UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ബയോപ്‌സി’ എന്ന രോഗനിര്‍ണ്ണയോപാധിയെ കൂടുതലറിയാം

ഏതെങ്കിലും ഒരു ശരീരഭാഗത്ത് ശരീരകലകളെ (tissues) ബാധിക്കുന്ന ഏതെങ്കിലും രോഗമുണ്ടെന്ന് സംശയിക്കുമ്പോള്‍, ആ ശരീരകലയുടെ ഒരു സാമ്പിള്‍ (Specimen) എടുത്ത് പരിശോധിക്കുകയാണ് പൊതുവേ ബയോപ്‌സിയില്‍ ചെയ്യുന്നത്

‘ബയോപ്‌സി’ എന്ന വാക്ക് കേട്ടിട്ടില്ലാത്തവര്‍ ഇന്നത്തെ കാലത്തുണ്ടാവില്ല. കേള്‍ക്കുന്നവന്റെയുള്ളില്‍ ഭയത്തിന്റെ ചെറുവിത്തുകള്‍ കൂടി വിതറിയിടാറുണ്ട് ഈ വാക്ക്, പ്രത്യേകിച്ചും നമുക്കോ വേണ്ടപ്പെട്ടവര്‍ക്കോ ആണ് ആ പരിശോധന വേണ്ടതെങ്കില്‍. കാരണം, ഒരു സാധാരണക്കാരനെ സംബന്ധിച്ച് ‘ബയോപ്‌സി’ കാന്‍സറിന്റെ രോഗനിര്‍ണ്ണയോപാധിയാണ്.

ഡോക്ടര്‍ ബയോപ്‌സി ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ തന്നെ തനിക്കു കാന്‍സര്‍ പിടിപെട്ടുവെന്ന് വിശ്വസിച്ചു, പേടിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. ‘ബയോ’ എന്നാല്‍ ജീവനുള്ളതെന്നും ‘ഓപ്‌സി’ എന്നാല്‍ കാണുകയെന്നുമാണര്‍ത്ഥം. ജീവനുള്ളവയുടെ സ്വഭാവസവിശേഷതകള്‍ സസൂക്ഷ്മം വീക്ഷിച്ച് അതിലെന്തെങ്കിലും അസ്വാഭാവികമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനെയാണ് പൊതുവേ ബയോപ്‌സി എന്ന് പറഞ്ഞാല്‍ തെറ്റില്ല.

അറബ് ചികിത്സകനായിരുന്ന അബുല്‍കാസിസ് ആണ് രോഗനിര്‍ണയാവശ്യത്തിനായി ആദ്യമായി ബയോപ്‌സി പരിശോധന നടത്തിയതെന്നാണ് കരുതപ്പെടുന്നത്. അതും പതിനൊന്നാം നൂറ്റാണ്ടില്‍. എന്നാല്‍ മൈക്രോസ്‌കോപ്പിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇതിത്രയും വിപുലവും വിശ്വസനീയവുമായ രോഗനിര്‍ണയോപാധിയായി മാറിയത്. മെഡിക്കല്‍ ഡിക്ഷണറിയിലേക്ക് ‘ബയോപ്‌സി’ എന്ന വാക്ക് സംഭാവന ചെയ്തത് ഏണസ്റ്റ് ബസ്‌നിയര്‍ എന്ന ഫ്രഞ്ച് ഡെര്‍മറ്റോളജിസ്റ്റാണ്.

മനുഷ്യനെന്നാല്‍ നൂറായിരം കോടി കോശങ്ങളുടെ ഒരു കൂട്ടായ്മയാണെന്ന് നമുക്കറിയാം. ഓരോ അവയവങ്ങളിലും അതാതിന്റെ കടമകള്‍ അനുസരിച്ചുള്ള വിവിധ പ്രകൃതക്കാരായ, വ്യത്യസ്തമായ ഘടനയും സ്വഭാവസവിശേഷതകളുമുള്ള കോശങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ കോശങ്ങളുടെ ഈ സവിശേഷതകളെയും അവയിലുണ്ടാകുന്ന മാറ്റങ്ങളെയും കൃത്യമായി അപഗ്രഥിച്ചാണ് അവ രോഗബാധിതമാണോ, ആണെങ്കില്‍ ഏത് രോഗമെന്നൊക്കെ മനസിലാക്കുന്നത്.

