നിപ്പ ബാധിച്ചവരുടെ പട്ടികയില്‍, ലാബ് വഴി സ്ഥിരീകരിക്കാത്തത് എന്ന പ്രത്യേകം രേഖപ്പെടുത്തി സുധയുടെ കേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്
‘മക്കളില്ലാഞ്ഞിട്ടും ഞങ്ങള്‍ ജോളിയായി അങ്ങനെ കഴിയുകയായിരുന്നു. അതിനിടെയാണ് ഈ സംഭവം. കാലിനു ശേഷിക്കുറവുണ്ടായിട്ടും ജോലിയില്‍ കൃത്യത പാലിച്ചിരുന്നയാളാണ്. നിപ്പ തന്നെയാവാനാണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ അന്നേ പറഞ്ഞു. പക്ഷേ, കാര്യമുണ്ടായില്ല.’ ഭാര്യ സുധയുടെ മരണത്തെക്കുറിച്ച് വിനോദ് സംസാരിച്ചു തുടങ്ങിയതിങ്ങനെയാണ്. മണിപ്പാലിലെ വൈറോളജി വിഭാഗം വിദഗ്ധന്‍ ഡോ. ജി. അരുണ്‍കുമാറടങ്ങുന്ന സംഘം ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ചയായതോടെ, സുധയുടെ മരണകാരണവും നിപ്പയായിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍. സുധയുടെ ഭര്‍ത്താവായ വിനോദിനു പക്ഷേ, ഭാര്യയുടെ ജീവനെടുത്തത് നിപ്പയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗത്തില്‍ എക്‌സ് റേ അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു സുധ. നിപ്പയുടേയതിനു സമാനമായ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുധ വൈകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സുധയുടെ മരണത്തിനു ശേഷമാണ് നിപ്പ എന്ന മാരക വൈറസിനെ ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. അതു കൊണ്ടുതന്നെ, നിപ്പ സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ സുധയ്ക്കു നടത്തിയിരുന്നുമില്ല. വിനോദിന്റെ പക്ഷമാണ് ശരിയെങ്കില്‍, നിപ്പ ബാധിച്ച് ജീവന്‍ ത്യജിച്ച ഏക ആരോഗ്യപ്രവര്‍ത്തകയല്ല നേഴ്‌സ് ലിനി. ലിനിക്കും ഒരു ദിവസം മുന്നേ മരിച്ച സുധയുടെ കഥ പക്ഷേ, ആരുമറിഞ്ഞില്ല.
സുധയുടെ മരണത്തെക്കുറിച്ച് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ ഭര്‍ത്താവ് വിനോദ് പറയുന്നതിങ്ങനെയാണ്: ‘മേയ് പന്ത്രണ്ടുവരെ സുധ ഡ്യൂട്ടിക്കു പോയിരുന്നതാണ്. അതിനിടയ്ക്ക് രോഗം ബാധിച്ച സാബിത്ത് അവിടെ വരികയും ചെയ്തിരുന്നു. അന്ന് രോഗമിതാണെന്ന് അറിയില്ലല്ലോ. മൂന്നു മണിക്കൂറോളം രോഗി സുധയ്ക്കടുത്തുണ്ടായിരുന്നു. രോഗി