UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനിയില്‍ ഏറിയ പങ്കും തലസ്ഥാനത്ത്

ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഡെങ്കിപ്പനിയില്‍ നിന്നും മോചനം നേടാനാകും

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനിയില്‍ ഏറിയ പങ്കും തലസ്ഥാനത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഡെങ്കിപ്പനിയില്‍ നിന്നും മോചനം നേടാനാകും. ഓരോ വ്യക്തിയും സ്ഥാപനങ്ങളും വിചാരിച്ചാല്‍ തന്നെ തൊട്ടടുത്തുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യാനും വെള്ളം കെട്ടിനില്‍ക്കാത്ത അവസ്ഥയുണ്ടാക്കാനും അതിലൂടെ കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്താനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ജില്ലാ ഘടകം നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡെങ്കിപ്പനി ബോധവത്ക്കരണ സന്ദേശയാത്ര പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഫ്ളാഗോഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പകര്‍ച്ച പനികളെ ചെറുക്കാനായി സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തന്നെ പകര്‍ച്ച വ്യാധികള്‍ വളരെയധികം വര്‍ധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ശക്തമായ മുന്‍കരുതലുകളെടുത്തിരുന്നതിനാല്‍ അവ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷവും പകര്‍ച്ചവ്യാധികള്‍ കൂടുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഇത് മുന്നില്‍ കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിന് ശ്രമിച്ചു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ ഏറിയ പങ്കും തിരുവനന്തപുരത്താണ്. അതിനാല്‍ ബഹുജനങ്ങളുടെ ഇടപെലും ബോധവത്ക്കരണവും അത്യാവശ്യമാണ്. അല്‍പം പോലും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം അനുവദിക്കരുത്. പനി പിടിപെട്ടാല്‍ തുടക്കത്തിലേ തന്നെ മതിയായ ചികിത്സ തേടണം. പകര്‍ച്ച പനിയെന്ന് ബോധ്യമായാല്‍ പൂര്‍ണമായി ഭേദമാകുന്നതുവരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോകരുത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളുകളില്‍ അയയ്ക്കരുത്. ഇത് മറ്റ് കുട്ടികളിലേക്ക് പെട്ടന്ന് പകരും. ജനങ്ങളില്‍ ഭയം വളര്‍ത്താതിരിക്കാനുള്ള ബോധവത്ക്കരണത്തിനായി മാധ്യമങ്ങളുടെ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഡെങ്കിപ്പനി നിയന്ത്രണത്തിനായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് നഗരസഭ മേയര്‍ അഡ്വ. വി.ക. പ്രശാന്ത് പറഞ്ഞു. പനി നിയന്ത്രിക്കാനായി നഗരസഭയും നടപടികള്‍ സ്വീകരിച്ചു വരുന്നു. ഐ.എം.എ. യുടെ ബോധവത്ക്കരണ പരിപാടിയില്‍ നഗരസഭയും പങ്കാളികളാകും. മാലിന്യ നിര്‍മാര്‍ജനത്തില്‍ എല്ലാവരും അവരവരുടെ കടമ നിര്‍വഹിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ എല്ലാ സ്ഥലങ്ങളും വെള്ളി, ശനി ദിവസങ്ങളിലായി ഡെങ്കിപ്പനി ബോധവത്ക്കരണ സന്ദേശ യാത്രാ സംഘം സഞ്ചരിച്ച് ബോധവത്ക്കരണം നടത്തും. ഓരോ പ്രധാന ജംഗ്ഷനിലും ആരോഗ്യ പ്രവര്‍ത്തകരെത്തി ആവശ്യമായ സന്ദേശങ്ങള്‍ കൈമാറുകയും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യും. ഇതോടൊപ്പം ഫ്ളാറ്റ് ഉടമകളേയും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളേയും ഉള്‍പ്പെടുത്തി ഐ.എം.എ. ചര്‍ച്ചകളും സംഘടിപ്പിക്കും.

മനുഷ്യരില്‍ നിന്നും നേരിട്ട് പകരാത്ത രോഗമാണ് ഡെങ്കിപ്പനി. കൊതുകുകളില്‍ കൂടി മാത്രമേ ഇത് മനുഷ്യരിലേക്ക് പകരുകയുള്ളൂ. ആയതിനാല്‍ കൊതുകിന്റെ ഉറവിടം നശിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് മാലിന്യ വിമുക്തമാക്കണം. ചിരട്ട, മുറിച്ച കരിക്ക്, ടയര്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവ പുറത്ത് കിടന്ന് വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ആഴ്ചയില്‍ ഒരു ദിവസം ഇവയില്‍ കെട്ടിക്കിടക്കുന്ന വെള്ളം കമിഴ്ത്തിക്കളയണം. പകല്‍ സമയത്തുള്ള കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നതിനാല്‍ തൊഴിലാളികളും മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