ബയോപ്‌സി: എന്ത്? എന്തിന്?

ഏതെങ്കിലും ഒരു ശരീരഭാഗത്ത് ശരീരകലകളെ (tissues) ബാധിക്കുന്ന ഏതെങ്കിലും രോഗമുണ്ടെന്ന് സംശയിക്കുമ്പോള്‍, ആ ശരീരകലയുടെ ഒരു സാമ്പിള്‍ (Specimen) എടുത്ത് പരിശോധിക്കുകയാണ് പൊതുവേ ബയോപ്‌സിയില്‍ ചെയ്യുന്നത്. ബയോപ്‌സി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആദ്യം നോക്കാം,

1. പ്രാഥമികമായ രോഗനിര്‍ണയത്തിന്

ഉദാഹരണത്തിന്, മാറില്‍ പുതുതായി കണ്ടെത്തിയ ഒരു മുഴ കാന്‍സറാണോന്നറിയാന്‍, അല്ലെങ്കില്‍ കഴുത്തിലെ കഴലവീക്കം ക്ഷയരോഗത്തിന്റേതാണോന്നറിയാന്‍ ഒക്കെ ബയോപ്‌സി ചെയ്യണം. അതുപോലെ, ദീര്‍ഘനാളായി മലത്തിലൂടെ രക്തസ്രാവമുണ്ടാകുന്ന പ്രായമായ ഒരു രോഗിയ്ക്ക് അതിന്റെ കാരണം കണ്ടെത്താന്‍. ആ രക്തസ്രാവത്തിനു കാരണം നിസാരമായ മൂലക്കുരു മുതല്‍ കാന്‍സര്‍ വരെയാകാം. ഒരു കുഴല്‍ പരിശോധനയിലൂടെ (Colonoscopy) രക്തസ്രാവമുണ്ടാകുന്ന കുടലിന്റെ ഭാഗത്തു നിന്നും കുറച്ചുഭാഗം ബയോപ്‌സി പരിശോധനയ്‌ക്കെടുത്ത് രോഗനിര്‍ണയം നടത്താം.

2.സംശയത്തിലിരുന്നതോ അല്ലെങ്കില്‍ മറ്റേതെങ്കിലും ടെസ്റ്റിലൂടെ കണ്ടെത്തിയതോ ആയ ഒരു രോഗം അതു തന്നെയാണെന്നുറപ്പിക്കാന്‍ വേണ്ടി

ചില രോഗങ്ങള്‍ സ്‌കാന്‍ വഴിയോ രക്തപരിശോധനയിലൂടെയോ ശരീരപരിശോധനയിലൂടെയോ ഒക്കെത്തന്നെ നിര്‍ണയിക്കാന്‍ സാധിക്കും. അപ്പോഴും 100 % അത് ആ രോഗമാണെന്നുറപ്പിക്കാന്‍ പലപ്പോഴും ബയോപ്‌സി ആവശ്യമായി വരാറുണ്ട്. ഉദാ: കുടലിലെ കാന്‍സര്‍, തൈറോയിഡ് മുഴകള്‍. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍ പലതും ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാമെങ്കിലും രോഗനിര്‍ണ്ണയം കൃത്യമാണെന്നുറപ്പിക്കാന്‍ ഒരു സ്‌കിന്‍ ബയോപ്‌സി ചെയ്യാം. ഉദാ: സോറിയാസിസ്. നെര്‍വ് ബയോപ്‌സി, മസില്‍ ബയോപ്‌സി ഒക്കെ രോഗമുറപ്പിക്കാന്‍ സാധാരണയായി ചെയ്യപ്പെടുന്ന ബയോപ്‌സികളാണ്.

