UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

വന്ധ്യതാ ചികിത്സയിലെ വിപ്ലവം; ഐവിഎഫിനെ കുറിച്ച് കൂടുതലായി അറിയാം

സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതാണ് ഐ.വി.എഫ്.

വന്ധ്യത രണ്ടുതരമാവാം. ‘പ്രാഥമികവന്ധ്യത’യും (primary Infertility) ‘ദ്വിതീയവന്ധ്യത’ യും (Secondary infertility). ലോമപാദരാജാവിന് കുട്ടികളേ ഉണ്ടാകുമായിരുന്നില്ല. ഈ അവസ്ഥയെയാണ് പ്രൈമറി ഇന്‍ഫെര്‍ട്ടിലിറ്റിയെന്ന് പറയുന്നത്. എന്നാല്‍ ദശരഥന് കൗസല്യയില്‍ ആദ്യമൊരു മകളുണ്ടായതാണ്. ശാന്ത. പക്ഷെ, പിന്നീട് മൂന്ന് ഭാര്യമാരിലും കുട്ടികളൊന്നും ഉണ്ടായില്ല. ഇങ്ങനെ ഒരിക്കല്‍ കുട്ടികളുണ്ടാകുകയും പിന്നീടുണ്ടാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പറയുന്നതാണ്, സെക്കന്ററി ഇന്‍ഫെര്‍ട്ടിലിറ്റി. വന്ധ്യതയുടെ തരമേതായാലും, അതിന്റെ ചികിത്സയിലെ വലിയ വിപ്ലവമായിരുന്നു, IVF എന്ന സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തം.

സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതാണ് ഐ.വി.എഫ്. അഥവാ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍.  വിട്രോ എന്ന ലാറ്റിന്‍ പദത്തിനു പരീക്ഷണശാലകളില്‍ ഉപയോഗിക്കുന്ന ചെറിയ സ്ഫടികപാത്രം (glass) എന്നാണ് അര്‍ത്ഥം. കോശങ്ങളെ ശരീരത്തിനു പുറത്തുവച്ചു വളര്‍ത്തിയെടുക്കുന്നത് ഉള്‍പ്പടെയുള്ള ജൈവപരീക്ഷണങ്ങളെല്ലാം ആദ്യഘട്ടത്തില്‍ ബീക്കറുകളിലോ ടെസ്റ്റ് ട്യൂബുകളിലോ ആണു നടന്നിരുന്നത് എന്നതിനാലാണ് ഇന്‍ വിട്രോ എന്ന പേര്. ശരീരത്തിനുള്ളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് in vivo എന്നും പറയും.

ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ ജനിച്ച റോബര്‍ട്ട്. ജി. എഡ്വേര്‍ഡ്സ് ആണ് IVF-ന് പിന്നിലെ മാസ്റ്റര്‍ ബ്രെയ്ന്‍. 1950 ന്റെ തുടക്കത്തിലാണ് അദ്ദേഹം വന്ധ്യതാ ചികിത്സാ രംഗത്ത് ഗവേഷണം തുടങ്ങുന്നത്. ശാരീരിക പ്രശ്നങ്ങളാല്‍ കുട്ടികളില്ലാത്ത ദമ്പതിമാരുടെ അണ്ഡവും ബീജവും പരീക്ഷണശാലയില്‍ സംയോജിപ്പിച്ച് ഭ്രൂണത്തെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ത്തന്നെ വളര്‍ത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മതമേധാവികളുടെയും യാഥാസ്ഥിതിക സമൂഹത്തിന്റെയും എതിര്‍പ്പും സാമ്പത്തിക പരാധീനതയും മറികടന്നുള്ള അദ്ദേഹത്തിന്റെ ഗവേഷണം പതിറ്റാണ്ടുകള്‍ നീണ്ടു. സ്ത്രീരോഗ വിദഗ്ദ്ധന്‍ പാട്രിക് സ്റ്റെപ്പോ ആയിരുന്നു എഡ്വേര്‍ഡ്സിന്റെ ഗവേഷണ പങ്കാളി. ലണ്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലും കേംബ്രിജ് സര്‍വകലാശാലയിലുമായിരുന്നു അവരുടെ ഗവേഷണങ്ങള്‍. ലസ്ലി ബ്രൗണും ഭര്‍ത്താവ് ജോണും ഒമ്പതുവര്‍ഷം കുട്ടികള്‍ക്കുവേണ്ടി കാത്തിരുന്ന ശേഷമാണ് അതുവരെയും കേട്ടുകേള്‍വി പോലുമില്ലാതിരുന്ന IVF എന്ന പരീക്ഷണത്തിനു തയ്യാറായത്. ചരിത്രം അവിടം മുതല്‍ വഴിമാറി സഞ്ചരിക്കുകയായിരുന്നു. അങ്ങനെ, 1978 ജൂലായ് 25ന് രാത്രി 11.47 ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു, ലൂയിസ് ബ്രൗണ്‍ ജനിച്ചു. ലൂയിസ് ബ്രൗണിലേക്കും പ്രധാനപ്പെട്ട മറ്റു ചിലരിലേക്കും എന്തിന്, ഋഷ്യശൃംഗനിലേക്കു തന്നെ തിരികെ വരേണ്ടതുണ്ട്. അത് IVF-നെ പറ്റി അടിസ്ഥാനമായി ചിലതൊക്കെ പറഞ്ഞശേഷമാകാം.

