UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

അപ്പന്‍ഡിസൈറ്റിസ് ഒരു ചെറിയ രോഗമല്ല; ചികില്‍സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം

അപ്പന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം വയറു വേദനയാണ്. സാധാരണയായി പോക്കിളിന്റ്റെ ഭാഗത്തായി തുടങ്ങുന്ന വേദന പിന്നീട് വയറിന്റ്റെ താഴെ വലതുഭാഗത്തേക്ക് വ്യാപിക്കും

പ്രശസ്ത മാന്ത്രികനായിരുന്ന ഹാരി ഹൗഡിനി അന്‍പത്തി രണ്ടാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയത് എങ്ങനെയാണെന്നറിയാമോ..? നമുക്ക് വളരെ പരിചിതമായ അസുഖമായ അപ്പന്‍ഡിസൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന്റെ വയറുവേദനയുടെ കാരണം അപ്പന്‍ഡിക്‌സില്‍ ഉള്ള അണുബാധ ആണെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ അപ്പന്‍ഡിക്‌സ് നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും അതിനെ അവഗണിച്ച് തന്റ്റെ മാജിക് ഷോകളുമായി മുന്നോട്ടു പോയ അദ്ദേഹം 1926, ഒക്ടോബര്‍ മുപ്പത്തിയൊന്നിന് മരണത്തിന് കീഴടങ്ങി.

വന്‍കുടലും ചെറുകുടലും ചേരുന്ന ഭാഗത്തായി വന്‍കുടലിന്റ്റെ ആദ്യഭാഗമായ സീക്കം (cecum) എന്ന ഭാഗത്ത് നിന്നും ഒരു വിരലിന്റ്റെ ആകൃതിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഭാഗമാണ് അപ്പന്‍ഡിക്‌സ് ( Vermiform Appendix / Cecal Appendix / Vermix / Vermiform Process ) എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിന് മൂന്നു മുതല്‍ പതിമൂന്ന് സെന്റീമീറ്റര്‍ വരെ നീളവും, പരമാവധി ആറ് മില്ലിമീറ്റര്‍ വ്യാസവും ആണ് ഉണ്ടാവുക.

അതിപുരാതന കാലഘട്ടത്തില്‍, വേവിക്കാത്ത ഇലകളും മറ്റും കഴിച്ചിരുന്ന കാലത്ത് ആ ഭക്ഷണങ്ങളിലെ സെല്ലുലോസ് ദഹിപ്പിക്കുന്നതിനാവശ്യമായ ചില ബാക്ടീരിയകളെ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള ഒരു അറയായാണ് അപ്പന്‍ഡിക്‌സ് ഉപയോഗപ്പെട്ടിരുന്നത് എന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാല്‍ കാലക്രമേണ മനുഷ്യര്‍ ഭക്ഷണങ്ങള്‍ പാചകം ചെയ്ത് ഭക്ഷിക്കുന്ന രീതിയിലേക്ക് മാറിയപ്പോള്‍, ഇത്തരം ഒരു സന്നാഹത്തിന്റ്റെ ആവശ്യം തന്നെയില്ലാതായി… ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട ആ പരിണാമചക്രത്തില്‍ അങ്ങനെ അപ്പന്‍ഡിക്‌സ് ഒരു അവശിഷ്ടാവയവം (vestigial organ) ആയി മാറി എന്നാണ് കരുതി പോന്നിരുന്നത്… അടുത്തിടെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ശ്രീ വില്യം പാര്‍ക്കര്‍, ശ്രീ. റാന്‍ഡി ബോളിഞ്ചര്‍ എന്നീ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളില്‍ നിലവിലും അപ്പന്‍ഡിക്‌സിന് ഉപയോഗമുള്ളതായി സൂചനകളുണ്ട്. അതായത്, കോളറ പോലെയുള്ള ചില വയറിളക്കരോഗങ്ങള്‍ മൂലം കുടലിലെ ഉപയോഗപ്രദമായ സഹകാരി ബാക്ടീരിയകള്‍ നഷ്ടമാകുന്ന അവസരത്തില്‍ അപ്പന്‍ഡിക്‌സില്‍ നിന്നാണത്രേ ആ ബാക്ടീരിയകള്‍ പിന്നീട് വീണ്ടും വളര്‍ന്ന് കുടലില്‍ വിന്യസിക്കപ്പെടുന്നത്.