3.ചികിത്സാ രീതികള്‍ തീരുമാനിക്കാന്‍

രോഗമേതാണെന്ന് മാത്രമല്ല, രോഗത്തിന്റെ സ്വഭാവമെന്താണെന്നും കൂടി കൃത്യമായി മനസിലാക്കിയാല്‍ മാത്രമേ ഏറ്റവും അനുയോജ്യമായ ചികിത്സ നല്‍കാന്‍ സാധിക്കൂ. അതിനും പലപ്പോഴും ബയോപ്‌സി ഒഴിവാക്കാനാകാത്ത ഒരുപാധിയാണ്.

4.ചികിത്സയുടെ വിജയപരാജയ സാധ്യതകള്‍ പ്രവചിക്കാന്‍

ബയോപ്‌സി പരിശോധനയിലൂടെ ഒരു രോഗത്തിന്റെ തീവ്രതയും സ്വഭാവവും മറ്റും മനസിലാക്കാന്‍ ഒരു പത്തോളജിസ്റ്റിന് സാധിക്കും. മരുന്നിനോടും മറ്റു ചികിത്സാവിധികളോടും ആ രോഗിയെങ്ങനെ പ്രതികരിക്കുമെന്നും, താരതമ്യേന നല്‍കാന്‍ പറ്റിയ മികച്ച ചികിത്സ എന്താണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് മനസിലാക്കാനും അതൊക്കെ മുന്‍കൂട്ടി രോഗിയെയോ ബന്ധുജനങ്ങളെയോ അറിയിക്കാനും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധിക്കും. പ്രത്യേകിച്ചും കാന്‍സര്‍ ചികിത്സയില്‍ ഇതൊരുപാട് ഗുണം ചെയ്യുന്നുണ്ട്.

5.പ്രത്യക്ഷത്തില്‍ സമാനസ്വഭാവമുള്ള, എന്നാല്‍ തികച്ചും വ്യത്യസ്തമായ മറ്റു രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാന്‍

ഉദാഹരണത്തിന് കഴുത്തിലെ കഴലവീക്കം തന്നെയെടുക്കാം. അതൊരു വൈറല്‍ പനിയുടെ ഭാഗമാകാം, ക്ഷയരോഗത്തിന്റെ ലക്ഷണമാകാം, തൊണ്ടയിലെ അണുബാധയുടെ ഫലമാകാം, ലുക്കീമിയ പോലുള്ള കാന്‍സറിന്റെ ലക്ഷണമാകാം അല്ലെങ്കില്‍ മറ്റേതെങ്കിലും അവയവത്തിനെ ബാധിച്ച കാന്‍സറില്‍ നിന്നുള്ള പകര്‍ച്ചയാവാം. ഒരൊറ്റ ബയോപ്‌സി വഴി എന്താണ് കാരണമെന്ന് വളരെയെളുപ്പത്തില്‍ കണ്ടെത്താം.

ബയോപ്‌സി: എങ്ങനെ?

ശരീരകലകളെ ശേഖരിച്ച് പരിശോധിക്കുകയാണല്ലോ ബയോപ്‌സിയില്‍ ചെയ്യുന്നത്. രണ്ടുരീതിയിലാണ് സാധാരണയായി ബയോപ്‌സി വഴിയുള്ള രോഗപഠനം നടത്തുന്നത്. ഒന്ന്, സൈറ്റോപത്തോളജിക്കല്‍ അഥവാ കോശങ്ങളെ ഒന്നൊന്നായി അവയുടെ സ്വഭാവ-ഘടനാവ്യത്യാസങ്ങള്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്തുന്ന രീതി. രണ്ട്, ഹിസ്റ്റോപത്തോളജിക്കല്‍ അഥവാ ഒരു കോശസമൂഹത്തെയാകെ പഠനവിധേയമാക്കുന്ന രീതി.