ആ സമയത്ത് സുധയുടെ ദേഹത്തേക്ക് ഛര്‍ദ്ദിക്കുകയൊക്കെ ചെയ്തിരുന്നു. അതെല്ലാം തുടച്ചു വൃത്തിയാക്കിയതും ബെഡ്ഷീറ്റു മാറ്റിക്കൊടുത്തതുമെല്ലാം സുധയാണ്. അതിനടുത്ത ദിവസങ്ങളിലാണ് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. പതിമൂന്നാം തീയതി മുതല്‍ക്കേ ചെറിയ തലവേദനയുണ്ടായിരുന്നു. അതിനടുത്ത ദിവസം പനിച്ചു. കണ്ണൊക്കെ ചുവന്നുവന്നു. അന്ന് കാഷ്വാലിറ്റിയില്‍ കാണിച്ചപ്പോള്‍ മരുന്നു തന്നു പറഞ്ഞുവിട്ടതാണ്. പക്ഷേ രാത്രി മുഴുവന്‍ തലവേദന സഹിക്കാതെ അവള്‍ കരയുകയായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും മെഡിക്കല്‍ ഓ.പിയില്‍ കാണിച്ചപ്പോഴും മരുന്നു തന്നു പറഞ്ഞയയ്ക്കുകയായിരുന്നു. അന്നെനിക്ക് നൈറ്റ് ഡ്യൂട്ടിയായതിനാല്‍ അവളെ സഹോദരിയുടെ വീട്ടിലാക്കേണ്ടി വന്നു. അവിടുന്നു രോഗം വീണ്ടും മൂര്‍ച്ഛിച്ചതോടെ അടുത്ത ദിവസം, വെള്ളിയാഴ്ച, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.പി വളരെ കൂടുതലായിരുന്നു. സംസാരിക്കുമായിരുന്നു, പക്ഷേ വലിയ ബുദ്ധിമുട്ടായിരുന്നു. തലയൊന്നും നേരെ നില്‍ക്കുന്നില്ലായിരുന്നു. അന്ന് മൂന്നരയോടടുത്ത് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. രക്തവും മറ്റുമൊക്കെ പരിശോധനയ്ക്കയച്ചിട്ടും കാര്യം കൃത്യമായി മനസ്സിലായിരുന്നില്ല. ന്യൂമോണിയ എന്നൊക്കെയാണ് പറഞ്ഞത്. അന്നിതൊന്നും അറിയില്ലല്ലോ. പുലര്‍ച്ചെ സുധ മരിക്കുകയും ചെയ്തു.
നേഴ്‌സ് ലിനി മരിക്കുന്നത് 20ാം തീയതിയാണ്. സുധ അതിനു തൊട്ടു തലേന്ന്, 19ന്. നിപ്പ തിരിച്ചറിയുന്നതിനു മുന്നേ. സുധയെക്കുറിച്ചുള്ള വാര്‍ത്തകളൊക്കെ ഇപ്പോഴല്ലേ പുറത്തു വരുന്നത്. ലാബ് റിപ്പോര്‍ട്ടുകളില്ലെന്നു പറഞ്ഞ് അതിനു മുന്‍പ് ആരും കണക്കിലെടുത്തിട്ടില്ലല്ലോ. മെഡിക്കല്‍ കോളജിലെ സ്ഥിരം ജോലിക്കാരിയായിരുന്നു സുധ. 23 വര്‍ഷത്തോളം ജോലി ചെയ്തു. ഇത്രയും വര്‍ഷം ജോലി ചെയ്തിട്ടും അവരൊന്നും ചെയ്തില്ലല്ലോ. മണിപ്പാലില്‍ ടെസ്റ്റിനൊന്നും അയച്ചില്ല. സുധ മരിച്ചത് നിപ്പ ബാധിച്ചാണെന്ന് എനിക്കുറപ്പാണ്. അല്ലാതെ പെട്ടന്ന് എന്തസുഖമുണ്ടാവാനാണ്. ഒരു മരുന്നു പോലും കഴിക്കാത്തയാളാണ് എന്റെ ഭാര്യ.’