പക്ഷേ നല്ല രീതിയിലുള്ള വ്യക്തി-പരിസര ശുചിത്വവും, ആധുനിക ചികിത്സാ സംവിധാനങ്ങളും ലഭ്യമായ ഇക്കാലത്ത് കോളറയടക്കമുള്ള വയറിളക്കരോഗങ്ങളാലുള്ള ഭീഷണി വളരെ കുറവാണ് എന്നു തന്നെ പറയാം. മാത്രമല്ല അസുഖകാരണങ്ങളാല്‍ അപ്പന്‍ഡിക്‌സ് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് അപ്പന്‍ഡിക്‌സ് ഉള്ളവരെ അപേക്ഷിച്ച് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും കൂടുതലായി കണ്ടുവരുന്നതുമില്ല. മേല്‍ സൂചിപ്പിച്ച പുതിയ ചര്‍ച്ചകള്‍ ഒരു അസുഖബാധിതമായ അപ്പെന്‍ഡിക്‌സ് നീക്കം ചെയ്യുന്നതിന് തടസ്സമേയാകുന്നില്ല എന്ന് എടുത്തു പറയട്ടേ. കാരണം അത്തരം തീരുമാനങ്ങള്‍ ജീവനു തന്നെ ഹാനികരമായേക്കാം. അപ്പന്‍ഡിക്സിനു എന്തെങ്കിലും ഉപയോഗമുണ്ടോ എന്നതിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ഇപ്പോളും നടന്നു കൊണ്ടിരിക്കുകയാണ്.

ഈ ഒരു അവയവത്തെ നമുക്കെല്ലാം പരിചയമുള്ളത് അതിനെ ബാധിക്കുന്ന ഒരു അസുഖത്തിന്റ്റെ പേരിലാണ് – അപ്പന്‍ഡിസൈറ്റിസ് ( appendicitis ). അഥവാ അപ്പന്‍ഡിക്‌സിനെ ബാധിക്കുന്ന അണുബാധ. അപ്പന്‍ഡിക്‌സില്‍ നിന്നും വന്‍കുടലിലേക്കുള്ള കവാടത്തിന് ഏതെങ്കിലുമൊക്കെ കാരണത്താല്‍ ഒരു തടസ്സം നേരിടുമ്പോഴാണ് അപ്പന്‍ഡിസൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. മലം ഉറഞ്ഞ് ചെറിയ കല്ലുരൂപത്തിലാകുകയോ (Fecolith), വിരകള്‍, അണുബാധയാല്‍ വീങ്ങിയ കഴലകള്‍, വന്‍കുടലിലെ അപ്പന്‍ഡിക്‌സിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്തുള്ള ട്യൂമറുകള്‍ എന്നിവയൊക്കെ ഈ തടസ്സം സൃഷ്ടിക്കാം. പുറത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ട അപ്പന്‍ഡിക്‌സിനുള്ളില്‍ മര്‍ദ്ദം ഉയരുകയും, ക്രമേണ അപ്പന്‍ഡിക്‌സിന്റ്റെ ഭിത്തിയിലേക്കുള്ള രക്തചംക്രമണം കുറഞ്ഞു വന്ന് ഉള്ളില്‍ ബാക്ടീരിയകള്‍ പെറ്റുപെരുകി പഴുപ്പാകുകയും ചെയ്യുന്നു. ചികിത്സയൊന്നും ചെയ്യാതെ ഈ അവസ്ഥ തുടര്‍ന്നാല്‍ അപ്പന്‍ഡിക്സ് പൊട്ടി ഈ പഴുപ്പ് വയറ്റിനകത്തേക്ക് ബാധിക്കുന്ന ഗുരുത്തരവസ്ഥയിലേക്ക് വരെ നീങ്ങാന്‍ സാധ്യതയുണ്ട്. തക്ക സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ഇത് മരണത്തില്‍ വരെ കലാശിച്ചേക്കാം.