വന്ധ്യതയ്ക്ക് ധാരാളം കാരണങ്ങളും നിരവധി ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്, IUI (Intra Uterine Insemination), ICSI (Intra Cytoplasmic Sperm Injection), IVF അങ്ങനെ നിരവധി. എന്നാല്‍ എപ്പോഴൊക്കെയാണ് IVF ചെയ്യേണ്ടിവരിക?

1. അണ്ഡവാഹിനിക്കുഴലിന് കേടുപാടുകളോ തടസമോ ഉളളവരില്‍. അണ്ഡവാഹിനിക്കുഴലിലാണ് (fallopian tube) സ്വാഭാവിക ഗര്‍ഭധാരണത്തില്‍ അണ്ഡ-ബീജസംയോഗം (Fertilisation) നടക്കുന്നതെന്ന് അറിയാമല്ലോ. അപ്പോള്‍ കേടുപാടുകളുള്ള ട്യൂബില്‍ ഈ സംയോഗം നടക്കില്ലാ. ട്യൂബിനെ ബാധിക്കുന്ന TB-യോ ട്യൂമറോ ഒക്കെ ഇതിന് കാരണമാകാം. നേരത്തെ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ ചെയ്തവരുമാകാം.

2.പുരുഷബീജത്തിന്റെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍

3.ഓവുലേഷന്‍ (Ovulation) കൃത്യമായി നടക്കാത്തവരില്‍. അണ്ഡാശയത്തില്‍ നിന്ന് അണ്ഡം (ovum) ഫാളോപ്പിയന്‍ ട്യൂബിലേയ്ക്ക് പുറന്തള്ളുന്ന പ്രക്രിയയാണ് ഓവുലേഷന്‍. PCOD പോലുള്ള രോഗങ്ങളുള്ളവരില്‍ ഇത് കൃത്യമായി നടക്കാറില്ലാ.

4.എന്‍ഡോമെട്രിയോസിസ് (Endometriosis) ഉള്ളവരില്‍

5.ക്യാന്‍സര്‍ രോഗികളില്‍ പ്രത്യുത്പാദനശേഷി നിലനിര്‍ത്താന്‍. ക്യാന്‍സറിന് കീമോ/റേഡിയോതെറാപ്പി എടുക്കുന്നവരില്‍ ചികിത്സ തുടങ്ങുന്നതിന് മുമ്പേ അണ്ഡമോ ബീജമോ എടുത്തുസൂക്ഷിച്ച് വയ്ക്കാം. ചികിത്സയെല്ലാം കഴിഞ്ഞ്, ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം IVF വഴി ഗര്‍ഭം ധരിക്കാം.

IVF ന് പ്രധാനമായും അഞ്ച് സ്റ്റെപ്പുകളാണുള്ളത്.

മരുന്നുനല്‍കി ഒരേസമയം ഒന്നിലധികം അണ്ഡങ്ങളെ അണ്ഡാശയങ്ങളില്‍ വളര്‍ത്തിയെടുക്കുകയാണ് ആദ്യഘട്ടം. IVF പ്രക്രിയയുടെ വിജയസാധ്യത കൂട്ടുന്നതിനാണ് ഇത്രയും അണ്ഡങ്ങള്‍ വേണ്ടത്.

