നിപാ കാലത്ത് സ്വീകരിച്ച അതേ ആരോഗ്യജാഗ്രത പിന്തുടര്‍ന്നു കൊണ്ട് കോഴിക്കോട്ടുകാര്‍ രോഗബാധയെക്കുറിച്ചുള്ള പരിഭ്രാന്തിയെ എതിരിടുകയാണ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില വ്യാജപ്രചരണങ്ങളെത്തുടര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് പടര്‍ന്നു പിടിച്ച നിപാ പനിപ്പേടി ഈയിടെ കോഴിക്കോട്ട് വീണ്ടും തലപൊക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപാ ബാധിച്ച് വീണ്ടും ഒരു മരണമുണ്ടായതായും, പത്തോളം പേര്‍ നിരീക്ഷണത്തിലുള്ളതായും വാര്‍ത്തകള്‍ പരക്കുകയും, മെഡിക്കല്‍ കോളജിലെ ശുചീകരണത്തൊഴിലാളികളടക്കം പലരും പ്രചരണത്തില്‍ വിശ്വസിച്ച് പരിഭ്രാന്തരാകുകയും ചെയ്തിരുന്നു. എന്നാല്‍, മരണകാരണം എച്ച്1 എന്‍1 പനിയാണെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചതോടെ, ഇതിനു ശമനമായിട്ടുണ്ട്.
എങ്കിലും, ഒന്നിനുപുറകേ ഒന്നായി എത്തുന്ന മാരക പകര്‍ച്ചവ്യാധികളെ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും എങ്ങിനെയാണ് അഭിമുഖീകരിക്കുന്നതെന്നും ചെറുത്തു തോല്‍പ്പിക്കുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. നിപാ കാലത്ത് സ്വീകരിച്ച അതേ ആരോഗ്യജാഗ്രത പിന്തുടര്‍ന്നു കൊണ്ട് കോഴിക്കോട്ടുകാര്‍ രോഗബാധയെക്കുറിച്ചുള്ള പരിഭ്രാന്തിയെ എതിരിടുകയാണ്.
കോഴിക്കോടു ജില്ലയില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് മേപ്പയൂരിലാണ്. നേരത്തേ നിപായും കരിമ്പനിയും ആദ്യം കണ്ടെത്തിയ പേരാമ്പ്രയില്‍ നിന്നും ആഞ്ചോ ആറോ കിലോമീറ്റര്‍ മാത്രം അകലെയാണ് മേപ്പയൂര്‍. മേപ്പയൂര്‍ സ്വദേശി മുജീബാണ് മരിച്ചത്. അടിക്കടി സാംക്രമിക രോഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ തങ്ങള്‍ പരിഭ്രാന്തരായല്ല, മറിച്ച് യുക്തിയോടെയും കൃത്യമായ പ്രതിരോധനടപടികളിലൂടെയുമാണ് നേരിടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
‘നിപാ ബാധിച്ച സമയത്ത് ആരും പുറത്തിറങ്ങാതെ ജനജീവിതം വരെ സ്തംഭിച്ചിരുന്നു. രോഗത്തിന്റെ സ്വഭാവം അറിയാത്തതിനാല്‍ സ്വാഭാവികമായും ഭീതിയുണ്ടായിരുന്നു. കരിമ്പനി വന്നപ്പോളും ചെറിയ തോതില്‍ പരിഭ്രാന്തിയുണ്ടായിട്ടുണ്ട്. പക്ഷേ, ഇവിടത്തുകാരുടെ കൃത്യമായ ഇടപെടലും ഇവിടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ മനസ്സാന്നിദ്ധ്യവും കൊണ്ടാണ് ഈ രണ്ടു രോഗങ്ങളും അധികം വ്യാപിക്കാതിരുന്നത്. എച്ച്1 എന്‍1 കണ്ടെത്തിയപ്പോഴും, വളരെ കൃത്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.’ പ്രദേശവാസിയായ വൈഷ്ണ പറയുന്നു.
