാനമാണ്.
മനസ്സിനെ ഉത്തേജിപ്പിക്കുക
കഴുത്തിന് മുകളിലുള്ള അവയവത്തിനും വ്യായാമം ആവശ്യമാണ് എന്നതാണ് പുതിയ കാഴ്ചപ്പാട്. പുതിയതെന്തെങ്കിലും പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുക പുതിയ ഭാഷ പഠിക്കാന്‍ ശ്രമിക്കുക, എന്തെങ്കിലും സംഗീതോപകരണത്തില്‍ വൈദഗ്ദ്യം നേടുക, ചിത്രരചന നടത്തുക, തുന്നുക, പുസ്തക വായന നടത്തുക തുടങ്ങിയ ശീലങ്ങള്‍ക്കു സമയം കണ്ടെത്തുക. പദപ്രശ്‌നങ്ങള്‍, സുഡോക്കു പോലുള്ള വിനോദങ്ങള്‍, ചെസ്സ് പോലുള്ള ബോര്‍ഡ് ഗെയിമുകള്‍ ഒക്കെ നല്ലതാണു. പേരുകളും മറ്റും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഷെര്‍ലക് ഹോംസിനെ പോലെ നിരീക്ഷണബോധം ബോധപൂര്‍വം ഉപയോഗപ്പെടുത്തി സാധാരണ കാഴ്ചകളെ എന്ത്, ഏത്, എപ്പോള്‍ എന്നൊക്കെയായി വേര്‍തിരിച്ചു വിശകലനം ചെയ്യുക. പുതിയ സ്ഥലങ്ങളിലേക്ക് ഇടയ്ക്ക് ഒരു യാത്ര പോവുന്നതും നല്ല ഐഡിയ തന്നെ.
സാമൂഹികമായി സജീവമാകുക .
ഉള്‍വലിഞ്ഞ് ഒറ്റപ്പെടാതെ ഇടപഴകുക. സംഘടനകളില്‍, ക്യാംപുകളില്‍, സന്നദ്ധ സേവന ഉദ്യമങ്ങളില്‍, ഉത്സവക്കമ്മിറ്റികളില്‍, ഉത്സാഹക്കമ്മിറ്റികളില്‍ ഒക്കെ സജീവമാകുക.
നന്നായി ഉറങ്ങുക .
ആഴത്തിലുള്ള ഉറക്കം തലച്ചോറില്‍ അടിഞ്ഞു കൂടുന്ന അപായകരമായ രാസവസ്തുക്കളെ മസ്തിഷ്‌കത്തില്‍ നിന്ന് നീക്കം ചെയ്യാന് സഹായിക്കുന്നുവെന്നും ഉറക്കം ഇല്ലാതാവുമ്പോള്‍ ഇവ അടിഞ്ഞു കൂടുന്നത് വര്‍ദ്ധിക്കുന്നു എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പിരിമുറുക്കം കുറക്കുക ഉല്ലാസവാനായിരിക്കാന്‍ ശ്രമിക്കുക എന്നതും ഇക്കാര്യത്തില്‍ സഹായകം ആകും.
തല സൂക്ഷിക്കുക
തലയ്ക്കു ഗുരുതരമായ ക്ഷതം സംഭവിക്കുന്നതും പിന്നീട് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതയുമായി ശക്തമായ ബന്ധം ഉള്ളതായി കാണപ്പെടുന്നതിനാല്‍ ഹെല്‍മെറ്റ് ധാരണം, സീറ്റ് ബെല്‍റ്റ് ധാരണം തുടങ്ങിയ ആചാരങ്ങള്‍ സംരക്ഷിക്കുന്നതാണ് ഉചിതം.
അല്‍ഷിമേഴ്‌സിന് ചികില്‌സയില്ലേ ?