നിപ്പ വൈറസിനെ തിരിച്ചറിയുന്നതില്‍ കാര്യമായ പങ്കു വഹിച്ച് ആദ്യ ഘട്ടം മുതല്‍ക്കു തന്നെ സജീവമായി രംഗത്തുണ്ടായിരുന്ന ഡോ. അരുണ്‍ കുമാര്‍ അടങ്ങുന്ന സംഘം 23 കേസുകളാണ് നിപ്പയുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. അവയില്‍ ഇന്‍ഡക്‌സ് കേസടക്കം 18 എണ്ണമേ ലാബ് പരിശോധനകള്‍ വഴി സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എങ്കിലും, നിപ്പ ബാധിച്ചവരുടെ പട്ടികയില്‍, ലാബ് വഴി സ്ഥിരീകരിക്കാത്തത് എന്ന പ്രത്യേകം രേഖപ്പെടുത്തി സുധയുടെ കേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ ഈ ഭാഗം കൂടി കണ്ടതോടെ, സുധ അര്‍ഹിക്കുന്ന പരിഗണനയും അവകാശങ്ങളും നേടിയെടുക്കണമെന്ന ചിന്തയിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
‘ആദ്യമേ തന്നെ ഐഡന്റിഫൈ ചെയ്തില്ല എന്നതാണ് സുധയുടെ കാര്യത്തില്‍ സംഭവിച്ചത്. ലിനിയുടെ വിഷയമൊക്കെ നിറഞ്ഞു നിന്ന സമയത്ത് സുധയുടെ കാര്യം ആരും എടുത്തിട്ടതുമില്ല. ഫസ്റ്റ് വിക്ടിം സുധയാണ്. വിനോദ് ഒരു പാവമായതുകൊണ്ടും അയാളുടെ പുറകില്‍ ആരുമില്ലാത്തതുകൊണ്ടും ഇങ്ങനെയായതാണ്. രണ്ടു മൂന്നു തവണ പോയി കാര്യങ്ങള്‍ പറഞ്ഞിട്ടും അവര്‍ക്കൊരു മടിയാണ്. ഹെല്‍ത്ത് സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടില്‍പ്പോലും അങ്ങിനെതന്നെയാണ് പറയുന്നത്. ഞങ്ങളിനി നിയമപരമായിത്തന്നെ നീങ്ങാനുള്ള തീരുമാനത്തിലാണ്. കിട്ടേണ്ട ആനുകൂല്യം ലഭിക്കാനുള്ള അവകാശം വിനോദിനുണ്ട്. കാശിനു വേണ്ടിയിട്ടല്ല. അത്രയും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഒരു സ്ത്രീയാണ്. അവരെ അപമാനിക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രിയൊക്കെ വന്ന എല്ലാ പ്രവര്‍ത്തകരെയും ആദരിച്ചില്ലേ. സുധയ്ക്കു വേണ്ടി എന്തു ചെയ്തു? ജോലിയുടെ ഭാഗമായി കിട്ടിയ രോഗം കൊണ്ടാണ് അവര്‍ മരിച്ചത്. അവര്‍ക്കെന്തെങ്കിലും ചെയ്യണ്ടേ? ഉടനെ തന്നെ വക്കീലിനെ കാണും.’ വിനോദിന്റെ സഹപ്രവര്‍ത്തകനായ സുരേഷ് പറയുന്നു.
അതേസമയം, റിപ്പോര്‍ട്ടിലെ കണക്കുകളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും, സര്‍ക്കാര്‍ കണക്കുകളും റിപ്പോര്‍ട്ടിലെ കണക്കുകളും തമ്മില്‍ വ്യത്യാസമില്ലെന്നുമുള്ള അഭിപ്രായമാണ് പഠനം നടത്തിയ സംഘത്തിനും ആരോഗ്യവകുപ്പിനുമുള്ളത്. രോഗബാധിതരുടെ എണ്ണമല്ല, മറിച്ച് മറ്റു ചിലതാണ് റിപ്പോര്‍ട്ടില്‍ പ്രധാനമെന്ന് ഡോ. അരുണ്‍ പ്രതികരിക്കുന്നു.
‘നേരത്തേ പറഞ്ഞിരുന്ന കാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. കണക്കില്‍ ഒരു വ്യത്യാസവുമില്ല. ലബോറട്ടറി കണ്‍ഫേംഡായ 18 കേസുകളേ അന്നുമിന്നും ഉള്ളൂ. ആ കണക്കുകള്‍ക്കല്ല പേപ്പറില്‍ പ്രാധാന്യം. എങ്ങിനെയാണ് രോഗത്തിന്റെ പകര്‍ച്ച ആശുപത്രിയില്‍ നടന്നത് എന്നതാണ് അതില്‍ ശ്രദ്ധിക്കേണ്ടത്. ഒറ്റ കേസേ കമ്മ്യൂണിറ്റിയില്‍ ഉണ്ടായുള്ളൂ. ബാക്കിയെല്ലാവര്‍ക്കും പകര്‍ന്നത് ആശുപത്രിയില്‍ വച്ചാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പഠനമാണത്. ആ സമയത്ത് ആശുപത്രിയിലുണ്ടായ സംശയാസ്പദമായ ചില മരണങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയെന്നേയുള്ളൂ. അവയൊന്നും സ്ഥിരീകരിച്ചിട്ടില്ല. ആര്‍ക്കും ഇപ്പോള്‍ സ്ഥിരീകരിക്കാനുമാവില്ല. ഇന്‍ഡക്‌സ് കേസടക്കം പതിനെട്ടു രോഗബാധിതരെയേ തിരിച്ചറിഞ്ഞിട്ടുള്ളൂ. അതില്‍ രണ്ടു പേര്‍ രക്ഷപ്പെട്ടു, ബാക്കി പതിനാറു പേര്‍ മരിച്ചു. ഇതു തന്നെയാണ് സര്‍ക്കാരിന്റെ കണക്കും.
