UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശക്തി കൂടി ബാക്ടീരിയകള്‍; മരുന്നുകള്‍ തോല്‍ക്കുന്നു; ആന്‍റിബയോട്ടിക്ക് ദുരുപയോഗം ഇന്ത്യയില്‍ സ്ഥിതി ഗുരുതരം

ഇന്ത്യയില്‍ ആന്‍റി ബയോട്ടിക്കുകളുടെ ഉപയോഗം ഇരട്ടിയായെന്നു പഠനം

ക്ഷയരോഗവും ന്യൂമോണിയയും തൊണ്ട വേദനയും ഇ-കോളി ബാക്ടീരിയ ഇന്‍ഫെക്ഷനും അടക്കമുള്ള രോഗങ്ങള്‍ക്ക് മരുന്ന് ഫലിക്കാന്‍ പ്രയാസമായ വിധത്തില്‍ ഇന്ത്യയില്‍ ആന്‍റി ബയോട്ടിക്കുകളുടെ ഉപയോഗം ഇരട്ടിയായെന്നു പഠനം. 2000-2015 കാലത്തെ ഉപയോഗം നിരീക്ഷിച്ചു നടത്തിയ പഠനം പ്രൊസീഡിങ്ങ്സ് ഓഫ് ദി നാഷനല്‍ അക്കാഡമി ഓഫ് സയന്‍സസ് (പിഎന്‍എഎസ്) പ്രസിദ്ധീകരിച്ചു.

കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താത്ത പക്ഷം സ്ഥിതി ഗുരുതരമാകുമെന്ന് പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രോഗത്തിനു ഹേതു ബാക്ടീരിയയാണോ എന്ന് തീര്‍ച്ചയില്ലാതെ തന്നെ എന്തിനും ആന്‍റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്ന അവസ്ഥയുണ്ട്. ബാക്ടീരിയ മൂലമുള്ള ഇന്ഫെക്ഷന്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകള്‍ ഫലിക്കുള്ളൂ.

മരുന്നുകളുടെ ദുരുപയോഗവും അമിതോപയോഗവും പെട്ടെന്നു ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളുടെ പോലും ചികിത്സ പ്രയാസമാക്കിയിരിക്കുന്നു. ബാക്ടീരിയകള്‍ നിലവിലുള്ള ആന്റിബയോട്ടിക്കുകളെ ചെറുക്കാന്‍ ശക്തി നേടിയതാണു കാരണം.

മരുന്ന് കടകളില്‍ നിന്ന് കുറിപ്പടിയില്ലാതെ നേരിട്ട് മരുന്ന് വാങ്ങുന്ന രീതിയും നിയന്ത്രണം ഇല്ലാത്ത സ്വകാര്യ ചികിത്സാ രംഗവും കുറഞ്ഞ വിലയിലും ആന്‍റിബയോട്ടിക്കുകള്‍ ലഭ്യമാകുന്നതും ആശുപത്രികളില്‍ നിന്നു അണുബാധ ഉണ്ടാകുന്നതില്‍ ഉണ്ടായ വര്‍ധനയുമെല്ലാം സ്ഥിതി വഷളാക്കുന്നു.

രണ്ടു ദശാബ്ദം മുന്‍പ് ഡ്രഗ് റെസിസ്റ്റന്‍സിനെ നേരിടാന്‍ പുതിയതും ശക്തി കൂടിയതുമായ ആന്‍റിബയോട്ടിക്കുകളും മരുന്ന് കോമ്പിനേഷനുകളും വികസിപ്പിച്ചിരുന്നു.ഇനിയും പുതിയ മരുന്നുകള്‍ക്കായി ഗവേഷണം തുടരുകയാണ്. മള്‍ട്ടി ഡ്രഗ് റെസിസ്റ്റ ന്റ് ബാക്ടീരിയകള്‍ക്ക് എതിരേ പ്രയോഗിക്കുന്ന സെഫലോ സ്പോറിന്‍, ലിന്‍സോളിഡ് മരുന്നുകളുടെ ഉപയോഗം പോലും 2000 മുതല്‍ ഇന്ത്യയില്‍ വ്യാപകം ആയതു ആശങ്ക ഉളവാക്കുന്നതായി പഠനം പറയുന്നു.

ഇത് വരെയുള്ള പഠനങ്ങള്‍ അനുസരിച്ച് 70% ബാക്ടീരിയകളും മൂന്നാം തലമുറ മരുന്നായ സെഫലോസ്പോറിനെ പ്രതിരോധിക്കാന്‍ ശക്തി ആര്‍ജിച്ചു കഴിഞ്ഞു. ഗുളികയായി കൊടുക്കാന്‍ കഴിയുന്ന ഈ മരുന്നുകള്‍ ഫലിക്കാതെ വരുമ്പോള്‍ ആശുപത്രികളില്‍ കിടന്നു കുത്തിവയ്പുകളിലൂടെ നല്‍കാന്‍ കഴിയുന്ന കൂടിയ മരുന്നുകളെ ആശ്രയിക്കേണ്ടി വരും.ഇത് ചെലവു കൂട്ടുക മാത്രമല്ല ആശുപത്രി വാസത്തിനിടെ മറ്റു ഇന്‍ഫെക്ഷനുകള്‍ കൂടി ഉണ്ടാകാനും ഇടയാക്കും.

കൃത്യമായി ആന്‍റിബയോട്ടിക്ക് കുറിക്കാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിതരാക്കുകയും പുതിയ ആന്‍റിബയോട്ടിക്കുകള്‍ കുറിപ്പടി ഇല്ലാതെ വാങ്ങാന്‍ പറ്റാത്ത വിധം നിയമം കര്‍ക്കശമാക്കുകയും രാജ്യമെമ്പാടും കൃത്യമായി വാക്സിനേഷന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

പ്രധാനപ്പെട്ട 24 ആന്‍റിബയോട്ടിക്കുകള്‍ വില്പന നിയന്ത്രണമുള്ള H 1 പട്ടികയില്‍ പെടുന്നുണ്ട്. റെഡ് ലൈന്‍ ലേബലിംഗ് ഉള്ള ഈ മരുന്നുകളുടെ വില്പനയ്ക്ക് പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുകയും മരുന്നുകളുടെ വില്പന കുറിച്ച ആളുടെയും വാങ്ങുന്ന രോഗിയുടെയും കൊടുത്ത മരുന്നിന്‍റെ അളവും രേഖപ്പെടുത്തണം എന്നതാണ് നിയമം. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തണമെന്നു വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