സൈറ്റോളജി/സൈറ്റോപത്തോളജി

സൈറ്റോളജി പരിശോധനയില്‍ ഏത് ശരീരഭാഗമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് അടിസ്ഥാനമാക്കി വ്യത്യസ്ത രീതികളുണ്ട്. അതില്‍ തന്നെ നമ്മള്‍ പലര്‍ക്കും ഏറെ പരിചിതമായ ഒന്നാണ്, FNAC അഥവാ Fine Needle Aspiration Cytology. ഒരു ചെറിയ സൂചികൊണ്ട് എന്തെങ്കിലും കട്ടിയോ തടിപ്പോ ഉള്ള ശരീരഭാഗത്തുനിന്നും കോശങ്ങള്‍ കുത്തിയെടുത്ത് പരിശോധിക്കുന്നതിനാണ് FNAC എന്ന് പറയുന്നത്. മാറിലോ, തൈറോയിഡ് ഗ്രന്ഥിയിലോ ഉണ്ടായ മുഴകള്‍, കഴുത്തിലെയോ ഇടുപ്പിലെയോ കഴലവീക്കം, ഒക്കെ ഒരു നേര്‍ത്ത സൂചികൊണ്ട് കുത്തിയെടുത്ത് ഒരു ഗ്ലാസ് സ്ലൈഡില്‍ തേച്ചുപിടിപ്പിച്ച് പരിശോധിക്കാന്‍ കൊണ്ടുപോകുന്നത് പലര്‍ക്കും അനുഭവമുണ്ടാവും. അതുപോലെ ഗര്‍ഭാശയഗള കാന്‍സറിന്റെ സാധ്യത (Cancer cervix) പരിശോധിക്കുന്ന ‘പാപ് സ്മിയര്‍’ (Pap smear) ടെസ്റ്റും ഒരു സൈറ്റോളജിക്കല്‍ ബയോപ്‌സിയാണ്. ഐസ് ക്രീം കഴിക്കുന്ന തടിക്കരണ്ടി പോലുള്ള ചെറിയൊരുപകരണം കൊണ്ട് ഗര്‍ഭാശയഗളത്തില്‍ നിന്നും കോശങ്ങള്‍ ചുരണ്ടിയെടുത്ത്, ഒരു ഗ്ലാസ് സ്ലൈസിലാക്കി ചില പ്രത്യേകതരം കളറുകള്‍ പുരട്ടി (പാപ്പിനിക്കോളോണ്‍ സ്റ്റെയിന്‍- അതിന്റെ ചുരുക്കപ്പേരാണ് പാപ്‌സ്മിയര്‍) മൈക്രോസ്‌കോപ്പിലൂടെ നോക്കിയാണിത് ചെയ്യുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ആ കോശങ്ങളുടെ ന്യൂക്ലിയസ്, സൈറ്റോപ്ലാസം, മറ്റു ഭാഗങ്ങള്‍ ഒക്കെ വ്യക്തമായി കാണാന്‍ സാധിക്കുകയും അതുവഴി രോഗസാധ്യത മനസിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

പരിശോധന നടത്താനുള്ള എളുപ്പം, കുറഞ്ഞ സമയത്തിനുള്ളില്‍ (1-2 ദിവസങ്ങള്‍) തന്നെ പരിശോധനാഫലം ലഭിക്കുമെന്നത്, കുറഞ്ഞ ചെലവ് ഒക്കെ ഈ സൈറ്റോളജി പരിശോധനയുടെ മേന്മയാണ്. അതിനാല്‍ പലപ്പോഴും രോഗനിര്‍ണയത്തിലേക്കുള്ള ആദ്യപടിയായി സൈറ്റോളജി പരിശോധനയെയാണ് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ചികിത്സാവിധികള്‍ നിര്‍ണയിക്കാന്‍ സഹായിക്കുന്നതില്‍ ഈ പരിശോധനയ്ക്ക് പരിമിതികളുണ്ട്. അതിന് ഹിസ്റ്റോപത്തോളജിക്കല്‍ പരിശോധന തന്നെ വേണ്ടിവരാറുണ്ട്.

