UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആഴ്ചയില്‍ 5 ഡ്രിംഗില്‍ കൂടുതല്‍ മദ്യപിക്കുമോ നിങ്ങള്‍? ആയുസ് കുറഞ്ഞേക്കും

അമിത മദ്യപാനം ഉളളവര്‍ക്ക് സ്‌ട്രോക്ക്, ഹൃദ്രോഗം, മാരകമായ നിലയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലാന്‍ സെറ്റ് മെഡിക്കല്‍ മാസികയില്‍ പുറത്തുവിട്ട ലേഖനത്തിലും വ്യക്തമാക്കുന്നു

ആരോഗ്യം കണക്കാക്കി മദ്യപാനത്തിന് അളവുകോല്‍ സൂക്ഷിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഈ അളവ് സ്വയം നിര്‍ണ്ണയിക്കുന്നതായതിനാല്‍ അപകട സ്ഥിതിയും വളരെ കൂടുതലാണ്. ഈ വാദത്തെ കണക്കുകള്‍ നിരത്തി ഉറപ്പിക്കുകയാണ് ഗവേഷകര്‍.

ആഴ്ചയില്‍ അഞ്ച് ഡ്രിംഗ്‌സില്‍ കൂടുതലായാല്‍ ആയുസ്സില്‍ വലിയ കുറവ് സംഭവിക്കുമത്രെ! അതായത്, ലോകത്തിലെ ആകെ മദ്യപാനികളില്‍ പകുതിയിലേറെ വ്യക്തികള്‍ക്കും ഭീഷണിയുണ്ട്.

മിക്ക ലോകരാജ്യങ്ങളും ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി നിര്‍ദ്ദേശിച്ച സുരക്ഷിത മദ്യപാനത്തിന്റെ അളവ് പുതിയ നിഗമനങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ഉദാഹരണത്തിന് US CenterS for Disease control ഉം American Heart Association ഉം നിര്‍ദ്ദേശിച്ച സുരക്ഷിത അളവ് പുരുഷന്മാര്‍ക്ക് ദിവസം രണ്ട് പെഗും സ്ത്രീകള്‍ക്ക് ഒരു പെഗും ആണ്.

ഒരു ഡ്രിംഗ് എന്നതിനും നിര്‍വ്വചനം ഉണ്ട്. ബിയര്‍ 12 ഔണ്‍സും വൈന്‍ നാല് ഔണ്‍സും 80- പ്രൂഫ് സ്പിരിറ്റ് 1.5 ഔണ്‍സും ആണ്

ഒരു അന്താരാഷ്ട്ര സംഘമാണ് ഈ ഗവേഷണം നടത്തിയത്. 19 രാജ്യങ്ങളിലെ ആറ് ലക്ഷം മദ്യപരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 1964 മുതല്‍ ഇന്ന് വരെയും തുടര്‍ച്ചയായി അളവ് വെച്ച് മദ്യപിക്കുന്നവരുടെ കണക്കാണ് ഏറെയും.

അമിത മദ്യപാനം ഉളളവര്‍ക്ക് സ്‌ട്രോക്ക്, ഹൃദ്രോഗം, മാരകമായ നിലയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലാന്‍ സെറ്റ് മെഡിക്കല്‍ മാസികയില്‍ പുറത്തുവിട്ട ലേഖനത്തിലും വ്യക്തമാക്കുന്നു.

ദിവസവും നാല് യൂണിറ്റ് മദ്യം കഴിക്കുന്ന 40 വയസുള്ള വ്യക്തിയ്ക്ക് ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷമെങ്കിലും കുറവ് സംഭവിക്കുമെന്ന് ലേഖനം വ്യക്തമാക്കുന്നു.

ഒരു മണിക്കൂര്‍ എന്ന കണക്കില്‍ ഇത് വിലയിരുത്തിയാല്‍, അനുവദനീയമായ അളവിന് മുകളില്‍ കഴിക്കുന്നത് പുകവലിയുടെ പാര്‍ശ്വഫലങ്ങള്‍ക്ക് സമാനമായ അവസ്ഥ സൃഷ്ടിക്കും. ഒരു മണിക്കൂറിന്റെ 15 മിനിട്ട് നശിപ്പിക്കാനുള്ള ശേഷി ഈ ശീലത്തിനുണ്ട്.