അള്‍ട്രാസൗണ്ട് സ്‌കാനിലൂടെ അണ്ഡാശയങ്ങളെ നേരില്‍ കണ്ടുകൊണ്ട്, ഒരു സൂചി വഴി അണ്ഡങ്ങള്‍ ശേഖരിക്കുകയാണ് അടുത്തഘട്ടം. പത്തുമുതല്‍ മുപ്പതുവരെ അണ്ഡങ്ങള്‍ ഇങ്ങനെ ശേഖരിക്കാറുണ്ട്.

ശേഖരിച്ച അണ്ഡത്തിലേയ്ക്ക് പുരുഷബീജം കുത്തി വയ്ക്കുന്ന പ്രക്രിയയാണിത്. വളരെ സങ്കീര്‍ണമായ, അതീവ ശ്രദ്ധയോടെ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ചെയ്യുന്നതാണീ പ്രക്രിയ. പത്തോ അതിലധികമോ അണ്ഡങ്ങള്‍ ഇതുപോലെ പ്രത്യേകം ശേഖരിക്കുന്ന പുംബീജവുമായി സംയോജിപ്പിച്ച് വളര്‍ത്തും.

ഫെര്‍ട്ടിലൈസേഷന്‍ വഴി ഉണ്ടാകുന്ന സിക്താണ്ഡം കൃത്യമായി വളരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അടുത്തപടി. ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെയാണ് കുഞ്ഞായി വളരാന്‍ തെരെഞ്ഞെടുക്കുക.

ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെ ശേഖരിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന എംബ്രയോ ഗര്‍ഭപാത്രത്തിന്റെ അകത്തെ ഭിത്തിയില്‍ ഒട്ടിപ്പിടിക്കുമ്പോള്‍ (Implantation) IVF വിജയകരമായി എന്ന് പറയാം. തുടര്‍ന്നുള്ള കാര്യങ്ങളൊക്കെ സാധാരണ ഗര്‍ഭധാരണത്തിലേതു പോലെ തന്നെ. പക്ഷേ, ഒന്നിലധികം കുട്ടികള്‍ ഒറ്റഗര്‍ഭത്തിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നതും ഓര്‍ക്കുക.

1978-ല്‍ പരീക്ഷണശാലയില്‍ പരീക്ഷണക്കുഴലില്‍ ഉരുവം കൊണ്ട ലൂയിസ് ബ്രൗണിന്റെ ജനനത്തോടെ IVF എന്ന നവീന ജൈവസാങ്കേതികവിദ്യയുടെ ജൈത്രയാത്രയും തുടങ്ങുകയായിരുന്നു. വന്ധ്യതാ ചികിത്സാരംഗം അന്നുമുതല്‍ പുതിയൊരു പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ട്യൂബ് ബേബിയായി 1978-ല്‍ പിറന്ന ലൂയിസ് ബ്രൗണിനു കൂട്ടായി അനുജത്തി നതാലി എത്തിയതു നാലുവര്‍ഷം കൂടി കഴിഞ്ഞാണ്. പക്ഷെ അവള്‍ ലോകത്തെ നാല്‍പ്പതാമത്തെ ടെസ്റ്റ് ട്യൂബ് ശിശുവായിരുന്നു! അതായത് അപ്പോഴേയ്ക്കും തന്നെ വേറെയും മുപ്പത്തെട്ട് പരീക്ഷണശാലാക്കുഞ്ഞുങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനിച്ചിരുന്നു. പക്ഷേ ലൂയിയും നതാലിയും ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് സഹോദരിമാരായി. അതും മറ്റൊരു ചരിത്ര-ശാസ്ത്രകൗതുകം.

ലൂയിസ്- നതാലി സഹോദരിമാരില്‍ ചേച്ചിയെ കടത്തിവെട്ടി അനന്തരം ചരിത്രമെഴുതിയത് അനുജത്തിയാണ്. കെയ്സിയെ പ്രസവിച്ചപ്പോള്‍ നതാലി ലോകചരിത്രത്തില്‍ സ്വാഭാവികമായി ഗര്‍ഭംധരിച്ചു പ്രസവിച്ച ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായി! കുറച്ചു വൈകിയാണെങ്കിലും ലൂയിസ് ബ്രൗണ്‍ ആദ്യം കാമറൂണിനേയും പിന്നെ എയ്ഡനേയും ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും സ്വാഭാവികരീതിയില്‍ തന്നെ ആയിരുന്നു.