ഹിസ്റ്റോപത്തോളജി

ശസ്ത്രക്രിയ ചെയ്‌തോ, വലിയ സൂചികൊണ്ട് കുത്തിയോ ഒക്കെ ശരീരഭാഗങ്ങളില്‍ നിന്ന് കലകള്‍ പരിശോധനയ്ക്കെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുതന്നെ പലവിധമുണ്ട്. കുടലിനെ ബാധിക്കുന്ന ഒരു മുഴയാണെങ്കില്‍, ശസ്ത്രക്രിയവഴി കുടലിന്റെ ആ ഭാഗം മുഴയുടെ രണ്ടുവശത്തുനിന്നും മുറിച്ചെടുത്ത് പരിശോധിക്കുന്നതിനെ റിസക്ഷന്‍ ബയോപ്‌സിയെന്ന് പറയും. നാക്കിലെ (മറ്റേത് ശരീരഭാഗവുമാകാം) ഉണങ്ങാത്ത മുറിവിന്റെ ഒരറ്റത്തെ ചെറിയൊരു ഭാഗം മാത്രം മുറിച്ചെടുക്കുന്നതിന് വെഡ്ജ് ബയോപ്‌സിയെന്ന് പറയും. ഒരു മുഴയെ അങ്ങനെതന്നെ ശസ്ത്രക്രിയ ചെയ്‌തെടുക്കുന്നതിന് എക്‌സിഷന്‍ ബയോപ്‌സിയെന്നും അതിന്റെ ഒരു കഷണം മാത്രം മുറിച്ചെടുക്കുന്നതിന് ഇന്‍സിഷന്‍ ബയോപ്‌സിയെന്നും പറയും. വലിയൊരു സൂചി മുഴകള്‍ക്കുള്ളിലേക്ക് കടത്തി ചെറുചെറു കഷ്ണങ്ങള്‍ ശേഖരിക്കുന്നതിന് കോര്‍ ബയോപ്‌സിയെന്നാണ് പറയുന്നത്.

സാധാരണഗതിയില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തയിടങ്ങളിലുള്ള മുഴകളില്‍, അല്ലെങ്കില്‍ രോഗം ബാധിച്ചിട്ടുള്ള ഭാഗം വളരെ ചെറുതാണെങ്കില്‍ ഒക്കെ ചില സ്‌കാനുകളുടെ സഹായത്തോടെ ബയോപ്‌സി പരിശോധന നടത്താറുണ്ട്. ഉദാഹരണത്തിന്, വിരലുകൊണ്ട് തൊട്ട് മനസിലാക്കാന്‍ കഴിയാത്തത്ര ചെറിയ തൈറോയിഡ് മുഴകളില്‍ അള്‍ട്രാസൗണ്ട് സ്‌കാനിന്റെ സഹായത്തോടെ FNAC എടുക്കാറുണ്ട്. ഇതിനെ Ultrasound guided FNAC എന്ന് പറയും. അതുപോലെ ശ്വാസകോശത്തെയോ തലച്ചോറിനെയൊ ബാധിക്കുന്ന മുഴകളില്‍ നിന്നും CT സ്‌കാനിന്റെ സഹായത്തോടെ ചെയ്യുന്ന ബയോപ്‌സിയെ CT guided biopsy എന്നും പറയും.

ഇങ്ങനെയൊക്കെ ശേഖരിക്കുന്ന ശരീരകലകളുടെ സാമ്പിളുകളെ ഫോര്‍മാലിന്‍ (10% ഫോര്‍മാല്‍ഡിഹൈഡ്) നിറച്ച ഒരു ബോട്ടിലിലാക്കി, അതില്‍ രോഗിയുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തി പത്തോളജി ലാബിലയക്കുകയാണ് ചെയ്യുന്നത്.