സുധയുടെ മരണവും അത്തരത്തില്‍ സ്ഥിരീകരിക്കപ്പെടാത്തതാണ്. പഠനത്തിന്റെ ഭാഗമായി അത്തരം കേസുകളും പരിശോധിച്ച കാര്യം പേപ്പറില്‍ പരാമര്‍ശിച്ചുവെന്നേയുള്ളൂ. എങ്ങനെയാണ് രോഗം പടര്‍ന്നത് എന്നതിനാണ് അതില്‍ ഊന്നല്‍ കൊടുക്കേണ്ടത്. നമുക്കു പറയാനുള്ളത്, ആശുപത്രിയിലെ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രാക്ടീസ് കണ്ടം ചെയ്യണമെന്നാണ്. ആശുപത്രിയില്‍ ഇന്‍ഫെക്ഷന്‍ പടരാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നതാണ് പേപ്പറിന്റെ ഫോക്കസ്.’
നേഴ്‌സ് ലിനിയുടെ മരണത്തിനു സമാനമായി സുധയുടേത് കണക്കാക്കാന്‍ തടസ്സങ്ങളുണ്ടെന്ന് ഡി.എം.ഓ ഡോ. ജയശ്രീയും പറയുന്നു. ‘സാഹചര്യത്തെളിവു വെച്ചും, അന്നത്തെ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോഴും, നിപ്പയായിരിക്കാം എന്നു സംശയിക്കുന്ന കേസുകളിലൊന്നാണ് സുധയുടേത്. ലിനിയുടെ മരണം പോലെ സുധയുടേയും പരിഗണിക്കാന്‍ നൂറു ശതമാനം തെളിവു നമ്മുടെ പക്കലില്ല. സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ. സ്ഥിരീകരിച്ചവരുടെ എണ്ണം 18 തന്നെയാണ്. സുധയുടെ കാര്യത്തില്‍ ലാബ് കണ്‍ഫേമേഷനില്ലാത്തതിനാല്‍ ഒന്നും പറയാന്‍ സാധിക്കില്ല.’
രേഖകളില്ലെങ്കിലും, വളരെ മുന്‍പേ തന്നെ സുധയുടെ മരണം നിപ്പ കാരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതാണെന്ന് തറപ്പിച്ചു പറയുന്നു വിനോദ്. ‘ലക്ഷണങ്ങളെല്ലാം നിപ്പയുടേതാണ്, നിപ്പയാവാനാണ് സാധ്യത എന്ന് അന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതാണ്. വിവരാവകാശ പ്രകാരം കേസ് ഷീറ്റിന്റെ കോപ്പി എടുപ്പിച്ച് പരിചയത്തിലുള്ള ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞ് നിപ്പയുടെ ലക്ഷണങ്ങളാണെന്നാണ്. പിന്നെ അതിനു പുറകെ പോകാതിരുന്നത് സ്ഥിരീകരിച്ചില്ലല്ലോ എന്നോര്‍ത്താണ്. ഇപ്പോള്‍ ഈ പഠന റിപ്പോര്‍ട്ട് കൂടി കണ്ടപ്പോഴാണ് കാര്യങ്ങള്‍ക്കു വ്യക്തതയായത്.’
കോഴിക്കോട് തൊണ്ടയാടായിരുന്നു വിനോദിന്റെ വീട്. വീടും സ്ഥലവും മാതാപിതാക്കളുമൊന്നും ഇന്നില്ല. സ്ഥിര ജോലിക്കാരിയായ സുധയ്ക്കു ലഭിച്ച ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇരുവരുടേയും താമസം. സുധയുടെ മരണത്തോടെ വിനോദ് തനിച്ചായ ക്വാര്‍ട്ടേഴ്‌സും ഉടനെ ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന് വിനോദിന്റെ സഹപ്രവര്‍ത്തകരായ മോളിയും മാധവിയും പറയുന്നു. പോകാനൊരിടമോ, ബന്ധുക്കളോ ഇല്ലാത്ത വിനോദിനെക്കുറിച്ചുള്ള ആശങ്കയും, നേഴ്‌സ് ലിനിയെപ്പോലെ സുധ പരിഗണിക്കപ്പെടാതെ പോയതിലുള്ള നിരാശയുമാണ് ഇവര്‍ക്കെല്ലാം.
