എന്താണ് ആധുനിക വൈദ്യത്തിനു മാത്രമേ സൈഡ് എഫക്റ്റുകള്‍ ഉള്ളു എന്ന് നമുക്ക് തോന്നാന്‍ കാരണം?
എന്റെ ഭാര്യയുടെ കൈയില്‍ മൂന്നോ നാലോ കുഞ്ഞു അരിമ്പാറകള്‍ പൊന്തി. കുറെ മാസങ്ങള്‍ ആയി എന്നോട് പറയുന്നു. ഞാന്‍ കാര്യമായി മൈന്‍ഡ് ചെയ്യുന്നില്ല-കശ്മലന്‍! (അരിമ്പാറയല്ല… ഞാന്‍).
‘ഇതെന്തെങ്കിലും ഒന്ന് ചെയ്യൂട്ടോ കുറച്ചു കുഞ്ഞു പഞ്ചാര ഗുളിക മേടിച്ചു താ. അപ്പുറത്തെ സിന്ധുവിന്റെ അരിമ്പാറ മാറിയത് അത് തിന്നിട്ടാ. ഈ ടൈപ്പ് ഗുളിക പതുക്കെയേ ആക്ട് ചെയൂത്രെ. എന്നാലും പോകുമല്ലോ. നിങ്ങടെ ചികിത്സയില്‍ കരിച്ചു കളയല്‍ മാത്രം അല്ലെ ഉള്ളൂ?’
ഞാന്‍ മിണ്ടാതെ, കൃമ്മാതെ, ഇരുന്നു. ദിവസങ്ങള്‍ ക്ലോക്കില്‍ ടക്, ടക്, എന്നടിച്ചു കടന്നു പോയി (ങേ അങ്ങനെ അല്ലേ? ങാ ..എന്നാല്‍ കലണ്ടറില്‍).
ഒരു നാള്‍ പെട്ടന്ന് അത് സംഭവിച്ചു! ഇല്ല- ചിരവത്തടി എടുത്ത് അവള്‍ വീക്കിയില്ല . ഒന്നാമത് ചിരവതതടി ഇല്ല. മേശയുടെ വക്കില്‍ പിടിപ്പിക്കുന്ന ന്യൂജന്‍ കോമാങ്ങ ചിരവ ആണ്. അതൊന്നുമല്ല-അരിമ്പാറകള്‍ ഓരോന്നായി മാഞ്ഞു പോകുന്നു! ഏതാനും ദിവസം കൊണ്ട് എല്ലാം പോയി.
എവിടെയോ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് പോയത്. അവള്‍ പറഞ്ഞു.
ഞാന്‍ തൊലി രോഗങ്ങളെ പറ്റിയുള്ള ഒരു പുസ്തകം അലമാരയില്‍ നിന്ന് എടുത്തു. താഴെ പറയുന്ന ഭാഗം തുറന്നു വായിച്ചു: (തര്‍ജമ )
‘വൈറല്‍ അരിമ്പാറകള്‍- തൊലിപ്പുറത്തു വരുന്നവ ഒരു ശല്യമാണെങ്കിലും, സാധാരണ പ്രതിരോധ ശേഷി ഉള്ള ഒരാളില്‍ ഏതാനും മാസങ്ങളോ ഒന്ന് രണ്ടു വര്‍ഷങ്ങളോ കൊണ്ട് താനേ സുഖം ആകും.’
ഞാന്‍ വിജയ ശ്രീലാളിതനായി അവളോട് ചോദിച്ചു- ഇതില്‍ നിന്നും എന്ത് മനസ്സിലായി ?
‘നന്നായി ഒന്ന് പ്രാര്‍ത്ഥിച്ചാല്‍ അരിമ്പാറ പോകും എന്ന് മനസ്സിലായി.
‘കുന്തം ‘എന്ന് ഞാന്‍ പറഞ്ഞില്ല. മനസിലും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല- നമ്മള്‍ അങ്ങനാണ് ഭായ്. തല ഉണ്ടയാണ് ഭായ്.