അവിടെ വിദഗ്ദരായ പത്തോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലൂടെ ഈ സ്‌പെസിമന്‍ കടന്നുപോകേണ്ടതുണ്ട്. ആദ്യം ഫോര്‍മാലിനില്‍ നിന്ന് ശരീരകലകളെ പുറത്തെടുത്ത് ചെറിയ ചെറിയ കഷണങ്ങളായി മുറിക്കും. ശേഷം ഓരോന്നിനെയും ചെറിയ പ്ലാസ്റ്റിക് കാസറ്റുകളിലേക്ക് മാറ്റും. എന്നിട്ട് പാരഫിന്‍ വാക്‌സില്‍ പൊതിയും. ഇപ്പോളതൊരു ടിഷ്യു ബ്ലോക്കായി. ഈ ബ്ലോക്കിനെ മൈക്രോട്ടോം (Microtome) എന്ന ഉപകരണമുപയോഗിച്ച് അഞ്ച് മൈക്രോണ്‍ ( 1 മൈക്രോണ്‍ = 1 മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന്) മാത്രം കട്ടിയുള്ള ഷീറ്റുകളായി മുറിക്കും. ശേഷം ഓരോ ഷീറ്റിനെയും ഒരു ഗ്ലാസ് സ്ലൈഡിലെടുത്ത്, ഇയോസിന്‍, ഹെമറ്റോക്സൈലിന്‍ (Eosin & Hematoxylin) തുടങ്ങിയ വര്‍ണദ്രാവകങ്ങള്‍ കൊണ്ട് നനയ്ക്കും. തുടര്‍ന്ന് ഒരു മൈക്രോസ്‌കോപ്പിലൂടെ നോക്കി വിശദമായ വിശകലനങ്ങള്‍ നടത്തി രോഗനിര്‍ണയം നടത്തും.

ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഈ പരിശോധനാഫലത്തിന് വേണ്ടിവരുമെങ്കിലും ഏറ്റവും വിശ്വസനീയമായ രോഗനിര്‍ണയരീതി ഇതു തന്നെയാണ്. കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ ഇത് പരമപ്രധാനമാണ്.

രോഗനിര്‍ണയം മാത്രമല്ല ഹിസ്റ്റോപത്തോളജി പരിശോധന ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍. കാന്‍സറാണെങ്കില്‍ ഏത് തരത്തിലുള്ള കാന്‍സറാണ് (കാര്‍സിനോമ, സാര്‍ക്കോമ, മെലനോമ, ലിംഫോമ etc), അതിന്റെ ഗ്രേഡ് എന്താണ് (low grade/high grade or ഗ്രേഡ് 1,2,3,4), കോശങ്ങളുടെ അവകലനം (differentiation- well, moderate or poorly differentiated) , രക്തക്കുഴലുകളെയൊ നാഡികളെയോ ബാധിച്ചിട്ടുണ്ടോയെന്നത് (Vascular or perineural invasion), ശസ്ത്രക്രിയ ചെയ്തത് പൂര്‍ണമാണോ (Negative resection margins) എന്നൊക്കെ അറിയാന്‍ ഈയൊരു പരിശോധനയിലൂടെ സാധിക്കും. ഇവയെല്ലാം തന്നെ രോഗത്തിന്റെ തുടര്‍ചികിത്സയെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ബയോപ്‌സി എന്നാല്‍ കാന്‍സറിന്റെ മാത്രം രോഗനിര്‍ണയ രീതിയല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ. മാത്രമല്ല ഒരുപാടധ്വാനവും കഴിവും സാങ്കേതിക സഹായങ്ങളും ആവശ്യമായ ഒരു മേഖലയും കൂടിയാണത്. മുഖക്കുരു മുതല്‍ മൂലക്കുരു വരെയും കഷണ്ടി മുതല്‍ ആണി രോഗം വരെയും ക്ഷയം മുതല്‍ വാതം വരെയും ഏത് രോഗത്തിന്റെയും കാരണം ഒരു ബയോപ്‌സി പരിശോധനയിലൂടെ മനസിലാക്കാവുന്നതാണ്. മാത്രമല്ല, വിശേഷപ്പെട്ട ചില സ്റ്റെയിനുകളുടെയും (special stains) ഇമ്മ്യൂണോഹിസ്റ്റോകെമിസ്ട്രിയുടെയും (Immunohistochemistry) വരവോടെ ബയോപ്‌സിയിലൂടെയുള്ള രോഗനിര്‍ണയത്തിനുള്ള കൃത്യതയും വേഗതയും പതിന്മടങ്ങ് ഉയര്‍ന്നിട്ടുമുണ്ട്.

എഴുതിയത്-ഇന്‍ഫോക്ലിനിക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോക്ടര്‍
മനോജ് വെള്ളനാട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