അപ്പന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം വയറു വേദനയാണ്. സാധാരണയായി പോക്കിളിന്റ്റെ ഭാഗത്തായി തുടങ്ങുന്ന വേദന പിന്നീട് വയറിന്റ്റെ താഴെ വലതുഭാഗത്തേക്ക് വ്യാപിക്കും. ഇതു കൂടാതെ വിശപ്പില്ലായ്മ ( anorexia, അതേ നമ്മടെ അനക്‌സോറിയ തന്നെ ?? ), പനി, ഓക്കാനം, ഛര്‍ദ്ദില്‍ എന്നിവയും വരാം. എല്ലാ രോഗലക്ഷണങ്ങളും എല്ലാ രോഗികളിലും ഒരുമിച്ച് ഉണ്ടാവണമെന്നില്ല. ഗര്‍ഭിണികളിലാണ് അപ്പന്‍ഡിസൈറ്റിസ് വരുന്നതെങ്കില്‍ വേദന അനുഭവപ്പെടുക വയറിന്റെ മുകള്‍ഭാഗത്തായിരിക്കും. വീര്‍ത്തിരിക്കുന്ന ഗര്‍ഭപാത്രം അപ്പന്‍ഡിക്സ് തുടങ്ങുന്ന വന്‍കുടലിനെ മുകളിലേക്ക് തള്ളുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ദേഹപരിശോധനയും, രോഗചരിത്ര അപഗ്രഥനവും വഴി വലിയൊരു ശതമാനം രോഗികളിലും അസുഖം സ്ഥിരീകരിക്കാമെങ്കിലും, ഇതിനു പുറമേ രക്ത പരിശോധനകള്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവയും വേണ്ടി വന്നേക്കാം. അള്‍ട്രാസൗണ്ടിലൂടെ അപ്പന്‍ഡിക്സ് കാണാന്‍ പറ്റാത്ത അവസ്ഥകളില്‍, അതായത്അപ്പെന്‍ഡിക്‌സ് സീക്കത്തിന് പിന്നിലായി ഒളിച്ചിരിക്കുന്ന അവസ്ഥയിലൊക്കെ ( retrocecal appendix ) ചിലപ്പോള്‍ രോഗനിര്‍ണ്ണയത്തിനായി സി.ടി സ്‌കാനിനെ ആശ്രയിക്കേണ്ടതായി വരാറുണ്ട്. പ്രായമായവരില്‍ അപ്പന്റിസൈറ്റിസിന്റെ കാരണം സീക്കത്തിനെ ( caecum ) ബാധിക്കുന്ന കാന്‍സര്‍ ആണോ അല്ലയോ എന്ന് നോക്കാനും ചിലപ്പോള്‍ സി.ടി. സ്‌കാന്‍ വേണ്ടി വന്നേക്കാം. ഇതോടൊപ്പം വയറുവേദനയുടെ കാരണം മൂത്രത്തില്‍ കല്ലും പഴുപ്പും അല്ല എന്ന് ഉറപ്പിക്കുന്നതിനായി മൂത്രപരിശോധനയും നിങ്ങളുടെ ചികിത്സകന്‍ നിര്‍ദ്ദേശിച്ചേക്കാം.

കൃത്യമായ ശാസ്ത്രീയ ചികിത്സ ലഭ്യമായില്ലെങ്കില്‍ ഒരുപക്ഷേ മരണകാരണം വരെയായേക്കാവുന്ന ഒരു രോഗാവസ്ഥയാണ് ഇത്. സാധാരണയായി പത്തിനും മുപ്പതിനും വയസ്സിനിടയിലുള്ളവരിലാണ് അപ്പന്‍ഡിസൈറ്റിസ് വരുന്നതെങ്കിലും ഏതു പ്രായത്തിലും ഈ രോഗം പിടിപെടാം.

ശസ്ത്രക്രിയയിലൂടെ പഴുപ്പു ബാധിച്ച അപ്പന്‍ഡിക്‌സ് പുറത്തെടുത്തു കളയുക എന്നതാണ് കൃത്യമായ ചികിത്സ. അതിനെ കുറിച്ചുള്ള വിവരങ്ങള്‍ താഴെ പറയുന്നുണ്ട്.
പഴുപ്പ് വരുന്നത് അതിന്റെ തുടക്ക സമയത്ത് തന്നെ കണ്ടുപിടിച്ചാല്‍ ആന്റിബയോട്ടിക് ചികിത്സ വഴി പഴുപ്പിനെ നിയന്ത്രിച്ച് അസുഖം മാറ്റാന്‍ സാധിക്കും. എന്നിരുന്നാലും, ഇതില്‍ പത്തു മുതല്‍ ഇരുപത് ശതമാനം പേര്‍ക്കും വരും മാസങ്ങളില്‍ വീണ്ടുമൊരു അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പിന്നീട് എപ്പോഴെങ്കിലും സര്‍ജറി നടത്തി അപ്പന്‍ഡിക്സ് എടുത്തു കളയാന്‍ നിങ്ങളുടെ ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