അതായത്, കുഞ്ഞു പഞ്ചാര ഗുളികകള്‍ അഞ്ചാറു മാസം സേവിച്ചിട്ടാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ നേരിട്ട് ദൈവം വന്നു പറഞ്ഞാലും നമ്മള്‍ അത് കൊണ്ടാണ് അതു മാറിയത് എന്ന് തന്നെ വിശ്വസിക്കും. തമാശ അതല്ല, എത്രയോ കൊല്ലങ്ങള്‍ ആയി മനുഷ്യരാശിയുടെ പൊതുപൈതൃകമായ ആധുനിക വിജ്ഞാനത്തിനു അറിയാമായിരുന്ന ഒരു കാര്യമാണ് ഇതെന്നുള്ളതാണ്.
ഡി-പോപ്പുലേഷൻ അജണ്ട; വാക്സിനല്ല കെടന്നു മുള്ളി ബാപ്പയാണ്, അതായത് ദൈവം
ഡെങ്കി വന്നു ആളുകള്‍ മരിക്കുന്നു. നമ്മള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കുഞ്ഞു പഞ്ചാര ഗുളികകള്‍ കഴിക്കുന്നു. നമുക്ക് ഡെങ്കി വരുന്നില്ല! നമ്മള്‍ ഉറപ്പിക്കുന്നു- പഞ്ചാര ഗുളിക കഴിച്ചിട്ടാണ് നമുക്ക് ഡെങ്കി വരാത്തത്. തെളിവ് ആയല്ലോ. ഒരു സീസണില്‍ ചെറിയ ഒരു ശതമാനം പേര്‍ക്കേ ഡെങ്കി വരുന്നുള്ളു എന്നത് നമ്മള്‍ മറക്കുന്നു.
ഇനി ഡെങ്കി, എച്ച് 1 എന്‍ 1 മുതലായ മിക്ക പനി രോഗങ്ങളും മിക്ക ആളുകളിലും താനേ മാറുന്നു. എന്ത് ചികിത്സ എടുത്താലും താനേ മാറും. കുറച്ചു പേര്‍ക്ക് വളരെ ഗുരുതരം ആവുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയുന്നു. വെന്റിലേറ്ററില്‍ ചികിത്സിക്കേണ്ടി വരുന്നു. പതിനായിരങ്ങള്‍ പൊടിയുന്നു. എല്ലാം മാറി ചെല്ലുമ്പോള്‍ നമ്മുടെ ബന്ധു പറയുന്നു:
‘എന്ത്! ഡെങ്കിയാ? ഞാന്‍ മനോഹരന്‍ പൈത്യന്റെ അടുത്ത് പോയി. കൂളായി ഡെങ്കിയാ മാറി. എന്തൂട്ടിനഷ്ടാ? കാശാ കളഞ്ഞു.’
അതില്‍ കാര്യമില്ല. നമ്മള്‍ ഒരു ഇഫെക്ട് കാണുന്നു. തൊട്ടു മുന്‍പേ അതിനായോ അല്ലാതെയോ ചെയ്തതോ സംഭവിച്ചതോ ആയ കാര്യം കൊണ്ടാണ് എന്ന് നമ്മള്‍ ഏകദേശം ഉറപ്പിക്കുന്നു. ഇത് ഒരു സംഭവം- അതിനു മുന്‍പേ അതിന്റെ കാരണം- എന്ന ലളിത യുക്തിയില്‍ നിന്നും ഉണ്ടാകുന്നത് ആണ്. നമ്മുടെ തല ഉണ്ട ആയതു പോലെ തന്നെ തലച്ചോര്‍ സ്വാഭാവികമായി പ്രവര്‍ത്തിക്കുന്നത് അങ്ങനാണ്. കുറുകെ കറുത്ത പൂച്ച ചാടി ഓടി. നമ്മെ വണ്ടി ഇടിച്ചു. കറുത്ത പൂച്ച ചാടിയത് കൊണ്ടാണ് വണ്ടി ഇടിച്ചത്. എന്നാല്‍ വെളുത്ത പൂച്ച ചാടിയാല്‍ നമ്മള്‍ ഇതേ പോലെ ചിന്തിക്കണം എന്നില്ല. കാരണം കറുത്ത പൂച്ചയും നിര്‍ഭാഗ്യവും തമ്മില്‍ ബന്ധിപ്പിക്കാന്‍ നമ്മള്‍ പണ്ടേ പഠിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അത് എടുത്തു കഴിഞ്ഞ അടുത്ത ദിവസങ്ങളില്‍ എന്തെങ്കിലും അസുഖങ്ങള്‍ പിടി പെടാം . ഇത് വാക്‌സിന്‍ കൊണ്ട് ആവണം എന്നില്ല.
