UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പൊണ്ണത്തടിയും വിഷാദവും തമ്മിലെന്ത്? ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു

ഒരു സമൂഹത്തിലെ വിഷാദരോഗികളുടെ കണക്ക് ശ്രദ്ധിച്ചാല്‍ അവരില്‍ ഏറെപ്പേരും അമിത ശരീരഭാരം ഉള്ളവരായിരിക്കു’മെന്നാണ് ഗവേഷകന്‍ ടിം ഫ്രെയ്ലിംഗ് (Tim Frayling) പറയുന്നത്.

അമിതവണ്ണമുള്ളവര്‍ക്ക് വിഷാദരോഗം സാധാരണമാണെന്ന് ഗവേഷകര്‍. ശാരീരികാവസ്ഥ മാനസികനിലയെ ബാധിക്കുന്നതാണ് കാരണമെന്നും    ഗവേഷകര്‍  വ്യക്തമാക്കുന്നു. പൊണ്ണത്തടിയും വിഷാദവും തമ്മില്‍ ബന്ധമുണ്ടെങ്കിലും ഏത് മറ്റൊന്നിന് കാരണമാകുന്നു എന്ന് വ്യക്തമായിരുന്നില്ല.ഈ മേഖലയിലെ ഏറ്റവും ആധികാരികമായ ഗവേഷണമാണ് നടന്നത്.

ജനിതക പ്രശ്‌നങ്ങളും ജീവിതശൈലിയും വരുത്തിവെക്കുന്ന അമിത ശരീരഭാരം വിഷാദത്തിലേക്ക് വളരെ പെട്ടെന്ന് ഒരാളെ നയിക്കും അത്രേ! പുരുഷന്മാരെക്കാളും സ്ത്രീകളിലാകും ഇത് വേഗം ബാധിക്കുക. ശരീരസൗന്ദര്യം നഷ്ടപെട്ടെന്ന തോന്നലാണ് ഏറെയും വിഷാദത്തിലേക്ക് നയിക്കുന്നത്.

‘ഒരു സമൂഹത്തിലെ വിഷാദരോഗികളുടെ കണക്ക് ശ്രദ്ധിച്ചാല്‍ അവരില്‍ ഏറെപ്പേരും അമിത ശരീരഭാരം ഉള്ളവരായിരിക്കു’മെന്നാണ് ഗവേഷകന്‍ ടിം ഫ്രെയ്ലിംഗ് (Tim Frayling) പറയുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് എപിഡെമിയോളജി (IJE) മാസികയിലാണ് വിശദാംശങ്ങളുള്ളത്.37-73 പ്രായക്കാരായ 500,000 പേരില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമാണിത്.73 ജനിതക വ്യത്യാസങ്ങളിലാണ് ഗവേഷണം നടത്തിയത്. ഉയര്‍ന്ന ബോഡി മാസ്സ് ഇന്‍ഡക്‌സ് (BMI) ഉള്ള വ്യക്തികള്‍ക്ക് പ്രമേഹവും ഹൃദ്രോഗവും വളരെ അടുത്ത് നില്‍ക്കുന്നു എന്നതായിരുന്നു നിഗമനം.

തുടര്‍ന്ന് ആശുപത്രികളില്‍ നിന്ന് ലഭിച്ച വിവിധ രോഗികളുടെ ശാരീരിക വിവരങ്ങളും പഠനവിധേയമാക്കി. ചോദ്യാവലിയും സ്വയം വിലയിരുത്തലും ഡോക്ടര്‍മാരുടെ അഭിപ്രായവുമടക്കം ദീര്‍ഘമായ പഠനമായിരുന്നു അത്. വിഷാദരോഗികളെന്ന് ഉറപ്പുള്ള 49000 പേരുടെ ശാരീരിക ഘടനയും ഗവേഷണഫലങ്ങളും സമാനമാണെന്ന് വിലയിരുത്തി. ഉയര്‍ന്ന BMI ഉള്ളവരാണ് വിഷാദരോഗികളില്‍ ഏറെയും. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളുമാണ്.

അതേസമയം യൂറോപ്യന്‍ വംശജരില്‍ മാത്രമായി ഒതുങ്ങിയ പഠനത്തിന് ആഗോളതലത്തില്‍ പ്രാധാന്യം നല്‍കണോ എന്നത് തര്‍ക്കവിഷയമാണ്. മാത്രവുമല്ല കൃത്യമായ പരിശോധനകള്‍ അല്ല വ്യക്തിഗത വിലയിരുത്തലുകളാണ്, ശേഖരിച്ച വിവരങ്ങളില്‍ ഏറെയും. മറ്റെന്തെങ്കിലും കാരണത്താല്‍ ശരീരഭാരം വര്‍ധിച്ചതും വിഷാദരോഗത്തിന് കാരണമാകുമോ എന്ന വിലയിരുത്തലും പഠനത്തില്‍ ഇല്ല. സാധ്യതകളുണ്ടാകാം എന്ന അഭിപ്രായം മാത്രമേ ഗവേഷകര്‍ പങ്കുവെക്കുന്നുള്ളു.

ഗ്ലാസ്‌ഗോ (Glasgow) സര്‍വകലാശാലയിലെ പ്രൊഫ. നവീദ് സത്താര്‍ (Naveed Sathar) ഈ ഗവേഷണത്തെ സ്വാഗതം ചെയ്തു. ‘വിഷാദരോഗത്തെ കുറിച്ച് തുടരുന്ന പഠനങ്ങള്‍ക്കാകും ഈ ഗവേഷണം കൂടുതലായി ഉപകരിക്കുക. നിരവധി കാരണങ്ങള്‍ വിഷാദത്തിന് ഉണ്ടായേക്കാം. പക്ഷെ മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ ശരീരഭാരം കുറയുന്നതാണ് ഉത്തമം’-പ്രൊഫ. നവീദ് പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