UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബഹിരാകാശ സഞ്ചാരികളുടെ ജീന്‍ ഘടനയിലും വ്യത്യാസം

അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സി നടത്തിയ പഠനങ്ങളേക്കാളും ആഴത്തില്‍ മനുഷ്യശരീരത്തിന്റെ കോശഘടനയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ വിലയിരുത്താനായത്

മാസങ്ങളോളവും വര്‍ഷങ്ങളോളവും ബഹിരാകാശത്ത് താമസിക്കുന്നവരുടെ കാഴ്ചപ്പാടുകള്‍ക്ക് സാധാരണക്കാരില്‍ നിന്നും എന്തെങ്കിലുമൊക്കെ വ്യത്യാസം കാണുമല്ലോ. എന്നാല്‍ കാഴ്ചപ്പാടില്‍ മാത്രമല്ല; ജീനുകളില്‍ പോലും മാറ്റം കാണാമെന്നാണ് നാസയുടെ കണ്ടെത്തല്‍!

നാസ നടത്തിയ ട്വിന്‍ സ്റ്റഡി(twin study)യില്‍ ബഹിരാകാശ യാത്രികനായ സ്‌കോട്ട് കെല്ലിയുടെ(Scott Kelly)യുടെ കോശങ്ങളിലെ ജീനുകളുടെ പ്രവര്‍ത്തനമാണ് നിരീക്ഷിച്ചത്. ബഹിരാകാശത്ത് നിന്ന് സ്‌കോട്ട് കെല്ലി മടങ്ങിയെത്തി രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പഠനം നടന്നത്. ഇപ്പോഴും ജീനുകളുടെ 7% പ്രവര്‍ത്തനശേഷി പൂര്‍വ്വസ്ഥിതിയിലല്ലെന്ന റിപ്പോര്‍ട്ടാണ് പഠനത്തിന്റെ ഭാഗമായി പുറത്തുവിട്ടത്. കെല്ലി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവിട്ട ഒരു വര്‍ഷത്തിന് മുമ്പും ശേഷവും ഉള്ള കാലയളവിലെ ജീനുകളുടെ പ്രവര്‍ത്തനത്തെ, അതേ കാലയളവില്‍ ഭൂമിയില്‍ വസിച്ചിരുന്ന ഇരട്ടസഹോദരന്‍ മാര്‍ക്കിന്റെ ജീനുകളുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സി നടത്തിയ പഠനങ്ങളേക്കാളും ആഴത്തില്‍ മനുഷ്യശരീരത്തിന്റെ കോശഘടനയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ വിലയിരുത്താനായത്.

ഇരുവരുടെയും ജീനുകള്‍ക്ക് സ്വഭാവഘടനയില്‍ വ്യത്യാസം കണ്ടെത്തിയെങ്കിലും അടിസ്ഥാന ഘടനയില്‍ മാറ്റമുണ്ടായിട്ടില്ല. പ്രകൃതിയോട് ശരീരമെങ്ങനെ പ്രതികരിക്കുന്നു എന്നത് ജീനിന്റെ സ്വഭാവഘടനയെ ആശ്രയിച്ചിരിക്കും.

നാസയില്‍ നിന്ന് വിരമിച്ച സ്‌കോട്ട് കെല്ലിയുടെ ജീനുകളുടെ പഠനറിപ്പോര്‍ട്ട് ഈ വര്‍ഷം നടന്ന ഇന്‍വെസ്റ്റിഗേറ്റേഴ്സ് വര്‍ക്ക്ഷോപ്പ് ഫോര്‍ നാസ ഹ്യൂമന്‍ റിസേര്‍ച്ച് പ്രോഗ്രാമി(Investigator’s Workshop for NASA Human Research Programme)ലാണ് പുറത്തുവിട്ടത്.

കെല്ലിയുടെ ജീവന്‍ നിലനിര്‍ത്തുവാനാവശ്യമായ പോഷണം, പ്രതിരോധശക്തിക്കാധാരമായ സൈറ്റോകിന്‍സ്(cytokines), പ്രോട്ടീനുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. ഓക്സിജന്‍ ലഭ്യതയിലെ മാറ്റങ്ങള്‍, പോഷകാഹാരം കഴിക്കുന്നതില്‍ കൈവരുന്ന വ്യത്യാസം തുടങ്ങി ബഹിരാകാശത്ത് എത്തുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക വ്യത്യാസങ്ങളാണ് ജനിതകസ്വഭാവത്തില്‍ മാറ്റം വരുത്തിയതെന്നാണ് പഠനം. ജീനുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് സ്‌കോട്ടിന്റെയും മാര്‍ക്കിന്റെയും ആര്‍.എന്‍.എ, ഡി.എന്‍.എ എന്നിവയിലെ രാസപ്രവര്‍ത്തനവ്യത്യാസവും നിരീക്ഷിച്ചിരുന്നു. സ്‌കോട്ട് കെല്ലിയുടെ ശരീരത്തിലെ ‘സ്പേസ് ജീനുകള്‍’ ഉണര്‍ന്നിരിക്കുന്നതാണ് പ്രത്യേകതയെന്ന് ശാസ്ത്രജ്ഞനായ ക്രിസ് മേസണും(Chris Mason) സംഘവും നടത്തിയ പഠനത്തില്‍ നേരത്തെ വ്യക്തമായിരുന്നു.

കെല്ലിയുടെ ശരീരത്തിലെ 93% ജീനുകളും, അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തിയ സമയത്ത് പൂര്‍വ്വാവസ്ഥ കൈവരിച്ചു. സ്പേസ് ജീനുകള്‍ പലതും പിന്നീടുള്ള സമയങ്ങളില്‍ ഊര്‍ജ്ജസ്വലമായിരുന്നതാണ് ബാക്കി 7% ജീനുകളില്‍ മാറ്റം വരുത്തിയത്. ബഹിരാകാശ ജീവിതത്തിലെ പിരിമുറുക്കവും ഈ അവസ്ഥയെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. കൂടാതെ രക്തം കട്ടപിടിക്കുക, എല്ലുകളുടെ രൂപഘടനയിലെ മാറ്റം തുടങ്ങയിവയിലും ‘സീറോ ഗ്രാവിറ്റി’ ഏല്‍പ്പിച്ച വ്യത്യാസവും പഠനത്തില്‍ തെളിഞ്ഞു.

നാസ തയ്യാറെടുക്കുന്ന മൂന്ന് വര്‍ഷം നീണ്ട ചൊവ്വ പര്യവേക്ഷണത്തിലെ ആദ്യ കാല്‍വെപ്പായിരുന്നു കെല്ലിയുടെ ഒരു വര്‍ഷം നീണ്ട ബഹിരാകാശവാസവും വിലയിരുത്തലുകളുമെന്ന് നാസ വ്യക്തമാക്കി. പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ആഴത്തിലുള്ള പഠനങ്ങള്‍ക്ക് നാസ തുടക്കമിടുകയാണ്. ശരീരഭാരത്തിലെ കുറവ്, റേഡിയേഷന്‍, പിരിമുറുക്കം തുടങ്ങിയവ എങ്ങനെ ഒരു ബഹിരാകാശസഞ്ചാരിയെ ബാധിക്കുന്നു എന്ന വിഷയത്തില്‍ പഠനം ആവശ്യമാണ്. അതും പര്യവേഷണം തുടങ്ങുംമുമ്പ് തന്നെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