UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

തിരുവല്ലയില്‍ ആശുപത്രി ഏറ്റെടുത്ത് നഴ്സുമാര്‍; ശമ്പള വര്‍ദ്ധനവ് ഒരു ആശുപത്രിയെയും നഷ്ടത്തിലാക്കില്ലെന്ന് തെളിയിക്കും

തിരുവല്ല കൊട്ടേക്കാട് ലൈഫ് കെയര്‍ ആശുപത്രിയാണ് പ്രവാസി നഴ്‌സുമാര്‍ ഏറ്റെടുത്തത്

നഴ്‌സസ് സമരത്തെ തുടര്‍ന്ന് പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മാനേജ്‌മെന്റ് അസോസിയേഷന് മറുപടിയായി തിരുവല്ലയില്‍ ആശുപത്രി നടത്തിപ്പ് ഏറ്റെടുത്ത് നഴ്‌സുമാര്‍. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അംഗങ്ങളായ പ്രവാസി നഴ്‌സുമാരാണ് ആശുപത്രി ഏറ്റെടുത്തത്. തിരുവല്ല കൊട്ടേക്കാട് ലൈഫ് കെയര്‍ ആശുപത്രിയാണ് പ്രവാസി നഴ്‌സുമാര്‍ ഏറ്റെടുത്ത് നടത്തുന്നത്.

കോട്ടയം ഭാരത് ആശുപത്രിയില്‍ നിന്ന് പുറത്താക്കിയവര്‍ക്കും ജോലി രാജിവച്ചവര്‍ക്കും മറ്റ് ആശുപത്രികളില്‍ ജോലി നല്‍കാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തയ്യാറായില്ല. ഭാരത് ആശുപത്രിയില്‍ നിന്ന് ഡിസംബര്‍ 31ന് 54 പേര്‍ ഒന്നിച്ച് രാജിവച്ചിരുന്നു. സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും ആശുപത്രിയിലെ നഴ്‌സുമാര്‍ ഡിസംബര്‍ 31ന് ഒന്നിച്ച് രാജിവക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. രാജിവയ്ക്കുന്ന നഴ്‌സുമാര്‍ക്ക് ജനുവരിയില്‍ തന്നെ മറ്റ് ആശുപത്രികളില്‍ ജോലി നല്‍കാനായിരുന്നു യുഎന്‍എയുടെ തീരുമാനം. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം വന്നതോടെ ഇതിന് കഴിഞ്ഞിരുന്നില്ല. പ്രവാസി നഴ്‌സുമാര്‍ ഏറ്റെടുക്കുന്ന ആശുപത്രിയില്‍ ഭാരത് ആശുപത്രിയില്‍ നിന്ന് പുറത്തുവന്ന 54 പേര്‍ക്കും പത്തനംതിട്ട മേനോന്‍തോട്ടം ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ അഞ്ച് പേര്‍ക്കും ജോലി നല്‍കും.

പുതിയ സംരംഭത്തെക്കുറിച്ച് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറയുന്നു, “യുഎന്‍എയുമായി അതിന് യാതൊരു ബന്ധവുമില്ല. യുഎന്‍എ അംഗങ്ങളായ, അഭ്യുദയകാംക്ഷികളായ 18 പ്രവാസി നഴ്‌സുമാരും മൂന്ന് ഡോക്ടര്‍മാരും ചേര്‍ന്നാണ് ആശുപത്രി ഏറ്റെടുത്തിരിക്കുന്നത്. അവരുടെ ആദ്യ സംരംഭമാണ്. ഇപ്പോള്‍ അവര്‍ മൂന്ന് വര്‍ഷത്തേക്ക് ലീസിനാണ് എടുത്തിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ പണം കണ്ടെത്തി ആശുപത്രിയുടെ ഉടമസ്ഥത ഏറ്റെടുക്കാനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഭാരതില്‍ നിന്ന് രാജിവച്ച നഴ്‌സുമാര്‍ക്ക് ജനുവരിയില്‍ ജോലി നല്‍കുമെന്ന് യുഎന്‍എ തീരുമാനിച്ചിരുന്നു. പല ആശുപത്രി മാനേജ്‌മെന്റുകളും അവരെ ജോലിക്കെടുക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതിനിടെയാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം വന്നത്. ഇതോടെ യുഎന്‍എയുടെ ശത്രുക്കളെല്ലാം ആ നഴ്‌സുമാരെ വഴിയാധാരമാക്കിയെന്ന് ആരോപിച്ച് ഞങ്ങളെ കടന്നാക്രമിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഞങ്ങള്‍ പ്രവാസി നഴ്‌സുമാരോട് ഇത്തരമൊരു കാര്യം മുന്നോട്ട് വക്കുന്നത്. അതില്‍ പതിനെട്ട് പേര്‍ ചേര്‍ന്ന് തിരുവല്ലയിലെ ആശുപത്രി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സഹകരിക്കാന്‍ യുഎന്‍എ ഉണ്ടാവുമെങ്കില്‍ ഞങ്ങള്‍ എടുക്കാം എന്നാണ് അവര്‍ പറഞ്ഞത്. ഭാരത് ആശുപത്രിയില്‍ നിന്ന് വിട്ടുപോന്നവരെ എടുക്കണമെന്ന ഒരു വ്യവസ്ഥ ഞങ്ങള്‍ തിരിച്ചും വച്ചു. അവര്‍ക്കതിന് സമ്മതമായിരുന്നു. അങ്ങനെ അത് മുന്നോട്ട് പോയി. പ്രവാസി നഴ്‌സുമാരുടെ ഒരു സംരംഭം എന്നതാണ് അതിന്റെ പ്രത്യേകത. ഇതുവഴി ആരോഗ്യമേഖല ശക്തമാവുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും. എണ്‍പതോളം ആശുപത്രികള്‍ നിര്‍ത്താന്‍ പോവുകയാണെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. അത് ഏറ്റെടുത്ത് നടത്താന്‍ പറ്റുമോ എന്നാലോചിക്കും. ശമ്പള പരിഷ്‌കരണത്തിന്റെ പേരില്‍ ഒരു ആശുപത്രിയും നഷ്ടത്തിലോടേണ്ടി വരില്ലെന്ന് കാണിച്ചുകൊടുക്കാനാണ്. മാനേജ്‌മെന്റുകള്‍ പറയുന്നത് ആശുപത്രി നഷ്ടത്തിലാണ്, അവര്‍ക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയില്ല എന്നാണ്. ആരോഗ്യമേഖലയിലെ അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കി മാതൃകാപരമായി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.”