ഓട്ടിസം പോലെ ഉള്ള ചില കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍ ജന്മന ഉള്ളതാണെങ്കിലും കുഞ്ഞു വളര്‍ന്നു വരുമ്പോളേ ഉണ്ടെന്ന് അറിയാന്‍ പറ്റൂ. സമയം ആണ് വാക്‌സിനുകള്‍ എടുക്കുന്നത്. വാക്‌സിന്‍ ആണോ കാരണം എന്ന് ചിലരെങ്കിലും സംശയിച്ചു പോകും.
സാധാരണ പറയാറുള്ള മറ്റൊന്ന് ആധുനിക വൈദ്യത്തിലെ മരുന്നുകള്‍ക്കും ചികിത്സയ്ക്കും വളരെ സൈഡ് ഇഫക്ടുകള്‍ ഉണ്ടെന്നതാണ്. ‘നാച്ചുറല്‍’ ആയ വസ്തുക്കള്‍ക്ക് സൈഡ് ഇഫക്ടുകള്‍ ഇല്ലത്രേ!
വാക്സിന്‍ വിരുദ്ധര്‍ക്കു വായിക്കാന്‍ ഒരു വല്യമ്മേടെ ഓര്‍മ്മകള്‍; രോഗങ്ങളില്ലാതിരുന്ന ആ സുന്ദരകാലം
ഒരിക്കല്‍ ഒരു പ്രമുഖ വാരികയില്‍ ഇലുമ്പന്‍ പുളി കൊളെസ്‌ട്രോള്‍ കുറയ്ക്കും എന്ന് എഴുതി കണ്ടതിനു ശേഷമാണ് ഇലുമ്പന്‍ പുളി ജ്യൂസ് രണ്ടു മൂന്ന് ഗ്ലാസ്സൊക്കെ കുടിച്ചവര്‍ കിഡ്‌നി പ്രവര്‍ത്തന രഹിതമായി ഗുരുതര സ്ഥിതിയില്‍ മൂത്രം പോവാതെ വരുന്നത് എന്റെ സുഹൃത്തുക്കള്‍ ആയ നെഫ്രോളജിസ്റ്റുകള്‍ ശ്രദ്ധിക്കുന്നത് . കിഡ്‌നി ബയോപ്‌സി എടുത്തു പരിശോധിച്ചപ്പോള്‍ കാണുന്നത് മൊത്തം ഓക്‌സലേറ്റ് പരലുകള്‍ നിറഞ്ഞിരിക്കുന്ന വൃക്കയിലെ സൂക്ഷ്മ കുഴലുകളാണ്. അവര്‍ ഇലുമ്പന്‍ പുളി ജ്യൂസ് എടുത്ത് ടെസ്റ്റ് ചെയ്ത് വളരെ അധികം ഓക്‌സലിക് ആസിഡ് ഉള്ള ഒരു പഴമാണ് ഈ പുളിയെന്ന് നോക്കി മനസ്സിലാക്കുകയും ചെയ്തു . അതായത് അളവില്‍ കൂടുതല്‍ കഴിച്ചാല്‍ തികച്ചും ഭക്ഷ്യയോഗ്യമായ ഈ പഴത്തിനു സൈഡ് ഇഫക്ടുകള്‍ ഉണ്ട്!
(ഇങ്ങനെ ഉള്ള കുറെ രോഗികളുടെ വിവരങ്ങള്‍ അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് നെഫ്രോളജിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു).
ഈയടുത്ത് എന്റെ സുഹൃത്തും ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവിയും ആയ ഡോക്ടര്‍ തോമസ് മാത്യുവിനെ കാണാന്‍ ഒരു രോഗി വന്നു. ജലദോഷവും മൂക്കടപ്പും മാറ്റാന്‍ ആവി പിടിക്കുന്നതിനിടയില്‍ അപസ്മാരം വന്നു ബോധം കേട്ട് വീഴുകയാണുണ്ടായത്. യൂക്കാലിപ്റ്റസ് എണ്ണ ഇട്ടാണ് ആവി പിടിച്ചത്.
