UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രാത്രിജോലി ജീവിതത്തിന്റെ താളം തെറ്റിക്കും; തലച്ചോറും ദഹനവ്യവസ്ഥയും തകരാറിലാക്കും!

തലച്ചോറിനെയും ദഹനപ്രക്രിയയെയും മാത്രമല്ല, മുഴുവന്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെയും താളം തെറ്റുമത്രെ. വയറുവേദന, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പ്രശ്‌നങ്ങള്‍ പലതാണ്.

നൈറ്റ്ഷിഫ്റ്റ് ജോലികള്‍ ശരീരത്തിന്റെ സ്വാഭാവികമായ താളം തെറ്റിക്കുമെന്ന് പഠനം. തലച്ചോറും ദഹനവ്യവസ്ഥയും തമ്മിലുള്ള ബന്ധം തന്നെ തകരാറിലാകുമെന്നും വിദഗ്ധര്‍ പറയുന്നു. ഗാര്‍ഡിയന്‍ പത്രത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഒരു ആഴ്ചയില്‍ അല്ലെങ്കില്‍ അടുപ്പിച്ചുള്ള ദിവസങ്ങളില്‍ മൂന്ന് നൈറ്റ് ഷിഫ്റ്റ് തുടര്‍ച്ചയായാല്‍, തലച്ചോറിന്റെ സമയക്രമത്തെ അത് ബാധിക്കും. ഏതാണ്ട് 12 മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമം തെറ്റി നടക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

തലച്ചോറിനെയും ദഹനപ്രക്രിയയെയും മാത്രമല്ല, മുഴുവന്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെയും താളം തെറ്റുമത്രെ. വയറുവേദന, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പ്രശ്‌നങ്ങള്‍ പലതാണ്. വയറിനും കുടലിനുമുണ്ടാകുന്ന പ്രതിസന്ധികളാണ് ആദ്യം അസ്വസ്ഥത സമ്മാനിക്കുന്നത്.

വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകന്‍ വാന്‍ ഡോന്‍ഗെന്‍ (Van Dongen) ആയിരുന്നു പഠനം നയിച്ചത്. ഇതിനായി 22നും 34നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 14 പേരെ തെരഞ്ഞെടുത്തു അദ്ദേഹം. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ആദ്യഗ്രൂപ്പുകാര്‍ മൂന്ന് ദിവസം പകല്‍ ഷിഫ്റ്റില്‍ സാധാരണ പോലെ ജീവിച്ചു. അതായത് രാത്രി 10-6 സമയങ്ങളില്‍ ഉറങ്ങാന്‍ സമയം ലഭിച്ചു. രണ്ടാം ഗ്രൂപ്പില്‍ ഉള്ളവര്‍ രാത്രി ഉണര്‍ന്നിരിക്കുകയും രാവിലെ 10 മുതല്‍ 6 മണി വരെ ഉറങ്ങാന്‍ അനുവദിക്കുകയും ചെയ്തു.

അടുത്ത 24 മണിക്കൂര്‍ സമയം, മൂന്ന് മണിക്കൂര്‍ ഇടവിട്ട് ഇവരുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു. മെലാടോണിന്‍ (melatonin), കോര്‍ട്ടിസോള്‍ (cortisol) എന്നീ ഹോര്‍മോണുകളുടെ അളവാണ് പരിശോധിച്ചത്. പരിശോധനാഫലം അനുസരിച്ച് മൂന്നു രാത്രി അടുപ്പിച്ച് ഉറക്കം നഷ്ടപ്പെട്ടവരുടെ തലച്ചോറിലെ മാസ്റ്റര്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം മിനിമം രണ്ട് മണിക്കൂര്‍ പിന്നോട്ടാണെന്ന് നിഗമനമുണ്ടായി. അതായത് മൂന്ന് ദിവസങ്ങള്‍ കൊണ്ട് 12 മണിക്കൂര്‍ വ്യത്യാസം.

ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും സമയക്രമം അനുസരിച്ച് നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറിന്റെ ‘ക്ലോക്കി’ന് അനുസരിച്ചാണ്. ഉറങ്ങാനും ഉണരാനുമുള്ള സമയം വരെ ക്രമപ്പെടുന്നതും ഈ ക്ലോക്കിന് അനുസരിച്ചാണ്. ദഹനപ്രക്രിയക്ക് ഉള്‍പ്പടെ എല്ലാ ശാരീരിക ഭാഗങ്ങള്‍ക്കും ഇതേപോലെ ക്ലോക്കുകള്‍ ഉണ്ട്. വിവരങ്ങള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത് 12 മണിക്കൂര്‍ വ്യത്യാസപ്പെട്ട ഒരു സമയക്രമത്തിലേക്ക് ആണ്. മാത്രവുമല്ല തുടര്‍ച്ചയായുള്ള രാത്രി ജോലി വൃക്കയുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും.

ഷിഫ്റ്റ് ജോലികള്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന ശാസ്ത്രജ്ഞരുടെ പഠനത്തിന് ഈ റിപ്പോര്‍ട്ട് സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഷിഫ്റ്റ് ജോലി അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും സ്‌ട്രോക്ക്, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് മുന്‍പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോലിയും ഉറക്കവും ആഹാരവും വിവിധ ദിശകളില്‍ നീങ്ങുമ്പോള്‍ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള പഠനങ്ങളും നടത്തി വരികയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