വയറിനുള്ളിലെ പ്രതിരോധസംവിധാനങ്ങളിലെ പ്രധാനിയാണ് ‘ഒമെന്റ്റം’ എന്ന ഒരു കൊഴുപ്പു കൊണ്ടുള്ള ലസികാവല. വയറിനുള്ളില്‍ ഏതെങ്കിലും ഒരു ഭാഗത്ത് അണുബാധ വരുമ്പോള്‍, അത് മറ്റു ഭാഗങ്ങളിലേക്ക് പടരാതെ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുക എന്നത് ഒമെന്റ്റത്തിന്റ്റെ ഒരു പ്രധാന കര്‍ത്തവ്യമാണ്. ഇങ്ങനെ പൊതിയുന്നതു വഴി ആ ഭാഗത്തിന്റെ ചലനം കുറയുകയും, വ്യക്തിക്ക് അനുഭവപ്പെടുന്ന വേദന വളരെയധികം കുറവായി ഭവിക്കുകയും ചെയ്യും. ചിലരില്‍ അപ്പന്‍ഡിക്‌സ് പഴുക്കുന്ന അവസ്ഥയില്‍ ഒമെന്റ്റവും കുടലും വന്ന് പഴുപ്പുള്ള അപ്പന്‍ഡിക്സിനെ മൂടൂക വഴി ഒരു മാംസപിണ്ഡം രൂപപ്പെടാം (appendicular mass). ഈയൊരു അവസ്ഥ വന്നാല്‍ ഉടനേ ഓപ്പറേഷന്‍ ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം. ആ സമയത്തേക്ക് മരുന്നുകള്‍ കൊടുത്തു കൊണ്ടു അണുബാധയെ നിയന്ത്രിക്കുകയും ആറ് ആഴ്ചകള്‍ക്ക് ശേഷം ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നതായിരിക്കും നല്ലത്. ഈ അവസ്ഥയില്‍ മരുന്നു കൊണ്ടു സുഖം കിട്ടുന്നവരില്‍ നാലിലൊന്ന് പേര്‍ക്കും വീണ്ടും അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് ശസ്ത്രക്രിയ പിന്നീട് ചെയ്യണം എന്ന് പറയുന്നത്.

സാധാരണഗതിയില്‍ ഒരു താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ചെയ്യാവുന്ന ഒന്നാണ് അപ്പന്‍ഡിക്‌സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കും. ശാരീരികാധ്വാനം ഇല്ലാത്ത ജോലികള്‍ ഒരാഴ്ചക്കകം തുടങ്ങാനും പറ്റും. എങ്കിലും ചില അവസരങ്ങളില്‍ സാമ്പ്രദായിക രീതിയിലുള്ള ശസ്ത്രക്രിയ വേണ്ടി വരും. വയറിന്റെ വലതു ഭാഗത് താഴെയായി ഒരു മുറിവുണ്ടാക്കിയോ, വയറ്റില്‍ പഴുപ്പ് ബാധിച്ച അവസ്ഥയില്‍, വയറു തുറന്നോ ആണ് ഇത് ചെയ്യുന്നത്.

എല്ലാ ശസ്ത്രക്രിയകള്‍ക്കുമുള്ള സാധാരണമായ സങ്കീര്‍ണ്ണതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ശസ്ത്രക്രിയാവിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു ശസ്ത്രക്രിയയാണ് ഇത്.

ലാപ്രോസ്‌കോപ്പിയില്‍ വയറ്റില്‍ ഇടുന്ന വളരെ ചെറിയ സുഷിരങ്ങളിലൂടെ കാമറയുടെയും നീണ്ട ഉപകരണങ്ങളുടെയും സഹായത്തോടെ അപ്പന്‍ഡിക്‌സ് പുറത്തെടുക്കുന്നു. സാമ്പ്രദായിക രീതിയെ അപേക്ഷിച്ച് ലാപ്രോസ്‌കോപ്പിക് രീതിക്കുള്ള ഏറ്റവും വലിയ ഗുണമെന്തെന്നു വച്ചാല്‍ ശസ്ത്രക്രിയക്കു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ വ്യക്തിക്ക് തന്റ്റെ സാധാരണ ജീവിത്തിലേക്ക് തിരികെ വരാനാകും എന്നതാണ്. ഓപ്പറേഷനെ തുടര്‍ന്നുള്ള വേദനയും കുറവായിരിക്കും. മാത്രമല്ല, വയറിനു മുകളില്‍ വലിയ പാടുകള്‍ ഉണ്ടാവുകയുമില്ല.

