UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വ്യാജ പ്രചാരകരേ, ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വാ; ഡോക്ടര്‍മാരുടെ വാക്സിന്‍ ചലഞ്ച്

മലബാറിന്റെ മണ്ണിൽ വെച്ച്, ഓപൺസ്റ്റേജിൽ, ലൈവ് ടെലകാസ്റ്റിംഗോട് കൂടി

വാക്‌സിന്‍ വിരുദ്ധ സന്ദേശ പ്രചാരകരെ വെല്ലുവിളിച്ച് ഡോക്ടര്‍മാര്‍. വാക്‌സിന്‍ വിരുദ്ധര്‍ തുറന്ന സംവാദത്തിന് സന്നദ്ധരാവാനുള്ള ധൈര്യം കാട്ടണമെന്ന് പറഞ്ഞുകൊണ്ടാണ് ഏതാനും ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. മലബാറിന്റെ മണ്ണില്‍ വച്ച് ഓപ്പണ്‍ സ്റ്റേജില്‍ ലൈവ് ടെലികാസ്റ്റിങ്ങോടെ തങ്ങള്‍ വാക്‌സിന്‍ വിരുദ്ധരുമായി ഏറ്റുമുട്ടാന്‍ തയ്യാറാണെന്നാണ് ഒരു സംഘം ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

തെക്കന്‍ ജില്ലകളില്‍ എഴുപത് മുതല്‍ എണ്‍പത് ശതമാനം പേര്‍ എംആര്‍ വാക്‌സിനേഷനില്‍ പങ്കാളികളായപ്പോള്‍ മലബാര്‍ മേഖലയില്‍ ഇത് അമ്പത് ശതമാനത്തില്‍ താഴെയാണ്. പ്രത്യേകിച്ചും മലപ്പുറം മേഖലയില്‍ വാക്‌സിനെടുത്തവരുടെ കണക്ക് പരിശോധിച്ചാല്‍ അത് മറ്റ് ജില്ലകളേക്കാള്‍ താഴെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാക്‌സിന്‍ വിരുദ്ധ സന്ദേശ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജോക്കബ് വടക്കാഞ്ചേരി, മോഹനന്‍ വൈദ്യര്‍, പ്രസാദ്, സാജന്‍ സിന്ധു, സനൂപ് നരേന്ദ്രന്‍, ലത്തീഫ്, കരീം എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ഡോക്ടര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

ഇത്തരത്തിലൊരു വെല്ലുവിളിയുയര്‍ത്തിയതിനെക്കുറിച്ച് ശിശുരോഗ വിദഗ്ദ്ധനായ ഡോ.കെ.മുഹമ്മദ് ഇസ്മയില്‍ പറയുന്നതിങ്ങനെ, “മലബാറിലെ ജനങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. വാക്‌സിന്‍ വുരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ മുന്നോട്ട് വരണമെന്നും ഞങ്ങളുമായി മുഖാമുഖത്തിന് തയ്യാറാവണമെന്നുമാണ് ആവശ്യപ്പെടുന്നത്. അതിലൂടെ മാത്രമേ ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിയൂ. അത് ജനങ്ങളുടെ കൂടെ ആവശ്യമാണ്. പ്രമുഖരായവര്‍ തന്നെ മുന്നോട്ട് വരണം. ജേക്കബ് വടക്കാഞ്ചേരി, പ്രസാദ്, മോഹനന്‍ വൈദ്യര്‍ ഇവരാണ് അതിലെ പ്രധാനികള്‍. അവരെത്തന്നെയാണ് ഞങ്ങള്‍ ക്ഷണിക്കുന്നതും. കാരണം ഈ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. ശാസ്ത്രവിരുദ്ധ പ്രചരണങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുന്ന ഇക്കാലത്ത് ഇത് അവസാനിപ്പിച്ചേ മതിയാകൂ.

അരിമ്പാറയും വാക്‌സിന്‍ സൈഡ് എഫക്റ്റും പിന്നെ സ്റ്റീവ് ജോബ്‌സും

പൊതുവെ മലബാറില്‍ വാക്‌സിനേഷനെ സ്വീകരിച്ചവരുടെ ശതമാനം വളരെ കുറവാണ്. വാക്‌സിന്‍ മാത്രമല്ല വിഷയം, ശാസ്ത്രവിരുദ്ധതകൊണ്ട് പല പ്രശ്‌നങ്ങളും വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു പ്രകൃതി ചികിത്സകന്‍ പ്രസവമെടുത്തിട്ട് രണ്ട് കുഞ്ഞുങ്ങള്‍ മരിക്കുകയും രണ്ട് അമ്മമാര്‍ക്ക് പരിക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇവരെ അഴിച്ചുവിട്ടിരിക്കുകയാണ്. ഗൈനക്കോളജി ട്രെയിനിങ്ങില്ലെങ്കില്‍ എംബിബിഎസ് ഡോക്ടര്‍മാര്‍ പോലും പ്രസവമെടുക്കാന്‍ പാടില്ല. ആ സമയത്താണ് ഇത്തരം അപകടം സംഭവിച്ചിരിക്കുന്നത്.”