പിന്നെ ആദ്യത്തെ തവണ ഒരു കാരണവും ഇല്ലാതെ അപസ്മാരം വന്ന പല രോഗികളും യൂക്കാലിപ്റ്റസ് എണ്ണ, അമൃതാജ്ഞന്‍, വിക്‌സ് വാപോ റബ്, കര്‍പ്പൂരം, ടൈഗര്‍ ബാം, മറ്റു ചില ബാമുകള്‍, എണ്ണകള്‍ എന്നിവ, ശ്വസിക്കുകയോ, ധാരാളമായി പുരട്ടുകയോ ചെയ്തതിന് ഏകദേശം അര മുതല്‍ രണ്ടു മണിക്കൂറിനു ശേഷം രോഗാവസ്ഥ ഉണ്ടായവര്‍ ആണെന്ന് നിരീക്ഷിക്കുക ഉണ്ടായി.
ഇവയില്‍ പലതിന്റെയും അകത്തുള്ളത് യൂക്കാലിപ്റ്റസ് എണ്ണയോ കര്‍പ്പൂരമോ ആണ്. ഇവ ഉള്ള അപസ്മാരത്തെ കൂട്ടും എന്നും അമിത അളവില്‍ കുട്ടികളില്‍ അപസ്മാരവും മരണവും ഉണ്ടാക്കാം എന്നും മുന്‍പത്തെ ചില പഠനങ്ങളില്‍ സൂചനകള്‍ ഉണ്ട്. എന്നാല്‍ അല്ലാതെ തന്നെ ചിലര്‍ക്ക് താരതമ്യേന ചെറിയ അളവുകളില്‍ തന്നെ ഇവ അപകടകരം ആയേക്കാം എന്നും ഇത്തരം സാധനങ്ങളുടെ ദുരുപയോഗം നമ്മുടെ ഇടയില്‍ വളരെ അധികം ആണെന്നും പല അപസ്മാര രോഗികളും ഇവ മൂലം ഉള്ള അപസ്മാരത്തിന്റെ ഇരകള്‍ ആണെന്നും ഡോക്ടര്‍ തോമസ് മാത്യു സംശയിക്കുന്നു. ഇദ്ദേഹത്തിന്റെ ചില പ്രാരംഭ നിരീക്ഷണങ്ങള്‍ ‘എപിലെപ്‌സിയ’ എന്ന ന്യൂറോളജി ജേര്‍ണലില്‍ ഈ വര്‍ഷം പ്രസിദ്ധീകരിച്ചതേയുള്ളു.
ഈ അമേരിക്കന്‍ മാവും പ്രമുഖ നടനും പച്ചവിപ്ലവവും തമ്മിലുള്ള അന്തര്‍ധാര സജീവമാണ് അല്ലേ?
ഇതാണ് ശാസ്ത്രത്തിന്റെ രീതി. ഇതു കണ്ട് ലോകം മുഴുവനും ന്യൂറോളജിസ്റ്റുകള്‍ ഈ സാഹചര്യത്തെ ശ്രദ്ധിക്കുകയും കുറച്ചു നാള്‍ക്കുള്ളില്‍ തന്നെ ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കുകയും ചെയ്യും. ഇതു പരസ്യപ്പെടുത്തുന്നത് കൊണ്ട് അപസ്മാരം ഉള്ള രോഗികള്‍ ഇവ ഒഴിവാക്കണം എന്ന് ചിലരെങ്കിലും നിര്‍ദേശിച്ചേക്കും. എന്നാല്‍ പൊതുവായി ഇവ എന്ത് മാത്രം ദോഷം ഉണ്ടാക്കുന്നവ ആണെന്ന് ഇനിയും നിരീക്ഷണങ്ങള്‍ക്ക് ശേഷമേ പറയാനാകൂ.
പിന്നെ എന്താണ് ആധുനിക വൈദ്യത്തിനു മാത്രമേ സൈഡ് എഫക്റ്റുകള്‍ ഉള്ളു എന്ന് നമുക്ക് തോന്നാന്‍ കാരണം? ആധുനിക വൈദ്യത്തില്‍ മാത്രമേ സൈഡ് എഫക്റ്റുകള്‍ പഠിച്ചു വച്ചിട്ടുള്ളു എന്നത് മാത്രം ആണ് കാരണം. വേറെ എന്തിനെങ്കിലും സൈഡ് എഫക്റ്റുകള്‍ ഉണ്ടോ? ആവോ- അറിയില്ല. അറിയാത്തവ ഇല്ലല്ലോ.
