UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മോശമായ പൊതുജനാരോഗ്യ സേവനങ്ങള്‍ ഡോക്ടര്‍മാരെയും രോഗികളെയും തമ്മിലടിപ്പിക്കുമ്പോള്‍

ഇന്ന് ലോക ആരോഗ്യ ദിനം

ഡോക്ടര്‍മാര്‍ ഉപരോധത്തിലാണ്; രോഗികള്‍ ദുരിതത്തിലാണ്. ഇതാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുവേ നടക്കുന്നത്. അടുത്തിടെ മഹാരാഷ്ട്രയിലും ഇതുതന്നെയാണ് സംഭവിച്ചത്. അഞ്ചു വ്യത്യസ്ത സംഭവങ്ങളിലായി സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ ബന്ധുക്കള്‍ ശ്രദ്ധക്കുറവ് ആരോപിച്ചു ഡോക്ടര്‍മാരെ ആക്രമിച്ചു. ഡെല്‍ഹി, സൂറത്ത്, അഹമ്മദാബാദ്, ബുലന്ദ്ശഹര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തരം സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലും ലാന്‍സെറ്റും പറയുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ചൈനയിലും ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു എന്നാണ്.

ഈ സംഭവങ്ങളിലേറെയും നടക്കുന്നത് സൌകര്യങ്ങള്‍ വളരെക്കുറവായ, വലിയ വിഭാഗം ജനങ്ങള്‍ ചികിത്സക്കായി ആശ്രയിക്കുന്ന, ഡോക്ടര്‍മാര്‍ (മിക്കപ്പോഴും ജൂനിയര്‍മാര്‍) അമിതജോലിഭാരം കൊണ്ട് രോഗികളുടെ ആശങ്കാകുലരായ ബന്ധുക്കളോട് ഇടപെടാന്‍ വയ്യാത്തവിധത്തില്‍ വലഞ്ഞ, സര്‍ക്കാര്‍ ആശുപത്രികളിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 2015-ല്‍ 500 ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വെ കണ്ടെത്തിയത് 75% പേരും ആക്രമണങ്ങളും ഭീഷണികളും നേരിട്ടുണ്ട് എന്നായിരുന്നു.
ഡോക്ടര്‍മാര്‍ക്ക് അമിതജോലിഭാരം ഉള്ളപ്പോള്‍, മര്യാദയില്ലാത്ത ഡോക്ടര്‍മാര്‍, ഒട്ടും സഹകരിക്കാത്ത ആശുപത്രി ജീവനക്കാര്‍, അപര്യാപ്തമായ രോഗനിര്‍ണയ ഉപകരണങ്ങളും മരുന്നും, രോഗിയുടെ അവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും വേണ്ട വിവരങ്ങള്‍ നല്കാതിരിക്കുക എന്നിവയൊക്കെയാണ് രോഗികളുടെ പരാതികള്‍. ഇതെല്ലാം അവരുടെ ആശങ്കയെ വര്‍ദ്ധിപ്പിക്കുന്നു. ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മരുന്നുകള്‍ വാങ്ങാന്‍ പറയുന്നതും അവരെ മടുപ്പിക്കുന്നു.

ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, സര്‍ക്കാര്‍ ആശുപത്രികളില്‍ പലപ്പോഴും രോഗികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അത്ഭുതം സംഭവിക്കുന്നത് പ്രതീക്ഷിച്ചു കൂടിനില്‍ക്കുന്നിടതിനിടയ്ക്ക് അടിയന്തര ചികിത്സ നല്കാന്‍ ഡോക്ടര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ട്. പല ആക്രമണ സംഭവങ്ങളിലും ‘തങ്ങളുടെ’ രോഗിക്ക് ഉടന്‍ പരിഗണന ആവശ്യപ്പെടുന്ന പ്രാദേശിക ‘നേതാക്കളാണ്’ കുഴപ്പക്കാര്‍. ഒട്ടും സൌകര്യമില്ലാത്ത അന്തരീക്ഷത്തില്‍ ജോലിചെയ്യുന്ന- മുംബൈയില്‍ ഈയിടെ ആക്രമിക്കപ്പെട്ട ഒരു ഡോക്ടര്‍ ആ സംഭവം നടക്കുമ്പോള്‍ തുടര്‍ച്ചയായി 36 മണിക്കൂറാണ് ജോലി ചെയ്തിരുന്നത്- ഡോക്ടര്‍മാര്‍ക്ക് കിട്ടുന്ന ഏകവിശ്രമം ഹോസ്റ്റലുകളിലെ മഹാമോശം സൌകര്യങ്ങളാണ്.

ചികിത്സാ രംഗത്തെ വന്‍തോതിലുള്ള സ്വകാര്യവത്കരണവും വാണിജ്യവത്കരണവും, ദരിദ്രരായ രോഗികളോടുള്ള ഡോക്ടര്‍മാരുടെ നിര്‍ദയമായ അവഗണനയെക്കുറിച്ചുള്ള കഥകളും ‘ജീവദായകര്‍’ എന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പൊതുകാഴ്ച്ചപ്പാടിനെ വല്ലാതെ മാറ്റിയിരിക്കുന്നു. ഇതിന്റെ ഫലമായി തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുന്ന ഡോക്ടര്‍മാരെപ്പോലും പോലും അശ്രദ്ധാലുക്കളായി ആളുകള്‍ കാണും. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഈ രോഷം സഹിക്കേണ്ടിവരുന്നതിന്റെ ഒരു കാരണം, സ്വകാര്യ ആശുപത്രികളില്‍ കിടന്നു രോഗാവസ്ഥ വഷളായി, കൂടുതല്‍ ചികിത്സയ്ക്ക് വലിയ തുക നാല്‍കാനില്ലാതെ, തങ്ങള്‍ക്ക് ലഭിച്ച മോശം ചികിത്സയില്‍ നിരാശരായവരായിരിക്കും അവിടെ എത്തുന്നത് എന്നതുകൊണ്ടാണ്.

