UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സ്നാപ്ചാറ്റ് ഫിൽറ്ററുകൾ പോലെ മുഖം വേണം; കോസ്മെറ്റിക് സർജറിക്ക് വൻ തിരക്ക്

എഡിറ്റിങ് ചെയ്ത് കാണുന്ന സുന്ദരമായ മുഖത്തിലേക്ക് സർജറിയിലൂടെ മാറണമെന്ന ആവശ്യവുമായി നിരവധി ആളുകളാണ് ദിനംപ്രതി ഡോക്ടർമാരെ സമീപിക്കുന്നത്. യഥാർഥ ജീവിതവും സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന ലോകവും വേർതിരിച്ചു കാണാൻ ഭൂരിഭാഗം പേർക്കും സാധിക്കുന്നില്ല എന്നതാണ് പ്രശ്നം.

സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലെ ഫോട്ടോ ഫിൽറ്ററുകൾ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്ത സെൽഫികൾ തലവേദനയാകുന്നത് ഇപ്പോൾ പ്ലാസ്റ്റിക് സർജന്മാർക്ക് ആണ്. എഡിറ്റിങ് ചെയ്ത് കാണുന്ന സുന്ദരമായ മുഖത്തിലേക്ക് സർജറിയിലൂടെ മാറണമെന്ന ആവശ്യവുമായി നിരവധി ആളുകളാണ് ദിനംപ്രതി ഡോക്ടർമാരെ സമീപിക്കുന്നത്. ഗാർഡിയൻ ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചത്.

JAMA ഫേഷ്യൽ പ്ലാസ്റ്റിക് സർജറി മാസികയിൽ ബോസ്റ്റൺ സർവകലാശാലയിലെ ഗവേഷകരും പുതിയ ട്രെൻഡിനെപ്പറ്റി വിശദമാക്കിയിരുന്നു. “സ്നാപ്ചാറ്റ് ഡിസ്‌മോർഫിയ”(Snapchat Dismorphia) എന്നാണ് ഈ ട്രെൻഡിന്റെ പേര്. അപ്ലിക്കേഷനുകളും എഡിറ്റിംഗ് ഫിൽറ്ററുകളും വ്യക്തിബോധത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിന്റെ തെളിവാണിത്.

കൃത്രിമബുദ്ധി (Artificial Intelligence) യിലൂടെ വളരെ വേഗത്തിൽ ഫോട്ടോയിലെ മുഖം കൂടുതൽ ആകർഷണീയമാക്കാൻ സ്നാപ്ചാറ്റിൽ സാധിക്കും. ഡിസ്‌മോർഫിക് ഡിസോർഡർ (Dysmorphic Disorder)എന്ന മാനസിക രോഗത്തിലേക്കാണ് ഇത്തരം പ്രശ്നങ്ങൾ ഒരു മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. സാമൂഹിക ബോധത്തിൽ നിന്ന് ഒഴിഞ്ഞുമാറി അനാവശ്യമായ സൗന്ദര്യബോധത്തിലേക്ക് മനസ്സ് എത്തുന്നതും മണിക്കൂറുകളും ദിവസങ്ങളും ഇതിനുവേണ്ടി നശിപ്പിക്കുന്നതുമാണ് ഡിസ്‌മോർഫിക് ഡിസോർഡർ.

മുഖത്തിന് വരുത്തുന്ന രൂപവ്യതിയാനങ്ങൾക്ക് പോലും എത്തിക്കാൻ കഴിയാത്ത ഒരു സൗന്ദര്യബോധം സൃഷ്ടിച്ചെടുക്കുന്നത് ദോഷം ചെയ്യുമെന്ന് ഡോക്ടർമാരും ആശങ്കപ്പെടുന്നു. രോഗികളായെത്തുന്നവരുടെ ആവശ്യങ്ങൾ അതിശയിപ്പിക്കുന്നുവെന്നാണ് അവർ പറയുന്നത്.

‘സെൽഫി’യെടുക്കുമ്പോൾ മുഖം എത്രയും ഭംഗിയാവണമെന്ന വിചിത്രമായ ആവശ്യക്കാരും നിരവധിയാണത്രെ. ഫാഷൻ മാസികകളിൽ പ്രത്യക്ഷപ്പെടുന്ന സുന്ദരികളുടെ മുഖവും ശരീരആകൃതിയും സ്വാധീനിക്കുന്ന സ്ത്രീകളും ടീനേജ് പെൺകുട്ടികളും ആണ് ഈ ശ്രേണിയിൽ രണ്ടാം സ്‌ഥാനക്കാർ. ഒന്നും നടക്കാതെ വരുമ്പോഴുണ്ടാകുന്ന കടുത്ത മാനസിക പ്രശ്നമാണ് ഡോക്ടർമാർ വിരൽചൂണ്ടുന്ന ആശങ്ക.

നേരത്തെ,മൂക്കിന്റെ ആകൃതിയിൽ വ്യത്യാസം വരുത്താനായിരുന്നു ഡിമാൻഡ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അതെല്ലാം മാറി.സെൽഫി ഫിൽറ്ററുകൾ പറയുന്ന മുഖം തന്നെ വേണം! മുഖത്തിന്റെ അനുപാതം,മൂക്ക്, കൺപോള, തലമുടി മാറ്റിവെക്കൽ എന്നിങ്ങനെ ആവശ്യങ്ങളുടെ ലിസ്റ്റ് അവസാനിക്കുന്നില്ല!!!

യഥാർഥ ജീവിതവും സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന ലോകവും വേർതിരിച്ചു കാണാൻ ഭൂരിഭാഗം പേർക്കും സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ജീവിതത്തിനെ ബാധിക്കുന്ന നെഗറ്റിവിറ്റി എന്നാണ് ഡോക്ടർമാർ ഈ സ്‌ഥിതിയെ വിലയിരുത്തുന്നത്. സോഷ്യൽ മീഡിയ തകരാറിലാക്കുന്ന മാനസിക ആരോഗ്യം എന്നത് ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിമാറിക്കൊണ്ട് ഇരിക്കുന്ന വിഷയമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