താല്‍ക്കാലിക ജോലിയില്‍ നിന്നുള്ള തുച്ഛമായ ശമ്പളമാണ് വിനോദിനുള്ളത്. സുധയുടെ വിഷയം സംസാരിക്കാനായി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ നേരത്തേ തന്നെ പോയിക്കണ്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. സഹായം ചെയ്തു തരണമെന്നാവശ്യപ്പെട്ടപ്പോള്‍, ലിസ്റ്റില്‍പ്പെടാത്ത സുധയടക്കമുള്ള അഞ്ചു പേരെ പരിഗണനയ്ക്കു വച്ചിട്ടുണ്ടെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. പിന്നീട് അതേക്കുറിച്ച് വിനോദിനെ അറിയിക്കുകയോ നടപടികള്‍ എടുക്കുകയോ ഉണ്ടായിട്ടില്ല.
‘സുധയും ഞാനും ജോളിയായി അങ്ങനെ കഴിഞ്ഞതായിരുന്നു. വല്ലാത്ത വിഷമ ഘട്ടത്തിലായി ഇപ്പോള്‍. ലേറ്റ് മാര്യേജാണ് ഞങ്ങളുടെ. സുധ ഒരു വികലാംഗ കൂടിയായിരുന്നു. അവളെ ഞാന്‍ കൈപിടിച്ചു വേണം ജോലിക്കു കൊണ്ടാക്കാനൊക്കെ. ജന്മനാ വലതുകാലിനു സ്വാധീനക്കുറവുണ്ടായിട്ടും ജോലിയെടുക്കുന്നതില്‍ സുധ തടസ്സമൊന്നും വരുത്തിയിട്ടില്ല. ഒരുപാടു നടക്കുമ്പോള്‍ ചിലപ്പോള്‍ കാലു വയ്യാതെ വീഴും. അങ്ങിനെയുള്ള ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. സുധയുടെ സൗകര്യത്തിനായി ചെറിയ ഒരു കാറൊക്കെ ഞങ്ങള്‍ വാങ്ങിച്ചു. ദിവസവും കാറിലാണ് ജോലിക്ക് ഞാന്‍ കൊണ്ടു ചെന്നാക്കിയിരുന്നത്. ഒറ്റയ്ക്കു നടന്നു പോകാനൊന്നും കഴിയാതിരുന്നിട്ടു പോലും കൃത്യമായി ജോലിക്കെത്തുകയും വീഴ്ചയില്ലാതെ ജോലി ചെയ്യുകയും ചെയ്യും. പ്രിന്‍സിപ്പാളിനൊക്കെ നല്ല അഭിപ്രായമായിരുന്നു. സുധ മരിച്ചത് നിപ്പ ബാധിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്ഥിരീകരിക്കുന്നില്ലെന്നു മാത്രം.’
ലിനി ഒരു ലോകനായിക; നിങ്ങള്‍ വായിക്കാതിരിക്കരുത് ദ ഇക്കണോമിസ്റ്റ് മാസികയുടെ ഈ ഓര്‍മ്മക്കുറിപ്പ്
കോട്ടിട്ട പിണറായിയും ഡോ. റോബര്‍ട്ട് ഗാലോയുടെ സോപ്പ് പെട്ടിയും
നിപാ മുതല്‍ എച്ച1 എന്‍1 വരെ: പരിഭ്രാന്തിയില്‍ നിന്നും പ്രതിരോധത്തിലേക്കുയര്‍ന്ന് ഒരു നാട്
കെ. സുരേന്ദ്രന്‍, താങ്കള്‍ ഒരു ദുരന്തമാണ്; നിപ ദുരിതബാധിതര്‍ താങ്കളോട് ക്ഷമിക്കട്ടെ
EXPLAINER: നിപ വൈറസ് അറിയേണ്ടതെല്ലാം; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്