നിപാ വീണ്ടും പൊട്ടിപ്പുറപ്പെട്ടുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അല്‍പം ആശങ്ക പരത്തിയെങ്കിലും, എച്ച്1 എന്‍1 ആണെന്നു തിരിച്ചറിഞ്ഞതോടെ, രോഗം പടരാതിരിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാവുകയാണ് പേരാമ്പ്രക്കാരും. മേപ്പയൂരില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ പേരാമ്പ്ര ഹെല്‍ത്ത് സെന്ററും പങ്കാളികളാണ്.
പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകര്‍ അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് പറയുന്നു. ‘രോഗം റിപ്പോര്‍ട്ടു ചെയ്ത വാര്‍ഡിലും സമീപ വാര്‍ഡുകളിലും സര്‍വേ നടത്തി പനിക്കേസുകള്‍, ഗര്‍ഭിണികള്‍, അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെയെല്ലാം നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. പനിയുള്ളവരെയെല്ലാം ഹെല്‍ത്ത് സെന്ററിലേക്കു മാറ്റി ചികിത്സ നല്‍കുന്നുണ്ട്. പനി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ കോണ്‍ടാക്ട് ഉണ്ടാകാത്ത വിധം രോഗികളെ മാറ്റിയിരുന്നു. നിര്‍ബന്ധമായും മാറ്റണമെന്നു നിര്‍ദ്ദേശം കൊടുത്തപ്പോഴാണ് നിപാ ആണെന്ന രീതിയിലുള്ള പ്രചരണം വന്നത്.’
നിപാ ബാധ പേരാമ്പ്രക്കാരുടെ ആരോഗ്യജാഗ്രതയില്‍ ചെലുത്തിയ മാറ്റം ചെറുതല്ലെന്ന് പ്രദേശവാസിയായ റിന്റ പറയുന്നുണ്ട്. ‘നിപാ വന്നതു മുതല്‍ ആരോഗ്യകാര്യത്തിലും ശുചിത്വ ബോധത്തിലും പുരോഗതി വന്നിട്ടുണ്ട്. ശരീരം വൃത്തിയായി സൂക്ഷിക്കുക, പുറത്തു പോയി വന്നാല്‍ കൈകാലുകള്‍ വൃത്തിയായി കഴുകുക തുടങ്ങി മുന്‍പില്ലായിരുന്ന പല ശീലങ്ങളും ബോധ പൂര്‍വം തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നിപാ വന്നപ്പോള്‍ ഉണ്ടായിരുന്നത് ഭീതിയായിരുന്നെങ്കില്‍, ഇപ്പോള്‍ ഇവിടത്തുകാര്‍ക്കുള്ളത് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഏത് രോഗബാധയെയും പ്രതിരോധിക്കാം എന്ന തിരിച്ചറിവാണ്’.
യുവാവിന്റെ മരണത്തോടെ ആശാ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമെല്ലാം പേരാമ്പ്ര-മേപ്പയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും കര്‍ശനമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വായുവിലൂടെ പടരുന്ന പനി, സങ്കീര്‍ണമാകാതെ ശ്രദ്ധിച്ചാല്‍ നാലോ അഞ്ചോ ദിവസത്തിനകം പൂര്‍ണമായും ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് മാറ്റിവയ്ക്കാനും തീരുമാനമുണ്ട്. നിപാ മുതല്‍ എച്ച്1 എന്‍1 വരെ മൂന്നു മാരക രോഗങ്ങള്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, അവ തമ്മില്‍ ബന്ധമില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീയും ഉറപ്പു തരുന്നുണ്ട്.
ലിനി ഒരു ലോകനായിക; നിങ്ങള്‍ വായിക്കാതിരിക്കരുത് ദ ഇക്കണോമിസ്റ്റ് മാസികയുടെ ഈ ഓര്‍മ്മക്കുറിപ്പ്
നിപയെ നമ്മൾ പ്രതിരോധിച്ചതിങ്ങനെ: രോഗ ഭീതിയകലുമ്പോൾ എടുക്കേണ്ട മുൻ കരുതലുകൾ, തുടരേണ്ട ജാഗ്രത
EXPLAINER: നിപ വൈറസ് അറിയേണ്ടതെല്ലാം; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്