ലോകത്തെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ബ്രിട്ടനില്‍ പിറന്ന് വെറും 67 ദിവസം കഴിഞ്ഞ്, 1978 ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ടെസ്റ്റ്ട്യൂബ് ശിശുവായ ‘ദുര്‍ഗ’ (കനുപ്രിയ അഗര്‍വാള്‍) പിറന്നു. കൊല്‍ക്കത്തയിലെ പരിമിതമായ സൗകര്യങ്ങളില്‍ ചില നൂതനവിദ്യകളുപയോഗിച്ച് ഡോ. സുഭാഷ് മുഖര്‍ജിയാണ് ഈ നേട്ടമുണ്ടാക്കിയത്. പക്ഷെ, ഇന്ത്യന്‍ സമൂഹം ഈ ഇന്ത്യന്‍ ശാസ്ത്രജ്ഞനെ തട്ടിപ്പുകാരനായി മുദ്രകുത്തുകയും ക്രൂരമായി വേട്ടയാടുകയും ഒടുവിലദ്ദേഹത്തെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കുക വരെ ചെയ്തത് ചരിത്രത്തിലെ കറുത്ത അധ്യായമാണ്. 1986-ല്‍ പിറന്ന ഹര്‍ഷയ്ക്കാണ് ആ പദവി ഇന്ത്യയില്‍ ലഭിച്ചത്. പക്ഷെ, ഡോ. സുഭാഷ് മുഖര്‍ജിയുടെ പരിശ്രമങ്ങളെയും നേട്ടങ്ങളെയും ഒരു പശ്ചാത്താപം പോലെ നമുക്ക് അംഗീകരിക്കേണ്ടി വന്നു, അതും അദ്ദേഹം മരിച്ച് 22 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം.

ലൂയിസ് ബ്രൗണിന്റെ പിന്‍ഗാമികളായി ലോകമെമ്പാടുമായി 50 ലക്ഷത്തിലധികം ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഇതിനകം ജന്മമെടുത്തു കഴിഞ്ഞു. ഇപ്പോള്‍ പ്രതിവര്‍ഷം രണ്ടര ലക്ഷം പേര്‍ ഈ സാങ്കേതിക വിദ്യയിലൂടെ അച്ഛനുമമ്മയുമാകുന്നു. വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി ലോകം ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനെ അംഗീകരിച്ചു കഴിഞ്ഞു.

വൈശാലി സിനിമയുടെ ക്ലൈമാക്‌സ് കണ്ടവര്‍ക്കെല്ലാം ഓര്‍മ്മകാണും, മഴയുടെ മറവില്‍ ഒരു കല്യാണം. ഋഷ്യശൃംഗന്റെ രഥത്തിലേക്ക് നാണത്തോടെ കയറുന്ന പാര്‍വ്വതിയുടെ കഥാപാത്രത്തെ ഓര്‍ക്കുന്നുണ്ടോ? അതാണ് ശാന്ത. ദശരഥന്റെ കടിഞ്ഞൂല്‍ കണ്മണി. കുട്ടികളില്ലാത്ത ലോമപാദന് സുഹൃത്തായ അയോധ്യാധിപന്‍ ദത്തുനല്‍കിയതാണ്. കഥയുടെ കിടപ്പ് ഏതാണ്ട് മനസിലായില്ലേ? ഇനി ഇതൊന്നാലോചിച്ചേ, ‘പ്രൈമറി ഇന്‍ഫര്‍ട്ടിലിറ്റി’ ഉണ്ടായിരുന്ന ലോമപാദന് എങ്ങനെ വൈശാലി എന്നൊരു മകളുണ്ടായി? അതോ ചതിയന്‍ ചന്തുവിനെ മാറ്റിയെഴുതിയതു പോലെ അതും എം.ടി.യുടെ ലീലയായിരുന്നോ? തൂലിക കൊണ്ടൊരു IVF?!

എഴുതിയത്: ഇന്‍ഫോ ക്ലിനിക്ക് എന്നഫേസ്ബുക്ക് പേജിന് വേണ്ടി ഡോ; മനോജ് വെള്ളനാട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