UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നാലായിരത്തിലധികം രാസവസ്തുക്കള്‍ അടങ്ങിയ ശരീരദ്രവം ; ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

ഗര്‍ഭസ്ഥശിശുക്കളില്‍ മുതല്‍ സകലമാന മനുഷ്യരിലും ഇത്രയധികം രാസവസ്തുക്കളടങ്ങിയ ഈ ശരീരദ്രവം ഉണ്ടെന്നാണ്പറയുന്നത്.

മനുഷ്യശരീരത്തിലെ ഒരു ശരീരകലയെ പറ്റി പഠിക്കുകയായിരുന്ന ശാസ്ത്രജ്ഞന്മാര്‍ ഇപ്പോഴും ഞെട്ടിയിരിക്കുകയാണ്. കാരണം അത്രയധികം കെമിക്കല്‍സാണ് പരിശോധിച്ച ഓരോ മനുഷ്യനിലും അവര്‍ കണ്ടെത്തിയിരിക്കുന്നത്. രാസവസ്തു എന്ന് പറഞ്ഞാല്‍ തന്നെ നമുക്കറിയാം ശരീരത്തിന്, ആരോഗ്യത്തിന്, ദീര്‍ഘായുസിനൊക്കെ കേടുണ്ടാക്കുന്ന ഒന്നാണെന്ന്. അങ്ങനത്തെ 4000 ന് മുകളില്‍ രാസവസ്തുക്കള്‍ ഒരു ശരീരദ്രവത്തിലുണ്ടെങ്കില്‍ പിന്നെ പറയേം വേണ്ടല്ലോ.

ശവശരീരങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്, നെയില്‍ പോളിഷ് റിമൂവറുകളില്‍ ഉപയോഗിക്കുന്ന അസെറ്റോണ്‍ (അസെറ്റോണ്‍ തീ പിടിക്കുന്ന സംയുക്തമാണ്!), ലിവര്‍ സിറോസിസിന് വരെ കാരണമാവുന്ന എഥനോള്‍, ഒന്നാന്തരം രാസവളങ്ങളായ യൂറിയ, അമോണിയ, കോഴിമുട്ടയുടെ വെള്ളയില്‍ കാണപ്പെടുന്ന ആല്‍ബുമിന്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം.

ഇരുപതിലധികം ആസിഡുകള്‍, ഡൈഹൈഡ്രോക്‌സി എപ്പി ആന്‍ഡ്രോസ്റ്റീന്‍ ഡയോണ്‍ എന്നൊക്കെയുള്ള പേര് കേട്ടാല്‍ പോലും ഒരു സാധാരണ മനുഷ്യന്‍ ഞെട്ടിപ്പോവുന്ന കെമിക്കല്‍സ്, പലതരം സ്റ്റീറോയിഡുകള്‍, പ്രമേഹരോഗികളില്‍ അമിത അളവില്‍ കാണപ്പെടുന്ന ഗ്ലൂക്കോസും കീറ്റോണ്‍ ബോഡികളും, എലിവിഷത്തിലുപയോഗിക്കുന്ന സിങ്ക് (Zn), ചോക്കുണ്ടാക്കാനുപയോഗിക്കുന്ന കാത്സ്യവും കാര്‍ബണും ഓക്‌സിജനുമാണെങ്കില്‍ ഞെട്ടിക്കുന്ന അളവിലും! ഇരുമ്പ്, കോപ്പര്‍, അലുമിനിയം ഒക്കെ ഹാര്‍ഡ് വെയര്‍ കടകളില്‍ മാത്രമേ ഈ ശാസ്ത്രജ്ഞര്‍ ഒന്നിച്ചു കണ്ടിട്ടുണ്ടായിരുന്നുള്ളൂ.

ഇവയില്‍ പലതും പലതരം അസുഖങ്ങള്‍ക്കും അളവല്‍പ്പം കൂടിയാല്‍ മരണത്തിന് തന്നെയും കാരണമാവുന്നവയാണെന്ന് പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ഇവയില്‍ പല രാസവസ്തുക്കളും യുദ്ധസാമഗ്രികളും നിലം തുടയ്ക്കാനുള്ള ലോഷനും ശിവകാശിപ്പടക്കവുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നവയാണെന്നത് അതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.

ഇനിയും ഉണ്ട്. അധികം പറഞ്ഞ് പേടിപ്പിക്കുന്നില്ല. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടിയ അളവില്‍ കാണപ്പെടുന്ന രാസവസ്തു ഡൈ ഹൈഡ്രജന്‍ മോണോക്‌സൈഡ് എന്ന സംയുക്തമാണ്. ആണവനിലയങ്ങളില്‍ പോലും ഉപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ള ഈ കെമിക്കലിലാണ് മറ്റു രാസവസ്തുക്കള്‍ ഒഴുകി നടക്കുന്നത് തന്നെ.