വളരെ സാധാരണയായി നടക്കുന്നതും, സുരക്ഷിതവും, ലളിതമായതുമായ ശസ്ത്രക്രിയ ആണെങ്കിലും, അപ്പന്‍ഡിക്സ് എടുത്തു കളയുന്ന ശസ്ത്രക്രിയ നൂറു ശതമാനം അപകടരഹിതം ആണെന്ന് പറയാന്‍ കഴിയില്ല. അപൂര്‍വമായി ചില സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം. ഓപ്പറേഷന്റെ സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവം, മുറിവ് പഴുക്കല്‍, മുറില്‍ വരുന്ന ഹെര്‍ണിയ, ഓപ്പറേഷന് ശേഷം വയറ്റിനകത്ത് പഴുപ്പ് കെട്ടി നില്‍ക്കല്‍, മുറിവിലൂടെ അപ്പന്‍ഡിക്‌സിന്റെ തുറവിയില്‍ നിന്നും വരുന്ന മലം ലീക്ക് ചെയ്യല്‍ എന്നിവയൊക്കെയാണ് അപൂര്‍വമെങ്കിലും ഇവയുടെ കൂട്ടത്തില്‍ സാധാരണയായി കണ്ടു വരുന്നത്. ഇത്തരം സങ്കീര്‍ണതകളുടെ ചികിത്സ സാധാരണ ഗതിയില്‍ ലളിതമാണ്. മിക്കപ്പോഴും മറ്റൊരു ഓപ്പറേഷന്‍ ഇല്ലാതെ തന്നെ ഇവയില്‍ ഭൂരിഭാഗവും ചികില്‍സിക്കാന്‍ സാധിക്കും. ചില അവസരങ്ങളില്‍ മറ്റൊരു ഓപ്പറേഷന്‍ കൂടി വേണ്ടി വന്നേക്കാം.

?? അപ്പന്‍ഡിക്‌സിനെ ബാധിക്കുന്ന ഏറ്റവും സാധാരണമായ അസുഖം അപ്പന്‍ഡിസൈറ്റിസ് ആണെങ്കിലും മറ്റു പല അസുഖങ്ങളും അപ്പന്‍ഡിക്സിനെ ബാധിക്കാറുണ്ട്.
ട്യൂമര്‍ കാരണം അപ്പന്‍ഡിക്സ് വീര്‍ത്തു വരുന്ന മ്യൂകോസീല്‍, അപ്പന്‍ഡിക്സിനെ ബാധിക്കുന്ന കാന്‍സര്‍, അപ്പന്‍ഡിക്സിലെ അന്തര്‍സ്രാവ-നാഡീകോശങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ട്യൂമര്‍ ആയ ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമറുകള്‍ എന്നിവയാണ് ഇവയില്‍ സാധാരണം. കുടലിലെ ഏതു ഭാഗതിനെയും ബാധിക്കാവുന്ന അവസ്ഥയായ ക്രോണ്‍സ് ഡിസീസും ( crohn’s disease ) ചിലപ്പോള്‍ അപ്പന്‍ഡിക്സിനെ ബാധിച്ചേക്കാം. ഈ അസുഖങ്ങളുടെ ചികിത്സയുടെ ഭാഗമായി ഓപ്പറേഷന്‍ ചെയ്ത് അപ്പന്‍ഡിക്സ് എടുത്തു കളയേണ്ടതായി വരും. ചിലപ്പോള്‍ അതിന്റെ കൂടെ അപ്പന്‍ഡിക്സിനോട് ചേര്‍ന്നു കിടക്കുന്ന വന്‍കുടലിലെ ഭാഗവും എടുത്തു കാലയേണ്ടതായി വന്നേക്കാം. കാന്‍സര്‍ പോലെയുള്ള അസുഖമാകുമ്പോള്‍ കാന്‍സര്‍ ബാധിച്ച ഭാഗം പൂര്‍ണമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

2013 ല്‍ ആഗോളതലത്തില്‍ ഏകദേശം 72,000 ആളുകളുടെ ജീവന്‍ അപ്പന്ഡിസൈറ്റിസ് കവര്‍ന്നതായാണ് കണക്കുകള്‍. അതിനാല്‍ വായനക്കാരോട് ഇന്‍ഫോക്ലിനിക്കിന് പറയാനുള്ളത് ഇതാണ്, ഒരു വയറുവേദനയെയും നിസ്സാരമായി കാണരുത്, പ്രത്യേകിച്ചും വേദനക്കൊപ്പം മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കൂടി ഉള്ളപ്പോള്‍. അത്തരം അവസ്ഥകളില്‍ നിര്‍ബന്ധമായും ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഒരു ചികിത്സകന്റ്റെ സഹായം തേടാനും, അവര്‍ നിര്‍ദേശിക്കുന്ന ചികിത്സ താമസം വിനാ സ്വീകരിക്കാനും മടിക്കരുത്.

എഴുതിയത്-ഇന്‍ഫോക്ലിനിക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന് വേണ്ടി ഡോക്ടര്‍ കിരണ്‍ നാരായണന്‍ ഡോക്ടര്‍ മുഹമ്മദ് അബ്ദുല്ലത്തീഫ് ടി.കെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