സ്റ്റീവ് ജോബ്‌സിനെ പറ്റി പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം. കമ്പ്യൂട്ടര്‍ വിദഗ്ദനും ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനും ആയ സ്റ്റീവ് ജോബ്‌സ് പാന്‍ക്രിയാസില്‍ ഉള്ള ഒരു കാന്‍സര്‍ കാരണം ആണ് മരിച്ചത്. വളരെ അപകടം കുറവുള്ള, തുടക്കത്തിലേ അറിഞ്ഞാല്‍ പൂര്‍ണമായും ശസ്ത്രക്രിയ വഴി സുഖപ്പെടുത്താവുന്ന ന്യൂറോ എന്‍ഡോെ്രെകന്‍ വിഭാഗത്തില്‍ പെട്ട ഒരു കാന്‍സര്‍ ആണ് അദ്ദേഹത്തിന് വന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാരംഭദിശയില്‍ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു! എന്നിട്ട് എന്ത് സംഭവിച്ചു?
സ്റ്റീവ് ജോബ്‌സ് ശസ്ത്രക്രിയ വേണ്ട എന്നു വയ്ക്കുക ആയിരുന്നു. അതിനു പകരം പലതരം ഭക്ഷണ നിയന്ത്രണങ്ങള്‍, അതീന്ദ്രിയ ധ്യാനം, എന്നു വേണ്ട, ഒരു മാതിരി ഉള്ള തട്ടിപ്പു ചികിത്സകള്‍ ഒക്കെ എടുക്കുകയും ചെയ്തു. അവസാനം മരിക്കും എന്ന സ്ഥിതി ആയപ്പോള്‍, ശസ്ത്രക്രിയക്ക് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ വൈകി പോയിരുന്നു.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം- പൂര്‍ണമായും ചികില്‍സിച്ചു സുഖപ്പെടുത്താം എന്ന സ്ഥിതിയില്‍ വേണ്ട ചികിത്സ എടിക്കാത്തതിന് അദ്ദേഹത്തെ ഞാന്‍ വിമര്‍ശിക്കുക തന്നെ ചെയ്യും. പക്ഷെ ശരിക്കും അപകടകാരിയായ പാന്‍ക്രിയാറ്റിക് കാര്‍സിനോമ ആയിരുന്നു,; അത് മസ്തിഷ്‌കത്തിലേക്കോ, മറ്റു ഭാഗങ്ങളിലേക്കോ പടര്‍ന്നു മരണം മാസങ്ങള്‍ക്കുള്ളില്‍ ഒരു മാതിരി സുനിശ്ചിതം ആണ് എന്ന സ്ഥിതിയില്‍ ആണ് സ്റ്റീവ് ജോബ്‌സ് ‘ഇനി എന്നെ രോഗം മാറ്റാന്‍ ചികിത്സിക്കണ്ട, സമാധാനമായി ബാക്കി ജീവിതം ജീവിക്കാനുള്ള ചികിത്സ മതി ‘ എന്ന് പറഞ്ഞിരുന്നെങ്കില്‍ നമുക്ക് ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ലായിരുന്നു. അതായത്, വസ്തുതകളെ പറ്റി ശരിക്കു മനസ്സിലാക്കാന്‍ ശകലം സ്വയം പഠനം ആവശ്യമാണ്. പല വിദഗ്ധരോട് ചോദിക്കേണ്ടിയും വന്നേക്കാം. അത് ഒരു കുറവല്ല . ലോകത്തെ എല്ലാ കാര്യങ്ങളും ഒരാള്‍ക്ക് പൂര്‍ണമായി പഠിച്ചു മനസ്സിലാക്കാന്‍ പറ്റില്ല. ക്വണ്ടം ഫിസിക്‌സിനെ പറ്റിയോ കോസ്‌മോളജിയെ പറ്റിയോ പൂര്‍ണമായി മനസ്സിലാക്കാന്‍ എനിക്ക് എത്ര ശ്രമിച്ചാലും പറ്റില്ല. എന്നാല്‍ ഏകദേശം- ഇന്ന് നമുക്ക് ഉറപ്പായും എന്തൊക്കെ അറിയാം, ഏതാണ്ട് ഉറപ്പ് എന്തിനൊക്കെ ഉണ്ട്, എന്തിനെ പറ്റി നമുക്ക് ഒന്നും അറിയില്ല- ഇത്രയും വായനയിലൂടെ അറിയാന്‍ പറ്റും.