ഗര്‍ഭസ്ഥശിശുക്കളില്‍ മുതല്‍ സകലമാന മനുഷ്യരിലും ഇത്രയധികം രാസവസ്തുക്കളടങ്ങിയ ഈ ശരീരദ്രവം ഉണ്ടെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല മരുന്നു മാഫിയകളായ കമ്പനികള്‍, ലാബുകള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഒക്കെ ഈ രാസവസ്തുക്കളുടെ അളവുകള്‍ കൃത്യമായി നിലനിര്‍ത്തണമെന്ന് ശഠിക്കാറുണ്ടത്രേ! സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും അതിന് കൂട്ടു നില്‍ക്കുന്നു!

ഇരുമ്പ് സംയുക്തത്തിന്റെ അളവധികമായതിനാല്‍ ഈ ശരീരദ്രവത്തിന് പ്രത്യേകതരം ചുവന്ന നിറമാണ്. നിണം, രുധിരം, ചോര എന്നിങ്ങനെ പേരുകളില്‍ പല കവികളും നൂറ്റാണ്ടുകളായി ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള ഇതിനെ സര്‍വ്വസാധാരണമായി നമ്മള്‍ വിളിക്കുന്നത് രക്തം അഥവാ ബ്ലഡ് എന്നാണ്.

ഡിയര്‍ ഫ്രണ്ട്‌സ്, ഒരു ചെറിയ കാര്യം പറയാനാണ് ഇത്രയും വലിച്ചു നീട്ടിയത്. ഈ പ്രപഞ്ചത്തിലെ സകലതും രാസവസ്തുക്കളാല്‍ നിര്‍മ്മിതമാണ്. രാസവസ്തു അഥവാ കെമിക്കല്‍ എന്നു പറഞ്ഞാല്‍ രാസവളത്തില്‍ മാത്രം കാണുന്നതല്ല. ഹൈഡ്രജന്‍ ബലൂണുകളില്‍ ഉപയോഗിക്കുന്ന ഭാരമില്ലാത്ത ആ വാതകം കൊണ്ടാണ് നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിക്കണം. കാരണം കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഹൈഡ്രജനില്‍ നിന്നാണ് ഇന്ന് നമുക്കറിയാവുന്ന സകല മൂലകങ്ങളും ഉണ്ടായി വന്നിട്ടുള്ളത്. ആ മൂലകങ്ങളെ സംസ്‌കരിച്ചാണ് സകലതും നമ്മളുണ്ടാക്കുന്നത്.

മനുഷ്യശരീരവും അതുപോലെ രാസവസ്തുക്കളാല്‍ മാത്രം നിര്‍മ്മിതമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം, വെള്ളം, മദ്യം ഒക്കെ ഓരോ തരം രാസവസ്തുക്കളാണ്. ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്ന ഡൈ ഹൈഡ്രജന്‍ മോണോക്‌സൈഡെന്ന് (H2O) മുകളില്‍ സൂചിപ്പിച്ചത് വെള്ളത്തെയാണ്. നമ്മുടെ ജീവന്‍ നിലനില്‍ക്കുന്നത് രാസപ്രക്രിയയാണ്. നമ്മള്‍ ചിന്തിക്കുന്നത്, കാണുന്നത്, വിശക്കുന്നത്, ദഹിക്കുന്നത്, തല്ലുകൂടുന്നത്, ദേഷ്യം വരുന്നത്, കഥയെഴുതുന്നത്, ആസ്വദിക്കുന്നത്, കള്ളം പറയുന്നത് ഒക്കെ വെറും രാസപ്രക്രിയകളാണ്. ഇപ്പോള്‍ നിങ്ങളിത് വായിച്ച് മനസിലാക്കുന്നതും.

മേല്‍പ്പറഞ്ഞ ഓരോ കെമിക്കലും നമുക്കാവശ്യമുള്ളതാണ്. പക്ഷെ ഇവ ഓരോന്നിന്റെയും അളവാണ് അതിന്റെ ശരീരത്തിലെ സ്വഭാവം തീരുമാനിക്കുന്നത്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഗ്ലൂക്കോസിന്റെ അളവ് കൂടിയാല്‍ ഒരാള്‍ പ്രമേഹരോഗിയായി. അതുപോലെ ശുദ്ധമായ ഓക്‌സിജന്‍ വലിയ അളവില്‍ ശ്വസിച്ചാല്‍ മരിച്ചുപോകാം.

വേദവാക്യം: രാസവസ്തു എന്നു കേട്ടാല്‍ പേടിക്കേണ്ടതില്ല. കാരണം നാമെല്ലാം അതാകുന്നു. നോക്കൂ, കരിക്കട്ടയും വജ്രവും ഒന്നു തന്നെയാണ്.

(ഡോ: മനോജ് വെള്ളനാട് ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