ഒരു ദിവസം കൊണ്ട് പരമാവധി മദ്യപിച്ച് അപകടം ക്ഷണിച്ചുവരുത്തുന്നവരുണ്ട്. അമേരിക്കയിലെ 38 മില്യണ്‍ വ്യക്തികളും ഒരു ആഘോഷരാവില്‍ എട്ട് ഡ്രിംഗ്‌സ് വരെ കഴിക്കുന്നവരാണെന്നാണ് പഠനം.

മദ്യപിക്കാന്‍ ഇഷ്ടമുള്ളവരോട് ഈ ശീലം അവസാനിപ്പിക്കാന്‍ ഗവേഷകര്‍ പറയുന്നില്ല. പക്ഷെ എത്രയും കുറച്ച് കഴിക്കാമോ, ആരോഗ്യം അത്രയും സുരക്ഷിതമായിരിക്കുമെന്ന് അവര്‍ പറയുന്നു.

മദ്യപാനം ആരോഗ്യത്തിന് വിനയാണെന്നത് ഒരു രഹസ്യമല്ല. ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങി സ്ത്രീകളില്‍ 15% വരെ സ്തനാര്‍ബുദത്തിനും ഈ ശീലം കാരണമാകുമത്രെ.

ഒരു ദിവസം ഒരു ഡ്രിംഗ് എന്ന കണക്കില്‍ പോലും അപകടം ഉണ്ടെന്ന് വ്യക്തം.

മദ്യപാന ശീലം അര്‍ബുദത്തിന് കാരണമാകുന്നതിനാല്‍ നിയന്ത്രിക്കണമെന്ന് world Cancer Research Fund ഉം American Institute for Cancer Research ഉം ആഹ്വാനം ചെയ്തിട്ടുണ്ട്.

മദ്യപിക്കാത്തവര്‍ 100 % ആരോഗ്യവാന്മാരാണെന്ന് വാദിക്കുന്നില്ല സംഘം. അതിനാല്‍ മദ്യപിക്കുന്ന ശീലം അവസാനിപ്പിച്ചവരെക്കുറിച്ച് ഗവേഷണം ഒന്നും പറയുന്നില്ല. മദ്യപിച്ചിരുന്ന സമയമത്രയും അവരുടെ ആരോഗ്യത്തെ ഇത് നശിപ്പിച്ചുവെന്ന് സംഘം സമ്മതിക്കുന്നു.

മദ്യപാനം നിര്‍ത്തിയവരിലുള്ള അപകട സാധ്യത, അവര്‍ അക്കാലമത്രയും കഴിച്ച മദ്യത്തിന്റെ അളവനുസരിച്ചാണെന്നും സംഘം പറയുന്നു.

ദിവസവും രണ്ട് ഡ്രിംഗ്‌സ് എന്ന അളവില്‍ മദ്യപിച്ചിരുന്ന ഒരു 40കാരന്‍ ആഴ്ചയില്‍ 5 ഡ്രിംഗ് എന്ന കണക്കിലേക്ക് ഈ ശീലം മാറ്റിയാല്‍ തന്നെ ആയുസ് ഒന്നോ രണ്ടോ വര്‍ഷം നീളുന്നതിന് ഇത് ഉപകരിക്കുമത്രെ!

ഏതാണ് അപ്പോള്‍ സുരക്ഷിതമായ ഒരു ഡ്രിംഗ് എന്ന ചോദ്യവുമുണ്ട്. നിയന്ത്രിതമായി കഴിക്കുന്ന വൈന്‍ എന്നതാണ് ഗവേഷകരുടെ ഉത്തരം.

ബിയര്‍, സ്പിരിറ്റ് ഉള്‍പ്പെടെ മറ്റെല്ലാം ആയുസ് കുറയ്ക്കുന്ന ശീലങ്ങളാണ്.

ഈ ഗവേഷണത്തിന്റെ ചുരുക്കം ഇതാണ്- നിങ്ങള്‍ മദ്യപിക്കുന്നവരാണെങ്കില്‍ അളവ് പരമാവധി കുറച്ച് മദ്യപിക്കുക. ഹൃദ്രോഗത്തില്‍ നിന്ന് രക്ഷനേടാനാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