ഡോക്ടര്‍മാരെ സംരക്ഷിക്കുന്നതിനും ഇത്തരം അക്രമങ്ങള്‍ തടയാനുമായി 14 സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നടപ്പാക്കല്‍ ഏതാണ്ടെല്ലായിടത്തും ഒരുപോലെ ദുര്‍ബലം. ഉദാഹരണത്തിന് Maharashtra Medicare Service Persons and Medicare Service Institutions (Prevention of Violence and Damage or Loss to Property) Act, 2010, ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ജാമ്യമില്ലക്കുറ്റമായി കണക്കാക്കുന്നു. മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും. സ്ഥാപനത്തിലുണ്ടാക്കിയ നാശനഷ്ടത്തിന്റെ ഇരട്ടിത്തുക അടയ്ക്കാനും ആവശ്യപ്പെടാം. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം ഡോക്ടര്‍മാരെ ആക്രമിച്ച 53 സംഭവങ്ങള്‍ പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഒന്നില്‍പോലും ശിക്ഷിച്ചിട്ടില്ല. മാധ്യമവാര്‍ത്തകള്‍ അനുസരിച്ചു ഈയിടെ നടന്ന അക്രമങ്ങള്‍ക്ക് പിടിയിലായവര്‍ക്കും ജാമ്യം ലഭിച്ചു.

നിയമങ്ങളെക്കൂടാതെ പല ആശുപത്രികളും ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് സുരക്ഷാ ശക്തമാക്കി. ഉദാഹരണത്തിന് ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ആശുപത്രി-ഡല്‍ഹിയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ്- കഴിഞ്ഞ മാസത്തെ ഒരാക്രമണത്തിന് ശേഷം ‘ഇടിയന്മാരെ’ കാവലിനായി ഏര്‍പ്പാടാക്കി. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ 20 തവണയാണ് ഇവിടെ ആക്രമങ്ങളെ തുടര്‍ന്ന് ജീവനക്കാര്‍ പണിമുടക്കിയത്. എന്നാല്‍ പോലും സുരക്ഷാ വര്‍ദ്ധന ഒരു ചെറിയ നീക്കം മാത്രമേ ആകുന്നുള്ളൂ. അത് പലപ്പോഴും തിരിച്ചടിയാകും. ഡോക്ടര്‍മാരും ജനങ്ങളും തമ്മിലുള്ള വിടവ് വീണ്ടും കൂട്ടും. മുതിര്‍ന്ന ഡോക്ടര്‍മാര്‍, സ്ഥിതിയുടെ ഗൌരവം കണക്കിലെടുത്ത് തങ്ങളുടെ ചെറുപ്പക്കാരായ സഹപ്രവര്‍ത്തകരെ രോഗിയുടെ ബന്ധുക്കളുമായി ഇടപെടാന്‍ പഠിപ്പിക്കുന്നതിന് ചില നടപടികളെടുത്തു. ചില സര്‍ക്കാര്‍ ആശുപത്രികള്‍ ഇതിന് മുന്‍കൈ എടുത്തു. വൈദ്യവിദ്യാഭ്യാസം ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അങ്ങനെ ചെയ്താലും രോഗികളുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം മനസിലാക്കാനുള്ള ഡോക്ടര്‍മാരുടെ വൈമുഖ്യം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുന്നുണ്ട്.

അതേ സമയം, ദയയും അനുതാപവുമുള്ള ഡോക്ടര്‍മാരെ ആവശ്യമുള്ളപ്പോഴും, അതുകൊണ്ടുമാത്രമായില്ല. രാജ്യത്തെ ആശുപത്രികളില്‍ പെരുകുന്ന രോഗികള്‍ വലിയ തോതിലുള്ള ഘടനാപരമായ മാറ്റങ്ങളാണ് ആവശ്യപ്പെടുന്നത്. ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്ത്യക്ക് തുച്ഛമായ ബജറ്റ് വിഹിതമാണുള്ളത്. ഒപ്പം രോഗി-ഡോക്ടര്‍ അനുപാതവും, 7:1, (മഹാരാഷ്ട്രയിലും ബിഹാറിലും രാജ്യത്തെ ഏറ്റവും മോശം അനുപാതമാണ് ഇക്കാര്യത്തില്‍) ആവശ്യമായതിലും എത്രയോ കുറവാണ്. ഈയടുത്ത് മഹാരാഷ്ട്രയില്‍ ഉടലെടുത്തപോലെ ഡോക്ടര്‍മാരും രോഗികളും തമ്മില്‍ ഉണ്ടായ സംഘര്‍ഷം സൃഷ്ടിച്ചതുപോലുള്ള, ഒരു പ്രതിസന്ധി ഉടലെടുത്താല്‍, താത്ക്കാലിക നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സേവനശേഷി കൂട്ടുന്നതിന്, ആരോഗ്യ സേവനത്തിനുള്ള പൊതുചെലവ് വര്‍ദ്ധിപ്പിക്കാനുള്ള വലിയ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഡോക്ടര്‍മാരും രോഗികളും ശത്രുക്കളായി തുടരും.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