ലോകത്തു ഏറ്റവും അധികം ഗവേഷണങ്ങളൂം പരീക്ഷണങ്ങളും ഫര്‍മസ്യുട്ടിക്കല്‍ രംഗത്ത് നടക്കുന്ന ഒരു മേഖലയാണ് അല്‍ഷിമേഴ്സ്. മില്യണ്‍ കണക്കിന് ഡോളറുകള്‍ ഈ രംഗത്ത് ചിലവഴിച്ചിട്ടും വിജയം അകലെയാണ്. അല്‍ഷിമേഴ്സ് എങ്ങനെ ഉണ്ടാകുന്നു എന്നത് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാതെ ചികിത്സ പരീക്ഷയ്ക്കുന്നതു കൊണ്ടാണ് ഇത് എന്ന് ഏറെക്കുറെ പറയാം. കാട്ടുതീ പോലെ മസ്തിഷ്‌കം മുഴുവന്‍ നാശം വിതയ്ക്കുന്ന ഒരു രോഗമാണ് അല്‍ഷിമേഴ്സെങ്കില്‍ ആ തീ പടര്‍ന്നു പിടിച്ചു നാശം വിതറിയ ശേഷം അതിനിടയാക്കിയ പന്തം ഊതിക്കെടുത്താന്‍ ശ്രമിക്കുന്നത് പോലെയാണ് ഇന്നത്തെ ചികില്‍സാ രീതികള്‍. ലക്ഷണങ്ങള്‍ കണ്ടു ചികിത്സ തുടങ്ങുമ്പോഴേക്കും രോഗം നാശം വിതച്ചു കഴിഞ്ഞു കാണും എന്ന് ചുരുക്കം.
അല്‍ഷിമേഴ്സ് മുന്‍കൂട്ടി വളരെ നേരത്തെ കണ്ടെത്താനുള്ള ക്ലിനിക്കല്‍ പരിശോധനകളും, ബ്രെയിന്‍ സ്‌കാനിലെ മാറ്റങ്ങള്‍ വഴിയും രക്തപരിശോധനകള്‍ വഴിയും ഇത് തിരിച്ചറിയാനുള്ള biomarker കള്‍ ഫലപ്രദമായി വികസിപ്പിക്കുവാനും കൂടുതല്‍ ആളുകള്‍ക്ക് പ്രാപ്യമാക്കുവാനും ശ്രമങ്ങള്‍ സജീവമാണ്.
പല പാശ്ചാത്യ രാജ്യങ്ങളിലും ഇന്നേറ്റവും ചിലവേറിയ ചികില്‍സയാണ് മേധാക്ഷയത്തിന്റേത്. മുതിര്‍ന്നവരുടെ മരണകാരിയായ രോഗങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനത്ത് ഇന്ന് അമേരിക്കയില്‍ അല്‍ഷിമേര്‍സ് ഉണ്ട്. അല്‍ഷിമേര്‍സ് ചികിത്സക്കായുള്ള ഗവേഷണത്തിന് കൂടുതല്‍ പണവും ശ്രദ്ധയും വകയിരുത്തണമെന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
അല്‍ഷിമേര്‍സ് രോഗികളില്‍ നല്ലൊരു ശതമാനം ഇന്ത്യയില്‍ വസിക്കുന്നുണ്ട്. ഇപ്പോഴുള്ള തോതില്‍ പ്രായമായവരുടെ ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഇവരുടെ സംഖ്യ നൂറ്റാണ്ടിന്റെ പകുതിയോടെ മൂന്നിരട്ടിയാവുമെന്നാണ് കണക്കുകൂട്ടല്‍ . ഇതില്‍ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെയും വൃദ്ധകളുടെയും സ്ഥിതി പ്രത്യേക പരിഗണന വേണ്ടതാണ്.
സ്മൃതിനാശം വരുന്നവരെ കുറിച്ച് സ്മരണയുണ്ടായിരിക്കട്ടെ…
എഴുതിയത് ; ഇന്‍ഫോക്ലിനിക്ക് എന്ന ഫേസ്ബുക് പേജിന് വേണ്ടി ഡോ. അഞ്ജിത് ഉണ്ണി & ഡോ. ജിതിന്‍ ടി ജോസഫ്