പ്രബുദ്ധ ജനങ്ങളേ, സര്‍ക്കാരേ…എം ആര്‍ വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടുമ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ നിങ്ങളാണ്

“ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ പരീക്ഷണ വസ്തുക്കളാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. മനുഷ്യരുടെ ജീവന്‍ കൊണ്ടുള്ള കളിയായതിനാല്‍ പൊതുജനം സത്യം അറിഞ്ഞേ മതിയാവൂ. കഴിഞ്ഞ വര്‍ഷം ഡിഫ്ത്തീരിയയായിരുന്നു, ഇപ്പോള്‍ എംഎംആര്‍ ആണ്. വരും വര്‍ഷങ്ങളില്‍ മറ്റെന്തെങ്കിലുമായിരിക്കും. അപ്പോഴെല്ലാം ഇത് തന്നെയായിരിക്കും ഇവരുടെ നിലപാട്. മുസ്ലീം സമുദായങ്ങളുടെ ഇടയിലാണ് കൂടുതല്‍ ആശങ്കകള്‍ നിലനില്‍ക്കുന്നത് എന്നത് സത്യമാണ്. പക്ഷെ സമുദായം അതിന്റെ ഇരകളാണ്, വില്ലന്‍മാരല്ല. ഇവരെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ മുഴുവനും മലബാറിന് പുറത്തുള്ളവരാണ്. ഈ പ്രചാരണങ്ങളില്‍ അവര്‍ പെട്ടുപോവുന്നതാണ്. വ്യാജ ചികിത്സയും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലബാറിലാണ്. പക്ഷെ മാധ്യമചര്‍ച്ചകളില്‍ പോലും ഇടം ലഭിക്കുന്നില്ലെന്നാണ് വ്യാജപ്രചാരകര്‍ പറയുന്നത്. കഴിഞ്ഞ ദിവസത്തെ ജേക്കബ് വടക്കാഞ്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പോലും ഡോക്ടര്‍മാര്‍ തന്നോട് സംവദിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറയുന്നവര്‍ ഞങ്ങളോ മാധ്യമപ്രവര്‍ത്തകരോ വിളിക്കുമ്പോള്‍ ഒളിച്ചുകളിക്കുകയാണ്. അത് ഇരട്ടത്താപ്പാണ്. അവര്‍ക്ക് പറയാനുള്ളത് അവര്‍ പൊതുവേദിയില്‍ വന്ന് ജനങ്ങളോട് പറയട്ടെ. ഞങ്ങള്‍ അവരോട് ഏറ്റുമുട്ടാന്‍ തയ്യാറാണ്.’

എന്തുകൊണ്ട് എംആര്‍ വാക്‌സിന്‍ പ്രധാനപ്പെട്ടതാണ്? ഈ ഡോക്ടര്‍മാര്‍ പറയുന്നതു കേള്‍ക്കൂ…

വാട്സപ് സന്ദേശം ഇങ്ങനെ:

പൊതുജനത്തിന് സത്യമറിയണം, വാക്സിൻ വിരുദ്ധർ ഒരു തുറന്ന സംവാദത്തിന് സന്നദ്ധതയും ധൈര്യവും കാണിക്കണം. ജേകബ് വടക്കാഞ്ചേരി, മോഹനൻ വൈദ്യർ, പ്രസാദ്, സാജൻ സിന്ധു, സനൂപ്നരേന്ദ്രൻ, ലതീഫ്, കരീം ആരുമാകട്ടെ തനിച്ചോ കൂട്ടമായോ കടന്ന് വരൂ. ഞങ്ങൾ ഒരു സംഘം ഡോക്ടർമാർ തയ്യാർ…

മലബാറിന്റെ മണ്ണിൽ വെച്ച്, ഓപൺസ്റ്റേജിൽ, ലൈവ് ടെലകാസ്റ്റിംഗോട് കൂടി.

തീർത്തും നിഷ്പക്ഷരായ മോഡറേറ്റർമാരും, ശ്രോദ്ധാക്കളും.

സധൈര്യം കടന്ന് വരൂ.

Dr. മുഹമ്മദ് ഇസ്മായിൽ കെ. MD പീഡിയാട്രിക്സ് 9495233230
Dr. ബിനൂപ് കണ്ണിയൻ, MD കമ്യൂണിറ്റി മെഡിസിൻ 9496357050

യോഗിയോട് എന്തുപറയും? 59 ശതമാനത്തില്‍ കിതച്ച് സംസ്ഥാനത്തെ എം ആര്‍ വാക്സിനേഷന്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