ഇതിനിടെ യുഎന്‍എ ചേര്‍ത്തല കെവിഎം ആശുപത്രിയുടെ മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ ആണ് ആശുപത്രിക്ക് മുന്നില്‍ നിരാഹാര സമരമിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയിലും കെവിഎം സമരം ഒത്തുതീര്‍പ്പായില്ല. ഇതേ തുടര്‍ന്നാണ് നിരാഹാര സമരം ആരംഭിച്ചത്. 2013ലെ ശമ്പള വര്‍ധനവ് പോലും ലഭിക്കാതിരുന്നതിനെതിരെ നഴ്‌സുമാര്‍ കോടതിയെ സമീപിച്ചിരുന്നു. പിഴയടക്കം മൂന്നരക്കോടി രൂപ നഴ്‌സുമാര്‍ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. എന്നാല്‍ സമരം ചെയ്യുന്ന 110 നഴ്‌സുമാരെ തിരികെയെടുക്കേണ്ടി വന്നാല്‍ അവര്‍ക്ക് ഈ പണം നല്‍കേണ്ടതിനാല്‍ സമരക്കാരെ ആരെയും ആശുപത്രിയില്‍ തിരികെയെടുക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ആശുപത്രി മാനേജ്‌മെന്റ് യോഗത്തില്‍ അറിയിച്ചത്.

എന്റെ കാലീപീലീ പെണ്ണുങ്ങള്‍

ജാസ്മിന്‍ഷാ തുടരുന്നു, “കെവിഎം സമരം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. രണ്ട് ദിവസം മുമ്പ് നടന്ന മന്ത്രിതല ചര്‍ച്ചയിലും മാനേജ്‌മെന്റ് ശക്തമായ നിലപാടാണ് എടുത്തത്. മുമ്പ് ഇറക്കിയ പത്രക്കുറിപ്പുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ലഭ്യമാക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കോടതി ഫൈന്‍ നല്‍കാന്‍ ഉത്തരവിട്ടതോടെ സമരക്കാരെ ആരെയും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഇത്രയും കാലം അവര്‍ നല്‍കാതിരുന്ന തുകയാണ് കോടതി ഒന്നിച്ച് നല്‍കാന്‍ പറഞ്ഞിരിക്കുന്നത്. അത് നല്‍കണമെന്ന് യോഗത്തില്‍ മന്ത്രിയും ആവശ്യപ്പെട്ടു. എന്നാല്‍ മാനേജ്‌മെന്റ് അതിന് തയ്യാറായിട്ടില്ല. ഇതിനിടെ അറുപത് ദിവസം ആശുപത്രി പൂട്ടിയിട്ട് ആളുകളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്തു.”

ശമ്പള വര്‍ധനവ്, ജോലിക്രമീകരണവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. നിരവധി തവണ ഒത്തുതീര്‍പ്പ ചര്‍ച്ചകള്‍ നടന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

ട്രോമ യൂണിറ്റില്‍ ഈച്ച കയറിയാല്‍ പിഴ, ചെരിപ്പ് റാക്കിലല്ലെങ്കില്‍ പിഴ, രോഗി ഓടിയാല്‍ പിഴ… ശമ്പളവുമില്ല, പിരിച്ചുവിടലും; ചേര്‍ത്തല കെ.വി.എം ആശുപത്രി നഴ്സുമാരുടെ നരകജീവിതം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